എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/മുന്നേറാം, ഒറ്റക്കെട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം, ഒറ്റക്കെട്ടായി
ശ്വസിക്കന്ന വായുവിലും ഭക്ഷിക്കുന്ന  ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും വരെ രോഗങ്ങളിലേക്കുള്ള എളുപ്പവഴി അടങ്ങിയിട്ടുള്ള ഇക്കാലത്ത് മനുഷ്യർ പാലിക്കുന്നുവെന്ന് കരുതുന്ന ചില തുണ്ട്. ശുചിത്വവും, രോഗ പ്രതിരോധവുമൊക്കെ. സത്യത്തിൽ  നാം ഇത്  പാലിക്കുന്നുണ്ടോ. ചങ്ങലകളാൽ കൂട്ടിച്ചേർത്തപോലെ ഒരാളിൽ നിന്ന്  മറ്റൊരാളിലേക്കും, മറ്റ് സാഹചര്യങ്ങളിൽക്കൂടിയും പടർന്നു കൊണ്ടിരിക്കുന്ന, ലോകത്തെ മുഴുവൻ നശിപ്പിച്ചു കൊണ്ടിരിക്കുന്ന, ജനഹൃദയങ്ങളിൽ ഭീതി പുലർത്തുന്ന രോഗമാണല്ലോ കോവിഡ് 19. നാം ഈ ശുചിത്വവും രോഗപ്രതിരോധവുമൊക്കെ പാലിച്ചിരുന്നെങ്കിൽ ഈ രോഗം ഒരു വിഷ സർപ്പമായി സമൂഹത്തിൽ വന്നു വീണതെങ്ങനെ?
പരിസ്ഥിതി സംരക്ഷണത്തിലൂടെയും, ശുചിത്വപാലനത്തിലൂടെയും, പ്രതിരോധത്തിലൂടെയും ഇല്ലാതാക്കാനോ തുടച്ചുമാറ്റാനോ കഴിയാത്ത രോഗങ്ങളില്ലെന്ന സത്യം ജനമനസ്സ് മറന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്ന രോഗം മൂലം വലുപ്പച്ചെറുപ്പമില്ലാതെ മാഞ്ഞു കൊണ്ടിരിക്കുകയാണ് മനുഷ്യർ. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുന്നതു വരെ വേർതിരിവുണ്ടായിരുന്നതു പോലെ  ലോക നാശത്തിനായി വരുന്ന രോഗ കാരികൾക്ക് വേർതിരിവില്ല. അതിന്റെ ലക്ഷ്യം 'നാശം' മാത്രമാണ്. ഈ സാഹചര്യത്തിൽ ഇതിനെതിരെ നമ്മുക്ക് ഒന്നിച്ച് നിൽക്കാം. നമ്മളെ നശിപ്പിക്കാൻ വന്നാൽ നമ്മളും വിട്ടു കൊടുക്കരുത്. പ്രതികരിക്കണം. അതിന് വഴങ്ങരുത്. കരുതലോടെ പ്രതികരിക്കക. പരിസ്ഥിതി  സംരക്ഷിക്കുക .ശുചിത്വം പാലിക്കുക. മാനസികമായും ശാരീരികമായും പ്രതിരോധിക്കുക. ഇതിനു മുമ്പ് വന്ന എത്രയോ പ്രതിസന്ധികളിൽ നാം ഒന്നിച്ചു നിന്നിട്ടുണ്ട്. അതുപോലെ ഇതിനെതിരെയും നമ്മുക്ക് ഒന്നിച്ചു നിൽക്കാം. ശുചിത്വം പ്രതിരോധത്തിന് അത്യാവശ്യമാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. അതിന് ആരും മോശക്കാരല്ല. 
എന്നാൽ ചെറിയ ഒരു ന്യൂനപക്ഷം തനിക്കിതൊന്നും ബാധകമല്ല എന്ന ചിന്തയിൽ ഇന്നു മുണ്ട്  എന്നത് സങ്കടകരമായ ഒരു സത്യമാണ്. ദിവസം മൂന്നു നേരം കളിക്കന്നത് മാത്രം ശുചിത്വം ആകില്ല. ശരീരശുദ്ധി കുളിയിൽ മാത്രം പ്രതിഫലിച്ചതിൽ കാര്യമുണ്ടോ? നമ്മൾ ധരിക്കുന്ന വസ്ത്രവും കാലിൽ ഇടുന്ന ചെരിപ്പ് വരെ ശുദ്ധമായിരിക്കണം. കൈ- കാൽ നഖങ്ങൾ വളരാനനുവദിക്കരുത്. കൈയ്യും മറ്റും സോപ്പ് ഉപയോഗിച്ച്  ഇടയ്ക്കിടയ്ക്ക് കഴുകണം. ഒപ്പം മനശുദ്ധിയുടെ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ. മാനസിക സംഘർഷം ഇക്കാലത്ത് നല്ലതിനാണോ എന്ന് സ്വയം ചിന്തിക്കുക. ശരീരത്തിനൊപ്പം വീടും ശുചിയാക്കി വെക്കുക. ഉപയോഗിക്കുന്ന വസ്തുക്കൾ ശുചിയാക്കുക. നാം ഓരോരുത്തരും ശുചിത്വം പാലിക്കന്നതിലൂടെ ഇതു പോലെയുള്ള രോഗങ്ങൾ ശരിരത്തിൽ കടക്കാനുള്ള സാഹചര്യമാണ് ഒഴിവാകുന്നത്. ശുചിത്വം വീട്ടിലൊതുങ്ങിക്കൂടാ. നമ്മുടെ പരിസ്ഥിതി നന്നായി സൂക്ഷിക്കണം. സ്വന്തം മാലിന്യം അവനവൻ സംസ്കരിക്കാതെ  അത് വലിച്ചെറിഞ്ഞ് പരിസ്ഥിതി നശിപ്പിക്കുന്ന ഈ കാലത്ത്, കോവിഡ് 19 എന്ന മഹാമാരി വന്നതിൽ എന്തതിശയമാണുള്ളത്. അത് എവിടെ നിന്ന് വന്നു എന്നല്ല, എങ്ങനെ വന്നു എന്നാണ് ചിന്തിക്കേണ്ടത്. പക്ഷേ ഇനിയത് ചിന്തിച്ചിട്ട് കാര്യമില്ല. ഇനി ചിന്തിക്കേണ്ടത് ഇതിൽ നിന്നും മുക്തി നേടേണ്ടതിനെക്കുറിച്ചാണ്.
ജനങ്ങൾക്ക് പ്രതിരോധ ശക്തി ഇല്ല എന്നുള്ളത് മറ്റൊരു സത്യമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റീ-സൈക്ലിങ് ചെയ്യാവുന്ന രീതി ഇന്ന് നിലവിലുണ്ട്. അതല്ലാതെ, മണ്ണിരക്കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻ്റ് എന്നിവയും നിലവിലുണ്ട്. ഇതല്ലാതെ വീടുകളിൽ ഗൃഹനാഥനുതന്നെ മാലിന്യങ്ങൾ നിക്ഷേപിക്കാം. ജൈവ മാലിന്യം, അജൈവ മാലിന്യം എന്നിങ്ങനെ തരം തിരിച്ച് മാലിന്യങ്ങൾ അതത് നിക്ഷേപണ സ്ഥലത്ത്  നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ രണ്ട് സംരംഭങ്ങൾ തുടങ്ങിയാൽ നമ്മുടെ മാലിന്യം നമ്മുക്ക് മാത്രമായി സംസ്കരിക്കാം. എല്ലാവരും ഈ രീതി പിന്തുടർന്നാൽ പരിസ്ഥിതി മലിനമാകുകയില്ല. പൊതു സ്ഥലങ്ങളിലും മറ്റും ഓരോ 5 കി.മി ചുറ്റളവിലും മാലിന്യ സംസ്കരണ പദ്ധതികൾ അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഇടപെട്ട് നടപ്പാക്കിയാൽ യാത്രക്കാർ മൂലം പൊതുവഴിയിൽ മാലിന്യ നിക്ഷേപം ഉണ്ടാകുകയില്ല. ഇത്രയും ആയിട്ടും ആളുകൾ ഇത് ആവർത്തിക്കുന്നുണ്ടെങ്കിൽ പിഴ ഈടാക്കുക. ഇതോടെ പൊതുവഴിയിലെയും വീട്ടുപരിസരങ്ങളിലെയും മാലിന്യ നിക്ഷേപം ഇല്ലാതായാൽ ഒരു തരത്തിലുള്ള രോഗവും പരിസ്ഥിതിയിൽ നിന്ന് പകരില്ല. മാലിന്യത്തിലൂടെ പകരുന്ന മാരക രോഗങ്ങൾ ഒരു പരിധി വരെ തടയാൻ ഇതു കൊണ്ടാകും .കെട്ടിക്കിടക്കുന്ന ജലത്തിൽ ഗപ്പി പോലുള്ള മത്സ്യങ്ങളെ വളർത്തുന്നതും പരിസ്ഥിതിയിൽ നിന്നുള്ള രോഗം പകരാതിരിക്കാൻ ബാധകമാണ്. ഈ അവസ്ഥയിൽ വളർത്തു മൃഗങ്ങളുമായുള്ള അടുപ്പം ഒഴിവാക്കേണ്ടതാണ്.
കോവിഡ്- 19  എന്ന മാരക രോഗം മനുഷ്യ ജീവന് നൽകുന്ന വില ഈ അവസ്ഥയിൽ നമ്മളെങ്ങനെ ജീവിക്കുന്നു എന്നതിനെയൊക്കെ അടിസ്ഥാനമാക്കിയിരിക്കും. നമ്മുടെ ജീവിത ശൈലിയും ഇതിന് അടിസ്ഥാനമാണ്. ശരിയായ ഭക്ഷണ രീതിയും, വ്യായാമവും ചെയ്യുന്നതിലൂടെയും നമ്മുക്ക് രോഗത്തിൽ നിന്ന് അകന്നു നിൽക്കാം. അതോടൊപ്പം മറ്റുള്ളവരുമായള്ള  ശാരീരികമായ അകൽച്ചയിലൂടെ കോവിഡ് - 19 എന്ന മഹാമാരിയെ ലോകത്തിൽനിന്നു തന്നെ തുടച്ചു മാറ്റാം. മദ്യവും മയക്കുമരുന്നും ലഹരിയാക്കിയവർ അത് ഈ അവസരത്തിലെങ്കിലും ഉപേക്ഷിച്ചില്ലെങ്കിൽ അവർക്കത് ദോഷം ചെയ്യും. മദ്യത്തെയും മറ്റും എതിർക്കുന്ന സർക്കാരുത്തന്നെ  ഇതിന് ലൈസൻസ് അനുവദിക്കാൻ പാടില്ല. ഇതിന് പകരം മനുഷ്യ ശരീരത്തിന് ഹാനികരമല്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കാമല്ലോ. അതിന് സാധിച്ചില്ലെങ്കിൽ ഇതിന്റെ വിൽപ്പന തടയുക. ഇതിനെക്കുറിച്ച് ഈ അവസരത്തിൽ പറയേണ്ടതില്ലെങ്കിലും പൊതുവായി കാണുന്നതു കൊണ്ടു  പറഞ്ഞതാണ്. ശുചിത്വം കരുതൽ മാത്രമാണ്. പ്രതികരണം, പ്രതിരോധ മായിരിക്കണം. അതോടൊപ്പം പൊതു പരിപാടികളും മറ്റും ഒഴിവാക്കേണ്ടതുണ്ട്. പനി, ചുമ, തുമ്മൽ, തലവേദന, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം എന്നിവ കോ വിഡ്- 19 എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതുള്ളവർ വൈദ്യസഹായം തേടേണ്ടതാണ്. മാത്രമല്ല മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതുമാണ്. ഇതിനെതിരെയുള്ള പ്രതിരോധത്തിനായാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി   'ലോക്ക് ഡൗൺ'  പ്രഖ്യാപിച്ചത്. എല്ലാവരും വീടുകളിലിരുന്ന് രോഗം പടരാനുള്ള എല്ലാ സാഹചര്യങ്ങളിൽ നിന്നും അകന്നു നിന്ന് ലോകം മുഴുവൻ ഭീതി പുലർത്തുന്ന കോവിഡ്- 19 എന്ന മഹാമാരിക്കെതിരെ ജാഗ്രതയോടെ പ്രതികരിക്കാനാണ് അദ്ദേഹം ഈ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പക്ഷേ ഇത് കാരണം ജനങ്ങൾ വലയുകയാണ്. എന്തായാലും ഒന്നോർക്കുക, ഇത് ഒരാൾക്ക് വേണ്ടിയല്ല. കോടി ക്കണക്കിന് ജനങ്ങളടങ്ങിയ സമൂഹത്തിന് വേണ്ടി ആണ്. ഈ ലോകത്തിന് വേണ്ടിയാണ്.
ഈ ലോക്ക് ഡൗണിന്റെ പ്രാധാന്യവും കൊറോണ വൈറസിന്റെ വിനാശകരമായ സ്വഭാവവും, ശക്തിയും ഇതിൽ നിന്നൊക്കെ മുക്തി നേടേണ്ടതിന്റെ ആവശ്യകതയും അറിയാത്തവരും മനസിലാക്കാത്തവരും അംഗീകരിക്കാത്തവരും ഇന്ന് ഈ അവസ്ഥയിലുള്ളപ്പോഴും ഉണ്ട് എന്നത് വേദനയോടുകൂടി മനസിലാക്കേണ്ട വലിയ ഒരു സത്യമാണ്. കൊറോണ വൈറസിനെതിരെ വീട്ടിൽ ഇരുന്നു പ്രതികരിക്കുക. അത് സമൂഹത്തിലിറങ്ങിയിട്ടായാൽ ഒരു പക്ഷേ നമ്മുക്കെതിരെ ആഞ്ഞടിക്കുന്നത് കോവിഡ്- 19 എന്ന മഹാമാരി തന്നെ ആയിരിക്കും. അതിന്റെ പ്രതികരണത്തിന്റെ വില,ഇനിയും ജീവിച്ചു തീർക്കേണ്ട നമ്മുടെ ജീവിതം തന്നെയായിരിക്കും. അത് വിട്ട് കൊടുക്കാൻ നാം തയ്യാറാകരുത്. അതുകൊണ്ട്   വീടുകളിൽ തുടരുക, സുരക്ഷിതരായി. കോവിഡ്- 19 രോഗമാണെങ്കിൽ, നമ്മുടെ ജീവിതരീതിയായിരിക്കും അതിനെതിരെയുള്ള ആന്റിബോഡി. ഇതിനു വേണ്ടി വീട്ടിലിരിക്കുന്നത് മടുപ്പുള്ള കാര്യമാണെന്നു തോന്നുന്നുണ്ടെങ്കിൽ, വീട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുക. വേറെ രക്ഷയില്ലെന്നു തന്നെ പറയാം. ലോകം ഇതു വരെ കാണാത്ത  ഭീകരമായ  അവസ്ഥയായിട്ടും  ജനങ്ങൾ അതിനെ ഇനിയും  മനസിലാക്കാതിരുന്നാൽ ഇത് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമായി തീരും. പക്ഷേ ഒന്നിച്ചു നിന്നാൽ ഈ ലോകത്ത് കോവിഡ്- 19 എന്ന രോഗത്തിനെയും കൊറോണ എന്ന വൈറസിനെയും പിടിച്ചുകെട്ടാം നമ്മുക്ക്. ഒന്നോർക്കുക  എയ്ഡ്സ് , നിപ തുടങ്ങിയ ഭീതി പുലർത്തിയ രോഗങ്ങളെ തളച്ചവരാണ് നമ്മൾ. ജീവനുകളെടുത്ത് ഇതിനേക്കാളും നാശം വിതച്ച സുനാമിയേയും, പ്രളയത്തെയും അതിജീവിച്ചവരാണ് നമ്മൾ. ഇതിനേയും അതിജീവിക്കും. നമ്മുടെ മണ്ണിൽ നിന്ന് തോറ്റു മടങ്ങും കോവിഡ്- 19. തുരത്തിയോടിക്കും നമ്മൾ. അതിനായി നമ്മുക്ക് കൈ കോർക്കാം. സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങൾ. ഇനി ഇതു പോലെ ഒരു പുതിയ രോഗത്തെ കടക്കാൻ അനുവദിക്കരുത്. കോവിഡ്- 19 ആയിരിക്കും ഈ മണ്ണിൽ നശിക്കുന്ന അവസാന ശത്രു. രോഗവിമുക്തി നേടിയ പുതിയ ഭാരതത്തിന്റെ ചുവടുവെപ്പുകളാകണം പുതിയ തലമുറ കാണേണ്ടത്.



അനീഷ് എം. കൃഷ്ണ
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം