ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മണ്ണിൻറെ കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണിൻറെ കൂട്ടുകാരൻ      

ഒരു ഗ്രാമത്തിൽ കഠിനാധ്വാനിയായ ഒരു കർഷകൻ ഉണ്ടായിരുന്നു, രാമനുണ്ണി. പ്രകൃതിയെയും മണ്ണിനേയും അറിഞ്ഞ് അവരെ സ്നേഹിച്ചു ജീവിക്കുന്ന ഒരു നാട്ടുമ്പുറത്തുകാരൻ. പ്രകൃതിക്ക് യാതൊരു ദോഷവും വരാത്ത തരത്തിൽ ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയാണ് അദ്ദേഹം ചെയ്തുപോന്നത്. വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ ധാന്യങ്ങളും, കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ വളർത്തിയെടുക്കുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവ അയാൾ കൃഷിയിടത്തിൽ നട്ടുവളർത്തി. കൃഷി ചെയ്തുകിട്ടുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുംതന്നെയാണ് വീട്ടിൽ പാചകത്തിന് ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് അയാളും ഭാര്യയും രണ്ട് പെൺമക്കളും അയാളുടെ അമ്മയും അടങ്ങുന്ന കൊച്ചുകുടുംബം മുന്നോട്ടു പോകുന്നത്. കൃഷി മാത്രം വരുമാനമാർഗ്ഗം ഉണ്ടായിരുന്ന അദ്ദേഹത്തെ ഭാര്യയും അമ്മയും മകളും നന്നായി സഹായിച്ചു. സന്തോഷകരമായ, അലട്ടലില്ലാതെ ജീവിതമായിരുന്നു അവരുടേത്. എന്നും തൊടിയിൽ എത്തുന്ന പക്ഷികളും അവയുടെ കിളിനാദവും മനസ്സിന് കുളിർമയേകി. കുഞ്ഞ് മുയലുകൾ, അണ്ണാറക്കണ്ണന്മാർ തുടങ്ങിയവർ കുട്ടികളുടെ ഉറ്റ ചങ്ങാതിമാരായിരുന്നു. വർഷങ്ങൾ കടന്നുപോയി. സന്തോഷത്തോടെയുള്ള അവരുടെ ജീവിതം മുന്നോട്ട് പോയി. എന്നാൽ പതുക്കെ പതുക്കെ കൃഷിയിടത്തിൽ വിളവ് കുറയുന്നുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. വീട്ടിലുണ്ടാക്കുന്ന വളങ്ങൾ മാത്രമാണ് അദ്ദേഹം കൃഷിക്ക് ഉപയോഗിച്ചിരുന്നത്. പശുവിന്റെ ചാണകവും പിണ്ണാക്കും ചേർത്ത് വെള്ളം ഒഴിച്ച് വെക്കും, പിന്നെ അത് വളം ആയാൽ പച്ചക്കറികൾക്ക് ചേർക്കും, മണ്ണിരകളെ ഉപയോഗിച്ച് സ്വന്തമായി കമ്പോസ്റ്റ് ഉണ്ടാക്കും, പിന്നെ കുറച്ച് പച്ചില വളങ്ങൾ, ഇതൊക്കെയാണ് അദ്ദേഹം സാധാരണയായി തൊടിയിൽ ഉപയോഗിച്ചിരുന്ന വളങ്ങൾ. രാസവളങ്ങൾ കൊണ്ട് കൃഷി ചെയ്താൽ മണ്ണിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടും എന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന മണ്ണിരകൾ അദ്ദേഹത്തിന്റെ മണ്ണിൽ ധാരാളമായി ഉള്ളതും. എന്നാൽ ക്രമേണ വിളവ് കുറഞ്ഞുവന്നത് അദ്ദേഹത്തെ മാനസികമായി തകർത്തു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്റെ മക്കൾ പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകൻ കൃഷ്ണൻ മാഷ് വീട്ടിൽ വന്നു. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വിളവിൽ ഉണ്ടായ മാറ്റങ്ങളെപ്പറ്റി മാഷിനോട് അദ്ദേഹം പറഞ്ഞു. അപ്പോൾ മാഷ് രാമനോട് പറഞ്ഞു, "ഇവിടുത്തെ കൃഷിഓഫീസർ എന്റെ ഭാര്യയുടെ അനുജനാണ്. രാമനുണ്ണി, നമുക്ക് അവനോട് ഒന്ന് ചോദിച്ചാലോ? എന്തുവേണമെന്ന്...” അപ്പോൾ രാമനുണ്ണി പറഞ്ഞു, "ഇത്രയും കാലം ഞാൻ അവരോട് ആരോടും സഹായം ചോദിച്ച് ബുദ്ധിമുട്ടിച്ചില്ല. മാത്രമല്ല, അവർ തരുന്ന രാസവളങ്ങൾ ഒന്നും ഞാൻ എന്റെ ഭൂമിയിൽ കറ്റാറില്ല". "എന്തായാലും നമുക്ക് ഒന്ന് ചോദിച്ചു നോക്കാം, ചിലപ്പോൾ രാസവളങ്ങൾ ഇല്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരിക്കും" മാഷ് ഇങ്ങനെ പറഞ്ഞപ്പോൾ രാമനുണ്ണി സമ്മതിച്ചു. അങ്ങനെ തൊട്ടടുത്ത ദിവസം തന്നെ കൃഷിഓഫീസർ മാധവൻ വീട്ടിലെത്തി, മണ്ണ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. പരിശോധിച്ച് ഫലം വന്നപ്പോഴാണ് മനസ്സിലായത് ചെടികളെ പൂക്കാനും കായ്ക്കാനും സഹായിക്കുന്ന ചില ഘടകങ്ങൾ മണ്ണിൽ കുറഞ്ഞതാണ് കുഴപ്പം. ഓഫീസറുടെ നിർദ്ദേശപ്രകാരം ചില പച്ചില വളങ്ങൾ ഇട്ടുകൊടുത്തു. അധികദിവസം കഴിഞ്ഞില്ല, ചെടികൾ പച്ചക്കറികൾ കൊണ്ട് നിറഞ്ഞു. രാമനുണ്ണിക്ക് സന്തോഷമായി. രാമനുണ്ണി പെട്ടെന്നുതന്നെ ഓഫീസറുടെയും മാഷിൻറെയും വീട്ടിൽ ചെന്ന് നന്ദി പറഞ്ഞു.

സൗപർണ്ണിക സുനില്
നാലാം തരം സി ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ