എം .ജി .യു .പി .എസ്സ് പ്രക്കാനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രക്കാനം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം ജി യു പി സ്കൂൾ, പ്രക്കാനം (മഹാത്മാ ഗാന്ധി അപ്പർ പ്രൈമറി സ്കൂൾ ). 1957 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.പ്രക്കാനം കാഞ്ഞിരപ്പാറ കുടുംബാംഗമായ ശ്രീ. രാമൻ നായർ മുൻകൈയെടുത്ത് അദ്ദേഹത്തിന്റെ അനുജനായ ശ്രീ. പങ്കജാക്ഷൻ നായർക്കു വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഈ സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് സമീപവാസികൾക്ക് വിദ്യ അഭ്യസിക്കാനുള്ള ഏക മാർഗം ഗവണ്മെന്റ് എൽ പി സ്കൂൾ പ്രക്കാനം മാത്രമായിരുന്നു. തുടർ പഠനത്തിനായി ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതു മൂലം പലർക്കും പഠനം ഉപേക്ഷിക്കേണ്ടി വന്നു.ഇങ്ങനെയൊരു സാഹചര്യത്തിൽ നാടിനു പുതിയ ഒരു വിദ്യാലയം വളരെ ആവശ്യമായിരുന്നു.ഈയൊരു ചിന്തയാണ് ഈ വിദ്യാലയത്തിന്റെ ഉത്ഭവത്തിന് കാരണം.പ്രക്കാനം  സംഘ കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി സ്കൂൾ ഇന്നു നിൽക്കുന്ന സ്ഥലത്ത് ആരംഭിച്ചു. ഈ വിദ്യാലയത്തെ പെരുമ്പലത്ത് സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്നു.അഞ്ച്, ആറ്, ഏഴ് ക്ലാസ്സിലായി നൂറു കണക്കിന് വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴികക്കല്ലാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഈ വിദ്യാലയത്തിന്റെ മാനേജർ ആയിരുന്ന ശ്രീ. പങ്കജാക്ഷൻ നായരുടെ മരണ ശേഷം അദ്ദേഹത്തിന്റെ അമ്മാവനായ ശ്രീ നാരായണൻ നായരാണ് പിന്നീട് ദീർഘകാലം മാനേജരായി സേവനം അനുഷ്ഠിച്ചത്.1987 ൽ അദ്ദേഹത്തിന്റെ മരണശേഷം സ്കൂളിന്റെ അവകാശികളായ ശ്രീ രാഘവൻ നായർ, ശ്രീമതി. ജാനകിയമ്മ, ശ്രീ കെ. രാമൻ നായർ എന്നിവർ രജിസ്റ്റേർഡ് ഡീഡ് അനുസരിച്ച് മാനേജ്മെന്റ് ഭരണം തുടർന്നു വന്നു.ഇപ്പോൾ സ്കൂളിന്റെ മാനേജർമാരായി മക്കളായ ശ്രീ  വേണുഗോപാലക്കുറുപ്പ് ശ്രീമതി. ഉമാദേവി, ശ്രീ. മോഹൻ കെ നായർ , ശ്രീ. ബാലചന്ദ്രകുമാർ, ശ്രീമതി. വിജയ കുമാരി എന്നിവർ തുടരുന്നു.