എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം പ്രഹസനമായിക്കൂടാ!

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ രക്ഷിക്കൂ !
ഭൂമി സൗരയൂഥത്തിലെ ഒരംഗമാണ്. നവഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ് എന്നാണ് എല്ലാവരുടെയും വിശ്വാസം. ഭൂമിയിലെ മണ്ണിന്റെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയുമെല്ലാമാണ് ഭൂമിയിൽ  ജീവനുണ്ടാകാൻ കാരണമായത്. നിലയ്ക്കാതെയുള്ള നിരന്തരമായ മാറ്റങ്ങളിലൂടെ ഈ ജൈവഘടനയുടെ ഉന്നതസ്ഥാനത്തു മനുഷ്യൻ എത്തിനിൽക്കുന്നു. മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും മലകളും ജലാശയങ്ങളും അടങ്ങുന്നതാണ് പ്രകൃതി അഥവാ പരിസ്ഥിതി. പരസ്പരാശ്രയത്തോടുകൂടിയാണ് പ്രകൃതിയിൽ ജീവികളും സസ്യങ്ങളും കഴിഞ്ഞുപോകുന്നത്. ഈ പാരസ്പര്യമാണ് പരിസ്ഥിതിബോധത്തിന്റെ അടിസ്ഥാനം. എന്നാൽ പരിസ്ഥിതിയിൽ വരുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതമയമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിനു തന്നെ അതു ഭീഷണിയാകുന്നു. മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ ശ്രമിക്കുമ്പോൾ പ്രകൃതി തിരിച്ചടിക്കുകയാണ് ചെയ്യുന്നത്.
പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തൊക്കെയാണ്? നമ്മുടെ പറച്ചിലിൽ ഒതുങ്ങുന്നതല്ല അത്. മലിനീകരണം തന്നെ പല രൂപങ്ങളിലുണ്ട്. മണ്ണുമലിനീകരണം, അന്തരീക്ഷമലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം എന്നിങ്ങനെ പോകുന്നു അത്. ഭൂമിയിലെ ആവാസവ്യവസ്ഥക്കു ഭൂമി തന്നെ ഒരു  ക്രമീകരണം വരുത്തിയിട്ടുണ്ട്. ആ ക്രമീകരണം മനുഷ്യന്റെ സ്വാർത്ഥ പ്രവർത്തനങ്ങൾ മൂലം തകരാറിലായിരിക്കുന്നു. മനുഷ്യൻ വലിച്ചെറിയുന്ന ഖര പദാർത്ഥങ്ങളും മറ്റു മാലിന്യങ്ങളും മണ്ണിനെ ദുഷിപ്പിക്കുന്നു. ഇതിൽ കാലൻ പ്ലാസ്റ്റിക് തന്നെ. മണ്ണിന്റെ ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റംവരുത്താൻ പ്ലാസ്റ്റിക്കിന് സാധിക്കും. പ്ലാസ്റ്റിക് മൂലം ജലാശയങ്ങളും മലിനമാകുന്നു. നദികളും പുഴകളും നമ്മുടെ ജീവ നാഡികൾ ആണ്. അവയുടെ മലിനീകരണം മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും സമ്പൂർണ നാശത്തിലേക്കും നയിക്കും. ജലത്തിലുള്ള ഓക്സിജന്റെ  അളവിനെ നശിപ്പിക്കാൻ വരെ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾക്ക് കഴിയും. വലിയ വലിയ വ്യവസായശാലകളിൽ നിന്ന് പുറത്തു വിടുന്ന വിഷവാതകങ്ങൾ അന്തരീക്ഷത്തെ മലിനമാകുന്നു. ഭൂമിക്ക് ശാപം ആകുന്ന ഈ വാതകങ്ങൾ ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിള്ളലുകളിലൂടെ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലേക്ക് കടന്നുവരികയും ഭൂമിയിലെ ജീവന്റെ നാശത്തിനു തന്നെ അത് കാരണമാകുകയും ചെയ്യുന്നു. സസ്യങ്ങൾ നശിക്കും. തൊലിപ്പുറത്തുണ്ടാകുന്ന ഒരുതരം കാൻസറിനു കാരണമാകും. അന്യ നക്ഷത്രങ്ങളിൽ നിന്നും ധൂമകേതുക്കളിൽ നിന്നും വരുന്ന മാരക രശ്മികളെ തടയാൻ ഓസോൺപാളിക്കു  കഴിഞ്ഞില്ലെങ്കിൽ പ്രകൃതിയിൽ മാറ്റങ്ങളുണ്ടാകും; രോഗങ്ങൾ പെരുകും.
ചിക്കൻഗുനിയ പോലുള്ള വ്യാധികൾ നമ്മുടെ കേരളത്തെ ബാധിക്കുന്നത് പരിസ്ഥിതി യിൽ വന്ന തകരാറുമൂലം ആണെന്ന് നമ്മൾ അറിയണം. 2018ലും  19ലും ഉണ്ടായ പ്രളയം അതിന്റെ സൂചന മാത്രമാണ്. അതുപോലെ സമുദ്രത്തിൽ എണ്ണ കലരുന്നത് ജലാശയങ്ങൾ ചുരുങ്ങുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്തുകയാണ്.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഒന്നേയുള്ളൂ- പരിസ്ഥിതി സംരക്ഷണം. ഇന്ന് രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും മുറവിളികൂട്ടുന്ന വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഇത്തരം ബഹളം കാരണം പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയ കാലഘട്ടമാണിത്. പല തലത്തിൽ കുറച്ചുപേരെ വിളിച്ചിരുത്തി സഹകരിച്ച് നടത്തുന്ന ഒരുതരം അഭിനയം മാത്രം! പരിസ്ഥിതി ആയതിനാൽ ആരും ചോദ്യം ചെയ്യുകയുമില്ല. എന്താണ് പരിസ്ഥിതി എന്നോ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് അറിയാതെ പറയുന്നത് കേട്ട് തലകുലുക്കി സമ്മതിച്ചു പോകുന്ന ഒരു വിഭാഗം  ജനങ്ങളുടെ മുമ്പിൽ അധഃപതിച്ച ഒന്നായി പരിസ്ഥിതിസംരക്ഷണം മാറി.
ഈദുഷ്‌കൃത്യങ്ങളുടെ എല്ലാം ദോഷഫലം നാളെ നമ്മൾ തന്നെ അനുഭവിക്കണം എന്നുള്ളത് തികച്ചും സത്യമായ കാര്യമാണ്. മനുഷ്യരുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ നമ്മൾ ചൂഷണം ചെയ്യുമ്പോൾ നമ്മുടെ മാതൃത്വത്തെ ആണ് നാം തകർക്കുന്നത് എന്ന ബോധം എല്ലാവരിലും ഉണ്ടാകണം. ഇല്ലെങ്കിൽ വരുംതലമുറകൾക്ക് ഭൂമിയിലുള്ള വാസം ദുർഘടമായിരിക്കും.



എയ്ഞ്ചൽ അന്ന ബേബി
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം