എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സ്കൗട്ട്&ഗൈഡ്സ്
സത്യമേത് അസത്യമേത്, കർമ്മമേത് ലക്ഷ്യമേത്, നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാതെ ജീവിതത്തിന്റെ നാൽക്കവലകളിൽ പരിഭ്രമിച്ച് നിൽക്കുന്ന ഇന്നിന്റെ ശക്തികളായ നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും കരങ്ങൾ നൽകുവാനും ഇരുട്ടിൽ തപ്പി ത്തടയുന്നവർക്ക് അറിവിന്റേയും വിജ്ഞാനത്തിന്റേയും കൈത്തിരി തെളിയിച്ച് നൽകുവാനും ദു:ഖിതർക്ക് ആശ്വാസവും നിസ്സഹായകർക്ക് തുണയും നൽകുവാനും യാതൊരുവിധ ലാഭേച്ഛയില്ലാതെ സേവനം നടത്തുക എന്ന മുദ്രാവാക്യത്തോടു കൂടി ഭൗതികമായും ശാരീരികമായും മാനസികമായും സദാ തയ്യാറായി (Be prepared ) ജീവിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യൂണിഫോംഡ് വിശ്വസാഹോദര്യ പ്രസ്ഥാനമാണ് BP എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബേഡൻ പൗവ്വൽ പ്രഭു 1907 ൽ രൂപം കൊടുത്ത സ്കൗട്ട് ഗൈഡ് പ്രസ്ഥാനം.കുട്ടികളുടെ നേതൃത്വ പാടവം വളർത്തിയെടുക്കാനും മാതാപിതാക്കളോടും മറ്റു വ്യക്തികളോടും എങ്ങിനെ പെരുമാറണമെന്നും സ്കൗട്ട് / ഗൈഡ് പ്രസ്ഥാനത്തിൽ എത്തുന്ന ഒരു കുട്ടിക്ക് അറിവ് ലഭിക്കുന്നു.
മുന്നോട്ടുള്ള ജീവിതയാത്രയിൽ സ്കൗട്ട് പ്രസ്ഥാനത്തിൽ നിന്നും കിട്ടിയ അറിവുകൾ പ്രതിസന്ധികളെ എങ്ങിനെ തരണം ചെയ്യാമെന്നും, ഒരു ടീമിനെ ഒത്തൊരുമയോടെ എങ്ങിനെ മുന്നോട്ടു കൊണ്ടു പോകാമെന്നും ചെറുപ്രായത്തിൽ തന്നെ കുട്ടികൾ സ്വായത്തമാക്കുന്നു.
കുട്ടികൾക്ക് സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ, സംസ്ഥാന ഗവർണർ, രാഷ്ട്രപതി മുതലായ ഉന്നത വ്യക്തികളുടെ കൈയ്യൊപ്പോടുകൂടിയ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയുന്നു എന്നത് സ്കൗട്ട് / ഗൈഡ് പ്രസ്ഥാനത്തിൻ്റെ പ്രത്യേകതയാണ്.
ഇതിനെക്കാളുപരിയായി നല്ലൊരു വിദ്യാർത്ഥി, മകൻ / മകൾ, സഹോദരൻ /സഹോദരി, ആകുവാനും നല്ലൊരു മനുഷ്യ സ്നേഹിയാകുവാനും മറ്റുള്ളവരുടെ വേദനകൾ മനസിലാക്കുവാൻ കഴിയുന്ന, നേതൃത്വഗുണമുള്ള ഒരു വ്യക്തിയായി ജീവിക്കുവാൻ സകൗട്ട് / ഗൈഡ് പ്രസ്ഥാനം ഒരു കുട്ടിയെ സഹായിക്കുo.
നിങ്ങളുടെ മക്കൾ ഭാവിയിൽ ആരുമായിക്കൊള്ളട്ടെ.......
അതിനോടൊപ്പം നല്ലൊരു മനുഷ്യൻ കൂടിയായിരിക്കാൻ സ്കൗട്ട് / ഗൈഡ്പ്രസ്ഥാനം സഹായിക്കും... നമ്മുടെ സ്കൂളിൽ 1979 ൽ സ്ഥാപിതമായ 12th IJK ജവഹർ ഗൈഡ് കമ്പനിയും 17th IJK ശ്രീകൃഷ്ണ സ്കൗട്ട് ട്രൂപ്പും . ഒരു പാട് കുട്ടികളെ രാഷ്ട്രപതി സ്കൗട്ട്സ് ആക്കാനും രാഷ്ട്രപതി ഗൈഡ്സ് ആക്കാനും സാധിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. നിരവധി കുട്ടികൾ രാജ്യ പുരസ്കാർ നേടി കടന്നുപോയിട്ടുണ്ട്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. 2 ഗൈഡ് യൂണീറ്റും 1 സ്കൗട്ട് യൂണീറ്റും ഇപ്പോഴും പ്രവർത്തിച്ചു പോരുന്നു.
"സവാരി ചെയ്യാം വായുമലിനീകരണം കുറയ്ക്കാം " എന്ന ആശയവുമായി ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾ സൈക്കിൾ ഹൈക്ക് നടത്തി.