എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണക്കാല ചിന്തകൾ
കൊറോണക്കാല ചിന്തകൾ
നമ്മുടെ നാട് അതിഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. നമ്മൾ സ്വയം ശ്രദ്ധിച്ചാൽ കൊറോണ എന്ന മഹാമാരിയെ അകറ്റി നിർത്താനാകും. ഈ വൈറസ് പടരുന്നതിൽ നമ്മുടെ പ്രവൃത്തികൾക്കു വലിയ പങ്കുണ്ട്. പൊതുനിരത്തുകളിൽ പലരും വ്യക്തിശുചിത്വം പാലിക്കാറില്ല. ബസിൽ നിന്നു തുപ്പുന്നതും മുഖം മറയ്ക്കാതെ അശ്രദ്ധമായി ചുമയ്ക്കുന്നതും തുമ്മുന്നതും ഇന്നലെകളിലെ നിത്യ കാഴ്ചകളാണ്. മറ്റുള്ളവരെ പരിഗണിക്കാത്ത ഇത്തരം പ്രവൃത്തികൾ ഉപേക്ഷിക്കുന്നതോടു കൂടി രോഗം പകരുന്നത് ഒരുപരിധിവരെ തടയാനാകും. കേരളത്തിന് ഇതെക്കുറിച്ച് അറിവുണ്ട്. എന്നാൽ ഉത്തർ പ്രദേശിൽ ആഗ്രയിലെ ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടു. പാൽ കൊണ്ടു വന്ന കണ്ടെയ്‌നർ ലോറി മറിയുകയും നായകൾ വന്നു ഭക്ഷിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ തറയിൽ പരക്കുന്ന പാൽ കുടത്തിൽ ശേഖരിക്കുന്നു. പട്ടിണി മൂലം നായകൾക്കൊപ്പം പാൽ പങ്കിടുകയാണ് അയാൾ. കിടപ്പാടമില്ലാത്ത ഭ്രാന്തനെപ്പോലെ തോന്നിക്കുന്ന ഒരാൾ പൊലീസിൽ നിന്നു സാമൂഹ്യ അകലം പാലിച്ചുകൊണ്ടു തന്നെ ഭക്ഷണപ്പൊതി വാങ്ങുന്നത് മറ്റൊരു വീഡിയോയിൽ കണ്ടു. തന്റെയും മറ്റുള്ളവരുടെയും സുരക്ഷ ഭക്ഷണം പോലെ തന്നെ പ്രധാനമാണെന്നു തിരിച്ചറിഞ്ഞ അദ്ദേഹത്തെ ഉദാഹരണമാക്കി വേണം നമ്മൾ ജീവിക്കാൻ. നമ്മൾ സ്വയം വ്യക്തിശുചിത്വം, സാമൂഹിക അകലം എന്നിവ പാലിക്കുകയാണെങ്കിൽ കൊറോണ എന്നല്ല ഇതിലും മാരകമായ രോഗങ്ങളെ അതിജീവിക്കാൻ കഴിയും. കേരളത്തിലെ സർക്കാർ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. വിവിധ പരസ്യങ്ങളിലൂടെ നടീനടന്മാരും പ്രമുഖരും ബോധവൽക്കരണം നല്ലതു പോലെ നടത്തുന്നു. ആരോഗ്യ പ്രവർത്തകരും പൊലീസ്, ഫയർ ഫോഴ്‌സ് തുടങ്ങിയ സേനകളും നമുക്കുവേണ്ടി രാത്രിയും പകലും കഷ്ടപ്പെടുന്നു. മനസ്സുകൊണ്ട് അവരോടൊപ്പം ചേർന്നുകൊണ്ട് നമുക്ക് വീട്ടിലിരിക്കാം. സർക്കാർ ജീവനക്കാരായ എന്റെ അച്ഛനും അമ്മയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകനായ എന്റെ ചിറ്റപ്പൻ ഒരു മാസത്തെ ശമ്പളം കൊടുത്തുകഴിഞ്ഞു. എല്ലാ കൂട്ടുകാരുടെയും അച്ഛനമ്മമാർ ഇങ്ങനെ ചെയ്താൽ നാടിന്റെ രക്ഷ പൂർണമാകും. നമ്മുടെ ഭക്ഷണശീലത്തിൽ ഏറെ മാറ്റം വരുത്താൻ സഹായിച്ച കാലമാണിത്. നാം കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഫാസ്റ്റ് ഫുഡും ബേക്കറി ഭക്ഷണവും മറ്റ് രാസവസ്തുക്കൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങളെല്ലാം പൂർണമായി ഒഴിവാക്കി വീട്ടിലുണ്ടാകുന്ന ഏതു ഭക്ഷണവും രുചിയോടെ കഴിക്കുന്ന സ്ഥിതി വന്നു. വാഹനങ്ങൾ ഇല്ലാത്തതിനാൽ അന്തരീക്ഷം ശുദ്ധമായി. ചെറിയ തോതിലെങ്കിലും എന്റെ വീട്ടിലും പച്ചക്കറികൃഷി തുടങ്ങി. പുതിയ സാഹചര്യത്തെ നേരിടാനും ആരോഗ്യപൂർണമായ ജീവിതം നയിക്കാനും നാം പഠിച്ചു തുടങ്ങിയിരിക്കുന്നു. അതിജീവിക്കും നമ്മളീ കൊറോണക്കാലവും. --
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |