അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അവധിക്കാല പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാല പാഠങ്ങൾ

അമലാപുരി എന്ന ഒരു ഗ്രാമം. അവിടെ ടിങ്കു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മാലിന്യങ്ങൾ പരിസരങ്ങളിലേയ്ക്കും വീട്ടുവളപ്പുകളിലേയ്ക്കും വലിച്ചെറിയുമായിരുന്നു. ചെളിയിലും മറ്റും കളിച്ചിട്ട് അവൻ കൈ കഴുകാതെ ഭക്ഷണം കഴിക്കും. അവന്റെ ഈ ശീലം ആർക്കും ഇഷ്ടമല്ലായിരുന്നു. പലരും അവനെ ഉപദേശിച്ചു നോക്കി. എന്നിട്ടും അവന്റെ ഈ ശീലങ്ങൾ അവൻ മാറ്റിയിട്ടില്ല. അവൻ അവിടുത്തെ അയൽവാസികൾക്കും ശല്യമായിരുന്നു. അങ്ങനെ ആ ഗ്രാമത്തിൽ വസിക്കുന്നവർ അവനെ വെറുക്കാൻ തുടങ്ങി.

ഒരു ദിവസം പതിവുപോലെ അവൻ പുറത്ത് കളിച്ചിട്ട് വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ അവന്റെ വീട്ടുകാർ വിലക്കി. കൈകഴുകാൻ പറഞ്ഞപ്പോൾ അവൻ അത് നിരസിച്ച് കൈ കഴുകാതെ ഭക്ഷണം കഴിച്ചു. പിറ്റേന്ന് രാവിലെ അവന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. അവന് കലശലായ എന്തോ രോഗം ബാധിച്ചു. അവന്റെ കരച്ചിൽ കേട്ട് ഓടിവന്ന വീട്ടുകാർ കണ്ടത് തളർന്നു കിടക്കുന്ന ടിങ്കുവിനെയാണ്. വീട്ടുകാർ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ വച്ച് ഡോക്ടർ ടിങ്കുവിന്റെ അച്ഛനോട് ചില കാര്യങ്ങൾ പറഞ്ഞു. ടിങ്കുവിന് ശുചിത്വമില്ലാത്തതുകൊണ്ടാണ് അവന് ഈ രോഗം ബാധിച്ചതെന്ന കാര്യം ഡോക്ടർ അറിയിച്ചു. കൈ കഴുകാതെ ഒരിക്കലും ഭക്ഷണം കഴിക്കാൻ പാടില്ല എന്ന് ഡോക്ടടർ ടിങ്കുവിനോട് നിർദ്ദേശിച്ചു. ആശുപത്രിയിൽ നിന്ന് കിട്ടിയ മരുന്നുമായി അവൻ വീട്ടിലേക്ക് പോയി. ഒരാഴ്ച്ചയ്ക്ക് ശേഷം അവന്റെ രോഗം പൂർണ്ണമായി മാറി. ക്ഷീണമൊക്കെ കുറഞ്ഞപ്പോൾ അവൻ പറമ്പിലും, പൊതുവഴികളിലും, അയൽവാസികളുടെ വീട്ടുവളപ്പിലും വലിച്ച് എറിഞ്ഞിരുന്ന മാലിന്യങ്ങൾ അവൻ തന്നെ വൃത്തിയാക്കി. വൃത്തിയായി നടക്കുവാനും സോപ്പുപയോഗിച്ച് നന്നായി കൈ കഴുകുവാനും തുടങ്ങി. എല്ലാവർക്കും അതൊരു അതിശയമായി തോന്നി.

അങ്ങനെയിരിക്കുമ്പോഴാണ് അവന്റെ കൂട്ടുകാരൻ തങ്കു അവനെ കാണാൻ വരുന്നത്. വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ തങ്കു ടിങ്കുവിനോട് ചോദിച്ചു: "നമുക്ക് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയാലോ?"എന്ന്. ടിങ്കു സമ്മതം പറഞ്ഞു. ടിങ്കുവും തങ്കുവും അവരവരുടെ വീട്ടിലുണ്ടായിരുന്ന പച്ചക്കറി വിത്തുകൾ കൊണ്ടുവന്ന് ടിങ്കുവിന്റെ പറമ്പിലും വീടിന്റെ ടെറസ്സിൽ ചാക്കുകളിലുമായി കൃഷി ചെയ്യാനാരംഭിച്ചു. ടിങ്കുവിന്റെയും തങ്കുവിന്റെയും കൃഷിയിൽ അവരൂടെ മാതാപിതാക്കൾ സഹായകരമായി മാറി. കുറേ ദിവസങ്ങൾക്ക് ശേഷം അതിൽ പൂക്കൾ വിരിയാൻ തുടങ്ങി. അവരുടെ കൃഷി വൻവിജയമായിത്തീർന്നു. പയറും വഴുതിനയും മത്തനും വെളളരിയും മുളകും പാവലും പടവലവും എല്ലാം കായകൾ കൊണ്ട് നിറഞ്ഞു. ടിങ്കുവും തങ്കുവും അവരുടെ വീട്ടാവശ്യത്തിനുള്ള ഫലങ്ങൾ എടുത്ത ശേഷം ബാക്കിവന്നവ അയൽ വാസികൾക്കും ബന്ധുക്കൾക്കും നൽകി. ടിങ്കുവിന്റെ ഈ പ്രവൃത്തി നാട്ടുകാർക്ക് പോലും വിശ്വസിക്കാനായില്ല. എങ്ങനെയാണ് ടിങ്കു ഇത്രയും മാറിയത് എന്നായിരുന്നു പലരുടെയും സംശയം. മുമ്പ് അവൻ പുറമേ നിന്ന് വാങ്ങുന്ന പലഹാരങ്ങളും ഫാസ്റ്റ് ഫുഡ്ഡും ആയിരുന്നു കഴിച്ചിരുന്നത്. ഇപ്പോൾ അവൻ അത് നിർത്തി. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണവും സ്വയം കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികളും ആണ് ഇപ്പോൾ അവന്റെ ആഹാരം. വീട്ടിലെ കാർഷിക വിളകൾ ആണ് ടിങ്കുവിന്റെ അമ്മ ഇപ്പോൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. പിന്നീടൊരിക്കലും ചന്തയിൽ നിന്നും വിഷമടങ്ങിയ പച്ചക്കറികൾ ടിങ്കുവിന്റെയും തങ്കുവിന്റെയും വീട്ടിൽ വാങ്ങിയിട്ടില്ല. അവരുടെ വീട്ടിലേയ്ക്ക് വേണ്ട വിളകൾ വീട്ടിൽ തന്നെ അവർ ഉത്പാദിപ്പിച്ചു. ജൈവവളം മാത്രമേ അവർ അതിന് ഉപയോഗിച്ചുള്ളൂ. അങ്ങനെ ടിങ്കു പ്രകൃതിയോടിണങ്ങി ശുചിത്വത്തോടെയുള്ള ജീവിതം ആരംഭിച്ചു. അങ്ങനെ ഒരു അവധിക്കാലം ഫലപ്രദമായി ചിലവഴിക്കാൻ കഴിഞ്ഞതിൽ ടിങ്കുവിന് വളരെ സന്തോഷമായി.

എമിൽ എമ്മാനുവേൽ ജിജോ
7 B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ