Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങൾ കാർന്നു തിന്നുന്ന ലോകം
രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കേണ്ടതാണന്നു നാം പറയാറുണ്ട്. വിവിധ തരം നാമങ്ങളിൽ, രീതികളിൽ ,വെത്യസ്ത സാഹചര്യങ്ങളിൽക്കൂടി രോഗങ്ങൾ വ്യാപിക്കുന്ന ഇന്നത്തെ കാലത്ത് രോഗ പ്രതിരോധ സാദ്ധ്യതകളെ കുറിച്ച് നാം അറിയേണ്ടത് അത്യാവശ്യമാണ്.രോഗ പ്രതിരോധം നാം തുടങ്ങേണ്ടത് നമ്മളിലൂടെ തന്നെയാണ്. വ്യക്തി ശുചിത്വം പാലിക്കുന്നത് ഒരു പരിധി വരെ രോഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു.വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ നാം പരിസര ശുചീകരണത്തിനും സമൂഹശുചീകരണത്തിനും പ്രാധാന്യം നൽകണം. വൃത്തിഹീനമായ സാഹചര്യങ്ങളോട് രോഗണുക്കൾക്ക് പൊതുവേ താൽപര്യം ഏറെയാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ എത്തി പെരുകി നമ്മളിൽ പ്രവേശിച്ച് രോഗങ്ങൾ പരത്തുകയന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ വൃത്തിയുള്ള സാഹചര്യങ്ങളോട് അവയ്ക്ക് പൊതുവേ താൽപര്യം കുറവാണ് അഥവാ ശുചിത്വമുള്ള പ്രദേശങ്ങളുടെയോ മറ്റോ സാന്നിധ്യം പേടിയാണന്നു തന്നെ പറയാം അതിനാൽ ശുചിത്വം പാലിക്കേണ്ടത് രോഗങ്ങൾ തടയുവാൻ അനിവാര്യമാണന്ന് നാം മനസ്സിലാക്കണം.
മനുഷ്യന്റെ ജീവിത രീതിയിൽ ഉണ്ടായ തനതായ മാറ്റങ്ങൾ രോഗങ്ങൾ വ്യാപിക്കുവാൻ കാരണമാവുന്നു. പഴയ കാല മനുഷ്യ ജീവിതം പ്രകൃതിയോടിണങ്ങിയതായിരുന്നു. മണ്ണിനെയും പ്രകൃതിയെയും തൊട്ടറിഞ്ഞും പ്രകൃതി വിഭവങ്ങൾ ആഹാരമാക്കിയും ജീവിച്ച അവരെ രോഗങ്ങൾ ആക്രമിക്കുന്നത് കുറവായിരുന്നു. കുറവെന്നു പറഞ്ഞാൽ അന്നത്തെയൊക്കെ കാലത്ത് പനിയെന്നും മറ്റും പറഞ്ഞാൽ വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണുവാൻ എത്തുന്ന മഹാബലിയെ പോലെ ആയിരുന്നു. അവരെ അത്തരം രോഗങ്ങളൊന്നും തന്നെ അലട്ടിയിരുന്നില്ല.എന്നാൽ ഇന്നതെല്ലാം മാറിയിരിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്ന വിഷമയമായ, ആരോഗ്യം നശിപ്പിക്കുന്ന പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും വിരുന്നു മേശയിലെ പ്രധാനവും ആസ്വാദ്യകരവുമായ വിഭവങ്ങൾ ആയി മാറുമ്പോൾ രോഗങ്ങളും അതിനാപ്പം തന്നെ വരുന്നു.
പറമ്പിൽ പണിയെടുത്തും വ്യായാമം ചെയ്തും ജീവിതം മുന്നോട്ട് നയിക്കുന്നവർക്ക് എല്ലാ രോഗങ്ങളെയും തടഞ്ഞ് മുന്നോട്ട് പോകുവാനുള്ള ശേഷി സ്വയം ഉണ്ട്. എന്നാൽ എല്ലാ ജോലികളും യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്തും കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനും മുന്നിൽ ചടഞ്ഞുകൂടിയിരിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് പ്രാഥമിക രോഗ പ്രതിരോധശേഷി പോലും കുറവാണ്. അതിനാൽ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്.
കൊറോണ വൈറസ് പോലെയുള്ള മാരക രോഗങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നത് പല കാര്യങ്ങളാണ്. നമ്മളിൽ ഒരു രോഗം വന്നാൽ അതു മറ്റുള്ളവരിലേക്ക് പകരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യം നമ്മളിൽ ഉണ്ടാവണം. അത് തന്നെയാണ് രോഗവ്യാപനം തടയുവാനുള്ള ഒരു പ്രധാന മാർഗം. ഏത് രോഗമാണങ്കിലും അത് ചെറുതാണങ്കിലും വലുതാണങ്കിലും അതിന് അതിന്റെ പ്രാധാന്യം നൽകി ഇല്ലാതാക്കുവാൻ നാം ശ്രമിക്കണം. രോഗം നിയന്ത്രിക്കുവാൻ ആരോഗ്യ വകുപ്പും മറ്റു സന്നദ്ധ സംഘടനകളും നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടത് ഒരു അനിവാര്യ ഘടകമാണ്.
ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ അസുഖങ്ങൾക്ക് ആശ്വാസം ഉണ്ടാകുവാൻ സ്വയം ചികിത്സ നൽകുന്നത് ചിലപ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. അതിനാൽ കൃത്യമായ നിർദ്ദേശമില്ലാതെ ആവശ്യമില്ലാത്ത മരുന്നുകൾ കഴിക്കരുത്. എന്നാൽ ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് വേണ്ട പ്രഥമ ശ്രുശ്രൂക്ഷ നൽകുന്നത് രോഗിയുടെ നില മെച്ചപ്പെടുവാൻ സഹായകമാവുന്നു.മനുഷ്യർ പ്രകൃതിയിൽ നടത്തുന്ന പ്രകൃതിനശീകരണ പ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുകയും പുതിയതരം അസുഖങ്ങൾ ഉടലെടുക്കുന്നതിന് വഴിതെളിക്കുകയും ചെയ്യുന്നു. അതിനാൽ പ്രകൃതിസംരക്ഷണവും രോഗപ്രതിരോധത്തിനു സഹായിക്കുന്നു എന്ന് നമുക്ക് പറയാം ശാരീരികമായ രോഗ പ്രതിരോധത്തിന് ഒപ്പം തന്നെ മാനസിക രോഗം പ്രതിരോധത്തിനും നാം പ്രാധാന്യം നൽകണം. അത് ആരോഗ്യ ജീവിതത്തിന് അത്യാവശ്യമാണ്. മാനസിക രോഗികളോട് അവരുടെ മനസ്സിനിണങ്ങിയ രീതിയിൽ പെരുമാറുന്നത് അവരുടെ നില മെച്ചപ്പെടുവാൻ സഹായകമാണ്.രോഗങ്ങൾ പിടിപെട്ടാൽ നാം ഡോക്ടർമാർക്കൊപ്പം ദൈവത്തെയും ആശയിക്കും. ഒരു വിധത്തിൽ പറഞ്ഞാൽ ആത്മീയ ചിന്തയും ആത്മവിശ്വാസവും രോഗപ്രതിരോധത്തിൽ സഹായിക്കുന്നു.
രോഗങ്ങൾ നമ്മുടെ കൂടെ തന്നെയുണ്ട്. അത് നമ്മെ ആക്രമിക്കാതെ നോക്കുവാൻ നമുക്ക് കഴിയും.കൃത്യമായ രോഗ പ്രതിരോധ മാർഗങ്ങളിലൂടെ നമ്മുക്ക് രോഗങ്ങളെ തടയാം. പക്ഷേ ഒന്നു ചിന്തിച്ചാൽ രോഗങ്ങൾ നമ്മുക്ക് വലിയ തിരിച്ചറിവു നൽകുന്നു .വികസനങ്ങൾ ലക്ഷ്യമിട്ടു മുന്നോട്ട് കുതിക്കുന്ന ഇന്നത്തെ ലോകത്തിനോട് പഴയ ജീവിതരീതിയിലേക്ക് തിരികെ മടങ്ങുവാനുള്ള സന്ദേശം രോഗങ്ങൾ നൽകുന്നു. പഴയ കാലത്തിലെ ആരോഗ്യകരമായ പ്രകൃതിയിൽ, ആസ്വാദ്യകരമായ ജീവിതത്തിൽ ഒരു കട്ടുറുമ്പായി രോഗങ്ങൾ വരില്ലായിരുന്നു. നാം തന്നെ മാറ്റിയെടുത്ത ആ സ്വർഗജീവിതം തിരികെ കൊണ്ട് വരാൻ രോഗങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. രോഗങ്ങൾ കാർന്നുതിന്നുന്ന ഈ ലോകത്തെ രോഗങ്ങളെ ചെറുത്തു നിൽക്കുന്ന ലോകമാക്കി മാറ്റുവാൻ നാം ഓരോരുത്തരും മുന്നോട്ട് വരണം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|