എം എം. എച്ച് എസ്സ് എസ്സ് വിളക്കുടി/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ്
എന്താണ് കൊറോണ വൈറസ്? പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഒരു ലക്ഷത്തിലധികം പേരിൽ വ്യാപിച്ച രോഗം ജീവനെടുത്തവരുടെ എണ്ണം നാലായിരം കടന്നു. കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. കോവിഡ്-19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത്. രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ചയുടൻ തന്നെ കേരള ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു. മുൻ വർഷങ്ങളിൽ നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി. ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു. അന്താരാഷ്ട്ര തലത്തിലുള്ള രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയും അതിജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 ആഗോളതലത്തിൽ വ്യാപിക്കാനും വൈറസ് വ്യാപനം ശക്തമാവാനും വളരെ ഉയർന്ന സാധ്യതയാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള അറിയിപ്പാണിത്. വളരെ ഗുരുതരമായ ചില രോഗബാധകൾ അപ്രതീക്ഷിതമായി ഒരു രാജ്യത്ത് പടർന്ന് പിടിക്കുകയും അത് ആ രാജ്യത്തിന്റെ അതിർത്തി ഭേദിച്ച് അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. രോഗബാധയെ ചെറുക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ ഒത്തൊരുമിച്ച് നടപടികൾ ആവശ്യമായി വരുമ്പോഴാണ് ഇങ്ങനെ ചെയ്യാറുള്ളത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ : • പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം. • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്. • പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്. • പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. • അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്. വേവിക്കാത്ത മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാൽ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കൾ പടരാൻ സാധ്യതയുണ്ട്. അതിനാൽ ആ രീതി ഒഴിവാക്കണം. • വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്. • രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം. • പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം. • രോഗിയെ ശുശ്രൂഷിക്കുന്നവർ, ആരോഗ്യപ്രവർത്തകർ എന്നിവർ മാസ്‌ക്, കണ്ണിന് സംരക്ഷണം നൽകുന്ന ഐ ഗോഗിൾസ് എന്നിവ ധരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്. ഇതിനായി കൈയുറകൾ, കാലുറകൾ, ശരീരം മുഴുവൻ മൂടുന്ന ഏപ്രണുകൾ എന്നിവ ധരിക്കണം. • രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. സഹായത്തിന് കേരള ആരോഗ്യ വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 1056 അല്ലെങ്കിൽ 0471 2552056 എന്നിവയിലേക്ക് വിളിക്കാം. ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ സജ്ജമാക്കിയിട്ടുണ്ട്. 0471 2309250, 2309251, 2309252 എന്നിവയാണ് കോൾ സെന്ററുകളുടെ നമ്പറുകൾ.
സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം