എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/മാറ്റങ്ങൾ കൊണ്ടുവന്ന കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റങ്ങൾ കൊണ്ടുവന്ന കാലം

പരീക്ഷച്ചൂട് തലയ്ക്കു പിടിച്ചുനിന്നപ്പോഴാണ് കൊറോണ വൈറസ് വ്യാപനം മൂലം സ്കൂളുകൾ അടച്ചിടുന്നത്. എന്തൊരു സന്തോഷമായിരുന്നു. കൊറോണയെങ്കിൽ കൊറോണ! പരീക്ഷ എഴുതേണ്ടല്ലോ. പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് വീണുകിട്ടിയ ഒഴിവുകാലം. അടിച്ചു പൊളിക്കാൻ തന്നെ തീരുമാനിച്ചു.

      പക്ഷേ കാര്യങ്ങൾ  വ്യക്തമായത് പിന്നീടാണ്. കൊറോണ നിസാരക്കാരനല്ല. ഡെങ്കി, ചിക്കൻ ഗുനിയ, മലമ്പനി എന്നിങ്ങനെ പലരെപ്പറ്റിയും കേട്ടിട്ടുണ്ടെങ്കിലും ലോകത്തിലെ മുഴുവൻ മനുഷ്യരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഇവൻ വേറെ ലെവൽ ആണ്.

ഒന്നൊഴിയാതെ ഓരോ രാജ്യത്തെയും ജനങ്ങളെ വർഗ്ഗ-വർണ്ണ- സാമ്പത്തിക വ്യത്യാസമില്ലാതെ ആക്രമിച്ച് കീഴ്പ്പെടുത്താൻ കൊറോണയ്ക്ക് അധികം സമയം വേണ്ടി വന്നില്ല.

      സ്കൂൾ അടച്ചപ്പോൾ ആദ്യമൊക്കെ കോവിഡ് 19 എന്ന രോഗത്തിൻ്റെ ഗൗരവത്തെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാൽ പത്രത്തിലൂടെയും, ന്യൂസ് ചാനലുകളിലൂടെയും, കേരള മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിലൂടെയും ഈ രോഗത്തിൻ്റെ ഭീകരത  മനസ്സിലായിത്തുടങ്ങി. മനുഷ്യരെല്ലാവരും തങ്ങളുടെ ജോലിയും, വിനോദവും, വ്യായാമവും ഉപേക്ഷിച്ച് വീട്ടിലിരിക്കുന്നത് ആദ്യത്തെ അനുഭവമായിരുന്നു. ഞാൻ ആഗ്രഹിച്ചതു പോലെ കൂട്ടുകാരെ കാണാനോ, സിനിമയ്ക്ക് പോകാനോ,യാത്രകൾ നടത്താനോ, പട്ടണത്തിൽ പോകാനോ കഴിയില്ലെന്ന് മനസ്സിലായി. എല്ലാവരുടെയും ജീവിതം ഒരു ചെറിയ വട്ടത്തിലേക്ക് ചുരുങ്ങുകയായിരുന്നു. അവിടെ ഭീതിയുടെ അന്തരീക്ഷം കൊറോണ സൃഷ്ടിച്ചു.
     എന്നാൽ നമ്മൾ മലയാളികൾ ഇതിനെയും തരണം ചെയ്യുകയാണ്. സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ചും, മുഴുവൻ പ്രതിരോധ മാർഗ്ഗങ്ങൾ കൈക്കൊണ്ടും കോവിഡ് 19- നെ നമ്മുടെ പടിയ്ക്കു പുറത്തു തന്നെ നിർത്താൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഏതൊരു ചെറിയ അലംഭാവവും കാര്യങ്ങൾ കൈവിട്ടു പോയേക്കാമെന്ന അവസ്ഥയിൽ എത്തിക്കുന്നു.
 ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണക്കാലം ജീവിതത്തിലേക്ക് ചില നല്ല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. വാർത്തകളറിയാൻ പത്രവായനാ, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുക എന്നിവ ഒരു ദിനചര്യയായി മാറി. അടുക്കളയിൽ അച്ഛനും അമ്മയും ഒരുമിച്ച് ചേർന്നുള്ള പാചകപരീക്ഷണങ്ങൾ ശരിക്കും ആസ്വദിച്ചു.കാറ്റു വീശുമ്പോൾ ഓടിച്ചെന്ന് മാമ്പഴം പറക്കുന്നതും, മഴയത്ത് തൊടിയിലൂടെ നടക്കുന്നതും, ഉമ്മറത്ത് പൊളിച്ചു വച്ച ചക്കയ്ക്ക് ചുറ്റും വട്ടം കൂടിയിരുന്ന് ചക്കപ്പഴം വലിച്ച് പറയ്ക്കുന്നതും അമ്മാമ്മയുടെ പഴയ കാല കഥകളെ ഓർമ്മിപ്പിച്ചു. ചേച്ചിയ്ക്കൊപ്പം ചീട്ട് കളിക്കാനും, ഇംഗ്ലീഷ് സിനിമ കാണാനും ധാരാളം സമയം കിട്ടി.
    നമ്മുടെ നാടും ഈ സമയത്തിൽ എത്രയേറെ മാറിപ്പോയി. പുകപടലങ്ങളില്ലാത്ത നീലാകാശവും, മാലിന്യങ്ങളില്ലാത്ത നീരുറവകളും, പൊടി ഉയരാത്ത വീഥികളും, ശബ്ദഘോഷങ്ങളില്ലാത്ത പട്ടണങ്ങളും നാടിനെ ശാന്തിയുടെ വലിയ തുരുത്താക്കി മാറ്റി. ദുരന്തങ്ങൾ തീർച്ചയായും നേരിടേണ്ടവ തന്നെയാണ്. പക്ഷേ ഓരോ വിഷമങ്ങൾക്കുമപ്പുറം ചില നന്മകളും മറഞ്ഞിരിക്കുന്നുണ്ടാവും.കോവിഡ് 19 എന്ന മഹാമാരിയെ മനുഷ്യൻ കീഴടക്കുക തന്നെ ചെയ്യും.നാമി തുവരെ ആർജിച്ച ശാസ്ത്ര വിജ്ഞാനങ്ങൾ തീർച്ചയായും അതിന് ഉപകരിക്കാതിരിക്കില്ല.

"ആശങ്ക വേണ്ട ജാഗ്രത മതി"

കമല.കെ
9 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം