എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഏറ്റെടുക്കാം ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഏറ്റെടുക്കാം ഉത്തരവാദിത്വം
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് മനുഷ്യർ ഇന്ന് നട്ടം തിരിയുകയാണ്. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുന്നു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. വൻതോതിൽ നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇത് ഗുരുതര പാരിസ്ഥിതികപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. നാം ഭൂമിയെ മലിനമാക്കുന്നു, മരങ്ങൾ വെട്ടുന്നു, ജലാശയങ്ങൾ മലിനമാക്കുന്നു, കുന്നിടിക്കുന്നു. ഈ പ്രവൃത്തികളിലൂടെ പ്രകൃതിയെ നശിപ്പിക്കുന്നു . ഇങ്ങനെയൊക്കെ ചെയ്താലും തങ്ങൾക്ക് ഒരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റപെടേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണെന്നു കരുതി ഭൂമിയമ്മയെ സംരക്ഷിക്കാൻ നാം  തയ്യാറായില്ലെകിൽ നമ്മുടെ വരും തലമുറകൾക്ക് പ്രകൃതിയിൽ ജീവിക്കാനാവില്ല. വരും തലമുറകൾക്ക് മാത്രമല്ല ഇപ്പോഴത്തെ തലമുറകൾക്കും ഭൂമിയിൽ ജീവിക്കാനാവില്ല. അത്രയും ദയനീയമായ അവസ്ഥയിലേക്ക് നാം പരിസ്ഥിതിയെ എത്തിച്ചിരിക്കുന്നു.
മറ്റെന്തിലും മുന്നിലായ നമ്മുടെ കേരളം പരിസ്ഥിതി സംരക്ഷണവിഷയത്തിൽ വളരെ പിറകിലാണ്. ക്യത്യമായ വ്യവസ്ഥയുണ്ടായിരുന്ന നമ്മുടെ കാലാവസ്ഥ ഇന്ന് തകിടം  മറിയുകയാണ്. മനുഷ്യനും ഭൂമിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന നമ്മുടെ പൂർവികരിൽ നിന്ന് നാം മാറിയിരിക്കുന്നു. ജലം സുലഭമായി കിട്ടിയിരുന്ന നമ്മൾ ഒരു തുള്ളി കുടിനീരിനായി നെട്ടോട്ടമോടുകയാണ്. നമ്മുടെ പൂർവ്വികർ പ്രകൃതിയെ വരുംതലമുറയ്ക്കായി സംരക്ഷിച്ചപ്പോൾ നമ്മൾ ആ ഭൂമിയെ ദുരുപയോഗം ചെയ്യുന്നു. ഗാന്ധിജിയുടെ വാക്കുകൾ നാം മറക്കരുത്: 'മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്, എന്നാൽ മനുഷ്യന്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല'.
പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പ്രതീക്ഷ കൈവിടാതെ മലീനികരണത്തിനെതിരായും  വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസഥിരത ഉറപ്പാക്കാനുള്ള മാർഗം. ഭൂമിയെ സുരക്ഷിതമായ ആവാസമാക്കി വരുംതലമുറയ്ക്ക് കൈമാറേണ്ടത് ആവശ്യമാണ്. ആളുകൾ തിങ്ങിപാർക്കുന്നത് നഗരങ്ങളിൽ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് കൊറോണ പോലുള്ള മഹാമാരി പടർന്നുപിടിക്കാൻ കാരണമാകുന്നു. ആമസോൺ കാടുകൾ കാട്ടൂതീയിൽ കത്തിയമർന്നത് നാം പ്രകൃതിയോടു ചെയ്തതിനുളള പ്രതിഫലമാണ്. നമ്മൾ കാലങ്ങളായി പ്രകൃതിയോടു ചെയ്ത ക്രൂരതകൾക്കു പ്രകൃതി ഇപ്പോൾ പകരംവീട്ടുകയാണ്. ആ പകരംവീട്ടൽ മഹാപ്രളയത്തിന്റെയും പകർച്ചാവ്യാധികളുടെയും ഭൂകമ്പത്തിന്റെയും കാട്ടുതീയുടെയും  രൂപത്തിൽ നമ്മെ വേട്ടയാടുകയാണ്. ഇത്രയും പാഠങ്ങളുണ്ടായിട്ടും നാം പഴയ രീതി തുടർന്നാൽ അത് വൻ നാശത്തിലേക്ക് വഴിതെളിക്കും.അതിനാൽ ഭൂമിയെ അമ്മയെ പോലെ കരുതി നാം സംരക്ഷിക്കണം. പ്രകൃതിയെ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്..



കൃഷ്ണപ്രിയ എം. എ.
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം