എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/മലിനീകരണവും സംരക്ഷണവും
പരിസ്ഥിതി : മലിനീകരണവും സംരക്ഷണവും
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമി കാലാകാലങ്ങളായി ഇവിടെ നടക്കുന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റു ആകാശഗോളങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാകുന്നു.പ്രപഞ്ചപരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ കണാം ഭൂമിയിൽ നാമ്പെടുത്തു.ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി.മനുഷ്യരും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ഭൂമിയെ സ്വഛന്ദസുന്ദരമാക്കി തീർത്തു.വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി .ജീവജാലങ്ങളും അജീവീയഘടകങ്ങളും സമരസപ്പെട്ടുകഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്‌ഥിതിയെന്നു വിളിക്കുന്നു.ആധുനിക കാഴ്ചപ്പാടുകളനുസരിച്ച് മനുഷ്യന്റെ അമിതമായ കൈകടത്തലുകളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരിസ്ഥിതി എന്ന സങ്കൽപ്പത്തിന് ചേർന്നവയാണ്. ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചവിഷയമായയിട്ടുമുണ്ട്.പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെ ഇതിനു കാരണം.പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു.പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും ഇന്ന് ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മനസിലാക്കാം നമ്മുടെ അന്തരീക്ഷം ഇപ്പോൾ പലരീതിയിൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ ? അന്തരീക്ഷ മലിനീകരണം,വായു മലിനീകരണം ,മണ്ണ് മലിനീകരണം.ജലമലിനീകരണം ഇങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾ ഇപ്പോൾ ഭൂമിയുടെ നിലനിൽപ്പിനെ കാര്യമായി ബാധിക്കുന്നു. സി എഫ് സി വാതകങ്ങളുടെ അതിപ്രസരം മൂലം ഉണ്ടാകുന്ന ഓസോൺ പാളിശോഷണവും വർദ്ധിച്ചുവരുന്ന ആഗോളതാപനവും ഭൂമിയുടെ മലിനീകരണത്തിന് ആക്കം കൂട്ടുന്നു.മാലിന്യങ്ങൾ ജലാശങ്ങളിലേക്ക് ഒഴുക്കിവിടുന്നതും വലിച്ചെറിയുന്നതും ജലമലിനീകരണത്തിനു കാരണമാകുന്നു. മനുഷ്യന്റെ വിവേകരഹിതമായ ഇടപെടൽമൂലം ഇന്ന് നമ്മുടെ മണ്ണും മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അമിതമായ രാസവളപ്രയോഗവും രാസകീടനാശിനികളുടെ ഉപയോഗവും മണ്ണിന്റെ ഘടനയെ മാറ്റിമറിച്ചിരിച്ചുന്നു. പ്രകൃതിക്ഷോഭവും മണ്ണൊലിപ്പും മണ്ണിന്റെ ഘടനയെ സാരമായി ബാധിക്കുന്നു. ഫാക്ടറികളിൽനിന്നും വാഹനങ്ങളിൽ നിന്നുള്ള പുക,പ്ലാസ്റ്റിക്ക്,മറ്റുമാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും രാസവസ്തുക്കളും വായുമലിനീകരണത്തിനു കാരണമാകുന്നു. പരിസ്തിതിയെ സംരക്ഷിക്കണ്ടത് നാം ഒരോരുത്തരുടെയും കടമയാണ്. ധാരാളമായി മരങ്ങൾ വച്ചുപിടിപ്പിക്കുക എന്നതാണ് നാം ഒന്നാമതായി ചെയ്യേണ്ടത്.അതുവഴി കാർബൺഡയോക്സൈഡിന്റെ അളവുനിയന്ത്രിച്ചു ആഗോളതാപനംകുറക്കാൻ കഴിയും.പുനരുപയോഗ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ഉറവിടങ്ങളിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കണം. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും പുകയും ശുദ്ധീകരിച്ചതിനു ശേഷം പുറത്തേക്കുവിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതാണ്. സി എഫ് സി വാതകങ്ങളുടെ പുറംതള്ളൽ കുറഞ്ഞ ഉപകരണങ്ങളുടെ നിർമ്മാണവും,ഉപഭോഗവും പ്രോത്സാഹിപ്പിക്കുക.പ്രകൃതി സൗഹൃദ നിർമാണപ്രവർത്തനങ്ങൾ ചെയ്യുകവഴി നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. പലവെല്ലുവിളികളും നേരിടുന്ന പരിസ്ഥിതിയെ വരും തലമുറയിലേക്ക് കാത്ത് സൂക്ഷിക്കണ്ടത് നമ്മുടെ കടമയാണ് .യു എൻ ഉച്ചകോടിയിൽ പരിസ്ഥിതിക്കുവേണ്ടി ലോകനേതാക്കന്മാരോട് വാദിച്ച ഗ്രെറ്റ തുംബർഗിനെ നമുക്ക് ഓർമയുണ്ടല്ലോ.പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഗ്രെറ്റ കുട്ടികളായ നാം ഓരോരുത്തരുടെയും പ്രതീകമാണ്.പാരിസ്ഥിതിക പ്രശ്നങ്ങളെ നിയന്ത്രിച്ചുകൊണ്ട് പരിസ്ഥിതിക്ക് കാവലാളാവാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |