എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/പ്രകൃതിയുടെ പച്ചപ്പിനായി
പ്രകൃതിയുടെ പച്ചപ്പിനായി
ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങൾക്കും അമ്മയാണ് പ്രകൃതി. പൂവിനും പുല്ലിനും കാട്ടാറിനും സമുദ്രത്തിനും പക്ഷികൾക്കും മൃഗങ്ങൾക്കും ഏവർക്കുമുള്ള സ്നേഹമയിയായ അമ്മ. ഒന്നു ചിന്തിക്കു കൂട്ടുകാരെ, നമുക്ക് വേണ്ടതെല്ലാം ഒരുക്കി വച്ചിട്ട് അല്ലേ ഈ പ്രകൃതിയമ്മ നമ്മെ സ്നേഹിക്കുന്നതും ലാളിക്കുന്നതും. മഴയും വെയിലും തണുപ്പും പഴങ്ങളും മരങ്ങളും എന്നു വേണ്ട ചുറ്റും കാണുന്നതെല്ലാം ഈ പ്രകൃതിയുടെ സമ്മാനം അല്ലേ? പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. പ്രകൃതിയെ അറിയുകയും ആദരിക്കുകയും സ്വാംശീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നിരുന്ന പൂർവികർ നമുക്കുണ്ടായിരുന്നു. ഭൂമി അമ്മയെ ആദരിക്കണം എന്നു നമ്മെ പഠിപ്പിച്ച ആ തലമുറയെയും ചിന്തകളെയും രീതികളെയും നാം കാറ്റിൽപറത്തി. കാട്, വായു, ജലം, മണ്ണ് തുടങ്ങിയ പ്രകൃതിവിഭവങ്ങൾ എല്ലാം സ്വയം പുതുക്കലിന് വിധേയമാകുന്നതിനാലാണ് മനുഷ്യർ ഇങ്ങനെ ജീവിച്ചു പോകുന്നത്. പക്ഷേ, കാടായ കാടെല്ലാം വെട്ടി തെളിക്കുകയും വെള്ളത്തിൽ മുഴുവൻ വിഷം കലക്കുകയും വായുവിൽ ആകെ പൊടിയും വിഷവാതകങ്ങളും പടർത്തുകയും ചെയ്താൽ പിന്നെങ്ങനെ പരിസ്ഥിതിക്ക് നിലനിൽപ്പ് ഉണ്ടാകും? കാടും കായലും കാറ്റുമെല്ലാം പേടിപ്പെടുത്തുന്ന രീതിയിൽ ആണ് അപ്രതീക്ഷമായി കൊണ്ടിരിക്കുന്നത്. പ്രകൃതി വിഭവങ്ങൾ ധൂർത്തടിച്ച് പാഴാക്കാതെ വേണം നാം ഉപയോഗിക്കാൻ. അല്ലെങ്കിൽ നമ്മെ കാത്തിരിക്കുന്ന ദുരന്തം വളരെ വലുതാണ്. ഒരു പരിധി കഴിയുമ്പോൾ മനുഷ്യന് തരാൻ പ്രകൃതിയുടെ കയ്യിൽ ഒന്നും ബാക്കിയില്ലാതാകും. വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുമ്പോൾ പ്രകൃതി തിരിച്ചടി തുടങ്ങും. അതിന്റെ അനന്തര ഫലങ്ങളാണ് അതിതീവ്ര മഴയും വെള്ളപ്പൊക്കവും വരൾച്ചയും പ്രളയവും ചുഴലിക്കാറ്റുമെല്ലാം. എക്കാലത്തേക്കും എല്ലാവർക്കുമുള്ള അമ്മയായി പ്രകൃതിയെ കരുതി വരും തലമുറകൾക്കു കൂടി വേണ്ടി ഭദ്രമായി അതിനെ പരിരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട് . നമ്മുടെ മനുഷ്യത്വം കൊണ്ടു വേണം സ്നേഹിക്കേണ്ടതും ആദരിക്കേണ്ടതും. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചാണ് പ്രകൃതിയുടെ നിലനിൽപ്പ് എന്നത് നാം മറന്നുകൂടാ. ഓരോ വ്യക്തിയും പ്രകൃതിയുടെ കാവലാൾ ആണ് എന്ന ബോധ്യം നാം ഈ ലോകത്തിന് നൽകണം. ഇല പച്ച നിറമുള്ള പ്രകൃതിയെ സ്വപ്നം കാണുകയും ആ സ്വപ്നത്തിന് വേരു പടർത്തുകയും ചെയ്യണമെന്നാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. ഹരിതമയമായ പ്രകൃതിയെ രോഗഗ്രസ്തമാക്കിയ ശീലക്കേടുകൾക്കും അലംഭാവത്തിനും എതിരെ നാം പ്രതികരിക്കണം. ജലസംരക്ഷണം മുതൽ മാലിന്യസംസ്കരണം വരെ നമ്മുടെ ജീവിതശൈലി ആക്കി മാറ്റണം. ഭൂമി പാഠങ്ങൾ ജീവിതത്തിൽ നടപ്പാക്കി പ്രകൃതിയുടെ സംരക്ഷകരായി നാം മാറണം. അനാസ്ഥയോടും അനാദരവോടും കൂടെ പരിസ്ഥിതിയെ കാണാതിരിക്കാം. അതിനായി നാടിനെയും വീടിനെയും ഉണർത്താം. സ്വച്ഛവും ശുദ്ധവുമായ കാറ്റ്, എങ്ങും പുഞ്ചിരിക്കുന്ന പൂക്കൾ, തെളിനീരുറവകൾ, പാറിനടക്കുന്ന പൂമ്പാറ്റകൾ, നേർത്ത തണുപ്പ്,................... ആഗോളതാപനവും കാലാവസ്ഥ വ്യതിയാനങ്ങളും മൂലം ആവാസയോഗ്യമല്ലതായി കൊണ്ടിരിക്കുന്ന പ്രകൃതി അമ്മയുടെ പ്രിയപ്പെട്ട സ്വപ്നം ആണിത്. മനസ്സുവെച്ചാൽ നമുക്ക് യാഥാർത്ഥ്യമാക്കാവുന്ന സ്വപ്നം. പ്രകൃതിയാകുന്ന അമ്മയെ അതിന്റെ പച്ചപ്പിനോടും ഊഷ്മളതയോടും ഭംഗിയോടും കൂടെ നമുക്ക് കാത്തു സൂക്ഷിക്കാം.......................വരും തലമുറകൾക്കായി.....................
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം