എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്: ലോക്കഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്: ലോക്കഡൗൺ

മൂന്നാം ലോക മഹായുദ്ധം കണക്കെ 'കൊറോണ വൈറസ് 'എന്ന മഹാമാരി ലോകത്തിന്റെ മുക്കിലും മൂലയിലും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആണ് സമൂഹ സുരക്ഷയ്ക്കായി രാജ്യത്തു ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഇന്ത്യയെ മുഴുവൻ വീട്ടിൽ ഒതുക്കാൻ സർക്കാരുകളും ക്രമസമാധാന പാലകരായ പോലീസും ഏറെ പണിപ്പെട്ടു. 21 ദിവസം നീണ്ടു നിന്ന ആദ്യ ലോക്ക് ഡൗൺ ദിനങ്ങളിൽ എനിക്കുണ്ടായ ഏതാനും അനുഭവങ്ങൾ ഞാൻ പങ്കുവയ്ക്കാനാഗ്രഹിക്കുന്നു.

വാർഷിക പരീക്ഷയുടെ ചൂടിനൊപ്പം കൊറോണ വൈറസും പടർന്നുകയറിയ സമയത്താണ് ലോക്ക് ഡൗൺ ഒരു ഉപാധിയായി കണ്ട്, പ്രാവർത്തികമാക്കാൻ ആഹ്വാനം ചെയ്തത്. ആദ്യം പരീക്ഷ മാറ്റിവെച്ചതിന്റെ ചെറിയ സന്തോഷമുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് വലിയ ഭീതിയിലായിരുന്നു. പുറത്തിറങ്ങാൻ പാടില്ലെന്ന നിയമം ഒരു വലിയ വിലക്കായി എനിക്ക് അനുഭവപ്പെട്ടു. ആഴ്ചയിൽ 5 ദിവസം സ്കൂളിലും അവധി ദിവസങ്ങളിൽ കറങ്ങിനടക്കുകയും ചെയ്തിരുന്ന എനിക്ക് പുറത്തിറങ്ങാൻ സാധിക്കില്ലെന്ന വാർത്ത എന്നിൽ വലിയ വേവലാതി ഉണർത്തി. ആദ്യ രണ്ടു മൂന്നു ദിവസങ്ങൾ നന്നായി ഉറങ്ങിയും, ടീവിയിൽ വാർത്തകൾ കണ്ടും അമ്മയുടെ ഫോണിൽ ഗെയിം കളിച്ചും ഒക്കെ സമയം ചിലവിട്ടു. പിന്നീട് മടുപ്പു തോന്നിത്തുടങ്ങി. പിന്നെയാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ ലോക്ക് ഡൗണിന്റെ ഗൗരവം, ടൗണിൽ നിന്നു അകലെയുള്ള ഒരു കൊച്ചു ഗ്രാമത്തിൽ കൂട്ടുകുടുംബമായി താമസിക്കുന്ന എന്നെ ഇതു അധികം ബാധിക്കുന്നില്ല. ലെച്ചു (അനിയത്തി )തന്റെ സൈക്കിൾ പഠനത്തിൽ മുഴുകിയപ്പോൾ , ചേച്ചി പറമ്പിൽ ഒരു കൃഷിസ്ഥലമൊരുക്കുന്നതിന്റെ തിരക്കലായിരുന്നു. ഫോൺ മാറ്റിവെച്ചു ഞാനും ചേച്ചിയോടൊപ്പം കൃഷിക്ക് കൂടി. വാസ്തവത്തിൽ എനിക്ക് കൗതുകം തോന്നി. ചേച്ചി വളരെ കൃത്യമായി തടമൊരുക്കുകയും, ആവശ്യമായ വളം ചെയ്തു, പച്ചക്കറി വിത്തുകൾ വളർത്തിയെടുക്കുന്നു. വെറും 16 വയസ്സുള്ള ചേച്ചി ഇവയൊക്കെ എങ്ങനെ സ്വായത്തമാക്കിയെന്നു ചോദിച്ചപ്പോൾ ചേച്ചി മറുപടി നൽകി: "പ്രായമല്ല, അനുഭവങ്ങളാണ് നമ്മെ പലതും പഠിപ്പിക്കുന്നതെന്ന്.., ചിലർ തന്റെ പ്രായം കൊണ്ട് അനുഭവങ്ങൾ സൃഷ്ടിക്കുമ്പോൾ, ചിലർ അനുഭവങ്ങൾ കൊണ്ട് പ്രായത്തെ പിന്നിലാക്കുന്നു ". ചേച്ചി പറഞ്ഞതു പൂർണമായി മനസ്സിലായില്ല എങ്കിലും അനുഭവം നമ്മെ പലതും പഠിപ്പിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി. പ്രളയവും നിപ്പയുമൊക്കെ നമ്മൾ മലയാളികൾക്ക് വലിയ അനുഭവങ്ങൾ തന്നെയായിരുന്നല്ലോ, ഇപ്പോൾ പുതിയ ഒരു അനുഭവം കൂടി.

നേപ്പാളിൽ നിന്നു കഴിഞ്ഞ മാസമാണ് അച്ഛൻ കർണാടകയിലേക്ക് പോയത്. സംസ്ഥാനങ്ങൾക്ക് അകലെയാണെങ്കിലും സുരക്ഷിതമാണെന്ന വാർത്തയാണ് ഏകാശ്വാസം. അച്ഛനുവേണ്ടി സദാസമയവും പ്രാർത്ഥനയിലായിരിക്കുന്ന ഞങ്ങളെ ഭൂമിയിലേ സർവ്വചരാചരങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കാൻ അമ്മ ശീലിപ്പിച്ചു. ഓരോ ദിവസത്തെയും വാർത്തകൾ ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു. അനേകായിരങ്ങൾ മരിച്ചുമണ്ണടിയുന്ന വാർത്ത മനുഷ്യ വംശത്തിന്റെ അന്ത്യത്തെ കുറിക്കും വണ്ണമുള്ളതായിരുന്നു.

ലോക്ക് ഡൗണിനു മുൻപ് വരെ തങ്ങളുടേതായ ജോലികളിൽ മുഴുകിയിരുന്ന പരസ്പരം സംസാരം പോലും വാട്സ്ആപ് വഴി നടത്തിയിരുന്ന കുടുംബങ്ങൾ ഇപ്പോൾ സദാസമയവും ഒരുമിച്ചാണ്. അമ്മയും വല്യമ്മമാരും, കുഞ്ഞമ്മ മാരും അപ്പച്ചിയുമൊക്കെ ഒന്നിച്ചു പഴയ കഥകളും തമാശയും പറഞ്ഞിരുന്നു ചക്ക പെറുക്കുന്ന ദൃശ്യം വളരെ മനോഹരമായിരുന്നു. മുൻപ് മിണ്ടാൻ പോലും പേടിയായിരുന്ന ചേട്ടന്റെ കൂടെയാണ് ഏതു സമയവും. വെളുപ്പിനെ ഉള്ള നടത്തവും, വർക്ക് ഔട്ടും, കുക്കിങും ഒക്കെ വളരെ രസകരമായിരുന്നു. എന്തായാലും കൊറോണ ഞങ്ങളിൽ പലർക്കും മാനസിക ആരോഗ്യം നൽകിയപ്പോൾ അനേകായിരങ്ങളുടെ വിഷമങ്ങൾ ഇപ്പോൾ സ്മരിക്കുന്നു.

എത്രയും വേഗം കൊറോണയെ തുരത്താൻ നമുക്ക് സാധിക്കുമെന്നും, മനസ്സും ശരീരവും ശുദ്ധിയോടെ വീണ്ടെടുക്കാൻ സാധിക്കുമെന്നും പൂർണമായി വിശ്വസിക്കുന്നു.

നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ക്രമസമാധാന പാലകരെയും, രാഷ്ട്രീയ പ്രവർത്തകരെയും നന്ദി പൂർവം സ്മരിക്കുന്നു.

ലോകാ സമസ്താ സുഖിനോ ഭവന്തു..........

ദേവിക ഗോപി
8 F എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം