എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/പരിസ്ഥിതിക്കായി കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിക്കായി കൈകോർക്കാം
പരിസ്ഥിതി പ്രശ്നങ്ങളാൽ ചുറ്റപെട്ടതാണ് നമ്മുടെ കേരളം. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. തന്റെ അടിസ്ഥാനമായ ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിൽ ജീവിക്കാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാനായി നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. സംസ്കാരം ജീവിക്കുന്നത് മണ്ണിൽനിന്നാണ്. പുഴകളാലും തടാകങ്ങളാലും നിറഞ്ഞിരിക്കുന്ന ഭൂമിയെ നമ്മൾ മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു,  കാട്ടാറുകളെ കയ്യേറി കാട്ടുമരങ്ങളെ കട്ട് മുറിച്ച മരുഭൂമിക്ക് വഴിയൊരുക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. ആരോഗ്യത്തിന്റെയും, വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതിസംരക്ഷണ വിഷയത്തിൽ വളരെ പിറകിലും. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമാക്കികൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. നാം ജീവിക്കുന്ന  ചുറ്റുപാടിന്റെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.
ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്ക് ആണ് മലിനീകരണത്തിന്റെ അപകടം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരണയുള്ളവർക്ക് പെട്ടെന്ന് മനസ്സിലാവില്ല. പാടം നികത്തിയാലും മണൽ വാരി  പുഴ നശിച്ചാലും, വനം വെട്ടിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂട്ടിയാലും, കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമിയായ അമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല. നമുക്ക് നമ്മുടെ പൂർവികർ ദാനം തന്നതല്ല ഈ ഭൂമി. മറിച്ച് നമ്മുടെ ഇളം തലമുറയിൽ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാൻ. എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. പരിസ്ഥിതിയുമായുള്ള സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല സമൂഹത്തിന്റെ കടമയാണ്.
വനനശീകരണം, കാലാവസ്ഥ വ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയവ സർവ്വതും പരസ്പരപൂരകങ്ങളാണ്. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുന്നു. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കാനുള്ളതാണ്. മാലിന്യം നിറഞ്ഞ നഗരങ്ങൾ, 44 നദികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജലക്ഷാമം, കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകൾ, പാടത്തും പറമ്പത്തും വാരിക്കോരി ഒഴുക്കുന്ന കീടനാശിനികൾ, വിഷക്കനികളായ പച്ചക്കറികൾ, സാംക്രമിക രോഗങ്ങൾ, ഈ- വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന കാഴ്ചകൾ. പരിസ്ഥിത സൗഹാർദ്ദപരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. നമ്മുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തിലുള്ള  പഠനം ഏർപ്പെടുത്തണം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം നമുക്ക് വേണ്ട എന്ന് പറയാനുള്ള ഇച്ഛാശക്തി നാം ആർജ്ജിപ്പിക്കണം. വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ പ്രയോജനപ്പെടുന്നു. കാട് നശിപ്പിക്കപ്പെടുന്നത് ദിനംപ്രതി കൂടുകയാണ്. അതുമൂലം ഒട്ടേറെ ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ഇതൊക്കെ ഒഴിവാക്കാനായി, "ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും "എന്ന വേദ ദർശന പ്രകാരം ഭൂമിയെ, പ്രകൃതിയെ അമ്മയായി കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നമ്മൾ തയ്യാറാവണം



അതുല്യ ഹരി
8 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം