ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ./അക്ഷരവൃക്ഷം/ സാക്ഷിയായി നീലിമല

Schoolwiki സംരംഭത്തിൽ നിന്ന്
സാക്ഷിയായി നീലിമല

തണുത്ത് വിറച്ച് നീലിമല എന്ന ഒരു ചെറിയ ഗ്രാമത്തിലേക്ക് ഞങ്ങൾ ബസ്സിൽ കൂടി നീങ്ങുകയായിരുന്നു. "നമ്മൾ ഈ സ്കൂളിൽ നിന്ന് പോകുന്ന അവസാന വിനോദ യാത്രയാണ്.ഇത് നമ്മുക്ക് ഒരിക്കലും മറക്കാത്ത ഓർമ്മയാക്കി മാറ്റണം." മീനു അവളുടെ സുഹൃത്തുക്കളോടായി പറഞ്ഞു.എല്ലാവരും വളരെയധികം ആവേശത്തോടെ മീനുവിനോട് തല കുലുക്കി സമ്മതിച്ചു. ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു, ഇവിടുന്ന് കിട്ടുന്ന അറിവുകൾ, ഓരോ സൂക്ഷ്മമായ കാഴ്ചകൾ, ചരിത്ര സംബന്ധമായ സംഭവങ്ങൾ എല്ലാം മനസ്സിന്റെ ഒരു കോണിൽ നിറഞ്ഞു നിൽക്കുന്നതാക്കണം. അങ്ങനെ അവർ നീങ്ങി കൊണ്ടിരുന്നു. പെട്ടെന്ന് മുന്നിൽ നിന്നും അവരുടെ അദ്ധ്യാപകന്റെ ശബ്ദം കേട്ടു." വാ, കുട്ടികളെ നമുക്ക് ഒരു ചായ കുടിച്ചിട്ട് പോകാം." എല്ലാവരുമിറങ്ങി ചായ കുടിക്കുകയാണ്. മീനു ആ സമയത്തും നീലിമലയുടെ സൗന്ദര്യ ഭംഗി ആസ്വദിക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ ശ്രദ്ധ ചായ കടയുടെ സമീപമുള്ള ബസ്സ് സ്റ്റോപ്പിലേക്ക് തിരിഞ്ഞു. അവിടെ 'ഡോ.സൂര്യയുടെ ഓർമ്മയ്ക്ക് ' എന്നെഴുതിയത് മീനു ശ്രദ്ധിച്ചു. അങ്ങനെ അവർ വീണ്ടും യാത്ര തുടർന്നു.പോകുന്ന വഴിയെല്ലാം,

'മാതൃകയാക്കാം നമ്മുടെ സൂര്യയെ ' എന്നെഴുതിയതും അവളുടെ ഉള്ളിൽ സംശയം ഉണർത്തി. അങ്ങനെ അവർ സാർ പറഞ്ഞ ആ ഗ്രാമത്തിലേക്ക് നടക്കുകയാണ്. അവസാനം അവർ ഒരു മലയുടെ മുകളിലെത്തി."ഈ മലയുടെ താഴെയാണ് ആ ഗ്രാമം. അതെ നീലിമല, സാർ പറഞ്ഞു.ഈ ഒരു കാഴ്ച ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് ആവേശം നിറഞ്ഞ കാഴ്ചയായിരുന്നു."സാർ, ഈ ഗ്രാമത്തിൽ എന്താ ഇത്ര പ്രത്യേകതയുള്ളത"? കുട്ടികളിൽ ഒരാൾ ചോദിച്ചു." ഈ ചോദ്യത്തിന്റെ ഉത്തരത്തിനാണ് നമ്മൾ ഇവിടെ വന്നത്", സാർ പറഞ്ഞു. കുറച്ച് വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണിത്.എല്ലാവർക്കും കേൾക്കാൻ തിടുക്കമായി. സാർ ആ സംഭവം പറഞ്ഞു തുടങ്ങി. അന്ന് ഈ നീലിമല ഗ്രാമം ഇന്നത്തെക്കാൾ എത്രയോ മനോഹരമായിരുന്നു. ഗ്രാമത്തിലെ എല്ലാവരും വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അന്ന് ഈ ഗ്രാമത്തിൽ ഒരു വലിയ പണക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ വിദേശത്തായിരുന്നു പഠിച്ചിരുന്നത്. അവരുടെ ഗ്രാമത്തിലുണ്ടായിരുന്ന ഒരേ ഒരു ഡോക്ടറായിരുന്നു, ഡോ.സൂര്യ, ഗ്രാമവാസികളുടെയെല്ലാം കണ്മണി. പെട്ടെന്ന് മീനു സാറിനോട് പറഞ്ഞു ,"സാർ ഈ ഡോക്ടറെ പറ്റിയുള്ള ബോർഡ്,നമ്മൾ സഞ്ചരിച്ച വഴികളിലൊക്കെ ഉണ്ടായിരുന്നു. അതെ. സാർ വീണ്ടും തുടർന്നു. ഒരു ഡോക്ടറായി നീലിമലയിൽ തന്നെ ജോലി ചെയ്യണമെന്നായിരുന്നു സൂര്യക്ക് ആഗ്രഹമുണ്ടായിരുന്നത്. അത് സാധിച്ചു. മകന്റെ പിറന്നാളാഘോഷത്തിന് നാടൊട്ടാകെ വിരുന്നിൽ പങ്കെടുത്തു. വിദേശത്ത് നിന്നും തന്റെ സുഹൃത്തുക്കളോടൊപ്പമായിരുന്നു മകൻ വന്നിരുന്നത്. അങ്ങനെ ഒരു ദിവസം സൂര്യ തന്റെ ഗ്രാമവാസികളോടായി ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞു,"നമ്മുടെ ലോകത്തെ അതിഭയങ്കരമായ ഒരു വൈറസ് പിടിപ്പെട്ടിരിക്കുകയാണ്. കൊറോണ എന്ന മഹാമാരി. അപ്പോൾ മീനു ചോദിച്ചു, സാർ, ഈ കൊറോണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതല്ലേ? അതെ. സാർ വീണ്ടും തുടർന്നു. അവസാനമായി ആ ഡോക്ടർ പറഞ്ഞു, ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. എന്നാൽ പിറ്റേ ദിവസം തന്നെ സൂര്യയുടെ അടുത്ത് അസുഖങ്ങളുമായി കുറെ ആളുകൾ വന്നു.എല്ലാ ദിവസത്തെയും പോലെയായിരുന്നില്ല പിന്നെയുള്ള നാളുകൾ. രോഗികൾ വർദ്ധിച്ചു കൊണ്ടിരുന്നു. ഇതിൽ എന്തോ അപകട സൂചന തോന്നിയ ഡോ.സൂര്യ കൊററോണയെ കുറിച്ച് കൂടുതൽ പഠിച്ച് തീർച്ചപ്പെടുത്തി, കൊറോണ നീലിമലയെ ലക്ഷ്യമിട്ടിരിക്കുകയാണ്. പിറന്നാളാണ് അതിന്റെ വഴിയെന്നും മനസ്സിലായി. കാരണം, ആ വിരുന്നിൽ വിദേശത്ത് നിന്നുമാണ് ആ പണക്കാരന്റെ മകനും കൂട്ടുകാരുമെത്തിയത്.

നീലിമലയിലെ ചെറിയ പൊടി കുഞ്ഞിനെ പോലും കൊറോണ വെറുതെ വിട്ടില്ല. സൂര്യക്കും കൊറോണ ഉറപ്പായിരുന്നു, കാരണം അവനും അന്ന് ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ സ്വന്തം ജീവൻ നോക്കാതെ അവൻ പരിശ്രമിച്ചു കൊണ്ടിരുന്നു. നീലിമലയെ രക്ഷിക്കാൻ. ആ ദിവസങ്ങൾ നീലിമലയിൽ സങ്കടത്തിന്റെ രാവും പകലുമായിരുന്നു. ഒരു വാശിയായി, സ്വന്തം ജീവൻ പണയപ്പെടുത്തി സൂര്യ നീലിമലയ്ക്കു വേണ്ടി തന്റെ ആരോഗ്യനില മറന്ന് പൊരുതി കൊണ്ടിരുന്നു. കാരണം, അവനറിയാം താൻ ഒരു ഡോക്ടറാണ്, ജീവൻ രക്ഷിക്കുകയാണ് തന്റെ കർതവ്യമെന്നും. കൊറോണയുമായുള്ള ഈ മഹായുദ്ധത്തിൽ ഒരു രാജാവിനെ പോലെ നിന്ന് തന്റെ പ്രജകളെ രക്ഷിക്കുവാൻ വേണ്ടി സൂര്യ പോരാടി കൊണ്ടിരുന്നു.അങ്ങനെ ജനങ്ങളിൽ രോഗം കുറെശ്ശെ ഭേദപ്പെട്ടു കൊണ്ടിരുന്നു.അങ്ങനെ ഒരാൾ മാത്രം ശേഷിക്കെ അവരെയും രക്ഷിച്ച്, അടുത്ത നിമിഷത്തിൽ കൊറോണ എന്ന മഹാമാരിക്ക്, നീലിമലയ്ക്ക് വേണ്ടി, ഡോ.സൂര്യ എന്ന വ്യക്തി

നീലിമലയിലെ ആദ്യത്തെ കൊറോണ രോഗിയായി മരണപ്പെട്ടു. ഈ സംഭവം കഴിഞ്ഞ് ഇത്രയായിട്ടും നീലിമലയിലെ ജനങ്ങൾ സൂര്യയെ മറന്നിട്ടില്ല. മനുഷ്യന് മരണമുണ്ടെങ്കിലും മായാത്ത നന്മയ്ക്ക് മരണമുണ്ടാകില്ല. സൂര്യയെ പോലുള്ള ആരോഗ്യ പ്രവർത്തകരെ നമ്മൾ ഒരിക്കലും മറക്കരുത്.കാരണം, അവരാണ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നമ്മുക്ക് വേണ്ടി പോരാടുന്നത്. അവസാനം മീനു ചോദിച്ചു, സാറിനെങ്ങനെയാണ് ഈ സംഭവങ്ങളെല്ലാം ഇത്ര വ്യക്തമായി അറിയുന്നത്? സാർ പറഞ്ഞു ,താൻ ജനിച്ചു വളർന്ന നാടും, അവിടെ നടന്ന സംഭവങ്ങളും കൊറോണ എന്ന മഹാമാരി എന്നെ പിടിച്ചപ്പോൾ രക്ഷിച്ച ഡോ. സൂര്യയെയും ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ?


SANIYA K
8 A ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ