എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ജീവിതപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതപാഠം
പ്രപഞ്ച പരിണാമത്തിന് ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ഒടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി. മൃഗങ്ങളും സസ്യങ്ങളും മനുഷ്യരും എല്ലാം ഭൂമിയെ സുന്ദരമാക്കി തീർത്തു. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയസ്ഥാനം ആയി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും ഒരുമിച്ചു കഴിയുന്ന വാസസ്ഥലങ്ങളും ചുറ്റുപാടുകളും ചേർന്നതാണ് പരിസ്ഥിതി. 
മനുഷ്യന്റെ അമിതമായ കൈകടത്തലുകൾ ഇല്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരം ആശ്രയിച്ചുകഴിയുന്ന ഇടങ്ങൾ സന്തുലിത പരിസ്ഥിതി എന്നറിയപ്പെട്ടു. ഏതൊരു ജീവിയുടേയും ജീവിതം അവയുടെ ചുറ്റുപാടുകളും അഥവാ പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മണ്ണ്, ജലം, വായു, അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്.
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവ പൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. പാടം നികത്തൽ പുഴയിലെ മണൽവാരൽ മരംവെട്ടൽ പാറപൊട്ടിക്കൽ കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കി മാലിന്യ കൂമ്പാരങ്ങൾ കൂട്ടൽ തുടങ്ങിയവ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത തലമുറയ്ക്ക് ഇവിടെ വാസം യോഗ്യമല്ലാതെയാകും.
" കാടെവിടെ മക്കളേ മേടെവിടെ മക്കളേ കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളെ" പ്രശസ്ത കവി അയ്യപ്പപണിക്കരുടെ ഈ വരികൾ പരിസ്ഥിതിയുടെ സന്തുലനത്തിന് കോട്ടം തട്ടുന്നു എന്ന് സൂചിപ്പിക്കുന്നു. ശ്രീ ഒ. എൻ. വി. കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയുടെയും ആശയം ഇതുതന്നെയാണ്. വനനശീകരണം, ആഗോളതാപനം, വരൾച്ച, അമ്ലമഴ, കാലാവസ്ഥാവ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയവ പരസ്പരപൂരകങ്ങളാണ്. കേരളത്തിലാണെങ്കിൽ കാലാവസ്ഥയിൽ ഗണ്യമായ മാറ്റം സംഭവിച്ചു. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ അവസ്ഥകളെ പറ്റി നാം ബോധപൂർവം ചിന്തിക്കേണ്ടതും നമ്മുടെ മനസ്ഥിതി മാറ്റേണ്ടതാണ്. അതിന് ഇനിയും വൈകരുത്.
മലനിരകളും കാടും മരങ്ങളും തെങ്ങും മാവും പ്ലാവും കാച്ചിലും ചേമ്പും ചേനയും എല്ലാം മാറി കോൺക്രീറ്റ് കെട്ടിടങ്ങളുടെ കടന്നുകയറ്റം നമ്മുടെ പരിസ്ഥിതിക്ക്  ഒരുപാട് ഭീഷണിയാണ്. ഫ്രാൻസിസ് ബേക്കണ,  ദക്കാർത്തെ, തുടങ്ങിയ ചിന്തകന്മാർ ശാസ്ത്രീയതയുടെ രൂപപ്പെടുത്തലുകൾക്ക് വിധേയപ്പെടെണ്ട ഒന്നാണ് പരിസ്ഥിതി എന്ന വാദത്തിനായി നിരന്തര ശബ്ദിച്ചു കൊണ്ടേയിരുന്നു. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഒരു ജനതയെ പ്രകൃതിയിൽ നിന്നും പറിച്ചു മാറ്റാൻ ഇതൊരു കാരണമായി. വികസനമെന്നാൽ മനുഷ്യൻ മാത്രം ബാക്കിയാകുന്നത് ആണെന്ന ബോധം ഊട്ടി ഉറപ്പിക്കപെട്ടിരിക്കുന്നു.
എന്നാൽ പ്രകൃതിയോട് മനുഷ്യൻ ചെയ്ത ക്രൂരതകളോട് അതേനാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്നു. ഇതാണ് ഇപ്പോൾ സംഭവിക്കുന്നത്. വറ്റിവരണ്ട പുഴകളും തണ്ണീർത്തടങ്ങളും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായി തുടരുന്ന ഈ കാലഘട്ടത്തിൽ ഭൂമിയിൽ വരുംതലമുറയ്ക്ക് മാത്രമല്ല ഇപ്പോഴുള്ള തലമുറയ്ക്കും ജീവിക്കാനാവില്ല എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ തിരിച്ചറിവിൽ നിന്നാണ് പരിസ്ഥിതി സംരക്ഷണം മുഖ്യ ചർച്ചാവിഷയമായത്.
1962 ൽ റേച്ചൽ കഴ്സൺ രചിച്ച പരിസ്ഥിതിയുടെ ബൈബിൾ എന്നറിയപ്പെടുന്ന 'നിശബ്ദവസന്തം' എന്ന പുസ്തകത്തിന്റെ പിറവിയോടെയാണ് ഗൗരവകരമായ പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച് ലോകമറിഞ്ഞത്. ഇതിന്റെ ചുവടുപിടിച്ചാണ് 1972 സ്റ്റോക്ക്ഹോമിൽ ലോകരാജ്യങ്ങൾ ഒരുമിച്ച് ആദ്യ പരിസ്ഥിതി സംഗമം നടന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ലോകരാജ്യങ്ങൾ ഒത്തുചേർന്ന് മുന്നേറാൻ ഈ സംഗമത്തിലൂടെ തീരുമാനമെടുത്തു. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ സമ്മേളനത്തിന് ഭാഗമാണ്. പിന്നീട് നിരന്തരമായ ഉച്ചകോടികളും കമ്മിറ്റികളും പരിസ്ഥിതി സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തിൽ നടക്കുക ഉണ്ടായി. 1992ലും 2002 ലും നടന്ന ഭൗമ ഉച്ചകോടികൾ ജപ്പാനിൽ വച്ചു നടന്ന കാലാവസ്ഥ ഉച്ചകോടി വരെ എത്തിയിട്ടും അത് കടലാസിൽ മാത്രം ഒതുങ്ങുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.  
പ്രകൃതി മലിനമാകാതിരിക്കാൻ നമുക്ക് ഈ ചെറിയ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഭാഗമാക്കാം. 
1. കമ്പോസ്റ്റ്കുഴികൾ നിർമ്മിക്കുക.
2. പ്ലാസ്റ്റിക് ഉപേക്ഷിക്കുക. 
3. പുറത്തുപോകുമ്പോൾ തുണിസഞ്ചികൾ ഉപയോഗിക്കുക.
4. വീട്ടിലെ ബൾബുകൾ മാറ്റിയിടുക. 
5. സ്വകാര്യവാഹനങ്ങൾ അത്യാവശ്യഘട്ടത്തിൽ മാത്രം ഉപയോഗിക്കുക. പൊതുഗതാഗത മാർഗങ്ങൾ കൂടുതൽ ഉപയോഗിക്കുക.
6. രാത്രിയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രത്യേകിച്ചും കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ ഇവ ഓഫ് ചെയ്യുക. 
7. ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ പുനർ ഉപയോഗിക്കുക. 
8. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കുക.
9. ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല നിർമ്മാണം പ്രോത്സാഹിപ്പിക്കുക. 
10. റീസൈക്കിൾ അതായത് പുനരുപയോഗിക്കാവുന്ന സാധനങ്ങൾ റീസൈക്ലിങ് കേന്ദ്രങ്ങൾക്ക് നൽകുക. 
11. സസ്യാഹാരം ശീലമാക്കുക. 
12. ജല സംരക്ഷണം ജീവ സംരക്ഷണം ഇവ ശീലമാക്കുക.



ആശിഷ് എസ്.
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം