എച്ച് എഫ് എൽ പി എസ് തത്തംപള്ളി/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ കഥ
വെള്ളിയാഴ്ച നടക്കുവാനിരിക്കുന്ന സ്കൂൾ വാർഷികത്തിനു വേണ്ടി തകർപ്പൻ പ്രാക്ടീസിലാണ് ആഷ്നയും കൂട്ടുകാരും. പെട്ടെന്നാണ് അറിഞ്ഞത് ഇന്നുവരെയേ ക്ലാസ് ഉള്ളൂ നാളെ മുതൽ സ്ക്കൂളിൽ വരണ്ട എന്ന് .അയ്യോ എന്താ ഇങ്ങനെ?4-ാം ക്ലാസിലാണ് അവൾ പഠിക്കുന്നത്.ഈ സ്ക്കൂളിലെ അവസാനത്തെ ആനിവേഴ്സറിയാണ് ഗംഭീരമായി ആഘോഷിക്കണം എന്നു കരുതിയിരുന്നതാണ്. പരിപാടിക്കുള്ള ഉടുപ്പും മറ്റ് സാധനങ്ങളും വാങ്ങി വച്ചു. കുട്ടികൾക്കു വിഷമമായി. കേരളത്തിൽ കോവിഡ് 19 എന്ന പനി വന്നിരിക്കുന്നത്രേ. അതിനാലാണ് സ്ക്കൂൾ അടയ്ക്കുന്നതെന്ന്, പനി വന്നതിന് സ്ക്കൂൾ അടയ്ക്കുന്നതെന്തിനാ? എത്രയോ പേർക്ക് പലപ്പോഴായി പനിയും ചുമയും ജലദോഷവും ഒക്കെ ഉണ്ടാകുന്നു. അപ്പോഴൊന്നും സ്ക്കൂൾ അടയ്ക്കുന്നില്ലല്ലോ? അവൾക്കു സംശയമായി. അവൾ കൂട്ടുകാരി അക്ഷരയെയും വിളിച്ചു കൊണ്ട് ടീച്ചറിനോട് തന്റെ സംശയം ചോദിച്ചു. എന്താ ടീച്ചർ ഈപനിയുടെ പ്രത്യേകത? കോവിഡ് 19 പനി എന്താണെന്നും രോഗലക്ഷണങ്ങളും ഇതു വന്നാലുള്ള അവസ്ഥകളുമെല്ലാം ടീച്ചർ വിശദമായി പറഞ്ഞു കൊടുത്തു.എന്റെ ദൈവമെ! ഇത്ര ഭീകരൻ പനിയാണോ എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഇരിക്കാമല്ലേ.... ലോക്ക് ഡൗൺ തുടങ്ങി ഒരാഴ്ചയോളമായി. വീട്ടിലിരുന്ന് TV കണ്ടു മടുത്തു.കൂട്ടുകാരൊന്നും വീടിനു വെളിയിലേയ്ക്ക് ഇറങ്ങുന്നില്ല. ആരും കളിക്കാനില്ല, അവൾക്ക് ആകെ മടുപ്പായി. അപ്പോഴാ ണ്പലപ്പോഴായി വാങ്ങി വച്ചിരിക്കുന്ന കഥ പുസ്തകങ്ങൾ അവൾ കണ്ടത്. അവൾ അവളുടെ കി റ്റി പൂച്ചയുമായി പുസ്തകങ്ങൾ വായിക്കാനിരുന്നു.കിറ്റി അവളുടെ പ്രിയപ്പെട്ട പൂച്ചയാണ്. അവളുടെ കളിക്കൂട്ടുകാരി. അവൾ ഉറക്കെ കഥകൾ വായിക്കും. കിറ്റി കേട്ടിരിക്കും. ഇടയ്ക്ക് മനസിലായോ എന്ന് ചോദിക്കും, കിറ്റി തലയാട്ടും. ആദ്യമായാണ് കഥകൾ ഇത്ര ക്ഷമയോടും ശ്രദ്ധയോടും കൂടി ആസ്വദിച്ച് വായിക്കുന്നത്.... അരമണിക്കൂർ നടന്നു പോയാണ് അച്ഛൻ പച്ചക്കറികൾ വാങ്ങുന്നത്. TV യിൽ മുഖ്യമന്ത്രി പറയുന്നത് കേട്ടു. ഈ സമയം ഫലപ്രദമായി ഉപയോഗിക്കണം. എല്ലാവരും ചെറിയ രീതിയിൽ കൃഷി ചെയ്യണം എന്നൊക്കെ.എന്നാൽ അതൊന്നു നോക്കിയാലോ? സ്ക്കൂളിൽ നിന്ന് കിട്ടിയ പച്ചക്കറിവിത്തുകൾ വീട്ടിലിരിപ്പുണ്ട്. അവൾ അപ്പോൾ തന്നെ വിത്തുകൾ തപ്പിയെടുത്തു.കിറ്റിയെയും കൂട്ടി രണ്ടു പേരും കൂടി വിത്തുകൾ കുഴിച്ചിട്ടു. എന്നും വെള്ളമൊഴിക്കാനും തുടങ്ങി. ഓരോ ദിവസവും വളർച്ച നിരീക്ഷിക്കും. ഒരാഴ്ച കഴിഞ്ഞു. വിത്തു മുളച്ചു, വളർന്നുപൊങ്ങിയപ്പോൾ അവൾ അച്ഛനെയും അമ്മയെയും വിളിച്ചു കാണിച്ചു. മിടുക്കി...എന്റെ പൊന്നുമോൾക്ക് ഈ ബുദ്ധി തോന്നിയല്ലോ. അച്ഛൻ അവളെ അഭിനന്ദിച്ചു.അമ്മ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. അവൾക്ക് സന്തോഷമായി.അവൾ കിറ്റിയെ പൊക്കിയെടുത്ത് തുള്ളിച്ചാടി...... 


ആഷ്ന R.
4 എച്ച് എഫ് എൽ പി എസ് തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ