എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പരിസ്ഥിതി –ജീവന്റെ നിലനിൽപ്പിന്
പരിസ്ഥിതി –ജീവന്റെ നിലനിൽപ്പിന്
ഒരു ജീവിയുടെ പ്രകൃതിദത്തമായ ചുറ്റുപാടാണ് പരിസ്ഥിതി. ആയതു കൊണ്ട് നാം ജീവിക്കുന്ന ചുറ്റുപാട് തന്നെയാണ് പരിസ്ഥിതി. ജീവനുള്ളവയും ജീവനില്ലാത്തവയുമെല്ലാം നമ്മുടെ ചുറ്റുപാടിൽ പെടുന്നു. ജീവീയ ഘടകങ്ങളും അജീവിയ ഘടകങ്ങളും പരിസ്ഥിതിയിൽ ഉണ്ട്. ജീവനുള്ള എല്ലാറ്റിനേയും ഉൾപ്പെടുത്തി ജീവിയ ഘടകങ്ങൾ എന്നും ജീവനില്ലാത്തവയെ ഉൾപ്പെടുത്തി അജീവീയ ഘടകങ്ങൾ എന്നും പറയുന്നു. സസ്യങ്ങളും ജന്തുക്കളും തുടങ്ങി ജീവലക്ഷണം പ്രകടമാക്കുന്നവയെല്ലാം ജീവിയ ഘടകങ്ങളിലും വായു, ജലം, മണ്ണ് തുടങ്ങിയ ജീവനില്ലാത്തവയെല്ലാം അജീവീയ ഘടകങ്ങളിലും ഉൾപ്പെടുന്നു. ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന ഭാഗമാണ് ജീവ മണ്ഡലം. ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ ഘടകങ്ങളും ജീവമണ്ഡലത്തിൽ ലഭ്യമാണ്. നമുക്കു ചുറ്റുമുള്ള പരിസ്ഥിതിയുടെ ആരോഗ്യകരമായ നിലനിൽപ്പ് നമ്മുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ജീവനുള്ളവയ്ക്ക് ആവശ്യമായ പ്രാണവായു ചുറ്റുപാടിൽ നിന്നാണ് ലഭിക്കുന്നത്. ഈ പ്രാണവായു ശുദ്ധമായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ഭൂമി നമ്മുടെ ഉപയോഗത്തിനു ശേഷം ഇല്ലാതാകുന്നതല്ല. വരും തലമുറകൾക്കു കൂടി ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ്. വന നശികരണവും വ്യവസായശാലകളിൽ നിന്നുള്ള പുകപടലങ്ങളും വാഹനങ്ങൾ പുറന്തള്ളുന്ന പുകയുമെല്ലാം നമ്മുടെ വായുവിനെ എത്രയധികം മലിനമാക്കുന്നുവെന്നോ? മണ്ണിന്റെയും ജലത്തിന്റെയും കാര്യവും ഇങ്ങനെ തന്നെ. പല രീതിയിൽ അവ മലിനമാക്കുന്നു. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും അമിതമായ ഉപയോഗം നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളേയുമെല്ലാം വളരേയധികം മലിനമാക്കുന്നു. ജീവികളുടെ ആരോഗ്യകരമായ നിലനിൽപ്പിന് ഇത് വളരെയധികം ദോഷം ചെയ്യുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും നാം വിവിധ തരത്തിലുള്ള ദിനാചരണങ്ങൾ നടത്താറുണ്ടല്ലോ. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ ജൂൺ അഞ്ചിന് നാം ആചരിക്കുന്ന പരിസ്ഥിതി ദിനം. 2019-ൽ വായു മലിനീകരണം ഒഴിവാക്കുന്നതിന് മുൻതൂക്കം കൊടുത്തായിരുന്നു പരിസ്ഥിതി ദിനാചരണം. എന്നാൽ ഈ വർഷം 2020-ൽ ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പരിസ്ഥിതി ദിനാചരണം. വനനശീകരണത്തിനും വായു മലിനീകരണത്തിനും ജലമലിനീകരണത്തിനും മണ്ണ് മലിനീകരണത്തിനും കാട്ടുതീയ്ക്കും മറ്റു പ്രകൃതി നശീകരണ പ്രവർത്തനങ്ങൾക്കുമെല്ലാം വഴിവയ്ക്കുന്ന മാനുഷിക പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും നമുക്ക് കൂട്ടായി ശ്രമിക്കാം. വരാനിരിക്കുന്ന തലമുറയ്ക്ക് ഉപയോഗയോഗ്യമായ ഒരു ഭൂമിയെ നമുക്ക് കൈമാറാം. അതിനായി കൂട്ടായി ശ്രമിക്കാം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |