എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടു പഴമയുള്ള ഗവൺമെന്റ് വിദ്യാലയമാണ് എസ്.എം.വി. മോഡൽ സ്‍കൂൾ.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്.1834-ൽ രാജാക്കന്മാരിൽ വച്ച് കലാകാരനും,കലാകാരന്മാരിൽ വച്ച് മഹാരാജാവുമായിരുന്ന ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവാണ്[1] തിരുവനന്തപുരത്ത് ആദ്യമായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചത്. പിൽക്കാലത്ത് ഇവിടെ മഹാരാജാവ് കോളേജും (യൂണിവേഴ്സിറ്റി കോളേജ്) തിരുവിതാംകൂർ യൂണിവേഴ്സിറ്റി ആസ്ഥാനവും ഉയർന്നു വന്നതോടുകൂടി യു.പി. വിഭാഗം ഇപ്പോഴത്തെ സംസ്കൃത കോളേജിന്റെ ഭാഗത്തും എച്ച് എസ് വിഭാഗം യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗത്തുമായാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ആരംഭക്കാലത്ത് ഫീസ് നൽകിയാണ് കുട്ടികൾ പഠനം നടത്തിയിരുന്നത്. പിന്നീട് ഫീസ് സൗജന്യ സ്കൂളാക്കി മാറ്റുകയുണ്ടായി. കുബേരന്മാരുടേയും പ്രമുഖരുടേയും മക്കൾക്കാണ് ഈ സ്കൂളിൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചത്. അദ്ധ്യാപകരിൽ ഏറിയ പങ്കും തമിഴ് ബ്രാഹ്മണരായിരുന്നു. തലപ്പാവ് വച്ച അദ്ധ്യാപകർ സ്കൂളിന്റെ മഹനീയതയ്ക്ക് മാറ്റ് കൂട്ടിയിരുന്നു . ഓരോ വിഷയത്തിനും പ്രഗത്ഭമതികളായ അദ്ധ്യാപരകരുടെ കൂട്ടത്തിൽ ചിലരുടെ നാമധേയങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ഇംഗ്ലീഷീനു് സർവ്വശ്രീ .എൻ .കെ .വെങ്കിടേശ്വരൻ , എം .സി .തോമസ്, വൈദ്യനാഥയ്യർ , കണക്കിനു് ശ്രീ .പി.എ .സുന്ദരയ്യർ , മലയാളത്തിനു് ശ്രീ .ശാസ്തമംഗലം രാമകൃഷ്ണപിള്ള, ശാസ്ത്രത്തിന് സർവ്വശ്രീ .ഇ.ആർ കൃഷ്ണയ്യർ , ആർ . ശങ്കരനാരായണയ്യർ , എ. സുബ്രമണ്യയ്യർ എന്നീ മഹാരഥന്മാരുടെ സേവനം മുക്തകണ്ഠം പ്രശംസക്കു് അർഹമായിട്ടുണ്ടെന്നു് ചരിത്ര രേഖകളിൽ പരാമർശിക്കുന്നു. ജാതിവ്യവസ്ഥ സികൂളിൽ നിലനിന്നിരുന്നുവെന്ന് ആധികാരിക ചരിത്രരേഖകളിൽ പ്രതിപാദിച്ചിട്ടുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ കൂടുകയും വിഭവസമൃദ്ധമായ ചായ സൽ‌ക്കാരങ്ങൾ നടക്കുകയും മിശ്രഭോജനം ഒഴിവാക്കാനായി അവരവരുടെ പലഹാരങ്ങൾ എടുത്തു കൊണ്ട് അടുത്തമുറിയിലേക്കു പോകുന്ന രീതി നിലനിന്നിരുന്നു. മാത്രമല്ല , സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള മുറികൾ ജാതിവ്യത്യാസം ഉറപ്പിക്കുന്ന രീതിയിൽ ബ്രാഹ്മണർ , നായർ , ഈഴവർ , ക്രിസ്ത്യൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്ക് വെവ്വേറെ മുറികളാണ് സജ്ജീകരിച്ചിരുന്നത്. ഒരു ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ ഭക്ഷണ സമയത്ത് മറ്റൊരു ജാതിക്കാരുടെ മുറിയിൽ പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചിരുന്നുവെന്നത് അന്നത്തെ ജാതിചിന്ത എത്ര രൂക്ഷമായിരുന്നുവെന്നതിന് ഉത്തമോദാഹരണമാണ്.

യൂണിവേഴ്സിറ്റി കോളേജിന്റെ വിപുലീകരണത്തോടുകൂടി സ്കൂളിൽ സ്ഥലപരിമിതി അനുഭവപ്പെടുകയും അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ 1919-ൽ വഞ്ചിയൂർ ഉണ്ടായിരുന്ന ഒരു വലിയ പാടശേഖരം നികത്തി കേരളീയ വാസ്തു ശില്പകലാ രീതിയിൽ ഒരു ബഹുനിലമന്ദിരം നിർമ്മിച്ച് അദ്ദേഹത്തിന്റെ ഷഷ്യബ്ദപൂർത്തി സ്മാരകമായി ഈ സ്കൂൾ മാറ്റിസ്ഥാപിച്ചു. അന്നു മുതൽ ശ്രീമൂലവിലാസം ഹൈസ്കൂൾ (എസ് എം വി സ്കൂൾ ) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ദിവാനായിരുന്ന സർ .സി. രാജഗോപാലാചാരിയാണ് ഈ സ്കൂൾ നിർമ്മാണ പദ്ധതി ആസൂത്രണം ചെയ്ത് നിർവ്വഹിച്ചത് .മന്ദിരത്തിന്റെ വലുപ്പം, വാസ്തുശില്പ്ഭംഗിയുടെ അസാധാരണത്വം,വിദ്യാലയ വളപ്പിന്റെ വിസ്തൃതി, രാജകീയപ്രൗഢിയോടുകൂടിയ പ്രവർത്തന ശൈലി, അദ്ധ്യാപകരുടെ പാണ്ഡിത്യം എന്നിവ പരിഗണിച്ചാൽ അക്കാലത്ത് ഭാരതത്തിലുണ്ടായിരുന്ന ഹൈസ്കൂൾ വിദ്യാലയങ്ങളുടെ മുൻ നിരയിലായിരുന്നു ഈ സരസ്വതീ ക്ഷേത്രം. ഓരോ ക്ലാസിനും പ്രത്യേകം മുറികൾ, മറ്റൊരു സ്കൂളിനും കാണാൻ കഴിയാത്ത തരത്തിലുള്ള ഇരുമ്പ് ഫ്രെയിമിൽ തേക്കു തടികൊണ്ട് നിർമ്മിച്ച ഡ്യൂയൽ ഡെസ്കുകളും , പച്ചപരവതാനി വിരിച്ചതുപോലുള്ള പുൽതകിടിയാൽ അലംകൃതമായ വിശാലമായ കളിസ്ഥലങ്ങൾ. ഒട്ടേറെ പ്രഗത്ഭമതികളായ അദ്ധ്യാപക ശ്രേഷ്ഠന്മാർ,1600-ലധികം കുട്ടികൾ, തിരുവിതാംകൂറിലെ ആദ്യത്തെ ഇ.എസ്. എസ്.സി പരീക്ഷ നടത്തിയ വിദ്യാലയം എന്നിവയാൽ ഏറ്റവും വലിയ വിദ്യാലയമെന്ന ഖ്യാതി നേടി ഈ സ്കൂൾ പ്രക്ഷോഭിച്ചിരുന്നു. അക്കാലത്ത് ഈ സ്കൂൾ സന്ദർശിച്ച വെല്ലിംഗ്ടൺപ്രഭു സ്കൂൾ ഇൻസ്പെഷൻ ഡയറിയിൽ കുറിച്ചത് “A mangnificent Institution in every sense” എന്നാണ്.


ഇന്ത്യൻ സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ദേശീയ പ്രസ്ഥാനങ്ങൾക്ക് ആവേശം പകർന്നുകൊണ്ട് നടത്തിയ പ്രക്ഷോഭ സമരങ്ങളിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവ പങ്കാളിത്തം വഹിച്ചിരുന്നതായി ചരിത്ര പരാമർശമുണ്ട്. വിദ്യാർത്ഥികളുടെ നിരന്തര സമരമുറകളാൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് ഭരണാധികാരികൾ സ്കൂൾ മേലാധികാരികളോട് കർശനമായ താകീത് നൽകുകയും സ്കൂളിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അന്നത്തെ ഐ.ജി. ആയിരുന്ന ശ്രീ. കരീം സാഹിബിനോടൊപ്പം വന്ന സ്റ്റേറ്റ് ഫോഴ്സിന്റെ മേധാവി അദ്ധ്യാപകരുടെ അടിയന്തര യോഗം വിളിച്ചുകൂട്ടി പറഞ്ഞത് “I have any buyonets and bullets for you! So I advice you to see that yours boys do not misbehave in public”.എന്നാണ്. ഇതേ തുടർന്ന് സ്കൂളിനെ വഞ്ചിയൂർ നിന്നും മാറ്റി സ്ഥാപിക്കാൻ വേണ്ടി ഉത്തരവ് പുറപ്പെടുവിച്ചു. അവസാനത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ. ചിത്തിരതിരുനാൾ മഹാരഹാജാവ് 1983-ൽ ഓവർ ബ്രിഡ്ജിനു സമീപം ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയും തൽസ്ഥാനത്തുണ്ടായിരുന്ന പോലീസ് ഹെഡ്ക്വാർട്ടേഴ്സ് തൈക്കാട്ടേക്ക് മാറ്റുകയും ചെയ്തു.


പ്രശസ്തരും പ്രഗൽഭരും മഹാപണ്ഡിതന്മാരുമായ ഒട്ടേറെ ആചാര്യന്മാർ ഈ സ്കൂളിൽ സാരഥികളായി പരിശേച്ചിച്ചിട്ടുണ്ട്. ആദ്യത്തെ പ്രഥമാദ്ധ്യാപകൻ മഹാപണ്ഡിതനായ ശ്രീ.എ. നാരായണായ്യർ ആയിരുന്നു,. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ. യു. രാമകൃഷ്ണ കുക്കിലിയ സ്കൂളിന്റെ ബഹുമുഖ പുരോഗതിയ്ക്കു വേണ്ടി അനവരതം യത്നിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭത്തകാലം ഈ സരസ്വതി ക്ഷേത്രത്തിന്റെ സുവർണ്ണ കാലഘട്ടമാണെന്ന് ചരിത്രരേഖകളിൽ പരാമർശിച്ചിട്ടുണ്ട്. ഇക്കാലത്ത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഈ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്. മഹാപണ്ഡിതന്മാരായ സർവ്വശ്രീ.സി.പി. ഗോവിന്ദപിള്ള, എച്ച്.ശങ്കര സുബ്രഹ്മണ്യയ്യർ , എം.സി. തോമസ്, ഡോ.വി.ആർ.പിള്ള, എൻ.കെ.രാമൻ, ഡോ. എൻ. പി.പിള്ള, ജെ.റ്റി.യേശുദാസ്, എ.ശങ്കരപിള്ള എന്നീ സാരഥികൾ ഈ സ്കൂളിനെ “ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്കൂൾ” എന്ന പദവിയിലേക്ക് ഉയർത്തി. അന്നത്തെ ദിവാൻ സർ. സി.പി ഓട് ശങ്കരപ്പിള്ള സാർ പറഞ്ഞത് "എന്റെ സ്കൂളിലെ കുട്ടികളുടെ അച്ചടക്കത്തിന് പോലീസ് വേണ്ട ഞാൻ മതി എന്നാണ് ”. 'കേരളേശൻ'എന്ന ചരിത്രനോവലിന്റെ കർത്താവായ ശ്രീ. നമ്പീശൻ ഈ സ്കൂളിന്റെ സാരഥിയായിരുന്നു. പണ്ഡിതശ്രേഷ്ഠരായ ഭാഷാസ്യകരായ മഹാകവി പന്തളത്ത് കേരളവർമ്മ തമ്പുരാൻ, ശ്രീ. എം.ആർ. ബാലകൃഷ്ണവാര്യർ, സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപരയായ ശ്രീ. സി.പി. ഗോവിന്ദപിള്ള, ശ്രീ. ജി.വൈദ്യനാഥയ്യർ‌ തുടങ്ങിയവർ ഈ ശ്രേണിയിൽ പെടുന്നവരാണ്.


എസ്.എം.വി സ്കൂളിലെ ആദ്യ വിദ്യാർത്ഥികളാരാണെന്നു കൃത്യമായി പ്രതിപാദിക്കുവാൻ നിർവ്വാഹമില്ലെങ്കിലും 1919-ൽ യൂണിവേഴ്സിറ്റിയിൽ വഞ്ചിയൂരിലേക്കു സ്കൂൾ മാറ്റവുമായി ബന്ധപ്പെട്ട ഘോഷയാത്രയിൽ പങ്കെടുത്തിട്ടുള്ള കുട്ടികളിൽ ഒരാൾ ശസ്ത്രക്രിയയിൽ അതിപ്രസിദ്ധനായ <ഡോ. ആർ. കേശവൻ നായർ (എഫ്.ആർ.സി.എസ്.)ആണ്. അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതിയായ ശ്രീ.എൻ.ശങ്കര പിള്ളയും, പ്രമുഖ സാഹിത്യകാരനായ ശ്രീ. സേഖരപിള്ളയും ആദ്യകാല വിദ്യാർത്തികളിൽ ഉൾപ്പെടുന്നു.


എസ്.എം.വി സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്കു മാറ്റിസ്ഥാപിച്ചതിനുശേഷം സ്കൂളിനെ നയിച്ച സാരഥികളിൽ പ്രഥമ പങ്കുവഹിച്ചയാളാണ് ശ്രീ. എൻ. വിശ്വംഭരൻ. അദ്ധ്യാപനം, അച്ചടക്കം, കൃത്യനിഷ്ഠ, കാര്യനിർവ്വഹണം എന്നീ മേകലകളിൽ മുക്തകണ്ഠം പ്രശംസക്കുപാത്രീന്നതനാകുകയും സ്കൂൾ കോബൗണ്ടിലെ കുന്നു നിരപ്പാക്കി കളിസ്ഥലം ഉണ്ടാക്കുകയും മാ‍ഞ്ഞാലിക്കുളം മണ്ണിട്ടു നിരപ്പാക്കി സ്കൂളിന്റെ സ്വന്തം കളിസ്ഥലമാക്കി മാറ്റുവാൻ അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു.


1943-1958 തുടർച്ച ആയി 15 വർഷം അദ്ധ്യാപകനായും 1960-1962 വരെ പ്രഥമാദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുള്ള മലായാളത്തിന്റെ വരപ്രസാദവുമായ മഹാകവി എം.പി.അപ്പൻ എസ്.എം.വി യുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യേണ്ട മഹാത്മാവാണ്. ശുഭ്ര വസ്ത്രധാരി സ്കൂളിൽ നിറഞ്ഞു നിന്നിരുന്ന അദ്ദേഹം സ്വജീവിതത്തിലുടെ ഏവർക്കും ഉത്തമ മാതൃകയായി വിരാചിച്ചു.


മഹാകവി എം.പി. അപ്പനെപോലെ മഹാരഥന്മാർ ഭരണ സാരഥ്യം വഹിച്ചിട്ടുള്ള ഈ വിദ്യാലയത്തിനു് സുവർണ്ണ കാലഘട്ടം പോലെ തന്നെ ക്ഷയകാലവും ഉണ്ടായിട്ടുണ്ട്. വിദ്യാർത്ഥി സമരങ്ങളും മറ്റനവധി അനിഷ്ഠ സംഭവങ്ങളും ഭരണരംഗത്തെ കെടുകാര്യസ്ഥതയും കൊണ്ട് നാശോന്മുഖമായി കൊണ്ടിരുന്ന ഈ സർക്കാർ‌ വിദ്യാലയത്തെ സമുദ്ധരിക്കുന്നതിന് പ്രത്യേകം നിയോഗിച്ച യഹദ് വ്യക്തിയാണ് ശ്രീ. വേലായുധൻ‌ തമ്പി(1971-1981). ഒരു സന്യാസി വര്യനെപോലെ ശാന്തതയും ഉൾക്കരുത്തും പ്രസന്നതയും പ്രകടമായിരുന്ന അദ്ദേഹം ആസൂത്രിതമായ നിരന്തര പ്രയത്നങ്ങളിലുടെ ഈ സരസ്വതി ക്ഷേത്രത്തിന്റെ മഹിമ ഉയർത്തി. മാലിന്യ കേന്ദ്രമായി അന്യാധീനപ്പട്ടു കിടന്നിരുന്ന മാ‍‍ഞ്ഞാലിക്കുളം നികത്തി സ്കൂളിന്റെ തനതായ കളിസ്ഥലമായി എക്കാലവും നിലനിൽക്ക തക്ക രീതിയിൽ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും മഹനീയമായ സേവനത്തെ പ്രകീർത്തിച്ചു കൊണ്ട് കേരള സർക്കാർ പ്രസ്തുത സ്റ്റേഡിയത്തിനു് “വേലായുധൻ തമ്പി സ്റ്റേഡിയം”എന്ന നാമധേയം നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ ഇപ്രകാരമുള്ള സേവനങ്ങളെ മുൻനിർത്തി അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ. അച്യുതമേനോൻ കേരള കൗമുദിയിൽ എഴുതിയ ലേഖനം ചരിത്ര പ്രാധാന്യമർഹിക്കുന്നു. നാളിതുവരെ മറ്റൊരു പ്രധാനാദ്ധ്യാപകനും ലഭിക്കാത്ത ബഹുമതികൾ പാരിതോഷികങ്ങളും കൂടാതെ സംസ്ഥാന ദേശീയ അവാർഡുകളും കൂടാതെ 1977-ൽ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളിനുള്ള ആദ്യത്തെ ചാക്കീരി അഹമ്മദുക്കുട്ടി ട്രോഫി ലഭിച്ചതും തമ്പി സാറിന്റെ കാലഘട്ടത്തിലാണ്. വേലായുധൻ തമ്പി സാറിനു ശേഷം പ്രഥമാദ്ധ്യാപകനായ ശ്രീ. ആർ. സുകുമാരൻ നായർ(1981-1983) പ്രഥമാദ്ധ്യാപകനായ ശേഷം സ്കൂളിൽ ആദ്യമായി ഒരു സ്കൂൾ ബസ് വാങ്ങി. 1986-ൽ ദേശീയ അവാർഡു നേടിയ പ്രഗത്ഭമതിയായിരുന്ന ശ്രീ.പി.ഗോപിനാഥൻ നായർ(1983-1987).സ്കൂൾ ഓഡിറ്റോറിയ പണി ആരംഭിച്ചത് ഇദ്ദേഹമാണ്. അതിനുശേഷം സാരഥിയായ ശ്രീ.ജി. ഗോപിനാഥൻ ആഡിറ്റോറിയ പണി പൂർത്തിയാക്കുകയും ദേശീയതലത്തിലുള്ള ശിക്ഷക് സദൻ പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു.


തൊണ്ണൂറുകളുടെ ആരംഭദിശയിൽ എസ്.എം.വി യുടെ ഖ്യാതിയിലേക്കു ആനയിച്ച മഹദ് വ്യക്തിയായ സാരഥിയാണ് ശ്രീ.എം.സി. മാധവൻ(1990-1991). അക്കാദമിക്ക് പണ്ഡിതനായ അദ്ദേഹം 500ലധികം കുട്ടുകളെ എസ്.എ്സ.എൽ.സി പരീക്ഷയ്ക്ക് ഇരുത്തി 94% വിജയം വരിച്ചു. കൂടിവെന്ന സംവിദാനം, പുതിയ ക്ലാസ്മുറി നിർമ്മാണം, കഥാപ്രസംഗ ഈവനിംഗ് കോഴ്സ് എന്നിവ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. ശ്രീ.ടി.ആർ.രാമചന്ദ്രൻ (1991-1994)ന്റെ കാലഘട്ടത്തിലാണ് ശിക്ഷക് സദൻ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു.


സ്കൂൾ സാരഥിയായ ശ്രീ.എസ്. ഗോപിനാഥൻ നായരുടെ (1994-1996) കാലഘട്ടത്തിലാണ് സ്കൂളിന്റെ മുൻ ഭാഗത്ത് ഇന്നു കാണുന്ന ശില്പകലാചാതുര്യമാർന്ന മനോഹരമായ ഗേറ്റ് പ്ലാൻ ചെയ്ത് പണി കഴിപ്പിച്ചത്. പുതിയ ബസ്, സിമന്റിൽ തീർത്ത ഉറപ്പുള്ള മതിലുകൾ, ജ്യാമിതീയ രൂപങ്ങൾ എന്നിവ പ്രത്യേകം എടുത്തു പറയേണ്ട സംഗതികളാണ്. സ്കൂളിനെ സമര വിമുക്തമാക്കുവാൻ അദ്ദേഹം പ്രത്യേക ശുഷ്കാന്തി പ്രകടിപ്പിച്ചത് വളരെ ശ്ലാഘനീയമാണ്.


1997-ൽ എസ് എം വി ഹൈസ്കൂൾ ഹയ്യർസെക്കന്ററി സ്കൂളായി മാറിയപ്പോൾ ആദ്യ പ്രിൻസിപ്പാളായി മാറാൻ ശ്രീ. പി. സോമനാണ് ഭാഗ്യം സിദ്ധിച്ചത് . തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയിയുടെ ഭാഗമായി അനുവദിച്ച സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി സ്മാരക മന്ദിര (മൂന്നുനില ) ത്തിന്റെ ശിലാസ്ഥാപനം നടന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. 1998-1999 കാലഘട്ടത്തിൽ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചത് ശ്രീ. എൻ. ശശിധരൻ ആണ്. സുവർണ്ണ ജൂബിലി സ്മാരക മന്ദിര പണി ആരംഭിക്കുവാൻ സ്കൂൾ വികസന നിർമ്മാണ കമ്മിറ്റി രൂപീകരിച്ച് പണി ആരംഭിക്കുകയും മുൻകൈയെടുക്കുകയും സ്കൂളിൽ ആദ്യമായി ഒരു പൂന്തോട്ടവും ഭൂഗോള മാതൃകയും നിർമ്മിച്ചതും ഇദ്ദേഹമാണ്.


സ്കൂളിനെ 21 നൂറ്റാണ്ടിലേക്കു നയിച്ച നവോന്ഥാന സാരഥികളിൽ‌ പ്രഥമഗണനീയനാണ് ശ്രീ. എ.അബ്ദുൾ ഹമീദ് (1999-2002). ജനകീയ കൂട്ടായ്മയെ ഒരു സ്കൂൾ സംസ്കാരമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച ഒരു മഹദ് വിദ്യാഭ്യാസ സ്ഥാപനമാണ് തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന എസ് എം വി ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂൾ. ഒട്ടനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള എസ് എം വിയുടെ ചരിത്രം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ചരിത്ര രേഖകൂടിയാണ്. . അദ്ദേഹത്തിന്റെ അനിതര സാധരണമായ വ്യക്തിത്വ മികവും പ്രായോഗിക പരിജ്ഞാനവും സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിവിധ ലാബുകൾ സജ്ജീകരിക്കുവാൻ സാധിച്ചത്. സ്കൂൾ കോബൗണ്ടിൽ നേൽക്കൂര ജീർണാവസ്തയിലായിരുന്ന പുരാതന ബാലഗണപതി ക്ഷേത്രം ഇന്നു കാണുന്ന നിലയിൽ മനോഹരമാക്കി നിർമ്മിക്കുവാൻ‌ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചത് മതേതരത്വത്തിന്റേയും മാനവ സൗഹാർദ്ദത്തിന്റേയും ഉത്തമ ദൃഷ്ടാന്തമാണ്. ഇന്ന് എസ് എം വി നേടിയെടുത്ത തലയെടുപ്പന്റേയും മാതൃകാപരമായ വികസനത്തിന്റേയും മുഖ്യ പ്രയോക്താവ് അദ്ദേഹമാണ്.


2002-2004കാലഘട്ടത്തിൽ പ്രിൻസിപ്പാൽ ആയത് ശ്രീ.എച്ച്.എം സിയാവുദ്ദീൻ ആണ്. സൗമ്യവും സ്നേഹസാന്ദ്രവുമായ പ്രകൃതവും പെരുമാറ്റവും കൊണ്ട് ആരേയും ആകർശിക്കുന്ന വ്യക്തിത്വമാണ് വിദ്യാർത്ഥികളുടേയും, അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും അഭ്യൂദയ കാംക്ഷികളുടേയും കൂട്ടായ ശ്രമത്തിലൂടെ 12 ലക്ഷം രൂപ വിലയുള്ള പുതിയ സ്കൂൾ ബസ് വാങ്ങുവാൻ സാധിച്ചത്.


എസ് എം വി സ്കൂളിലെ എച്ച് എസ് എസ് ആയി അപ് ഗ്രേഡ് ചെയ്തതിനു ശേഷം ഓദ്യോഗികമായി നിയമിക്കപ്പെട്ടു എസ് എം വി ഗവ:മോഡൽ ഹയ്യർ സെക്കന്ററി സ്കൂൾ -ലെ ആദ്യത്തെ പ്രിൻസിപ്പാളാണ് ശ്രീ.എസ്.വേലായുധൻ നായർ. അങ്ങനെ (2003-2005) ഒരേസമയത്ത് രണ്ട് സാരഥികൾ അവരോധിതരായി. മാതൃകാ പരമായ സഹകരണവും സൗഹാർദ്ദവും നിലനിർത്തി ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിനും മാതൃകയായി എസ് എം വി എച്ച് എസ് എസ്.


തുടർന്ന് എസ് എം വി യുടെ സീനിയർ അസിസ്റ്റന്റായ ശ്രീ.എം.ഹക്കീം ഹെഡ്മാസ്റ്ററായും (2004-2008) അദ്ദ്യാപക സംഘടനാ സംസ്ഥാന നേതാവായ ശ്രീ.കെ.വിക്രമൻ നായർ പ്രിൻസിപ്പാളായുള്ള കൂട്ട നേതൃത്വം ഏവർക്കും മാതൃകയായി.ഇവരുടെ കാലഘട്ടത്തിലാണ് ജീർണ്ണാവസ്ഥയിലായിരുന്ന ഓഫീസ് കെട്ടിടം പൊളിച്ചു നീക്കി തൻസ്ഥാനത്ത് യശ:ശരീരനായ ശ്രീ.പി.കെ.വാസുദേവൻ നായരു<ടെ ഫണ്ട് ഉപയോഗിച്ച് രാജകീയ പൈതൃക മാതൃകയിലുള്ള കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയത്.

2008-2009 കാലഘട്ടത്തിൽ ഹെഡ്മാസ്റ്ററായി വന്നത് ഏവർക്കും മാതൃകയായ ശ്രീ.എം.പി.മോഹനനാണ് ഒരു വർഷകാലം മാത്രം സാരഥ്യം വഹിച്ച അദ്ദേഹം സ്കൂൾ ആഡിറ്റോറിയം അത്യാധുനിക രീതിയിൽ നവീകരിക്കുകയും എസ് എസ് എ മൂന്നുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും ലബുകൾ സജ്ജീകരിക്കുകയും രാജമ്മാ ബായി എൻഡോമെന്റ് സ്കീമുമായി ബന്ധപ്പെട്ട് കെട്ടിടത്തിനു സമീപം ഒരു പാചകപുര നിർമ്മിക്കുകയും ഓഫീസ് കോപ്ലസ് കെട്ടിടവും ക്യാന്റീൻ ടൈൽ പാകുകയും ചെയ്തു.


അതിനു ശേഷം ഹെഡ്മാസ്റ്ററായി വന്നത് സീനിയർ അസിസ്റ്റന്റായിരുന്ന ശ്രീ.മാഷൽ.കെ.ജോസും ശ്രീ.സദാനന്ദൻ ചെട്ടിയാരും തുടർന്ന് വിക്രമൻ സാറുമാണ്. 2012 മുതൽ 2017വരെ ശ്രീമതി ഉഷാകുമാരിയാണ് സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നത്.എസ് എം വി സ്കൂളിന്റെ ആദ്യത്തെ വനിതാഹെഡ്മിസ്ട്രസ് ആണ് ശ്രീമതി ഉഷാകുമാരി. കവിയായ ശ്രീ മുരുകൻ കാട്ടാക്കടയായിരുന്നു പ്രിൻസിപ്പാൾ. ഇരുവരുടേയും കൂട്ടായ പ്രവർത്തന ശൈലി സ്കൂളിന്റെ ബഹുമുഖമായ പുുരോഗതിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃക ആക്കാൻ പര്യാപ്തവുമാണ്. “ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം” എന്ന ആശയത്തിലസിഷ്ഠിതമായ പഠന-പഠനേന്തര പ്രവർത്തന മാതൃക കുട്ടികളേയും രക്ഷകർത്താക്കളേയും ഒരുപോലെ ആകർഷിക്കുവാൻ കഴിയുന്നുണ്ട്. അടുത്ത പ്രിൻസിപ്പാൾ ആയി ശ്രീമതി വസന്തകുമാരി ടീച്ചർ ചുമതലയേറ്റു. 2017 മുതൽ ശ്രീ ജീവരാജ് . ബി സാർ ഹെഡ്മാസ്റ്ററായ് ചുമതലയേറ്റു. ശേഷം 2018 മുതൽ ശ്രീമതി. ജസ്ലറ്റ് ടീച്ചർ ഹെസ്മിസ്ട്രസ്സായി ചുമതലയേറ്റു.