അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ദൈവം മനുഷ്യന് നൽകിയ വരദാനമാണ് പ്രകൃതി. മനുഷ്യന് അത് മലിനമാക്കാൻ യാതൊരുവിധ അധികാരവുമില്ല. മനുഷ്യർ അതിലെ വാടകക്കാരാണ്. ചെടികളെകൊണ്ടും വൃക്ഷലതാദികളെ കൊണ്ടും മറ്റ് പല വസ്തുക്കളെ കൊണ്ടും അതിന്റെ ഭംഗി വളരെയേറെ ഉയർന്നിരിക്കുന്നു. പച്ചപ്പട്ടണിഞ്ഞ പുൽമേടുകളും വ്യത്യസ്തങ്ങളും മനോഹരങ്ങളുമായ ശബ്ദം പുറപ്പെടുവിക്കുന്ന കിളികളും മണ്ണിൽ തഴച്ച് വളരുന്ന വിവിധയിനം വൃക്ഷങ്ങളും മൃഗങ്ങളും എല്ലാം പരിസ്ഥിതിയുടെ അവകാശികളാണ്. ബൈബിളിൽ പറഞ്ഞിരിക്കുന്ന ഏദൻതോട്ടമാണ് നമ്മുടെ ഈ പരിസ്ഥിതി. എന്നാൽ ഈ പരിസ്ഥിതിയെ അലങ്കോലപ്പെടുത്തുന്ന പ്രവർത്തികൾ ചെയ്യുന്നവർ ദിവസംതോറും കൂടി വരുന്നു. പരിസ്ഥിതി സംരക്ഷണത്തിലേർപ്പെട്ട് പരിസ്ഥിതി വിരുദ്ധമായവ ചെയ്യുന്നവർ പോലുമുണ്ട്. മരങ്ങൾ മുറിച്ചും കുന്നുകളും പാറകെട്ടുകളും അടങ്ങിയ ജൈവവ്യവസ്ഥയെ ഇടിച്ചു നിരത്തിയും കുളങ്ങളം പാടങ്ങളും നികത്തിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക്ക് പോലുള്ള അജൈവ മാലിന്യങ്ങളും കശാപ്പു ശാലകളിലെ മാലിന്യങ്ങളും വ്യവസായ ശാലകളിൽ നിന്നും പുറത്തേയ്ക്ക് തള്ളുന്ന മാലിന്യങ്ങളും മലിനജലവും ഒഴുക്കി പ്രകൃതിയെ മലിനമാക്കുന്നു. ഇതൊക്കെ നടത്തുന്നത് പല ഉന്നതന്മാരുടെയും മൗനാനുവാദത്തോടെയാണ്. മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കായി പ്രകൃതിയിലെ പലതിനെയും വിറ്റ് കാശാക്കുന്നു. മനുഷ്യൻ സമ്പാദിച്ചു കൂട്ടുന്നത് മുഴുവനും അവനുവേണ്ടിയാണ്.സമ്പാദിക്കണം, സമ്പാദിക്കണം എന്ന ദുരാഗ്രഹത്തിൽ അവൻ പ്രകൃതി വിഭവങ്ങളെ വിറ്റു മുടിച്ചു. മനുഷ്യന്റെ ഈ ദുരാഗ്രഹം അവനെ പല വിപത്തുകളിലേയ്ക്കും കൊണ്ടുചെന്ന് എത്തിക്കുന്നു.

മനുഷ്യൻ ഇന്ന് പ്രകൃതിയെ വീർപ്പുമുട്ടിച്ചിരിക്കുന്നു. വേറൊന്നും കൊണ്ടല്ല: പ്ലാസ്റ്റിക്ക് കവറുകളും ഇ- വേസ്റ്റുകളും കൊണ്ട്. മണ്ണിൽ അലിഞ്ഞുചേരാത്ത എല്ലാ വസ്തുക്കളും പരിസ്ഥിതിക്ക് ഹാനികരമാണ്. നിത്യജീവിതത്തിൽ പ്ലാസ്റ്റിക്ക് ഇല്ലതെയുള്ള ഒരു അവസ്ഥയെക്കിറിച്ച് ചിന്തിക്കാൻ മനുഷ്യന് സാധിക്കില്ല. അപ്പോൾ സ്വഭാവികമായും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉണ്ടാവും. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നശിപ്പിക്കാനായി മനുഷ്യർ അത് കത്തിക്കുന്നു. കത്തിക്കുമ്പോഴുണ്ടാകുന്ന പുക ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും വിനാശകരമാണ്. ഈ സാഹചര്യത്തിലാണ് എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ 4’Rs എന്ന തത്വം പ്രയോജനപ്പെടുത്തേണ്ടത്.

Reduce-ഉപയോഗം കുറയ്ക്കുക
Reuse-ഉപയോഗിച്ചവ തന്നെ വീണ്ടും ഉപയോഗിക്കുക
Refuse-നൽകാതിരിക്കുക/സ്വീകരിക്കാതിരിക്കുക
Recycle-പുനഃചക്രമണം നടത്തുക

മരം മുറിക്കുന്നതും കുന്ന് നിരത്തുന്നതും വയൽ നികത്തുന്നതും മൂലം മഴക്കാലത്ത് ഘോരമായ വെള്ളപൊക്കത്തിനും മണ്ണൊലിപ്പിനും വേനൽകാലത്ത് രൂക്ഷമായ ജലക്ഷാമത്തിനും വഴിതെളിക്കുന്നു.പരിസ്ഥിതി ഓരോ മനുഷ്യന്റെയും അമ്മയാണ്. ആ അമ്മയെ ഒരാളും വേദനിപ്പിക്കരുത്.

ഈ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കേരളീയർ ഇന്ന് മാലിന്യകൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. പ്രകൃതിയെയും മണ്ണിനെയും മറന്നു ജീവിക്കുന്നതുകൊണ്ടാണിത്. കേരളീയരുടെ ഉദാസീനതയാകാം പരിസരമലിനീകരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്നത്. ജൈവവ്യവസ്ഥയുടെ തകർച്ച, ശുദ്ധജലക്ഷാമം, കുന്നുകൂടുന്ന മാലിന്യവും പകർച്ചവ്യാധികളും...സമീപഭാവിയിൽ കേരളം നേരിടാൻ പോവുന്ന വൻ വിപത്തുകളാണിവ. ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മാലിന്യങ്ങളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. വാണിജ്യസ്ഥാപനങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായശാലകൾ, അറവുശാലകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവ വൻതോതിലാണ് മാലിന്യങ്ങൾ പുറന്തള്ളുന്നത്. വീടുകൾ വൻ മാലിന്യ ഉത്പാദന കേന്ദ്രങ്ങളായി മാറുന്നു. ജലാശയങ്ങളും മലിനമായിരിക്കുന്നു. അറവുശാലകളിൽനിന്നും കോഴിഫാമുകളിൽനിന്നും അവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് ജലസ്രോതസ്സുകളിലേയ്ക്കാണ്. ആശുപത്രികളിൽ നിന്നും ഫാക്ടറികളിൽനിന്നും മറ്റും പുറന്തള്ളുന്ന ഖരദ്രവ്യമാലിന്യങ്ങൾ നമ്മുടെ ജലാശയത്തെ മലിനപ്പെടുത്തുന്നു.വൃത്തിഹീനമായിടത്ത് കൊതുകുകൾ പെരുകുന്നു. കൊതുകിൽനിന്ന് മനുഷ്യരിലേയ്ക്ക് രോഗം എത്തുന്നു. പ്രകൃതിക്ക് ഉൾക്കൊള്ളാനാകാത്ത തരത്തിലുള്ള മാലിന്യങ്ങൾ കൂടിവന്നിരിക്കുന്നു. ശുചിത്വം മഹത്വം എന്ന് നാം നൂറ് തവണ പറയുമെങ്കിലും ശുചിത്വം പാലിക്കാൻ നാം എത്ര മാത്രം ശ്രദ്ധ എടുക്കുന്നുണ്ടെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. ശുചിത്വം ആദ്യം വ്യക്തിയിൽ നിന്നും തന്നെ തുടങ്ങണം.ദിവസവും രണ്ടു നേരവും കുളിക്കുക, പല്ലു തേയ്ക്കുക, ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകുക, ആഴ്ചയിലൊരിക്കൽ നഖം വെട്ടുക തുടങ്ങിയവയൊക്കെ മലയാളിയുടെ ശുചിത്വ ശീലങ്ങളിൽ പെടുന്നവയാണ്. ചെളിയിലും മറ്റും കളിച്ച് നടക്കുമ്പോൾ വല്ല മുറിവും ഉണ്ടായാൽ അണുബാധ ഉണ്ടാകാൻ സാധ്യത ഏറെയാണ്. വളംകടി തുടങ്ങിയ പ്രശനങ്ങളും ഉണ്ടാവാം. കളിക്കാൻ പോയി തിരികെ വന്ന് കൈയ്യും മുഖവും കാലും എല്ലാം കഴുകുക. പറമ്പിലും മറ്റും പണിയുമ്പോഴും കളിക്കാൻ പോവുമ്പോഴുമെല്ലാം ഒരുപാട് അണുക്കൾ നമ്മുടെ ശരീരത്തിലേയ്ക്ക് പ്രവേശിക്കുവാൻ സാധ്യത ഏറെയാണ്. നഖത്തിന്റെ ഇടയ്ക്ക് കയറികൂടുന്ന ചെളി കഴുകികളയുന്നതുപോലും ശുചിത്വത്തിന്റെ ഭാഗമാണ്. നല്ല ശുചിത്വം നാം പാലിച്ചാൽ നല്ല ആരോഗ്യം നമ്മെ തേടി വരും. ശുചിത്വം സ്വീകരിച്ചാൽ ഇപ്പോൾ ലോകമെങ്ങും പടർന്നു പിടിക്കുന്ന കൊറോണ എന്ന പകർച്ചവ്യാധിയെ ലോകത്തിൽ നിന്ന് തന്നെ തുരത്താൻ നമ്മുടെ ഈ ഭൂമിയിലുള്ള ഓരോ മനുഷ്യനും സാധിക്കുമെന്നതു തീർച്ചയാണ്.

കൊറോണ എന്ന പകർച്ചവ്യാധി നമ്മുടെ ലോകത്തെ ഇത്രയധികം പിടിച്ചടക്കാനുള്ള ഒരു കാരണം ശുചിത്വമില്ലായ്മ ആണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിലും വായിലും നിന്ന് വരുന്ന സ്രവങ്ങളിൽ നിന്നും കൊറോണ വൈറസ് അഥവാ കോവിഡ് 19പകരും എന്നത് വിദഗ്ദ പഠനങ്ങൾ തെളിയിച്ച കാര്യമാണ്. കൊറോണ വൈറസ് സ്ഥിതീകരിച്ച വ്യക്തി ഉപയോഗിച്ച വസ്തുക്കളിൽ നിന്നും രോഗിയുടെ സ്പർശനം ഏൽക്കപ്പെട്ട വസ്തുക്കളിൽ നിന്നും രോഗം മറ്റൊരാളിലേയ്ക്ക് പകരും. അതുകൊണ്ടാണ് വിദേശത്തുനിന്ന് വരുന്നവരെ ഇരുപത്തിയെട്ടു (28) ദിവസം നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത്. വിദേശത്തുനിന്ന് വരുന്നവർക്ക് രോഗത്തിന്റെ ഒരു ലക്ഷണവുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നിരീക്ഷണത്തിൽനിന്ന് അവരെ ഒഴിവാക്കുക. ശുചിത്വ കേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഓരോ വ്യക്തിയും മുൻകൈയ്യെടുത്ത് ശുചിത്വം പാലിക്കണം. വ്യക്തി ശുചിത്വവും ഗൃഹ ശുചിത്വവും മാത്രം പോരാ, പരിസര ശുചിത്വവും പൊതുസ്ഥല ശുചീകരണവും കൂടി നാമേവരും ലക്ഷ്യമാക്കണം.

പരിസ്ഥിതി സംരക്ഷണവും വ്യക്തി ശുചിത്വവും പാലിച്ചാൽ നമുക്ക് ഒരുവിധം രോഗങ്ങളെ പ്രതിരോധിക്കാനാവും. പക്ഷ ഇതൊന്നുമില്ലെങ്കിലോ?രോഗങ്ങൾ നമ്മെ കൈയ്യിലിട്ട് അമ്മാനമാടുമെന്ന് തന്നെ പറയാം. നമ്മുടെ ഏവരുടെയും ശരീരത്തിൽ ധാരാളം വൈറ്റ് ബ്ലെഡ് സെൽസ് ഉണ്ട്. ഈ വൈറ്റ് ബ്ലെഡ് സെൽസ് ആണ് നമുക്ക് ഒരു രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തി നൽകുന്നത്. എന്നാൽ വൈറ്റ് ബ്ലെഡ് സെൽ രൂപപ്പെടാൻ ജീവകങ്ങളും ധാതുലവണങ്ങളും ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കണം. വൈറ്റ് ബ്ലെഡ് സെൽസ് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് കൗണ്ട് കുറയൽ. മനുഷ്യന്റെ ഈ തിരക്കുപിടിച്ച ജീവിതത്തിൽ സ്ഥാനം പിടിച്ച ഒന്നാണ് ജങ്ക് ഫുഡ്ഡും ഫാസ്റ്റ് ഫുഡ്ഡും. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത് ഒരുപാട് പ്രാവശ്യം ചൂടാക്കിയ എണ്ണയിലാണ്. "ഞാൻ പുറത്തുനിന്ന് കഴിച്ചോളാം" വീട്ടിൽ ഉണ്ടാക്കിയ ധാരാളം പോഷണങ്ങൾ അടങ്ങിയ ഭക്ഷണം കണ്ടുകഴിയുമ്പോൾ പല ജോലിക്കാരുടെയും അധരങ്ങൾ പുറപ്പെടുവിക്കുന്ന വാക്കുകളാണിവ. ഹോട്ടലിൽ നിന്നും തട്ടുകടകളിൽ നിന്നും കിട്ടുന്ന ഭക്ഷണങ്ങളിൽ നിന്നും നമ്മുക്ക് ഒരു ഊർജ്ജവും കിട്ടില്ല. ഫാസ്റ്റ് ഫുഡ്ഡ് സംസ്കാരത്തിന്റെ ഭാഗമാണ് ഇന്ന് നാം നേരിടുന്ന പല രോഗങ്ങളും. ഈ രോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് പഴമയിലേയ്ക്ക് തിരിച്ചു പോവുക എന്നത്. പണ്ടു മനുഷ്യൻ ഉപയോഗിച്ചിരുന്ന ചേനയും ചേമ്പും കാച്ചിലും കപ്പയും കപ്പളങ്ങയും ഇലക്കറികളുമൊക്കെ നമുക്കും ശീലമാക്കാം. ഇവയിൽ ധാരാളം അന്നജവും മാംസ്യവും ജീവകങ്ങളും അടങ്ങിയിരിക്കുന്നു. അന്നവർക്ക് യാതൊരു അസുഖവുമില്ലായിരുന്നു. ഈ തിരിച്ചുവരവിലേയ്ക്ക് നമ്മുക്ക് മടങ്ങാം.അല്ലെങ്കിൽ ഭാവിയിൽ കോവിഡ് 19 നെക്കാൾ വലിയ ഒരു വിപത്തിനു നാം ഇരയാകും.

ആയതിനാൽ നമുക്ക് പ്രകൃതിയിലേയ്ക്ക് മടങ്ങാം. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നമുക്ക് കൃഷി ചെയ്ത് ശീലിക്കാം. വീട്ടിലേയ്ക്കുള്ള വിളകൾ വീട്ടുമുറ്റത്ത് വളരട്ടെ. പോഷകങ്ങളടങ്ങിയ ഭക്ഷണം ആസ്വദിച്ച് കഴിക്കാം. കൊറോണ വൈറസിനെ തോൽപ്പിക്കാം. ഒറ്റക്കെട്ടായി നമുക്ക് നിലകൊള്ളാം. നല്ലൊരു നാളേയ്ക്കായി നമുക്ക് കൈകോർക്കാം.

എഡ്വിൻ മാത്യു ജിജോ
8 A അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം