എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/അതിജീവനം പ്രകൃതിയിൽ നിന്ന്
അതിജീവനം പ്രകൃതിയിൽ നിന്ന്
ആർഷഭാരത സംസ്കാരം വനാന്തരങ്ങളിൽ നിന്നും ഉടലെടുത്ത ഉത്തമ ആദർശങ്ങളായിരുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിച്ച ഒരു ജനത സ്വായത്തമാക്കിയ ജീവിതചര്യയും മൂല്യങ്ങളും ആണിത്. പ്രാചീന ആചാര്യന്മാർ ആത്മശുദ്ധി, ശരീരശുദ്ധി എന്നീ നിഷ്‌ഠകൾ പുലർത്തിയിരുന്നു. പ്രകൃതിയുടെ നന്മയും വിശുദ്ധിയും അവർ തിരിച്ചറിഞ്ഞു. അതിൽ നിന്നും രൂപീകരിച്ച ആരോഗ്യനിഷ്‌ഠകളും ആയുർവേദ ചികിത്സാരീതികളും പിൽക്കാലത്തു ലോകം സ്വീകരിച്ചു.
ആധുനികലോകത്തിൽ മനുഷ്യർ ഭക്ഷണം, വസ്ത്രം, പാർപ്പിടം, ജീവിത ശൈലികൾ എന്നിവയിലെല്ലാം വ്യത്യസ്തത പുലർത്താൻ തുടങ്ങി. പരിസ്ഥിതിയെ ചൂഷണം ചെയ്തും താറുമാറാക്കിയും അവർ പുതിയ സംസ്കാരത്തിന്റെ മേച്ചിൽപുറങ്ങളിലേക്കു കടന്നുകയറി. പുതിയ ഭക്ഷണരീതികൾ നമ്മുടെ രോഗപ്രതിരോധ ശേഷിയെ ദുർബലമാക്കി. മാരകരോഗങ്ങൾക്ക് പലരും അടിമകളായി. മലിനമായ പ്രകൃതി പുതുതലമുറക്ക് പുതിയ രോഗങ്ങൾ പകർന്നുനൽകി. കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും കേൾക്കാത്ത പല രോഗങ്ങളും പ്രത്യക്ഷപ്പെട്ടു. ചിക്കുൻ ഗുനിയ, സാർസ്, സിക്ക, എബോള, ഡെങ്കി, നിപ്പാ, കൊറോണ ഇങ്ങനെ പ്രതിവിധി കണ്ടെത്താത്ത നിരവധി പകർച്ചവ്യാധികൾ ഓരോ കാലങ്ങളിലായി കടന്നുവരികയും ഭൂമുഖത്തെ ഭീതിയിലാഴ്ത്തുകയും ചെയ്തു. ഏത് രോഗത്തിനും എളുപ്പം പകരാവുന്ന സാഹചര്യവും ശരീരവുമാണ് ആധുനികർക്കുള്ളത്.
പ്രകൃതിയോട് ചേർന്ന് ജീവിച്ചവർ ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ഉടമകളായിരുന്നു. മനുഷ്യർ എപ്പോൾ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയോ, അപ്പോൾ മുതൽ മാനവരാശിയുടെ അധഃപതനവും ആരംഭിച്ചു. കൊറോണ വ്യാപനത്താൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ, റോമിന്റെ പരമാധികാരിയും ആഗോള കത്തോലിക്കാ സഭയുടെ തലവനുമായ ഫ്രാൻസിസ് മാർപ്പാപ്പ പരിസ്ഥിതി പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിളിച്ചു പറഞ്ഞു. പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതകൾക്ക് ഉള്ള തിരിച്ചടിയാണ് ഇത്തരം രോഗബാധകൾ എന്നു അദ്ദേഹം സൂചിപ്പിച്ചതു വിവേകത്തോടെ നമുക്ക് ചെവിക്കൊള്ളാം. കോവിഡ് 19 വ്യാപനത്തിന്റെ കാലഘട്ടത്തിൽ യൂറോപ്യൻ പെരുമാറ്റശൈലികളായ ഹസ്തദാനവും ആലിംഗനവും ഉപേക്ഷിച്ചു, ഇന്ത്യൻ രീതിയിൽ 'കൈകൂപ്പി നമസ്കാരം' മതിയെന്ന് വിദേശരാജ്യങ്ങളിലെ ആരോഗ്യവിദഗ്ധർ നിഷ്കർഷിക്കുന്നതും വ്യക്തിശുദ്ധിയിലൂന്നിയ രോഗപ്രതിരോധത്തിനു വേണ്ടിയാണ്.
ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികൾ മനുഷ്യരാശിക്ക് പുതുമയല്ല. പക്ഷെ, ഇപ്പോഴത്തെ പോലെ അതിഭീതികരമായ കൊറോണ വൈറസ് വ്യാപനം നമ്മുടെ കാലത്ത് ആദ്യമാണ്. ഇതിനെ പ്രതിരോധിക്കാൻ നാം ഒരു യുദ്ധം തന്നെ ആരോഗ്യമേഖലയിൽ നടത്തേണ്ടതുണ്ട്. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നമ്മൾ ശ്രമിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കുമെന്ന് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പറയുകയുണ്ടായി. നാം സ്വയവും അപരനേയും പരിസ്ഥിതിയെയും പരിപാലിക്കേണ്ടതിന്റെ ആവശ്യത്തെയാണ് ഇവിടെ വ്യക്തമാകുന്നത്. വരുംകാലങ്ങളിൽ ഉണ്ടായേക്കാവുന്ന രോഗക്കെടുതികളെ പ്രതീക്ഷിച്ച് നമുക്ക് കർമ്മോൽത്സുകരാകാം. ഉൻമേഷദായകമായ പരിസ്ഥിതിയെ നിലനിർത്താം. വൃത്തിയും ചിട്ടയുമുള്ള ജീവിതശൈലിയിലൂടെ ആരോഗ്യമുള്ള തലമുറയുടെ വക്താക്കളാകാം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം