എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/ശുചിത്വം - ഒരു ഉണർത്തു പാട്ടാകട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം - ഒരു ഉണർത്തു പാട്ടാകട്ടെ

ശാസ്ത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തെ മുഴുവൻ തന്റെ കാൽച്ചുവട്ടിൽ ഒതുക്കികഴിഞ്ഞുവെന്ന അഹങ്കാരത്തോടെയാണ് മനുഷ്യൻ ശാസ്ത്രത്തിന്റെ ഓരോ പടവുകളുംചവിട്ടി കയറുന്നത് . ഏതുരോഗത്തെയും തന്റെ കൈപ്പിടിയിലൊതുക്കാം എന്ന അഹങ്കാരത്തോടെയാണ് മനുഷ്യൻ ജീവിച്ചിരുന്നത്. അതിന് ഒര‍ുവലിയ തിരിച്ചടിയാണ് കൊറോണ എന്ന വൈറസ് .

ഈ സന്ദർഭത്തിലാണ് പരിസര ശുചിത്വത്തിന്റെപ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. പണ്ട് പ്രകൃതിയെ മനുഷ്യൻ സ്നേഹിച്ചിരുന്നു .അതിന്റെ സ്വാഭാവികതയ്ക്ക് മനുഷ്യൻ മാറ്റം വരുത്തിയിരുന്നില്ല .എന്നാൽ ഇന്ന് മനുഷ്യന്റെ കടന്നുകയറ്റം ഭൂമിയുടെ സന്തുലനാവസ്ഥയെ തന്നെ തകർക്കുന്നു.

തെളിനീർ ഒഴുകുന്ന പുഴകളും പച്ചപ്പട്ടുടുത്ത പാടങ്ങളും മലകളും കുന്നുകളും നിറഞ്ഞ നമ്മുടെ നാട്ടിൽ കുടിനീരും പ്രാണവായുവും മറ്റെവിടുത്തെക്കാളും സുലഭമായിരുന്നു. പകർച്ചവ്യാധികളാൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉള്ളവർ കഷ്ടപ്പെടുമ്പോൾ നാം ആരോഗ്യകാര്യത്തിൽ മുന്നിലായിരുന്നു .എന്നാലിന്ന് അതെല്ലാം മധുരം കിനിയുന്ന ഓർമ്മകൾ മാത്രമായി മാറിയിരിക്കുന്നു.

ഡെങ്കി മുതൽ കൊറോണ വരെയുള്ള രോഗങ്ങൾ ജനങ്ങളെ വേട്ടയാടുമ്പോൾ അവയ്ക്കു നേരെ കണ്ണടച്ചിട്ട് കാര്യമില്ല .വീടും പരിസരവും മാത്രമല്ല , വിദ്യാലയങ്ങളും നാടും നഗരവും മാലിന്യത്തിൽ നിന്ന് മുക്തമല്ല എന്നതാണ് യാഥാർത്ഥ്യം. വേണ്ടാത്തതെല്ലാം പൊതുനിരത്തിലും നദികളിലും വലിച്ചെറിയുക എന്നത് ജനങ്ങളുടെ സ്വഭാവമാണ് .പരിസ്ഥിതി മലിനീകരണത്തിന് വേഗം കൂട്ടിയ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ജലജീവികളുടെ വംശനാശത്തിനും ഇതു കാരണമായി .കേരളത്തിലെ പുണ്യ നദികൾ കാളിന്ദി നദിക്ക് സമമായി.

സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ സാമൂഹിക വിപത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വീടുകൾ മാത്രമല്ല വിദ്യാലയങ്ങളും പൊതുനിരത്തുകളും ഓരോ വ്യക്തിക്കും പ്രധാനപ്പെട്ടവയാണ് എന്ന തിരിച്ചറിവുണ്ടാകണം. അവ വൃത്തിയായി സൂക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ദൈവത്തിൻറെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ പോലും മാലിന്യം ഭയാനകമാംവിധം വർദ്ധിച്ചു വരികയാണ്. പരിസ്ഥിതി നാശത്തിന്റെ മറ്റൊരു മുഖം എടുത്തു കാണിക്കുന്നതാണ് കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ.മഹാ ദുരന്തം വിളിപ്പാടകലെയെത്തിയിട്ടും അത് കണ്ടില്ലെന്ന് നടിക്കാനാണ് നമ്മളിൽ പലരും ശ്രമിക്കുന്നത് .

നമ്മളെ കൊണ്ട് ആവുന്ന വിധത്തിൽ നാം പരിസ്ഥിതി സംരക്ഷണത്തിൽ ഏർപ്പെടണം . അടുക്കളയിൽ നിന്ന് മലിനജലം അലക്ഷ്യമായി ഒഴുക്കുന്നത് കൊതുകുകൾ പെരുകുന്നതിനും അതുവഴി പല രോഗങ്ങൾക്കും കാരണമാകും .എന്നാൽ അതിനെ അടുക്കള തോട്ടത്തിലേക്ക് ഉപയോഗപ്പെടുത്തുന്നത് വഴി വിഷാംശമുള്ള പച്ചക്കറികൾ ഉപയോഗിക്കുന്നത് തടയാൻ കഴിയും. സസ്യങ്ങൾ വളർത്തുന്നതുവഴി അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജൻ പുറന്തള്ളുന്നത് ശുദ്ധവായു ലഭ്യമാക്കുന്നു. ജൈവമാലിന്യങ്ങളെ വളമാക്കുന്നതു വഴി രാസവളങ്ങളുടെ ഉപയോഗം നമുക്ക് ഒഴിവാക്കാം . ഇങ്ങനെ എല്ലാവീടുകളിലും അവർക്ക് വേണ്ട പച്ചക്കറികൾ ഉൽപ്പാദിപ്പിക്കാൻ കഴിയും.

ഇതു വഴി പരിസര ശുചിത്വത്തോടൊപ്പം അന്തരീക്ഷ മലിനീകരണം തടയുകയും ചെയ്യാം. ആരോഗ്യമുള്ള വ്യക്തികൾ ഒരു നാടിന്റെ സമ്പത്താണ് . ഇവിടെയാണ് വ്യക്തി ശുചിത്വത്തിന്റെയുംപരിസര ശുചിത്വത്തിന്റെയും പ്രാധാന്യം വർദ്ധിക്കുന്നത് .

"ശുചിത്വമുള്ള ജനം - ആരോഗ്യമുള്ള ജനത " മുദ്രാവാക്യം ഓരോ വ്യക്തിയുടെയും മനസ്സിൽ ഒരു ഉണർത്തുപാട്ട് ആയിരിക്കട്ടെ .

ഓസ്‍റ്റിൻ ജോസ്
X A എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം