എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ വെള്ളപ്പൊക്കം

Schoolwiki സംരംഭത്തിൽ നിന്ന്
വെള്ളപ്പൊക്കം

അപ്രതീക്ഷിതമായാണ് മഴ പെയ്തത്. മഴയെന്ന് പറഞ്ഞാൽ കനത്ത മഴ. ആകാശം വളരെപ്പെട്ടെന്നുതന്നെ ഇരുണ്ടു. തുള്ളിക്കൊരുകുടമെന്നപോലെ പെയ്യുകയാണ്. പുഴയിലേക്ക് വെള്ളത്തുള്ളികൾ വീഴുന്നത് എന്ത് രസമാണ്. മഴമാത്രമല്ല വലിയ കാറ്റും. മരക്കമ്പുകളും തേങ്ങകളും പുഴയിലൂടെ ഒഴുകിമാറുന്നു. വീടിന്റെ പുറത്തിറങ്ങാതെ തന്നെ ലക്ഷ്മിക്കുട്ടി അതെല്ലാം കണ്ടു. സമയം പോകുന്നതറിയുന്നില്ല. വെള്ളം കൂടിക്കൂടി വരുന്നത് ലക്ഷ്മിക്കുട്ടി കണ്ടു. വീടിനുനേരെ വെള്ളം ഓരോ പടികൾ കയറുകയാണ്. മഴ തോരുന്നില്ലല്ലോ? അച്ഛന്റെയും അമ്മയുടെയും സംഭാഷണം അവൾ കേൾക്കാൻ ഇടയായി. 'ഇപ്പോൾ തന്നെ പോകാം' അമ്മ പറഞ്ഞു. 'വേണ്ട','ഇന്നു കൂടി ഇവിടെ കിടക്കാം. രാവിലെ വെള്ളം ഇറങ്ങിയാലോ?' അച്ഛൻ ഇത് നിഷേധിച്ചു. 'രാത്രി വീണ്ടും കയറിയാലോ? ഇപ്പോൾ തന്നെ പോകാം' 'എന്നാൽ പോകാം' അച്ഛൻ സമ്മതിച്ചു. ലക്ഷ്മിക്കുട്ടിക്ക് കാര്യം പിടികിട്ടി. തറവാട്ടിലേക്ക് പോകുന്നു. അവൾക്ക് അതിയായ സന്തോഷമുണ്ടായി. കൂട്ടുകാരനോടൊപ്പം കളിക്കണം, പാടത്ത് പോകണം, ഇതൊക്കെ വിചാരിച്ചു കൊണ്ടവൾ കിടന്നു കണ്ണു തുറന്നോപ്പോഴാണ് താൻ തറവാട്ടിലാണെന്ന് അവൾ അറിഞ്ഞത്. എപ്പോഴാണ് ഇവിടെ എത്തിയത്? എങ്ങനെയാണ് വന്നത്? ഒന്നും ഓർമ്മവന്നില്ല എന്തായാലെന്താ എത്തിയല്ലോ. അവൾക്ക് സന്തോഷം തോന്നി. പാടത്ത് വെള്ളം കയറി കാണുമോ? ആരോടെങ്കിലും ചോദിച്ചാലോ? വേണ്ട. അച്ഛനോട് കൊണ്ടുപോകാൻ പറയാം.

പാടം വെള്ളം കൊണ്ട് മൂടിയിരിക്കുന്നു. പ്രളയം പാടത്തെ ജീവജാലങ്ങളെ വിഴുങ്ങിയിരിക്കുന്നു. എന്തുചെയ്യാം? പാടത്തിന് അതിന്റെ സാധാരണരൂപം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പണ്ട് ഇവിടെ എത്രയോ കുട്ടികൾ പന്ത് കളിച്ചിരുന്നു. പൊട്ടുപോലെ പശുക്കൾ മേയുന്നത് അവർ കണ്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ മുമ്പ് കണ്ടിട്ടില്ലാത്ത ചില ദേശാന പക്ഷികൾ വന്നിരിക്കുന്നതൊഴിച്ചാൽ പാടം വിജനമായിരുന്നു. അവ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് അവൾ കൗതുകത്തോടെ കണ്ടു. പാടത്തിന്റെ മൂലയിൽ ഒരു പൊട്ടുപോലെ കാണുന്നതെന്താണ്? അതടുത്തുവരുന്നു. അതാ ഒരു ചങ്ങാടം. തനിക്കും അതിൽ കയറിയാൽ കൊള്ളാമെന്ന് ലക്ഷ്മിക്കുട്ടിക്ക് തോന്നി. അപ്പോൾ പെട്ടെന്ന് മഴചാറിത്തുടങ്ങി. ലക്ഷ്മിക്കുട്ടി അച്ഛനോടൊപ്പം വീട്ടിലേക്ക് മടങ്ങി. വാശി പിടിച്ച് പിറ്റേന്നും ലക്ഷ്മിക്കുട്ടി പാടത്തെത്തി. അച്ഛനും അമ്മയുമുണ്ട്. നിർബന്ധിച്ച് അച്ഛന്റെ പഴയ ക്യാമറയുമെടുത്തിട്ടുണ്ട്. അതാ ഒരു ചങ്ങാടം. വാഴത്തട കൊണ്ട് ഉണ്ടാക്കിയത്. തന്നെ കയറ്റുമോ? അതാ അമ്മ വിളിക്കുന്നു. കയറി നോക്കാം. കുഴപ്പമില്ല 'അനങ്ങാതെ നിൽക്കണം'. അമ്മ പറഞ്ഞു. അമ്മ പറഞ്ഞത് തലയാട്ടിക്കൊണ്ട് അവൾ മൂളിക്കേട്ടു. അച്ഛൻ മുട്ടോളം വെള്ളത്തിൽ നിന്ന് ഫോട്ടോയെടുക്കുന്നത് അവൾ പതുക്കെച്ചലിക്കുന്ന ചങ്ങാടത്തിലിരുന്ന് കണ്ടു. അതാ, തന്റെ ചങ്ങാടത്തിനരികിലൂടെ ഒരു പറ്റം ഉറുമ്പുകൾ ഒരു ഇലയിൽ പിടിച്ച് ഒഴുകിപ്പോകുന്നു. അവ എങ്ങനെയോ ചങ്ങാടത്തിൽ പിടിച്ചു പറ്റി. ലക്ഷ്മിക്കുട്ടിക്ക് അതിഷ്ടപ്പെട്ടില്ല. അവൾ ഒരു ചവിട്ടുവച്ചു കൊടുത്തു. ചങ്ങാടമൊന്നിളകി. ഉറുമ്പുകൾ അവളുടെ കാലിൽ കടിച്ചുയ 'ഹയ്യോ' അവൾ നിലവിളിച്ചു. അമ്മ അനങ്ങാതെ ഇരിക്കാൻ പറഞ്ഞതും അവൾ ഒരു വശത്തേക്ക് മാറിയതും ചങ്ങാടം മറിഞ്ഞതും ഒരുമിച്ചായിരുന്നു. അച്ഛൻ ആദ്യം എന്തു ചെയ്യണമെന്നറിയാതെ നിന്നു. പെട്ടെന്നുതന്നെ ക്യാമറയുമായി വെള്ളത്തിലേക്കെടുത്തുചാടി. അമ്മയ്ക്ക് കുറച്ചൊക്കെ നീന്തൽ അറിയാമായിരുന്നു. അച്ഛൻ അച്ഛൻ ലക്ഷ്മിക്കുട്ടിയെ പിടിച്ച് കരയിൽ നീന്തിക്കയറി. ക്യാമറയാകെ കേടായിപ്പോയിരുന്നു. ലക്ഷ്മിക്കുട്ടിക്ക് സങ്കടമായി. 'സാരമില്ല' അച്ഛൻ അവള സമാധാനിപ്പിച്ചു. പിറ്റേന്ന് അച്ഛൻ ക്യാമറയുടെ കാർഡ് സ്റ്റുഡിയോയിൽ കൊടുത്ത് ഫോട്ടോ പ്രിന്റ് എടുത്തു. ആ ക്യാമറകൊടുത്ത അവസാനത്തെ ഫോട്ടോയായിരുന്നു അത്. ചങ്ങാടത്തിൽ നിന്ന് വീഴാൻ തുടങ്ങുന്ന ലക്ഷ്മിക്കുട്ടിയുടെ ഫോട്ടോ. അവൾ അത് ഒരു കാർഡ് ബോർഡിൽ ഒട്ടിച്ച് അവളുടെ മുറിയിൽ തൂക്കി. ഒരു വെള്ളപ്പൊക്കത്തിന്റെ ഓർമ്മയ്ക്കായി........

ഇസബൽ ആൻ സിൽബി
6C എം കെ എം എച് എസ് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ