എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പര്യായം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പര്യായം
വൈകുന്നേരമായി.

സ്കൂൾ ബസ്സിലാണ് സ്നേഹവരുന്നത്.സ്റ്റോപ്പെത്തി. സ്നേഹ ബസ്സിൽ നിന്ന് പയ്യെയിറങ്ങി. റോഡിന്റെ കറുത്ത കല്ലുകളിൽ തന്നെ നോക്കി അവൾ മെല്ലെ മെല്ലെ നടന്നുനീങ്ങി.അവൾ വലിയ ആലോചനയിലാണ്. ഇടയ് ക്ക് കല്ലിൽ തട്ടി മറിഞ്ഞു വീഴാനും പോയി. അങ്ങനെ പതിയെ പതിയെ നടന്ന് അവൾ വീട്ടിലെത്തി.

        കുളിച്ച്, ചായ കുടിച്ച്, അവൾ പഠിക്കാനിരുന്നു. 

രാത്രിയായി.

   അമ്മ ചോദിച്ചു:"നീ സ്കൂളീന്ന് വന്നപ്പോൾ തൊട്ട് ആലോചനയിലാണല്ലോ.എന്തേ?

ക്ലാസ്സിൽ സുമ ടീച്ചർ മലയാളം പുസ്തകത്തിൽ പുതിയ ഒരു പാഠം പഠിപ്പിച്ചു. അതിൽ മലയാളത്തിലെ ആധുനിക കവി ശ്രീ. വീരാൻകുട്ടിയുടെ 'അതിജീവനം'എന്ന ഒരു ചെറുകവിതയും ഉൾപ്പെടുത്തിയിട്ടുണ്ട്. "സ്നേഹ പറഞ്ഞു. "എന്നാൽ കവിത ഒന്ന് കേൾക്കട്ടെ " "വളരെ ആഴമുള്ള ഒരു കവിതയാണത് " എന്ന് പറഞ്ഞ സ്നേഹ കവിത ചൊല്ലാൻ തുടങ്ങി. "ഈ കുഞ്ഞുപുല്ലിന് വേനലിനെ അതിജീവിക്കാനാകുമോ?

        കൊന്നമരമേ, 
        വെയിലിനെ ഉരുക്കി 
        സ്വർണമാക്കി
        കാതിലണിയുന്ന
        പണി
        അതിനെ പഠിപ്പിക്കണേ

ഉങ്ങുമരമേ, വേനലിനെ എടുത്ത് കുളിർത്തൊപ്പിയാക്കി തലയിൽ വയ്ക്കുന്ന കളി അതിനെ ശീലിപ്പിക്കണേ

     അല്ലെന്നാൽ, 
     ചെറുതല്ലേ എന്നുവെച്ച്
     വേനൽ അതിനെ
     പച്ചയ്ക്ക് തിന്നുകളയും!"

അറിയാതെ പഴയ ഓർമകളിലേക്ക് വഴുതിവീണ അമ്മയെ സ്നേഹ കുലുക്കി വിളിച്ചു. "അമ്മേ......"അമ്മ ഞെട്ടിയുണർന്നു.അവർ പറഞ്ഞു."അതെ.നീ പറഞ്ഞത് ശരിയാണ്. ആഴമുള്ള കവിത. ഏതൊരു മനുഷ്യന്റെ ഉയർച്ചയിലും അതിജീവനത്തിന്റെ ഒരു കഥ പറയാനുണ്ടാകും. അതു പോലൊരു കഥ ഞാൻ നിനക്കു പറഞ്ഞു തരട്ടെയോ?"അമ്മ വെമ്പലോടെ ചോദിച്ചു.

 "ഹായ് ! എനിക്ക് കഥകൾ ഒത്തിരി ഇഷ്ടാ...

എന്റെ അമ്മ ഇത്രയും തിരക്കിനിടെ എനിക്ക് കഥ പറഞ്ഞു തരുമല്ലേ. ഇതുപോലെ ഒരമ്മ അമ്മ മാത്രമേ ഉള്ളൂ. ആട്ടെ,കഥ പറയൂ...." സ്നേഹ കനതുകത്തോടെ അമ്മയെ ഉറ്റുനോക്കി. അമ്മ കഥ പറയാൻ തുടങ്ങി. "പാലക്കാട്‌ കല്പാത്തിക്കടുത്ത് ഒരു ഗ്രാമമുണ്ട്. അവിടെ ഒരു പാവപ്പെട്ട കുടുബം താമസിച്ചിരുന്നു. ഒരമ്മയും,നിന്റെ പ്രായമുള്ള ഒരു മകളും,പിന്നെ അവൾക്കുതാഴെ രണ്ടു പെൺകുട്ടികളും, കൈക്കുഞ്ഞായ ഒരു ആൺകുട്ടിയും,കൂലിപ്പണിക്കാരനായ അച്ഛനും. അമ്മയ്ക്ക് തയ്യൽ പണിയാണ്.വളരെ ദാരിദ്ര്യം നിറഞ്ഞ കുടുംബം.ആഞ്ഞ് ഒരു കൊടുങ്കാറ്റും മഴയും ഉണ്ടായാൽ തകരാവുന്ന കുഞ്ഞുകൂര. ഒരുപാടാഗ്രഹങ്ങളൊന്നും ആ അമ്മയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. മൂത്തമകളെ നല്ലതുപോലെ പഠിപ്പിക്കണം.നല്ലവളായി വളർത്തണം.ഒരു കളക്ടറാക്കണം. പക്ഷേ, അവരുടെ സമ്പത്ത് അതിനുതകിയതായിരുന്നില്ല. പോഷകക്കുറവു മൂലം രോഗിയാണ് മൂന്നാമത്തെ പെൺകുട്ടി. സങ്കടമുഖരിതമായ നാളുകൾ പിന്നിട്ടു കൊണ്ടേയിരുന്നു. അതിനിടയിൽ കാതുകളിൽ വേപഥുവുളവാക്കുന്ന ഒരു വാർത്ത അവർ കേൾക്കേണ്ടി വന്നു. കുടുംബത്തിനു വേണ്ടി ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെടുന്ന കഠിനാധ്വാനിയായ തങ്ങളുടെ അച്ഛൻ ഒരു വാഹനാപകടത്തിൽ ഇഹലോകവാസം വെടിഞ്ഞു. അത് ആ കുടുംബത്തെ ദാരിദ്ര്യത്തിന്റെയും ദുഃഖത്തിന്റെയും പടുംകുഴിയിലേക്ക് തള്ളിവിട്ടു അപ്പോഴും അമ്മയുടെ മനസ്സിലെ ആഗ്രഹം മായാതെ കിടന്നു. ബന്ധുക്കാരുടെ വീട്ടിൽ പത്രം കഴുകിയും തറ തുടച്ചും തുണി അലക്കിയും അവർ ഉപജീവനമാർഗ്ഗം കണ്ടെത്തി.ആ നാട്ടിലെ ഒന്നാന്തരം സ്കൂളിൽ തന്നെ മകളെ പഠിപ്പിച്ചു. പത്താം ക്ലാസ്സിൽ ഫുൾ A+ ഓടെ പാസ്സായി. പ്ലസ്ടുവിലും മികച്ച മാർക്കോടുകൂടി തന്നെ അവൾ വിജയം കൈവരിച്ചു. ആയിടെ വീണ്ടുമൊരു ദുഃഖവാർത്തയ്ക്ക് സാക്ഷിയാകേണ്ടി വന്നു അവർ. മൂത്ത മകളുടെ ഒരു വൃക്ക തകരാറിലാണ്. ഓപ്പറേഷന് ഒരു വലിയ തുക കെട്ടിവെക്കണം. ബന്ധുക്കളുടെ മുമ്പിൽ അവർക്ക് കൈ നീട്ടേണ്ടി വന്നു. എങ്കിലും സാരമില്ല. തന്റെ മകൾക്കു വേണ്ടിയല്ലേ എന്നവർ ആശ്വസിച്ചു. ലോകത്തിന്റെ കോണിലെവിടെയോ സുമനസ്സുമായി കാത്തിരുന്ന ഒരു മനുഷ്യസ്നേഹിയായിരുന്നു അവൾക്ക് വൃക്ക ദാനം ചെയ്തത്. അപ്പോഴും താനൊരു ഹൃദയരോഗിയാണെന്ന വിവരം അമ്മ ആരെയും അറിയിച്ചിരുന്നില്ല.ഐ.എ.എസ്സിന് പഠിക്കാനായി അവൾ മുംബൈയിലേക്ക് പോയി. അപ്പോഴാണ് വീണ്ടുമൊരു ദുരന്തം. സ്നേഹനിധിയായ തന്റെ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി.അപ്പോഴും പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് വരാൻ അവർ മകളെ സമ്മതിച്ചിരുന്നില്ല. മകളെ ഒരു ഐ.എ.എസ്സ് ഉദ്യോഗസ്ഥയാക്കണമെന്നുള്ള ഒടുങ്ങാത്ത ആഗ്രഹം അവരുടെ ഹൃദയത്തിന്റെ കോണിൽ തളം കെട്ടിക്കിടന്നു. ആ ആഗ്രഹമാണ് അവർക്ക് കരുത്തേകിയത്. ആ കരുത്തിലൂടെ അവർ രോഗത്തെ അതിജീവിച്ചു. അങ്ങനെ സങ്കടങ്ങളും ദുരന്തങ്ങളും ഒന്നിനു പുറകെ ഒന്നായി ആ അമ്മയെയും കുടുംബത്തെയും കീറിമുറിച്ചുകൊണ്ടേയിരുന്നു.

  അവളുടെപരീക്ഷയടുത്തു.തനിക്കു വേണ്ടി ഓരോ സങ്കടങ്ങളെയും അതിജീവിച്ച അമ്മയുടെ   തീവ്രമായ അഭിലാഷം അവൾക്ക് സാഫല്യമാക്കണമായിരുന്നു. അതിനായി തന്റെ കഴിവിന്റെ പരമാവധി അവൾ പരിശ്രമിച്ചു. പരീക്ഷ കഴിഞ്ഞു. 10വർഷം കൊണ്ടുള്ള അമ്മയുടെ ആഗ്രഹത്തിനും അത് സാഫല്യമാക്കാനുള്ള പ്രയത്നത്തിനും അന്തിമ നിർണ്ണയം എത്താറായി. റിസൾട്ട്‌ വന്നു.ഐ.എ.എസ്സ്  പരീക്ഷയിൽ ഒന്നാം റാങ്കോടെ അവൾ പാസ്സായി. നാടിനും വീടിനും അഭിമാനമായി മാറി.  വെറുപ്പോടെനോക്കിയവർ, ആക്ഷേപിച്ചവർ,

തെള്ളിപ്പറഞ്ഞവർ, എല്ലാവരും അവർക്കു മുമ്പിൽ ഓച്ഛാനിച്ചു നിന്നു. അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല,വികാരങ്ങളില്ല. ജന്മസാഫല്യം കൈവന്നിരിക്കുന്നു. അതെ! അവൾ ആ അമ്മയുടെ ആഗ്രഹം പ്രാവർത്തികമാക്കിയിരിക്കുന്നു.തന്റെ അമ്മ സ്വപ്നം കണ്ട ഐ.എ. എസ് പദവി അവൾ അലകങ്കരിച്ചിരിക്കുന്നു. അതിജീവനത്തിന്റെ ഉത്തമ പര്യായമായിരുന്നു ആ അമ്മ. പെട്ടന്ന് സ്നേഹ ചോദിച്ചു:"അമ്മേ, ഇത് യാ ഥാർത്ഥ്യം തന്നെയല്ലേ?" "അതെ."അമ്മ പറഞ്ഞു.

സ്നേഹ വെമ്പലോടെ ചോദിച്ചു:"അതിലെ ആ അമ്മയും മകളും ആരണമ്മേ?"മോളെ, ഞാൻ പറഞ്ഞത് എന്റെ കഥ തന്നെയാണ്. ഞാനാണാ അമ്മ."അമ്മ അഭിമാനത്തോടെ മൊഴിഞ്ഞു. പിറ്റേദിവസം സ്നേഹ അതി ജീവനത്തെ കുറിച്ച് ഒരു കവിതയെഴുതി. തന്റെ 'അമ്മയുടെ ജീവിതം'.

<
ഷാഹിന.എസ്സ്
8 C എം ജി റ്റി എച്ച് എസ്സ് മുഖത്തല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ