എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വെറുതെ കത്തിക്കാനുള്ളതാണോ കരിയിലകൾ ?

പരിസരത്തെ കരിയിലകൾ മാത്രമല്ല, രോഗ, കീട ബാധയില്ലാത്ത ജൈവാവഷിഷ്ടങ്ങൾ ഒന്നും തന്നെ പാചകം പോലെയുള്ള മറ്റാവശ്യങ്ങൾക്കൊഴികെ കത്തിക്കരുത്. ഇവ തൈകൾ നടുന്ന കുഴിയിലിടാം. മണ്ണിൽ ജൈവാംശം കൂട്ടുന്നതിനോടൊപ്പം ഈർപ്പം നില നിർത്തുകയും, മണ്ണിര, സൂക്ഷ്മാണുക്കൾ എന്നിവയുടെ വളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ മണ്ണിലെ ജൈവ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും.ഇതൊന്നുമല്ലെങ്കിൽ കരിയിലകളെ ഫലപ്രദമായി കമ്പോസ്റ്റ്  ആക്കാം

പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലുംചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു......ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം.......ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന

സേവനം

അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത  ജൈവാവരണമാണ്.ii! വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ....!! ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ....!! മണ്ണിലെ അസംഖ്യം ജീവികൾ  നശിക്കാതിരിക്കാൻ......!!

അന്തരീക്ഷത്തിലേക്ക് പൊടി പടർന്നുകയറാതിരിക്കാൻ......!! കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച്പോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ......!!

കിണറുകൾ വീണ്ടും നിറക്കാൻ.....!! മണ്ണ് തണുപ്പിക്കാൻ.....!! വൃക്ഷ വേരുകൾക്ക് വെള്ളം ലഭ്യമാക്കാൻ....!!

  ഇവ തീയിട്ടാൽ എന്ത് സംഭവിക്കും?

മണ്ണിൽ നേരിട്ട് സൂര്യപ്രകാശം പതിയും, ഭൂമി ചൂടാകും ,നനവുകൾ വറ്റും,തോട്ടങ്ങളിൽ കൃഷിക്കും ചെടികൾക്കും,അമിതമായി വെള്ളം ഒഴിക്കേണ്ടി വരും, ജലാശയങ്ങളിലെ വെള്ളം വറ്റും,

കുടിവെള്ളം കുറയും, കുടിക്കാനില്ലാതെ, നനക്കാനാവില്ല. അങ്ങിനെ കൃഷി നശിക്കും.     

കത്തിച്ചാൽ ചാരം ഭൂമിക്ക് വളമാകില്ലേ?

ഒരു ചെടി ശേഖരിക്കുന്ന എനർജിയുടെ വെറും 2 % മാത്രമാണ് ചാരമാക്കിയാൽ നമുക്ക് വളമായി ലഭിക്കുന്നത്.അതേസമയം, അത് കത്തിക്കാതെജൈവീകമായി വീണടിയുകയാണെങ്കിൽ

100 % എനർജിയും ഭൂമിയിലേക്ക് എത്തിപ്പെടും. മാത്രമല്ല, അവ കത്തിക്കുമ്പോൾ ബഹിർഗമിക്കുന്ന വിഷവാതകവും അവ പുറത്തു വിടുന്ന താപവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും.

ലാഭം ഏത്?   ചിന്തിക്കുക.മരം നടൽ മാത്രമല്ല, സസ്യ സംരക്ഷണവുംനമ്മുടെ കർത്തവ്യമാണ്.മഴക്കാലത്ത് വെള്ളം റോഡിലേക്ക് ഒഴുക്കിവിട്ട് വേനൽക്കാലത്ത് ആ വെളളത്തിനായി

നമ്മൾ നെട്ടോട്ടമോടുന്നു.നമ്മുടെ തൊടിയിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലും പുറമേക്ക് ഒഴുക്കാതെതൊടിയിൽ തട കെട്ടി താഴ്ത്തി നോക്കൂ അത്ഭുതം സംഭവിക്കും.

അതുകൊണ്ട് ഇനി മുതൽ ചപ്പ് ചവറുകൾ കത്തിക്കാതിരിക്കാനും, മഴവെള്ളം ഒഴുക്കിക്കളയാതിരിക്കാനും നമുക്ക്പ്രതിജ്ഞാബദ്ധരാവാം

💐 നമുക്ക് വേണ്ടി

💐ഭൂമിക്ക് വേണ്ടി

💐 പ്രകൃതിക്ക് വേണ്ടി

💐 വരും തലമുറക്ക് വേണ്ടി .....

ദയവായി ചപ്പ് ചവറുകൾ തീയിടരുത്.

കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു.....

പുല്ലുകൾ കരിഞ്ഞുണങ്ങുന്നു....

കാർഷിക അറിവുകൾ

മത്തൻ/കുമ്പളം/വെള്ളരി

ജീവകങ്ങളായ ‘എ’ ‘സി’ ‘ഇ’ എന്നിവയുടെ കലവറയാണ് മത്തൻ. വളരെ ഉയർന്ന തോതിൽ ജീവകം ‘എ’ അടങ്ങിയിരിക്കുന്നു. ഒരു ദിവസത്തെ ജീവകം ‘എ’ യുടെ ആവശ്യകതയെ നിറവേറ്റുവാൻ 100 ഗ്രാം മത്തങ്ങ ഒരു ദിവസത്തെ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ മതിയാകും. വിറ്റാമിൻ ബി മിതമായ തോതിലും ധാതുലവണങ്ങളായ കോപ്പർ, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഉയർന്ന തോതിലും മത്തങ്ങയിൽ അടങ്ങിയിരിക്കുന്നു. മത്തൻകുരു നാരിൻറെ ഒരു നല്ല സ്രോതസ്സാണ്.

അതിനുപുറമേ ധാരാളം അപൂരിതകൊഴുപ്പുകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയത്തിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 100 ഗ്രാം മത്തൻകുരുവിൽ 559 കലോറിയും 30 ഗ്രാം പ്രോട്ടീനും ഉയർന്ന തോതിൽ ഇരുമ്പ്, സിങ്ക്, ജീവകം ബി എന്നിവയും അടങ്ങിയിരിക്കുന്നു.

കുമ്പളങ്ങയിൽ ഏകദേശം 95% ജലാംശം അടങ്ങിയിരിക്കുന്നതിനാൽ അമിതവണ്ണമുള്ളവർക്ക് ഭക്ഷണക്രമത്തിലുൾപ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. ഔഷധഗുണങ്ങളേറെയുള്ളതിനാൽ ആയുർവേദ മരുന്നുകളിൽ ഉപയോഗിച്ചുവരുന്നു. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് കുമ്പളങ്ങ. ബി വിറ്റാമിനുകൾ ആയ തയാമിൻ, നിയാസിൻ എന്നിവയും വിറ്റാമിൻ സിയും ഉയർന്ന തോതിലും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും, ഹൃദയത്തിൻറെ ആരോഗ്യത്തിനാവശ്യമായ ധാതുലവണമായ പൊട്ടാസ്യവും നല്ല തോതിൽ കുമ്പളങ്ങയിൽ ഉണ്ട്.

ക്ഷാരഗുണമുള്ളതിനാൽ ഉദര സംബന്ധമായ രോഗങ്ങൾക്കും കുമ്പളങ്ങ നല്ലതാണ്. പ്രമേഹരോഗികൾക്കും ശ്വാസകോശരോഗങ്ങൾ ഉള്ളവർക്കും ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പച്ചക്കറിയാണ് കുമ്പളങ്ങ.

വെള്ളരിക്ക തൊലിയോടുകൂടി കഴിക്കുന്നതാണ് കൂടുതൽ നല്ലത്. തൊലിയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ വൻകുടലിൻറെ ചലനത്തെ ഉത്തേജിപ്പിക്കുകയും മലവിസർജ്ജനത്തെ സഹായിക്കുകയും ചെയ്യും. ഇതിനുപുറമേ ആഹാരത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ എന്നിവയുടെ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. തന്മൂലം പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും നാരടങ്ങിയ ഭക്ഷണം പ്രയോജനപ്പെടും. ഇതിനുപുറമേ ആൻറി ഓക്സിഡണ്ടുകളായ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും മിതമായ നിരക്കിൽ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു.

മറ്റു പച്ചക്കറികളെ അപേക്ഷിച്ച് വെള്ളരിക്കയിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തം പെട്ടെന്ന് കട്ടപിടിക്കുന്നതിനും എല്ലുകളുടെ ഉറപ്പിനും, തലച്ചോറിൻറെ പ്രവർത്തനത്തിനും വിറ്റാമിൻ കെ ആവശ്യമാണ്‌.

കൃഷിരീതികൾ

◼️എല്ലാകാലത്തും കൃഷിചെയ്യാം.

◼️വലിപ്പമുള്ള കായ്കൾ തരുന്ന ഇനങ്ങളാണ് അമ്പിളി (മത്തൻ), കെ.എ.യു. ലോക്കൽ(കുമ്പളം), മുടിക്കോട് ലോക്കൽ(വെള്ളരി)

◼️വലുപ്പം കുറഞ്ഞ കായ്കൾ തരുന്ന ഇനങ്ങളാണ് സരസ്, അർക്കസൂര്യമുഖി (മത്തൻ), ഇന്ദു(കുമ്പളം), സൗഭാഗ്യ(വെള്ളരി)

◼️ഒരു സെന്റ്‌ കൃഷി ചെയ്യാൻ വേണ്ടിവരുന്ന വിത്തിൻറെ അളവ്

മത്തൻ  - 6 ഗ്രാം

കുമ്പളം  - 4 ഗ്രാം

വെള്ളരി – 3 ഗ്രാം

◼️വള്ളികൾ നിലത്തുപടരുമ്പോൾ തെങ്ങിൻപട്ടയോ മറ്റോ ഇട്ടുകൊടുക്കുന്നത് കായ് മണ്ണിൽ പതിഞ്ഞ് കിടന്ന് കേടുവരാതിരിക്കാൻ സഹായിക്കും.

◼️ഒരു സെന്റ്‌ സ്ഥലത്തേക്ക് 80 കിലോഗ്രാം ജൈവവളം അടിവളമായി നൽകേണ്ടതാണ്.

◼️വിളവെടുപ്പ് കാലം മൂന്നു-നാല് മാസം

◼️ശരാശരി വിളവ്‌ 80 – 100 കിലോഗ്രാം

ഇങ്ങനെ കൃഷിചെയ്താൽ പയർ നൂറുമേനി വിളയും

മലയാളിയുടെ അടുക്കളയുടെ പ്രിയ ഭക്ഷണമാണ് പയർ , പയർ മാത്രമുള്ള മെഴുക്കുവരട്ടിയായും , പയർ കറിക്കൂട്ടായും മലയാളിക്ക് പ്രിയങ്കരമാണ്.ഏവർക്കും എളുപ്പം ചെയ്യാൻ പറ്റുന്ന കൃഷികൂടിയാണ് പയർ. എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റുന്ന പച്ചക്കറിയാണ് പയർ. കാർബോഹൈഡ്രേറ്റ്, അന്നജം, വിറ്റാമിൻ എ, ബി, സി എന്നിവയെല്ലാം പയറിൽ അടങ്ങിയിരിക്കുന്നു. പയറിൻറെ പ്രാധാന്യം മനസിലാക്കി 2016 ൽ നമ്മൾ അന്താരാഷ്ട്ര പയർ വർഷം ആചരിച്ചു. ഇരുമ്ബും കാത്സ്യവും ഫോസ്ഫറസും പൊട്ടാസ്യവും ജീവകങ്ങളും മറ്റുള്ള പയറിനങ്ങളേക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്ന ചതുരപ്പയറും കേരളത്തിൽ കൃഷി ചെയ്യാം.

പയറിനെ അറിഞ്ഞ് പരിചരിക്കാം

നമ്മൾ സാധാരണയായി ഉപയോഗിച്ചു വരുന്നത് കുറ്റിപ്പയറും വള്ളിപ്പയറുമാണ്. പയറിൽ ഇഷ്ടം പോലെ ഇനങ്ങളുണ്ട്. കൈരളി, വരുൺ, കനകമണി, അർക്ക ഗരിമ എന്നിവ പയറിലെ ചില ഇനങ്ങളാണ്. പ്രധാനപ്പെട്ട കുറ്റിപ്പയർ ഇനങ്ങളാണ് ഗോമതി, അനശ്വര, ഭാഗ്യലക്ഷ്മി എന്നിവ.പടർന്നു വളരുന്ന പയറിനങ്ങൾ വേറെത്തന്നെയാണ്. കുരുത്തോലപ്പയർ, കൈരളി, മഞ്ചേരി ലോക്കൽ, ലോല, ശാരിക, മാലിക എന്നിവ ഇത്തരത്തിൽ പടർന്നുവളരുന്നവയാണ്. പയറിനുള്ളിലെ വിത്തുകൾക്കും നിറവ്യത്യാസമുണ്ട്. മാല, ശാരിക, വയനാടൻ പയർ എന്നിവയുടെ വിത്തുകൾക്ക് കറുപ്പ് നിറവും ഗോമതി എന്നയിനത്തിൻറെ വിത്തിന് ചുവപ്പ് കലർന്ന തവിട്ടുനിറവുമാണ്.

പയർ കൃഷി ചെയ്യാൻ പ്രത്യേകിച്ച്‌ സമയവും കാലവും ഒന്നും നോക്കേണ്ട ആവശ്യമില്ല. നെൽപാടങ്ങളിൽ ഒന്നും രണ്ടും വിളയ്ക്ക് ശേഷം പയർ കൃഷി ചെയ്യാവുന്നതാണ്. അതുപോലെ റാബി വിളകൾ കൃഷി ചെയ്യുന്ന കാലത്തും പയർ കൃഷി ചെയ്യാം. വേനൽക്കാലത്ത് തനിവിളയായും പയർ കൃഷി നടത്താം.

പയറിന് സാമാന്യം നല്ല സൂര്യപ്രകാശം ആവശ്യമാണ്. അതുപോലെ വേനൽക്കാലത്ത് നെല്ല് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ നെൽപ്പാടം വെറുതെയിടാതെ പയർ കൃഷി ചെയ്യാം. കുരുത്തോലപ്പയർ എന്നയിനമാണ് നമ്മൾ സാധാരണയായി വളർത്തുന്നത്. ഇത് ഒരു സെന്റിൽ വളർത്താൻ 30 ഗ്രാം വിത്ത് വേണം. കുറ്റിപ്പയർ ആണ് വളർത്തുന്നതെങ്കിൽ അൽപ്പം കൂടി കൂടുതൽ അളവിൽ വിത്തുകൾ ആവശ്യമാണ്.

കുറ്റിപ്പയർ ഇനത്തിന് ഒരു സെന്റിലേക്ക് ഏകദേശം 100 മുതൽ 120 ഗ്രാം വിത്തുകൾ ആവശ്യമാണ്. അതേസമയം സങ്കരവർഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു സെന്റിൽ 30 മുതൽ 40 കി.ഗ്രാം വരെ വിത്തുകൾ വിതച്ചാൽ മതിയാകും.

പയറിന്റെ വിത്ത് പാകുന്ന സമയം

മഴക്കാലമാണെങ്കിൽ ജൂൺ രണ്ടാമത്തെ ആഴ്ചയാകുമ്ബോൾ വിത്തിടാം. പാടങ്ങളിൽ വളർത്താനാണെങ്കിൽ റാബി കാലമാണ് നല്ലത്. സപ്തംബർ മുതൽ ഡിസംബർ വരെയുള്ള കാലം. പാടത്തിന്റെ വരമ്ബുകളിൽ അതിർത്തി പോലെ പയർ വളർത്താം.

ജനുവരി, ഫെബ്രുവരി മാസങ്ങളിലും പയർ കൃഷി ചെയ്യാം. കഞ്ഞിക്കുഴി പയർ, പതിനെട്ടുമണിയൻ പയർ എന്നിവ നമുക്ക് വേനൽക്കാലത്ത് കൃഷി ചെയ്യാവുന്നതാണ്. അതുപോലെ തെങ്ങിൻതോപ്പുകളിൽ ഇടവിളയായും പയർ കൃഷി നടത്താം. ഗുജറാത്ത് വി 118, കെ.പി.2 എന്നീ വിത്തിനങ്ങൾ തെങ്ങിൻതോപ്പുകളിൽ വളർത്തുന്നു.

കൃഷിഭൂമി ഒരുക്കൽ

മണ്ണ് നന്നായി കിളച്ച്‌ കട്ടിയുള്ളതെല്ലാം പൊടിച്ചെടുത്ത് വെയിലത്ത് നന്നായി ഉണക്കിയാണ് വിത്ത് നടുന്നത്. ഒരു സെന്റിന് അഞ്ച് കിലോ എന്ന കണക്കിൽ കുമ്മായം ചേർത്താൽ മണ്ണിലെ അമ്ലരസം കുറയ്ക്കാൻ കഴിയും. വിത്ത് പെട്ടെന്ന് തന്നെ മണ്ണിലേക്ക് നടാൻ പാടില്ല. പത്ത് ദിവസം മുമ്ബ് മണ്ണ് കിളച്ചൊരുക്കി തയ്യാറാക്കണം.

ഒരു സെന്റിൽ ഏകദേശം 80 കിലോ ചാണകപ്പൊടിയോ 50 കിലോ കോഴിവളമോ ചേർത്ത് മണ്ണ് നന്നായി ഇളക്കിയെടുക്കണം. നന്നായി മണ്ണിൽ പോഷകങ്ങൾ ചേർത്ത് തയ്യാറാക്കിയാൽ നല്ല വിളവ് കിട്ടും. വിത്ത് നടുന്നതിന് രണ്ട് ദിവസം മുമ്ബ് അഞ്ച് കിലോ വേപ്പിൻ പിണ്ണാക്ക്, രണ്ട് കിലോ സ്യൂഡോമോണസ് എന്നിവ ചേർത്ത് ഇളക്കാം.

പയർ വിത്ത് നടുമ്ബോൾ രണ്ടടി വീതിയിലും ഒരടി ഉയരത്തിലും തടമെടുക്കുന്നതാണ് നന്നായി വളരാൻ നല്ലത്. വിത്തിൽ റൈസോബിയം പുരട്ടി നടുന്നതാണ് നല്ലത്. വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ റൈസോബിയം യോജിപ്പിച്ച്‌ പയർ വിത്തുകൾ മുക്കിയെടുക്കണം. ഇങ്ങനെ തയ്യാറാക്കിയ വിത്തുകൾ കടലാസിലോ ചാക്കിലോ ഇട്ട് തണലത്തുണക്കണം. റൈസോബിയം കൾച്ചർ വിപണിയിൽ വാങ്ങാൻ കിട്ടും.ജൈവവളവും ജൈവകീടനാശിനികളും മാത്രമേ പയറിന് ഉപയോഗിക്കാവൂ. ഏകദേശം 10 മുതൽ 15 ദിവസത്തെ ഇടവേളകളിൽ ജൈവവളങ്ങൾ ചേർത്ത് കൊടുക്കാം. വേഗത്തിൽ വളരാൻ നേർപ്പിച്ച പഞ്ചഗവ്യവും ഗോമൂത്രവും കടലപ്പിണ്ണാക്കും കുതിർത്ത് ചാണകപ്പൊടി വെള്ളത്തിൽ കലക്കിയതുമായി ചേർത്ത് ആഴ്ചയിൽ ഒരിക്കൽ ഒഴിച്ചുകൊടുക്കുന്നത് നന്നായി വളരാൻ അനുയോജ്യമാണ്.

മാംസ്യം കൂടുതൽ അടങ്ങിയ ചതുരപ്പയർ

സാധാരണ കുറ്റിപ്പയറിലും വള്ളിപ്പയറിലും ബീൻസിലുമെല്ലാം ഉള്ളതിലേക്കാൾ പോഷകഘടകങ്ങൾ കൂടുതലുള്ളയിനമാണ് ചതുരപ്പയർ. കായകളും പൂക്കളും ഇലകളും വേരുകളുമെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ഇതിനെ നമ്മൾ ഇറച്ചിപ്പയർ എന്നും വിളിക്കാറുണ്ട്.

ചതുരപ്പയർ ജൂലായ്-ആഗസ്റ്റ് മാസത്തിൽ നട്ടാൽ ഒക്ടോബർ-നവംബർ മാസത്തിൽ പൂവിടും. ഇതിന്റെ പ്രത്യേകത പൂവിടാൻ എടുക്കുന്ന സമയം തന്നെയാണ്. നിങ്ങൾ ഫെബ്രുവരിയിൽ ചതുരപ്പയർ നട്ടാലും ഒക്ടോബർ മാസമായാലേ പൂക്കുകയുള്ളു.

ചതുരപ്പയർ കൃഷിരീതി

ചതുരപ്പയർ നടാൻ രണ്ടര മീറ്റർ അകലത്തിൽ തടങ്ങൾ എടുക്കണം. ആറുമണിക്കൂർ വെള്ളത്തിൽ കുതിർത്ത് നട്ടാൽ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയോ കമ്ബോസ്‌റ്റോ ചേർത്ത് കൊടുക്കാം. ചതുരപ്പയർ നടുമ്ബോൾ ഒരു സെന്റിൽ 150 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ തമ്മിൽ രണ്ടടി അകലം നൽകിയാൽ മുളച്ച്‌ വരുമ്ബോൾ ആവശ്യത്തിന് സ്ഥലമുണ്ടാകും. ചതുരപ്പയർ വേലിയിൽ പടർന്നുവളരുന്നയിനമാണ്.

ചതുരപ്പയറിന്റെ വേരിൽ റൈസോബിയം അടങ്ങിയിട്ടുണ്ട്. മണ്ണിലെ നൈട്രജന്റെ അളവ് വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ചതുരപ്പയർ നട്ട് മൂന്നാം മാസം മുതൽ നീല കലർന്ന വയലറ്റ് നിറമുള്ള പൂക്കളുണ്ടാകും.

കറുത്ത വെളുത്തുള്ളി

കറുത്ത വെളുത്തുള്ളി വളരെക്കാലമായി മനുഷ്യർക്ക് അറിയാം. തായ്‌ലൻഡിൽ ഇത് 4,000 വർഷം മുമ്പ് ഉപയോഗിച്ചു. പുരാതന ഈജിപ്തിലെ ശവകുടീരങ്ങളിൽ പുരാവസ്തു ഗവേഷകർ വെളുത്തുള്ളി കണ്ടെത്തി.  വെളുത്തുള്ളി ആരോഗ്യവും ദീർഘായുസ്സും നൽകുന്ന പച്ചക്കറിയായി കണക്കാക്കപ്പെടുന്നു.സാധാരണ വെളുത്തുള്ളിയല്ല, ഇവൻ ആള് കേമനാണ്

കറുത്ത വെളുത്തുള്ളി, പേര് സൂചിപ്പിക്കുന്നത് പോലെ, വെളുത്തുള്ളിുടെ നിറം തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു പദമാണ്. കറുത്ത വെളുത്തുള്ളി പക്ഷേ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. സാധാരണ വെളുത്തുള്ളി പല വിധത്തിൽ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു, അങ്ങനെ അവ പൂർണമായും കറുത്ത നിറമാവുകയും അതിന്റെ ഫലമായി അവ സാധാരണയായി ഒരു സ്റ്റിക്കി ആയി വികസിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കറുത്ത വെളുത്തുള്ളി അടുക്കളയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്, ലോകമെമ്പാടുമുള്ള വിവിധ ഭക്ഷണവിഭവങ്ങളുടെയും റെസ്റ്റോറന്റുകളുടെയും പാചകക്കാർക്കിടയിൽ കറുത്ത വെളുത്തുള്ളി ഒരു കേമനാണ്.

കറുത്ത വെളുത്തുള്ളിയുടെ ഈ വർദ്ധിച്ചുവരുന്ന ജനപ്രീതി അതിന്റെ സവിശേഷമായ സ്വാദ് തന്നെയാണ്. ഇത് എങ്ങനെ നിർമ്മിക്കുന്നു, എന്തൊക്കെയാണ് ഇതിന്റെ ഉപയോഗങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

കറുത്ത വെളുത്തുള്ളി എങ്ങിനെ?

സധാരണ വെളുത്തുള്ളി ഈർപ്പമുള്ള അവസ്ഥയിലും വളരെ കുറഞ്ഞ താപനിലയിലും സൂക്ഷിച്ചാണ് കറുത്ത വെളുത്തുള്ളിയാക്കി മാറ്റുന്നത്. ഇവ ശരിയായി ആവുന്ന അത്തരം സാഹചര്യങ്ങളിൽ വളരെക്കാലം, സാധാരണയായി രണ്ടാഴ്ചത്തേക്ക് അവശേഷിക്കുന്നു. ആദ്യ ദിവസങ്ങൾക്കുള്ളിൽ, മെയിൻ ലാന്റ് പ്രതികരണം എന്നറിയപ്പെടുന്ന ഒരു രാസ പ്രക്രിയ നടക്കുന്നു, ഇത് പുതിയ വെളുത്തുള്ളിക്ക് മൂർച്ചയുള്ളതും കയ്‌പേറിയതുമായ രുചി നൽകുന്ന ചില എൻസൈമുകളെ ഇല്ലാതാക്കുന്നു. പിന്നീട് ദിവസങ്ങൾ കഴിയുന്തോറും, രാസമാറ്റം തുടരുകയും വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളെ സാവധാനം വിഘടിപ്പിക്കുകയും ചെയ്യുന്നു, ഇത് സാവധാനം അതിന്റെ നിറം കറുത്തതായി മാറുകയും രൂപാന്തരപ്പെട്ട വെളുത്തുള്ളി ഒടുവിൽ അതിന്റെ പുതിയ രസം കൈവരിക്കുകയും ചെയ്യുന്നു. ഇതിന് ചെറുമധുരമാണ് വരുന്നത്.

അടുക്കളയിലെ ഉപയോഗം

കറുത്ത വെളുത്തുള്ളി സാധാരണയായി അടുക്കളയിലെ ഒരു ഘടകമായി ഉപയോഗിക്കുന്നു, സാധാരണയായി മധുരവും അതുല്യവുമായ രസം കാരണം പലതരം വിഭവങ്ങളിൽ ഉപയോഗിക്കുന്നു. ഒരു വിഭവത്തിന് അതിന്റെ സ്വാദ് നൽകുന്നതിന് ഇത് നേരിട്ട് എണ്ണയിൽ വഴറ്റുകയോ അല്ലെങ്കിൽ ഒരു മിക്‌സറിൽ പേസ്റ്റായി മാറ്റുകയോ സ്വമേധയാ ഒരു വിഭവത്തിൽ ചേർക്കുകയോ ചെയ്യാം, അല്ലെങ്കിൽ ഇത് പൊടിയായി മാറ്റുകയും ഒരു ഫിനിഷ് ചെയ്ത വിഭവത്തിന് മുകളിൽ ടോപ്പിംഗായി ഉപയോഗിക്കുകയും ചെയുന്നു.

ആരോഗ്യ ഗുണങ്ങൾ

അതിശയകരമായ രുചിയും മറ്റെല്ലാ കാര്യങ്ങളും കൂടാതെ, കറുത്ത വെളുത്തുള്ളി ഭക്ഷണത്തെ പോലെ മികച്ചതാക്കുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും എന്നതാണ്. പഠനങ്ങൾ അനുസരിച്ച് വെളുത്തുള്ളിയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് ഫ്‌ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ എന്നിവയിൽ, അസംസ്‌കൃത വെളുത്തുള്ളിയേക്കാൾ കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ മാത്രമല്ല, കറുത്ത വെളുത്തുള്ളിയും മറ്റ് അവശ്യ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ പൊതുവേ നമ്മുടെ ശരീരത്തിന് നല്ലതാണെന്ന് കരുതപ്പെടുന്നു.

ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്സിഡന്റുകൾ എന്ന് നമുക്കെല്ലാവർക്കും അറിയാം, ഇത് കാൻസർ, രക്തപ്രവാഹത്തിന് തുടങ്ങിയ ഓക്‌സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന നിരവധി രോഗങ്ങളെ തടയുന്നു. കറുത്ത വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് ചിലതരം ക്യാൻസറുകളുടെ സാധ്യതയെ വലിയ ശതമാനം കുറയ്ക്കും. കറുത്ത വെളുത്തുള്ളി ഹൃദയത്തിന് വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് കൂടാതെ കറുത്ത വെളുത്തുള്ളി ഉപഭോഗം എച്ച്ഡിഎല്ലിന്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, അതായത് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ, മാത്രമല്ല, എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്‌ട്രോൾ എന്നിവ ഒഴിവാക്കുന്നു.

ആരോഗ്യ ഗുണങ്ങൾ

കറുത്ത വെളുത്തുള്ളി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഇത് പരിഹാരവും ഔഷധ ഫലങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു, കാരണം കാർബ്-ഹെവി ഭക്ഷണത്തിന് ശേഷം ധാരാളം ബ്ലോക്ക് പഞ്ചസാര സ്‌പൈക്കുകളുണ്ട്. ഒരു കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചതിനുശേഷവും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറവാണെന്ന് കറുത്ത വെളുത്തുള്ളി ഉറപ്പാക്കുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ഗ്ലൂക്കോസ് തകർക്കാൻ കാരണമാകുന്ന എൻസൈമുകളാണ്, ഇത് വിസർജ്ജനത്തിലൂടെ ഒഴിവാക്കുന്നു. ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് വൃക്ക, കരൾ, ഹൃദയം, ദഹന അവയവങ്ങൾ എന്നിവയുടെ മികച്ച പ്രവർത്തനത്തിന് കറുത്ത വെളുത്തുള്ളി എപ്പോഴുംമികച്ചത് തന്നെയാണ്.

പാർശ്വഫലങ്ങൾ

നിങ്ങളുടെ ഭക്ഷണത്തിൽ കറുത്ത വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് പൂർണ്ണമായും നിരുപദ്രവകരവും അതിശയകരമായ ഗുണങ്ങളുമുണ്ട്, എന്നിരുന്നാലും, കറുത്ത വെളുത്തുള്ളി അല്ലെങ്കിൽ അസംസ്‌കൃത വെളുത്തുള്ളി പോലും വലിയ അളവിൽ കഴിക്കുന്നതിൽ ചില ദോഷങ്ങളുണ്ട്. ചിലപ്പോൾ വെളുത്തുള്ളി കഴിക്കുന്നതിലൂടെ അത് മൂക്കിലൂടെ രക്തസ്രാവമുണ്ടാകാം അല്ലെങ്കിൽ രക്തക്കുഴലുകളിൽ ചെറിയ വിള്ളലുകൾ ഉണ്ടാകാം. പക്ഷെ അത് വളരെ അപൂർവമാണ്. അതിനാൽ, നേർത്ത രക്തമുള്ള ആളുകൾ വെളുത്തുള്ളി കഴിക്കുന്നത് ഒഴിവാക്കാം. കൂടാതെ, വെളുത്തുള്ളി ചില ആളുകളിൽ പ്രതികൂല അലർജിക്ക് കാരണമായേക്കാം. ഏറ്റവും പ്രധാനം കറുത്ത വെളുത്തുള്ളി കഴിക്കുന്നത് സാധാരണയായി ഗുരുതരമായ അപകടങ്ങളോ സങ്കീർണതകളോ ഉണ്ടാക്കുന്നില്ല, സാധാരണയായി പാർശ്വഫലങ്ങളൊന്നും ഉണ്ടാകില്ല, പക്ഷേ ഇത് വലിയ അളവിൽ കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നു.

ഈ അരി വേവിക്കേണ്ട, വെറുതേ വെള്ളത്തിൽ കുതിർത്തു കഴിക്കാം. 

ഇതാ വരുന്നു നമ്മുടെ അഘോനി ബോറ അരി ഘട്ടക്കിലെ Central  Rice  Research Institute (CRRI)പുറത്തിറക്കിയ പുതിയ നെല്ലിനം. ഇതിന്റെ അരി വേവിക്കേണ്ടതില്ല. വെറുതേ വെള്ളത്തിൽ ഇട്ടാൽ മതി. ചൂട് വെള്ളത്തിൽ ആണെങ്കിൽ 15മിനിറ്റ്, പച്ച വെള്ളത്തിലാണെങ്കിൽ അര മണിക്കൂർ അത്ര തന്നെ ചോറ് റെഡി. അതിൽ പശുവിൻ പാലോ, തേങ്ങാ പാലോ, തൈരോ, ശർക്കരയോ, യോഗർട്ടോ അവനവനിഷ്ടം പോലെ ചേർത്ത് ഉപയോഗിക്കാം. Cup നൂഡിൽസ് പോലെ Cup Rice ന്റെ കാലം  വരാൻ പോകുന്നു.

യഥാർഥത്തിൽ ഇത് ഒരു പുതിയ ഇനം അല്ല. ആസ്സാമിലെ ജനങ്ങൾ നൂറ്റാണ്ടുകളായി കഴിച്ചുകൊണ്ടിരിക്കുന്ന കോമൾ ബോറ എന്ന Soft Rice ആണ്. അവർ വിശേഷ ദിവസങ്ങളിൽ ഈ ഇനം അരി ഉപയോഗിച്ച് നിരവധി വിഭവങ്ങൾ ഉണ്ടാക്കി ഭക്ഷിക്കുന്നു. ജോൾ പാൻ എന്നറിയപ്പെടുന്ന പ്രഭാത ഭക്ഷണവും അതുപയോഗിച്ചു ഉണ്ടാക്കാറുണ്ട്.

വളരെ കുറഞ്ഞ അളവിൽ  അടങ്ങിയിരിക്കുന്ന അമിലോസ് ആണ് ഈ മാജിക്കിന് കാരണം. സാധാരണ അരികളിൽ 20-25% അമിലോസ് ഉള്ളപ്പോൾ അഘോനി ബോറ പോലുള്ള ഇനങ്ങളിൽ അമിലോസ് 5%ത്തിൽ താഴെ മാത്രം. നൂറ്റി നാല്പതോളം ദിവസം മൂപ്പുള്ള ഈ ഇനം ഹെക്ടറിന് നാല് മുതൽ നാലര ടൺ വരെ നെല്ല് നൽകും. ഇന്ത്യ യിലെ കിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്ര പ്രദേശിലും ഒക്കെ ഇത് വിജയകരമായി കൃഷി ചെയ്യാം എന്ന് CRRI പറയുന്നു.

ഇത് ഒരു വിപ്ലവത്തിന്റെ  വഴി മരുന്നാണ്. ഇന്ധന ഉപയോഗവും  അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ ഇത്തരം ഇനങ്ങൾ സഹായിക്കും. സിയാച്ചിൻ, ലഡാക് പോലെ ഉള്ള പ്രദേശങ്ങളിലും യുദ്ധരംഗത്തും ഒക്കെ ഉള്ള  ഭടന്മാർക്കും  ഇതൊരു അനുഗ്രഹമാണ്.

വാൽ കഷ്ണം :അരിയുടെ ദൃഢത കൂട്ടുന്നത് അതിൽ അടങ്ങിയിട്ടുള്ള അമിലോസ് ന്റെ അളവാണ്. Soft Rice /Magic Rice എന്നൊക്കെ അറിയപ്പെടുന്ന ഇത്തരം നെല്ല് Oryza sativa var. glutinosa എന്ന വിഭാഗത്തിൽ പെടുന്നു. ഒട്ടുന്ന ചോറാണ്  ഇവയുടെ പ്രത്യേകത. അതിൽ dextrin, maltose എന്നിവ കൂടുതൽ ആണ്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇവ വളരെയധികം പ്രചാരത്തിലുണ്ട്.

പരിശോധനയ്ക്കായി  മണ്ണു സാമ്പിൾ എങ്ങിനെ ശേഖരിക്കാം?

ഓരോ കൃഷിയിടത്തിൽ നിന്നും പ്രത്യേകം പ്രത്യേകം സാമ്പിൾ എടുക്കണം ഒരേ കൃഷിയിടത്തിൽ തന്നെ വ്യത്യസ്ഥ നിരപ്പുള്ളതോ പലയിനം മണ്ണുള്ളതോ വിവിധ വിളയുള്ളതോ, വിവിധ നിറമുള്ളതോ ആയ സ്ഥലത്തുനിന്നെല്ലാം പ്രത്യേക സാമ്പിളെടുക്കണം.

പഴയ വരമ്പുകൾ, ചതുപ്പു കുഴികൾ, കമ്പോസ്റ്റ്‌ കൂടിക്കിടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന്‌ സാമ്പിളുകൾ ശേഖരിക്കരുത്‌.വളം, കുമ്മായം, ഇവയിട്ട്‌ മൂന്നു മാസക്കാലമെങ്കിലും കഴിയാത്ത പ്ലോട്ടുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കരുത്‌.

മണ്ണു സാമ്പിൾ എടുക്കേണ്ട സ്ഥലം തീരുമാനിച്ചാൽ ഉപരിതലത്തിലുളള പുല്ല്‌, കരിയില, ചരൽമുതലായവ മാറ്റുക. അതിനു ശേഷം മൺവെട്ടിയുടെ സഹായത്തോടെ  “ V” ആകൃതിയിൽ ഒരു കുഴിയുണ്ടാക്കുക.നെല്ല്‌ കൃഷിയുള്ള സ്ഥലങ്ങളിൽ  15 സെ.മീ. ആഴത്തിലും തെങ്ങിനും അതുപോലുള്ള വിളകൾക്കും 25 സെ.മീ. ആഴത്തിലുമാണ്‌ കുഴിയെടുക്കേണ്ടത്‌.കുഴിയുടെ ഒരു വശത്തുനിന്നും ഉപരിതലം മുതൽ അടിവരെ 2 സെ.മീ. കനത്തിൽ ഒരു പോലെ മണ്ണ്‌ അരിഞ്ഞെടുക്കുക.ഒരേ നിരപ്പുള്ള ഒരേക്കർ സ്ഥലത്തുനിന്നും ഇപ്രകാരം 10-15 സാമ്പിളുകൾ ശേഖരിക്കണം. ഇത്‌ ഒരു കടലാസ്സിലിട്ട്‌ കട്ടകൾ പൊടിച്ച്‌ നല്ലതുപോലെ കലർത്തുക. ഈർപ്പമുണ്ടെങ്കിൽ തണലിൽ വെച്ച്‌ ഉണക്കുകകലർത്തിയ മണ്ണ്‌ സമചതുരാകൃതിയിൽ പരത്തിയിട്ട്‌ നാലായി വിഭജിക്കുക. എതിർവശത്തു വരുന്ന രണ്ട്‌ ഭാഗങ്ങളിലെ മണ്ണു മാത്രം എടുക്കുക. ഇതുവീണ്ടും കൂട്ടിക്കലർത്തി ഈ പ്രവർത്തനം ഏകദേശം 500 ഗ്രാം മണ്ണ്‌ സാമ്പിൾ കിട്ടുന്നതുവരെ ആവർത്തിക്കുക.ഇത്തരത്തിൽ ശേഖരിച്ച മണ്ണ്‌, തുണിസഞ്ചിയിലോ പോളിത്തീൻ  പായ്ക്കറ്റിലോ ഇട്ട്‌ സാമ്പിൾ തിരിച്ചറിയാനുള്ള നമ്പറും മറ്റു വിശദാംശങ്ങളോടെ മണ്ണു പരിശോധന ശാലയിലെത്തിക്കേണ്ടതാണ്‌.

കറുത്ത തക്കാളി.!

Black tomato (ഇൻഡിഗോ റോസ്)

ചുവന്ന ഇനങ്ങളേക്കാൾ കറുത്ത തക്കാളി ആരോഗ്യകരമാണെന്ന് സസ്യ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.!ഇതിനെ ഇൻഡിഗോ റോസ് എന്നും വിളിക്കുന്നു.!ഇത് ഇതിനകം അമേരിക്കയിൽ ജനപ്രിയമാണ്.!

പുതിയ തക്കാളി ഒരു സാധാരണ പച്ച പഴമായി ആരംഭിക്കുന്നുവെങ്കിലും കറുത്ത നിറത്തിലേക്ക് പാകമാകും.!കറുത്ത തക്കാളിയിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ടെന്നും പ്രമേഹത്തിനും അമിതവണ്ണത്തിനും എതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റാണെന്നും അമേരിക്കയിലെ ശാസ്ത്രജ്ഞർ പറയുന്നു.!ഈ വസന്തകാലത്ത് ആദ്യമായി യുകെയിൽ പുതിയ പ്ലാന്റുകൾ വിൽക്കാൻ ആരംഭിക്കാനുള്ള അവകാശം ഡെവോൺ ആസ്ഥാനമായുള്ള സട്ടൺ സീഡ്സ് നേടി.!

ഡെവോണിലെ സഗ്ടൺസ് സീഡ്സ് ഓഫ് പൈഗ്‌ന്റണിലെ അസിസ്റ്റന്റ് പ്രൊഡക്റ്റ് മാനേജർ ആൽഫി ജാക്സൺ പറഞ്ഞു.!അവ സാധാരണ തക്കാളിയെപ്പോലെ മധുരമുള്ളവയല്ല കൂടുതൽ രുചികരമായ സ്വാദുള്ളവയാണ്.!

അവ വറുക്കുമ്പോഴോ സലാഡുകൾ പോലെ കഴിക്കുമ്പോഴോ നല്ലതാണ്.!ഇരുണ്ട നിറമുള്ള ചില തക്കാളികളുണ്ട് പക്ഷേ ഇൻഡിഗോ റോസ് മാത്രമാണ് യഥാർത്ഥ കറുത്ത തക്കാളി ഇതുവരെ വളർത്തിയ ഏറ്റവും ഇരുണ്ടത്.!

യുഎസിലെ ഒറിഗൺ സർവകലാശാലയിലെ പ്രൊഫസർ ജിം മിയേഴ്സാണ് ഇത് വളർത്തിയത്.!ഒരു ബിരുദ വിദ്യാർത്ഥിക്ക് തക്കാളിയുടെ ആരോഗ്യ ആനുകൂല്യങ്ങൾ കാണാൻ താൽപ്പര്യമുണ്ടായതിനെ തുടർന്നാണ് ഇത് സംഭവിച്ചത്.!

അവർ പർപ്പിൾ പിഗ്മെന്റേഷനോടുകൂടിയ ചില തക്കാളി കണ്ടെത്തി പരിശോധനയിൽ ബ്ലൂബെറിക്ക് സമാനമായ ആന്തോസയാനിനുകൾ നിറം നൽകുന്നുണ്ടെന്ന് കണ്ടെത്തി.!വളർച്ചാ പ്രക്രിയയിൽ ഇത് എല്ലാ തക്കാളിയെയും പോലെ പച്ചയായി തുടങ്ങുന്നു.!

പിന്നീട് അതു കറുത്തതായി മാറുന്നു.

വേരുകളുടെ വിസ്മയങ്ങൾ

ഓരോ ചെടിക്കും ജലവും ലവണങ്ങളും എത്തിച്ചുകൊടുക്കാനുള്ള അവയവങ്ങളാണ് വേരുകൾ. മണ്ണിൽ ചെടികളെ പിടിച്ചു നിർത്തുക, മണ്ണിൽനിന്നു വെള്ളം വലിച്ചെടുക്കുക എന്നതാണു വേരുകളുടെ മുഖ്യധർമങ്ങൾ. മണ്ണിൽനിന്നു വലിച്ചെടുത്ത് ഈ ദ്രവ്യങ്ങൾ ഇലയിലെത്തിയാലേ ഭക്ഷണം നിർമിക്കാൻ പറ്റൂ.  ഓരോ വേരിനും തനതായ ഘടനയുണ്ട്. അഗ്രഭാഗത്തെ മെരിസ്റ്റമിക കോശങ്ങൾ, വളർച്ചാ ഭാഗങ്ങൾ, മൂലലോമങ്ങൾ എന്നീ ഭാഗങ്ങളുള്ള വേരുകൾക്കു മണ്ണിലൂടെ നീങ്ങുമ്പോൾ മുഖാവരണംപോലെ ഒരു കവചവും (Root cap) കാണാം. ഇതിൽ മൂലലോമങ്ങൾ (Root hair) എന്ന ഏകകോശ ഭാഗങ്ങൾവഴി മാത്രമാണ് വസ്തുക്കൾ ഉള്ളിലേക്കെടുക്കുന്നത്.

രണ്ടുതരം വേരുപടലങ്ങളുണ്ട്. ഏകബീജപത്രികളിലെ നാരുവേരുപടലം (Fibrous root system), ദ്വിബീജ പത്രികളിലെ തായ്‌വേരുപടലം (Taproot system) എന്നിവയാണവ. ഭ്രൂണത്തിന്റെ ഭാഗമായ Radicleൽ നിന്നാണ് വേരുകൾ സാധാരണ ഉദ്ഭവിക്കുക. എന്നാൽ കാണ്ഡഭാഗത്തുനിന്നും വേരുകൾ ഉദ്ഭവിക്കാം. ഇവയെ Adventitious roots എന്നാണു വിശേഷിപ്പിക്കുക. വേരുകളിലെ ഉള്ളിലെ ആന്തരിക ഘടന പരിശോധിച്ചാൽ സംവഹന വ്യവസ്ഥയിലെ സങ്കീർണത കാണാം. ജലത്തിലെ സസ്യങ്ങളിൽ ഈ വേരുപടലങ്ങളുടെ ബാഹുല്യം കുറവാണ്. എന്നാൽ മരൂരൂഹ സസ്യങ്ങളിൽ സങ്കീർണവും വിപുലവുമായ വേരുപടലങ്ങൾ കാണാം. മണ്ണിനടിയിൽ തങ്ങിനിൽക്കുന്ന ജലത്തെ ആഗിരണം ചെയ്ത് ഉയരത്തിലുള്ള ഭാഗങ്ങളിലെത്തിക്കുന്നതിന് വേര് നടത്തുന്ന പ്രവർത്തനങ്ങൾ വിസ്മയകരമാണ്.

🔹ദശമൂലങ്ങൾ, ഔഷധമൂലികൾ

സസ്യൗഷധങ്ങളിൽ കൂടുതലും വേരുകളിൽ നിന്നു ലഭിക്കുന്നതാണ്. രാസയൗഗികങ്ങൾ അടങ്ങിയ ഈ വേരുകൾ ആയുർവേദത്തിൽ ഔഷധയോഗങ്ങൾ എന്നപേരിൽ അറിയപ്പെടുന്നു. അതിനായെടുക്കുന്ന ദശമൂലങ്ങൾ പ്രസിദ്ധമാണ്. ഈ മരൗഷധികൾ ഏതെന്നു പരിചയപ്പെടാം.

🔹വേരുകളിൽ നിന്ന് ശിൽപങ്ങൾ

കാപ്പിച്ചെടി മുതലായവയുടെ വേരുപടലങ്ങളിൽനിന്നു ശിൽപരൂപങ്ങൾ നിർമിക്കുന്നതു കണ്ടിട്ടില്ലേ? തെങ്ങ്, തേക്ക്, മദിരാശി ഈത്ത ഇങ്ങനെ ഒട്ടേറെയുണ്ട് ഈ തരത്തിലുള്ളവ.

🔹കണ്ടൽ വേരുകൾ

ഉപ്പിന്റെ അംശം കുറഞ്ഞ ജലത്തിനടുത്തു വളരുന്ന സസ്യവർഗങ്ങളാണ് കണ്ടൽചെടികൾ. ഇവയുടെ പ്രത്യേക വേരുകളാണ് ശ്വസനവേരുകൾ. മണ്ണിനുള്ളിലെ വായുവിന്റെ അഭാവമാണ് ദ്വാരങ്ങളുള്ള പ്രത്യേകമായ വേരുകളുടെ മുകളിലേക്കുള്ള വളർച്ചകൾ. ഉപ്പുപരലുകളെ പുറന്തള്ളാനും വേരുകൾക്കാകും. മാത്രമല്ല, മണ്ണിനെ ആശ്രയിക്കുന്ന വേരുപടലങ്ങൾക്കിടയിൽ മത്സ്യങ്ങളുടെ പ്രജനനകേന്ദ്രമെന്ന ആവാസകേന്ദ്രവും സൃഷ്ടിക്കും.

🔹N2 സ്ഥിതീകരണം വഴി ജീവസുരക്ഷ

അന്തരീക്ഷത്തിലെ സ്വതന്ത്ര നൈട്രജനെ സ്ഥിതീകരിക്കാൻ ശേഷിയുള്ള ബാക്ടീരിയകൾ വസിക്കുന്ന വേരുകൾ പയറുവർഗത്തിലുണ്ട്. ഇതിന്റെ സാന്നിധ്യത്തിൽ വേരുകൾക്ക് അർബുദം പോലുള്ള മുഴകൾ ഉണ്ടാകുന്നു. ഈ ചെടിവർഗങ്ങളുടെ വേരുമുഴകൾ പരിശോധിച്ചാൽ ഇത്തരം ബാക്ടീരിയങ്ങളുടെ സാന്നിധ്യം കാണാം. അതുപോലെ ജിംനോസ്പേംസ് (Gymnosperms) വിഭാഗത്തിലെ Corolloid Roots (കൊറല്ലോയ്ഡ് വേരുകൾ) ഇതുപോലുള്ള ബാക്ടീരിയങ്ങളുടെ അധിവാസകേന്ദ്രങ്ങൾ. പോഷക സംപുഷ്ടതയ്ക്കു വേണ്ടി ഫംഗസുകളും വേരുകളുമായി ചേർന്നു പ്രവർത്തിക്കും. ഇവയെ Mycorrhiza (മൈക്കോറൈസ) എന്നാണു വിളിക്കുക.

🔹വേരിൽ നിന്ന് പുതുസസ്യങ്ങൾ

പുതിയ ചെടികളെ ഉൽപാദിപ്പിക്കാൻ വേരുകൾക്കാകും. കടപ്ലാവ്, കറിവേപ്പ് എന്നിവ അതിൽ ചിലതാണ്. ഈ സാധ്യത പ്രയോജനപ്പെടുത്തി ലെയർ ചെയ്ത് നഴ്സറികളിൽ ചെടികൾ വിൽക്കപ്പെടുന്നു.

🔹സുഗന്ധം പരത്തുന്ന വേരുകൾ

രാമച്ചവിശറി, കിടക്ക, കസേര എന്നിവയൊക്കെ നിർമിക്കുന്നത് രാമച്ചത്തിന്റെ വേരുകളിൽ നിന്നാണ്. സുഗന്ധവാഹികളായ ഇതിൽനിന്നും സുഗന്ധതൈലവും വേർതിരിക്കാം.

🔹കിഴങ്ങുവിളകൾ

മരച്ചീനി, മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നീ കിഴങ്ങുവർഗങ്ങൾ വേരിൽ സംഭരിക്കുന്ന അന്നജത്തിന്റെ ആധിക്യം കൊണ്ടുണ്ടാകുന്നതാണ്.

🔹താങ്ങുവേരുകളുടെ പിൻബലങ്ങൾ

ഗ്രേറ്റ് ബന്ന്യാൻ എന്ന പേരാൽ ഒരു ഗ്രാമമാകെ വ്യാപിച്ചു നിൽക്കുന്നു. അതിന്റെ ചില്ലകളെ താങ്ങിനിർത്തുന്ന വേരുകളാണ് അതിനു കാരണം. ഇവയെ prop roots എന്നു വിളിക്കുന്നു. വേടുകൾ എന്ന നാടൻ പേരുമുണ്ട്. കാണ്ഡത്തിൽ നിന്നുണ്ടാകുന്നതുമൂലം Adventitious roots എന്നാണ് ഇവയെ വിളിക്കാറുള്ളത്.

🔹പ്രകാശ സംശ്ലേഷണത്തിനു വേരുകൾ

അമൃതുവള്ളി(Tinospora)യിൽ പച്ചനിറമുള്ള വേരുകൾ തൂങ്ങിക്കിടക്കുന്നതു കാണാം. ഹരിതകണമുള്ള ഇവയാൽ അന്നജം നിർമിക്കാൻ ഈ സസ്യത്തിനാകുന്നു.

🔹മണ്ണൊലിപ്പിനു പ്രതിവിധി

ഉരുൾപൊട്ടൽ നടന്നാലും പിടിച്ചുനിർത്താനാകുന്ന ശക്തിയുണ്ട് വേരുകൾക്ക്. പടലപിടിച്ച് ഇവ കരയെ കാത്തുനിർത്തുന്നു. കുന്നുകളെ പിടിച്ചുനിർത്തുന്നു.

🔹ബൃഹത് പഞ്ചമൂലങ്ങൾ

കൂവളം

കുമിഴ്

മുഞ്ഞ

പാതിരി

പലകപ്പയ്യാനി

🔹ഹ്രസ്വപഞ്ചമൂലങ്ങൾ

ഓരില

മൂവില

ചെറുവഴുതിന

കണ്ടകാരിച്ചുണ്ട

ഞെരിഞ്ഞിൽ