എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

 അമ്മേ ‍ഞാനിന്നു കളിക്കാൻ പോകുവാ......എത്ര നാളെന്നു‍വെച്ചാ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത്.അച്ചു വിളിച്ചു പറ‍ഞ്ഞതും കഴുകിക്കൊണ്ടിരുന്ന പാത്രങ്ങൾ സിങ്കിലേയ്ക്കിട്ടിട്ട് അമ്മ ഓടിയെത്തി.

മര്യാദയ്ക്ക് വീട്ടിൽക്കയറിയിരുന്നോ.....ഈ പറമ്പിനപ്പുറം പോയേക്കരുത്.......... വെറുതെയിരുന്നു മടുത്തെങ്കിൽ മുത്തശ്ശിയുടെയടുത്ത് ചെല്ല്, കഥ പറ‍‍ഞ്ഞുതരും .അതല്ലെങ്കിൽ കോഴിക്ക് കുറച്ച് തീറ്റയെടുത്ത് കൊട്.....സൂക്കേടു പടർ പടർന്നു പിടിക്കുമ്പോഴാ...... അവന് വല്ലാതെ അരിശം വന്നു.എത്ര ദിവസമായി വീട്ടീൽത്തന്നെയിരിക്കുന്നു.മനുവിന്റേയും വിഷ്ണുവിന്റേയുമൊക്കെ കൂടെ കളിയ്ക്കാൻ കൊതിയാകുന്നു.ഒന്നു കൂവിയാൽ മതി അവരിങ്ങെത്തും.കുറച്ചപ്പുറത്തുള്ള മൈതാനത്തിൽ പോയികളിക്കാം. അപ്പഴാ അമ്മയുടെയൊരു..........കൈയിലെ പന്തു വലിച്ചെറിഞ്ഞ് അവൻ പ്രതിഷേധിച്ചു. മോനു ചായപ്പെൻസിൽ തരാം പടംവരച്ചോ..ചേച്ചി അനുനയിപ്പിക്കാൻ ശ്രമിച്ചു. വേണ്ട.....അവൻ മുറ്റത്തേയ്ക്കിറങ്ങി....തുളസിയുടെ തളിരിലകൾ പറിച്ചെറിഞ്ഞ് പറമ്പിലേയ്ക്ക്...... പുളിമരത്തിന്റെ ചുവട്ടിലെ കല്ലിലിരിക്കുമ്പോഴാണ് കുഞ്ഞുങ്ങളേയും കൂട്ടി കൊത്തിപ്പെറുക്കുന്ന തള്ളക്കോഴിയെ ശ്രദ്ധിച്ചത്.എട്ടുകുഞ്ഞുങ്ങൾ തള്ളയുടെ ചുറ്റുമുണ്ട്.ഒമ്പതാമത്തേത് കുറച്ചകലത്തേയ്ക്ക് മാറി എന്തോ തപ്പിപ്പെറുക്കുന്നു.തള്ളക്കോഴി കൊക്കിവിളിച്ചിട്ടും അത് അകലേയ്ക്കങ്ങനെ തത്തി തത്തി പോവുകയാണ്.എന്ത് ഓമനത്തമാണ് അവയ്ക്ക്........ബോംബെയിൽനിന്ന് അഖിലങ്കിൾ കൊണ്ടുവന്ന വെൽവെറ്റ് പന്തുകൾ പോലെ.......അഖിലങ്കിളിന്റെ കാര്യം പറഞ്ഞ് അമ്മയിന്നലെ കരയുന്നതുകണ്ടു.അവിടെയും കൊറോണരോഗം പടർന്നുപിടിക്കുകയാണത്രെ.ട്രെയിനില്ലാത്തതുകൊണ്ട് വരാൻ പറ്റുന്നില്ല.ഒരു കുടുസുമുറിയിൽ നേരാംവണ്ണം ഭക്ഷണം പോലുമില്ലാതെ കഴിയുകയാണെന്ന് കുറച്ചുദിവസങ്ങളായി കേൾക്കുന്നു. പെട്ടെന്നാണ് തള്ളക്കോഴി ഒരസാധാരണ ശബ്ദം പുറപ്പെടുവിച്ചത്. ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ കുഞ്ഞുങ്ങളെ കാണുന്നില്ല.....ഓ അവ തള്ളയുടെ ചിറകിൻ കീഴിൽ ഒളിച്ചിരിക്കുന്നു....ഒമ്പതാമത്തേതിനെത്തേടി അവന്റെ കണ്ണുകൾ എത്തുന്നതിനൊപ്പംതന്നെ അതും സംഭവിച്ചുകഴിഞ്ഞു..... താഴ്ന്നുപറന്ന ഒരു പരുന്ത് അതിനെ കൂർത്തനഖങ്ങളിൽ കോർത്തെടുത്തെടുത്തുയരുന്നു.......തള്ളക്കോഴി ചിറകുകൾ കൂടുതൽ ചേർത്തുപിടിച്ച് നിസ്സഹായതയോടെ നോക്കുന്നു.വിറച്ചുപോയി .....

പിന്നെ ഒരു നിമിഷംപോലും പാഴാക്കാതെ ഓടി ......അമ്മയെ കെട്ടിപ്പിടിച്ചു.

ആഗി തെരേസ് ഷാജി
6B എസ്.എച്ച്.എച്ച്.എസ്,രാമക്കൽമേട്
നെടുംകണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ