എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
വസൂരിയും വിഷൂചികയും പോലുള്ള മാരക സാംക്രമികരോഗങ്ങളെ പ്രതിരോധകുത്തിവയ്പിലൂടെ പരാജയപ്പെടുത്തി എന്നവകാശപ്പെടുന്ന മാനവകുലത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് പുതിയതരം രോഗങ്ങൾ പടർന്നുപിടിക്കുന്ന വിവരങ്ങളാണ് ഈ അടുത്തകാലത്തായി ലഭിക്കുന്നത്. മനുഷ്യ നിർമ്മിതങ്ങളായ മരുന്നുകളെ അതിജീവിക്കുന്ന വൈറസുകളും ബാക്ടീരിയകളുമൊക്കെ വളർന്നുവരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളം പോലെ ആരോഗ്യരംഗത്ത് ലോകോത്തര നിലവാരം കൈവരിച്ച് മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം ഏറിയിരിക്കുന്ന ഒരു പ്രദേശത്ത് തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികൾ തെല്ല് ആശങ്ക ഉയർത്താതിരിക്കുന്നില്ല. 2018 മെയ് മാസത്തിൽ കേരളത്തെ ആകെ ആശങ്കയിലേക്ക് തള്ളിവിട്ടുകൊണ്ടാണ് കോഴിക്കോട്ട് നിപ എന്ന മാരകരോഗം പടർന്നുപിടിച്ചത്. പേരാമ്പ്രയിൽ പ്രത്യക്ഷപ്പെട്ട നിപയെ നിയന്ത്രണ വിധേയമാക്കുമ്പോഴേക്ക് പതിനെട്ട് ജീവനുകൾ പൊലിഞ്ഞു കഴിഞ്ഞിരുന്നു. രോഗിയുമായി സമ്പർക്കത്തിൽ വന്ന നഴ്‌സ് ലിനിയെപ്പോലുള്ളവരുടെ മരണം നിപയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ ത്യാഗോജ്ജ്വല ചരിതമായി വാഴ്ത്തപ്പെട്ടു. മലയാളികൾ ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ അതിജീവിച്ചു എന്ന് അഭിമാനിച്ചുവെങ്കിലും കൃത്യം ഒരു വർഷത്തിനുശേഷം നിപ എറണാകുളം പോലുള്ള ജനസാന്ദ്രതയേറിയ മഹാനഗരത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ജനസാന്ദ്രത കൂടിയ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് തുടർച്ചയായി പകർച്ചവ്യാധികൾ പടരുന്നത് പഠനവിധേയമാക്കേണ്ട കാര്യമാണ്. നിപ ജന്തുജന്യരോഗമാണെന്നു പറയുന്നുണ്ടെങ്കിലും വാവലുകൾ വൈറസ് വാഹകരാണെന്ന് അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും അവയൊന്നും വിശ്വസനീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഫലപ്രദമായ മരുന്നുകൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നിപയ്‌ക്കെതിരെയുള്ള പ്രതിരോധം രോഗം വരാതെ നോക്കുക എന്നതുതന്നെയാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് എടുക്കേണ്ട എല്ലാ മുൻകരുതലുകളും അധികൃതർ അടിയന്തിരമായി കൈക്കൊള്ളുകയും ജനങ്ങളെ പ്രതിരോധ മുൻകരുതലുകളെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. കടുത്ത വേനൽ ഇപ്പോൾ കേരളത്തിലെ വാർഷിക കാലാവസ്ഥാചക്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കടുത്ത വേനലിനുശേഷം വരുന്ന മഴക്കാലം രോഗാണുക്കളുടെ പ്രജനന-പ്രസരണ കാലമായി മാറുന്നതുകൊണ്ടാണ് നിരവധി രോഗങ്ങൾ ഈ കാലത്ത് പ്രത്യക്ഷപ്പെടുന്നത്. മഴക്കാലമാകുമ്പോഴേക്കും വിവിധ പേരുകളിൽ മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത പനികളും രോഗങ്ങളും പടരുന്നത് കേരളത്തിലെ പുതിയ പ്രവണതയാണ്. ഇത് എന്തുകൊണ്ടുണ്ടാകുന്നു എന്ന പഠനം ആരോഗ്യവകുപ്പ് അടിയന്തിരമായി നടത്തേണ്ടതുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യവും അവരുടെ ആരോഗ്യ പരിരക്ഷയിലെ നിലവാരത്തകർച്ചയുമൊക്കെ പകർച്ചവ്യാധികളുടെ വാഹകരായി ഇവരെ മാറ്റുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. മലയാളികളുടെ ഇടയിലെ വർദ്ധിച്ചുവരുന്ന മാംസ ഉപയോഗം അവർക്ക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും അത് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങളും പരിശോധിക്കപ്പെടണം. പകർച്ചവ്യാധികളിലേറെയും ജലജന്യരോഗങ്ങളാണ് എന്ന് മറക്കാൻ പാടില്ല. ജലസ്രോതസ്സുകളെ മാംസാവശിഷ്ടങ്ങൾ കൊണ്ടും മറ്റ് രാസമാലിന്യങ്ങൾകൊണ്ടും മലിനമാക്കുന്നതിൽ മലയാളികൾ ഇന്ന് ഏറെ മുന്നിലാണ്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്രയിൽ വിവാഹവീട്ടിൽ നിന്നും ആഹാരം കഴിച്ച 200 ഓളം പേരിലാണ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചത്. ജലദൗർലഭ്യം കാരണം ടാങ്കർ ലോറിയിൽ എവിടെ നിന്നോ എത്തിച്ച വെള്ളത്തിലൂടെയാണ് രോഗാണുക്കൾ പകർന്നതെന്ന് അനുമാനിക്കപ്പെടുന്നു. സ്ഥിരമായി പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ ഇതിനിടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് വേണ്ട പഠനഗവേഷണങ്ങളാണ് സത്വരമായി ഉണ്ടാകേണ്ടത്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിപ രോഗം സ്ഥിരീകരിക്കാൻ ഇന്നും രോഗിയിൽ നിന്നും സ്രവങ്ങൾ എടുത്ത് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലോ, മണിപ്പാലിലെ ഗവേഷണകേന്ദ്രത്തിലോ അയച്ച് ദിവസങ്ങൾ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. രോഗം സ്ഥീരികരിക്കാനുണ്ടാകുന്ന കാലതാമസം പകർച്ചവ്യാധിയെ സംബന്ധിച്ച് രോഗം പടർന്നു പിടിയ്ക്കാനുള്ള സാധ്യതയാണ് വർധിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയും മൂന്നര കോടിരൂപയും ലഭിച്ചിട്ടും കേരളത്തിന് സ്വന്തമായി ഒരു വൈറോളജി ലാബ് പൂർണ്ണ തോതിൽ സ്ഥാപിക്കാൻ കഴിയാത്തത് ഭരണകൂടത്തിന്റെ പിടിപ്പുകേടുതന്നെയാണ്. എന്തായാലും കഴിഞ്ഞ വർഷത്തെ നിപ ബാധയിൽ നിന്നും പാഠമുൾക്കൊണ്ട് ഈ വർഷം സത്വരമായി മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ അധികൃതർ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ജനങ്ങളിൽ ആശങ്കയുടെ പകർച്ചവ്യാധി പടർത്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ അധികൃതരും സന്നദ്ധ പ്രവർത്തകരും മുന്നോട്ടുവരേണ്ടതുണ്ട്. മാത്രമല്ല ഇത്തരം സാംക്രമിക രോഗങ്ങളെ മുൻകൂട്ടി പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളും ബോധവൽക്കരണങ്ങളും ശാസ്ത്രീയ സമീപനങ്ങളും എല്ലാം ഉരുത്തിരിച്ചെടുക്കേണ്ടതുണ്ട്. ആത്യന്തികമായി ജനങ്ങൾ മുൻകരുതലുകൾ എടുക്കുകയും അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് പകർച്ചവ്യാധികളെ തടയാനുള്ള പ്രാഥമിക പ്രവർത്തനം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം