എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികസനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് പരിസ്ഥിതി. എന്നാൽ പരിസ്ഥിതി നേരിടുന്ന വെല്ലുവിളി വലുതാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. അതുപോലെ പരിസ്ഥിതി ശുചിത്വവും. എവിടെ നോക്കിയാലും ചപ്പും ചവറും. പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പരിസ്ഥിതി ശുചിത്വം അത്യാവശ്യമാണ്. നാം നേരിടുന്ന രോഗകാലഘട്ടത്തിന്റെ മുഖ്യ കാരണം പരിസ്ഥിതി ശുചിത്വം ഇല്ലായ്മയാണ്. നാം ഒന്നു മനസ്സിലാക്കണം. എത്ര നല്ല ഭൂമിയാണോ ദൈവം നമുക്ക് സമ്മാനിച്ചത് അതെ ഭൂമി നാം അടുത്ത തലമുറയ്ക്ക് തിരിച്ചുകൊടുക്കാൻ ബാധ്യസ്ഥരാണ്. നാം ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് തെരുവ് നായ്ക്കളുടെ ആക്രമണം. ചുറ്റുപാടും കൂടി കിടക്കുന്ന മാലിന്യമാണ് അതിനു കാരണം. പരിസരം വൃത്തിയാവുന്നില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. എന്നാൽ സന്നദ്ധ പ്രവർത്തകരിൽ മാത്രമായി അത് ഒതുങ്ങി പോകുന്നു. പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യത്തിന്റെ അളവ് വലുതാണ്. അത് നമുക്കുണ്ടാക്കുന്ന ദോഷങ്ങൾ അതിലും വല്ലതും ഭയാനകവുമാണ്. ഇങ്ങനെ പോയാൽ 'ശ്യാമ സുന്ദരമായ' ഭൂമി നമുക്ക് തിരിച്ച് നൽകാനാവില്ല. ഒരു പ്രളയാനന്തര കാഴ്ച നാമാരും മറക്കാൻ തരമില്ല. ഉത്സവത്തിനും പെരുന്നാളിനും കൊടിതോരണങ്ങൾ തൂക്കുന്നതു പോലെ നമ്മുടെ വൃക്ഷങ്ങളും കുറ്റിപ്പടർപ്പുകളുമെല്ലാം അലങ്കരിക്കപ്പെട്ടു, മാലിന്യങ്ങളും ചപ്പു ചവറുകളും കൊണ്ട്. മഹാപ്രളയം നാം അതിജീവിച്ചു. ഇനി നാം അതിജീവിക്കേണ്ടത് പാരിസ്ഥിതിക പ്രശ്നങ്ങളെയും അവ മൂലമുണ്ടാകുന്ന രോഗങ്ങളെയുമാണ്. പരിസര ശുചിയാക്കൽ അതിന് നിയോഗിക്കപ്പെട്ടവർക്ക് മാത്രമായി ചുരുങ്ങുമ്പോൾ "അതു പോരാ, നമ്മുടെയും ഉത്തരവാദിത്ത്വമാണ്" എന്ന് പറഞ്ഞ് മുന്നോട്ടിറങ്ങുന്ന ഒരു പുതു തലമുറയാണ് നമുക്ക് വേണ്ടത്. പിന്നോട്ട് പോകാനല്ല. മുന്നോട്ട്....... ഒരു പാത്രത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാൽ അതു തട്ടി കളയാൻ നാം എന്തിന് മടിക്കണം? അതു നമ്മുടെ കർത്തവ്യമല്ലെ? ഈ പരിസ്ഥിതിയെ പരിപാലിക്കേണ്ടത് നാമാണ്. പേരിനു മാത്രം പരിസ്ഥിതി സമ്മേളനങ്ങളും വൃത്തിയാക്കലും ചുരുങ്ങി പോകുന്നു. രോഗമില്ലാത്ത നല്ലൊരു നാളേക്കായി നമുക്ക് ഒത്തുചേരാം. മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും എല്ലാം മലിനമായിരിക്കുന്നു. നഗരങ്ങൾ പെരുകുകയും വ്യവസായങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് നമ്മുടെ പരിസ്ഥിതി മലിനമായി കൊണ്ടിരിക്കന്നു. എന്നാൽ ആ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും വേണം. അല്ലെങ്കിൽ നമുക്ക് താങ്ങാനും ശരിയാക്കാനും കഴിയാത്ത വിധത്തിൽ ദുഷിക്കും. രോഗങ്ങൾ പടർന്നു പിടിക്കും. ആശുപത്രികൾ നിർമ്മിച്ചതുകൊണ്ടോ ഔഷധങ്ങൾ കണ്ടുപിടിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. വീടും പരിസരവും വൃത്തിയാക്കുമ്പോൾ അശ്രദ്ധമായി മാലിന്യങ്ങൾ വലിച്ചെറിയരുത്. മാലിന്യങ്ങളെ കഴിവതും പുനരുപയോഗിക്കാൻ ശ്രമിക്കണം. ജനങ്ങളിൽ ശുചിത്വത്തെ കുറിച്ചും മാലിന്യ സംസ്കരണത്തെ കുറിച്ചും അവബോധം വളർത്തുക. പ്രസംഗമല്ല പ്രവൃത്തിയാണ് നല്ലത്. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനെക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്ക് എളുപ്പം അതു ഉൾക്കൊള്ളാൻ സാധിക്കും. പണ്ട് പരിസ്ഥിതി ശുചിത്വം ആവശ്യമായിരുന്നില്ല. അതു ദിനചര്യയായിരുന്നു. പ്രകൃതിയെയും ജീവജാലങ്ങളെയും അവർ ജീവനുതുല്യം സ്നേഹിച്ചിരുന്നു. ഈ സംസ്കാരം ഉണർത്താനാണ് നാം ശ്രമിക്കേണ്ടത്. നമുക്ക് ഒന്നായി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം. പരിസ്ഥിതിയെ പരിപാലിക്കുന്ന ഒരു പുതു തലമുറ നമുക്കുണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം