ഊരള്ളൂർ എം യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നമ്പ്രത്ത് കരയിലുള്ള നരിയങ്ങൽ രാമൻ മാസ്റ്റർക്ക് സ്കൂൾ നടത്തിപ്പിന് തീരു കൊടുത്തു. അപ്പോഴേക്കും ഒന്നാം തരം മുതൽ നാലാം തരം വരെയായി സ്കൂൾ വളർന്നു. പിൽകാലത്ത് കൂടുതൽ സൗകര്യമുള്ള കൂനിച്ചികണ്ടി പറമ്പിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. രാമൻമാസ്റ്റർ,കുഞ്ഞിരാമൻ മാസ്റ്റർ,ചാത്തുക്കുട്ടി മാസ്റ്റർ എടക്കുറ്റ്യാപ്പുറത്ത് കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ അധ്യാപകർ. 1935ൽ രാമൻ മാസ്റ്റർ കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്കൂൾ തീരുകൊടുത്തു. അതോടെ സ്കൂളിന്റെ അവസ്ഥയിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി. സ്കൂൾ നല്ല രീതിയിൽ നടത്തണമെന്ന മാനേജറുടടെ താൽപര്യത്താൽ കൂനിച്ചിക്കണ്ടി പറമ്പിൽ നിന്നും ഇപ്പോഴുള്ള സ്ഥലത്താക്ക് മാറ്റി "ഊരള്ളൂർ സ്കൂൾ" എന്ന് അറിയപ്പെടുകയും ചെയ്തു. പരിണിത പ്രജ്ഞനായ ജനാബ് കുഞ്ഞ്യേത്കുട്ടി മുസ്ല്യാരാണ് പുതിയ സ്കൂളിന്റെ പ്രധാനാധ്യാപകൻ. എലങ്കോപുതിയെടുത്ത് അസ്സൈനാർ മാസ്റ്റർ, രാമൻ മാസ്റ്റർ, എ കെ കൃഷ്ണൻ മാസ്റ്റർ, അപ്പുക്കുട്ടി മാസ്റ്റർ, വാര്യക്കണ്ടി അമ്മത്കുട്ടി മുസ്ല്യാർ എന്നിവരെ നിയമിച്ചുകൊണ്ട് 1936 ഏപ്രിൽ 27ന് തിങ്കളാഴ്ച ജനാബ് മണപ്പാട് കുഞ്ഞമ്മത് ഹാജി "ഊരള്ളൂർ മാപ്പിള സ്കൂൾ" ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിന്റെ വളർച്ച ഈ പ്രദേശത്തിന്റെ വളർച്ച കൂടിയായി തുടങ്ങി. കെ പി മായൻ സാഹിബിന്റെ കാലത്തു തന്നെ അദ്ധേഹത്തിന്റെ പുത്രൻ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂൾ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആവുകയും ചെയ്തു. 1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.

വിദ്യാർത്ഥികളുടെ സമഗ്ര വികസനം സാധ്യമാകുന്ന രീതിയിൽ പഠനനിലവാരം ഉയർത്താൻ സാധിച്ചിട്ടുണ്ട്. പി ടി എ, എസ് എം സി, എസ് എസ് ജി എന്നിവയുടെ പിൻബലത്തോടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു വരുന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അടങ്ങുന്ന ഒരു കൂട്ടായ്മയാണ്. വിദ്യാലയത്തെ അനുദിനം പുരോഗതിയിലേക്ക് ഉയർത്താൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ സ്കൂൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 1 മുതൽ 4 വരെയുള്ള ഓരോ ഡിവിഷനുകളും 5 മുതൽ 7 വരെയുള്ള 2 ഡിവിഷനുകളും ആകെ 10 ക്ലാസ്സുകൾ ആണ് നിലവിലുള്ളത്. സ്റ്റാഫ് റൂം, ഓഫീസ്, 5 ക്ലാസ്സ് മുറികൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ഇരുനില കെട്ടിടം നിർമ്മാണം പൂർത്തിയായി. എല്ലാ ക്ലാസിയും വൈദ്യുതി സൗകര്യം ലഭ്യമായ സ്കൂളിൽ ആവശ്യമായ ടോയിലറ്റുകൾ കുടിവെള്ളലഭ്യത, 40കുട്ടികൾക്ക് ഒരേസമയം പഠിക്കാൻ ഉതകുന്ന കമ്പ്യൂട്ടർ ലാബ് ,കളിസ്ഥലം എന്നിവയുമുണ്ട്.