എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ അർദ്ധവിരാമം

Schoolwiki സംരംഭത്തിൽ നിന്ന്
അർദ്ധവിരാമം

സൃഷ്ടി
_______
ഏദൻതോട്ടത്തിലെ വിലക്കപ്പെട്ട കനി
ഹാ.. അത്..
അതിന്നലെ വളർന്നൊരു ചെടിയായി
എന്ത്?
ആന്നെ, ആദവും ഹൗവ്വയും -
കാറ്റുകൊള്ളാനിറങ്ങിയതായിരുന്നു അന്നേരം.
ചെടിയെങ്ങനെയാ?
കറുപ്പിന്റെ വശ്യത
ഇരുളിന്റെ വന്യത
പുതിയ സൗന്ദര്യം
പുതിയ സൃഷ്ടി !

സ്ഥിതി


മൊബൈലിന്റെ ഉറക്കെകരച്ചിലുകളാണ്
എന്നും ഉറക്കം ഉണർത്തിയിരുന്നത്
ഇന്നലെ ഉറങ്ങിയില്ല, ഉണരാൻ
പുതിയ കനി മനസിലുരുണ്ടുപിരണ്ടു
ചുമരിലെ ചില്ലുകണ്ണാടിയിൽകണ്ടു,
അതേ കറുപ്പിന്റെ വന്യമായ ഇരുൾ

  • * * * * *

അകത്തിരുന്നു ശ്വാസം കിട്ടാതെ പിടഞ്ഞ
'പൂച്ചകരച്ചിലുകൾ 'കേട്ടു
അവ തേടിയിറങ്ങിയപ്പോൾ,
കരിയെഴുതിയ കണ്ണിനു വേണ്ടിയുള്ള
കച്ചവടകണക്കുകൾ ഉയർന്നു
മിണ്ടാതിരുന്നു.
ദൂരെ നിന്ന് കണക്കു തെറ്റിക്കുമാ-
റൊരു ചിരി കേട്ടു
ചിരിയായിരുന്നോ?
അല്ല, വിധിയറിഞ്ഞ പൊട്ടിച്ചിരി
റഹീമിന്റേതായിരുന്ന -
രാമിന്റെ അട്ടഹാസം
അപ്പോഴും മിണ്ടിയില്ല
അകലെ മന്ത്രങ്ങൾക്കിടയിൽ നിന്നും
ഒരു കരച്ചിൽ കേൾക്കാം.
കേട്ടുനിൽക്കേ അവൾ വന്നു
ആര്?
മുഖമാകെ മാന്തിപ്പറിക്കപ്പെട്ടവൾ
അവൾക്കു മുന്നിലൂടെ ഐഫോണിന്റെ
കീപാഡുകൾ ഓടിമറഞ്ഞു -
എനിക്കൊന്നും അറിയില്ലെന്ന് പുലമ്പികൊണ്ട്.
കറുപ്പ്.. എങ്ങും ഇരുൾ..

സംഹാരം


മരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?
പച്ച ഇലകളുള്ള മരം
അതെന്താണ്?
വായു ഫ്രീ ആയിട്ടു തന്നിരുന്ന..
ഓ അത്,
അതിനെയിപ്പോ കാണാറേയില്ല.

  • * * * * *

വെള്ളം കയറുന്നുണ്ടോ?
ടൈൽസിൽ ചെളി പുരളും
പോലെ
ഉണ്ട്
എങ്ങോട്ട് പോകും?
രാം നടന്നു റഹീമിന്റെ വീട്ടിലേക്ക്
അവരൊന്നിച്ചു നടന്നു
ചിരിക്കണ്ട, കാര്യമായിട്ടാണ്
അവരൊന്നിച്ചാണ്‌

വിരാമം


താണ്ഡവം കഴിഞ്ഞു
കൊന്തയും കുറിയുമൊക്കെ രണ്ടായി പിരിഞ്ഞു
രാം ചിരിച്ചു -അല്ല, അതേ അട്ടഹാസം
റഹീം അതിനു മറുപടിയായി അട്ടഹസിച്ചു
പള്ളിയിലും അമ്പലത്തിലും
അന്യമതസ്ഥർക്ക് പ്രവേശനമില്ലാതായി
ആണും പെണ്ണുമായി
കൊലവിളികൾ ഉച്ചത്തിലായി
മങ്കൊമ്പിൽ പൂച്ചയും മനുഷ്യനും വീണ്ടും തൂങ്ങിയാടി

  • * * * * * *

പക്ഷെ, ആരുമറിഞ്ഞില്ല
എന്ത്?
പൂർണ്ണവിരാമം ആയിട്ടില്ല
കഴിഞ്ഞത് വെറും അർദ്ധവിരാമം മാത്രമാണെന്ന്.
             -നിരഞ്ജന
              

NIRANJANA P
11 B എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത