അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/പ്രകൃതി ദർശനവും സമകാലിക ജീവിതവും സാഹിത്യ കൃതികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ദർശനവും സമകാലിക ജീവിതവും സാഹിത്യ കൃതികളിൽ

മലയാള സാഹിത്യത്തിൽ പ്രകൃതിയുടെ മനോഹാരിത വർണ്ണിക്കുന്ന ധാരാളം കൃതികൾ ഉണ്ടായിട്ടുണ്ട്. പ്രകൃതിയിലെ ഏതെങ്കിലും ഒരു പ്രതിഭാസത്തെയോ എന്തെങ്കിലും ഒരു സവിശേഷതയെയോ ഒക്കെ പല വിധത്തിൽ സാഹിത്യ കൃതികൾക്ക് വിഷയമായിട്ടുണ്ട്. പ്രകൃതിയുടെ മനോഹാരിത വർണിക്കാൻ തന്നെ ധാരാളം കൃതികൾ മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ട്. അവ പരിശോധിക്കുമ്പോൾ എഴുത്തിന്റെ ശൈലി കൊണ്ടും വിഷയ പ്രാധാന്യം കൊണ്ടും ഏറെ മുന്നിട്ടു നിൽക്കുന്ന രണ്ടു രചനകളാണ് എ. പി. ഉദയഭാനുവിന്റെ 'കൊച്ചുചക്കരച്ചി'യും അംബികാസുതൻ മാങ്ങാടിന്റെ 'രണ്ടു മൽസ്യങ്ങളും'. ഇവ പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കാനുണ്ട്.

നർമ്മ രസവും ലാളിത്യവും നിറഞ്ഞ ലേഖനങ്ങൾ എഴുതുന്നതിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ആളാണ് എ. പി. ഉദയഭാനു. മലയാളി ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു പഴമാണ് മാമ്പഴം. എങ്കിലും ഇത്ര വിശദമായി മാങ്ങയെക്കുറിച്ച് എഴുതിയിട്ട് ഉള്ളവർ വിരളമാണ്. ലേഖകന്റെ ജീവിതത്തിലെ രസകരമായ ഓർമ്മകൾ അനുഭവങ്ങളുമായി കൂട്ടി ചേർത്തിണക്കി അവതരിപ്പിക്കുകയാണ് ഇവിടെ. മാമ്പഴവും മാവുകളും നമുക്ക് മധുരകരമായ ഓർമ്മയാണ്. നാട്ടുമാവുകൾ നിറഞ്ഞ നമ്മുടെ ഗ്രാമങ്ങൾ അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. എങ്കിലും അവയുടെ നന്മകൾ ഓർമ്മകളായി കുറിച്ച് ഇടപെട്ടിട്ടുണ്ട്. അത്തരമൊരു അനുഭവം നൽകുന്ന പാഠമാണ് കൊച്ചുചക്കരച്ചി. ലേഖകന്റെ തറവാട് വീടായ മുല്ലശ്ശേരിയിൽ ഉണ്ടായിരുന്ന ശർക്കര മാവുകളിൽ ഒന്നായ കൊച്ചുചക്കരച്ചിയുടെ പ്രത്യേകതകളും അതിന്റെ ചുവട്ടിൽ ഒത്തുചേർന്ന ബാല്യങ്ങളുടെ കഥകളുമാണ് മധുരമായി അദ്ദേഹം വിവരിക്കുന്നത്.

കൊച്ചുചക്കരച്ചിയിൽ കാലവർഷ തുലാവർഷ കാറ്റുകളുടെ വരവിനെ ലേഖകൻ വർണിച്ചിരിക്കുന്നത് എത്ര സുന്ദരം ആയിട്ടാണ്: "തുലാവർഷ കാറ്റുകളും കാലവർഷ കാറ്റുകളും മുത്തശ്ശിയുടെ (കൊച്ചുചക്കരച്ചി) തലമുടി വിരലോടിച്ച് മാത്രം ചെയ്തു തള്ളിയിട്ടില്ല". ഈ വരികൾ ഏതോ ദൃശ്യ സുന്ദരമായ ഒരു കാവ്യാനുഭവമാണ് പകർന്നുനൽകുന്നത്. കൊച്ചുചക്കരച്ചി എന്ന ഉപന്യാസം ഒരു മാവിന്റെ കഥ പറയുകയാണ്. ഇന്നത്തെ സമൂഹത്തിൽ മാവുകൾ ഒക്കെ വളരെ വിരളമായി കൊണ്ടിരിക്കുന്നു. പ്രകൃതിയേയും മരങ്ങളെയും മറ്റു ജീവികളെയും സ്നേഹിക്കണം എന്ന ഒരു ആശയവും ഇതിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. വീടിനു അപകടമുണ്ടാക്കും എന്ന് പറഞ്ഞ് 'പുതു തലമുറ' മുത്തശ്ശി മാവിനെ മുറിക്കാൻ ഒരുങ്ങുന്നുണ്ടെങ്കിലും 'പഴയ തലമുറ'അതിനെ തടയുകയാണ്. ചക്കരച്ചി വീഴില്ല, വീണാലും ചതിക്കില്ല എന്നാണ് പഴയ തലമുറയെ പ്രതിനിധീകരിക്കുന്ന മുത്തശ്ശി പറയുന്നത്. അത് സത്യമാണെന്നു ഉപന്യാസത്തിന്റെ അവസാനം മനസിലാകുന്നു. മാവ് വീണെങ്കിലും വീടിനോ വീട്ടുകാർക്കോ യാതൊരു കുഴപ്പവും വന്നില്ല. ഇതുവഴി പ്രകൃതിയെ വിശ്വസിക്കാം എന്ന പാഠം കൂടി വ്യക്തമാക്കപ്പെടുന്നുണ്ട്. പുതുതലമുറ ഇപ്പോൾ ആന്തരിക ജീവികളായി മാറിക്കഴിഞ്ഞിരിക്കുന്നു. അവർ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കുന്നില്ല. എന്നാൽ അതല്ല പ്രകൃതി ഇല്ലെങ്കിൽ നമ്മളും ഇല്ല. മരങ്ങൾ ഇല്ലെങ്കിൽ നാം ഇല്ല എന്ന സത്യം ഓരോരുത്തരും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

അംബികാസുതൻ മാങ്ങാടിന്റെ മനോഹരമായ കഥയാണ് രണ്ടു മത്സ്യങ്ങൾ. ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ പ്രകൃതിയിലെ ജീവി വർഗ്ഗങ്ങളിൽ എന്തെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നു രണ്ടു മത്സ്യങ്ങളിലൂടെ (അഴകനും പൂവാലിയും) വിവരിക്കുന്നു. പൂവാലിക്ക് മുട്ടയിടാൻ ശുദ്ധജലം ആവശ്യമാണ്.അതിനു വേണ്ട ഒരു സ്ഥലം തേടുകയാണ് അവർ. ശുദ്ധജലം ഉള്ള ശൂലാപ്പ് കാവിലേയ്ക്കാണ് അവരുടെ യാത്ര. ഈ യാത്രയിൽ അവർ മനുഷ്യരുടെ ഏറ്റുമുട്ടലിനു ഇരയാകുന്നു. മനുഷ്യർ അവരെ ഒളിച്ചിരുന്ന് വേട്ടയാടുന്നു. കഷ്ടിച്ചാണ് അവർ ആ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കഷ്ടിച്ച് രക്ഷപ്പെട്ട ഇവർ ബുദ്ധനെ കാണാൻ അവസരം കിട്ടിയ ഒരു തവളയെ കണ്ടുമുട്ടുന്നു. പിന്നീട് അവർ മൂവരും ചേർന്നാണ് ശൂലാപ്പ് കാവിലേയ്ക്ക് യാത്ര നടത്തുന്നത്. അവസാനം അവർ ശൂലാപ്പ് കാവിൽ എത്തി ചേരുന്നു. എന്നാൽ അവരുടെ പ്രതീക്ഷകളെ ഞെട്ടിച്ചുകൊണ്ട് ശൂലാപ്പ് കാവിനു മാറ്റങ്ങൾ വന്നിരിക്കുന്നു. തിങ്ങി നിറഞ്ഞ മരങ്ങൾക്ക് പകരം കെട്ടിടങ്ങൾ വന്നിരിക്കുന്നു. കൂറ്റൻ യന്ത്ര കൈകൾ അതിന്റെ രൂപം തന്നെ മാറ്റിയിരിക്കുന്നു. മരങ്ങൾ തീയിട്ട് നശിപ്പിച്ചു. ആ തീയിൽപ്പെട്ടുപോയ പ്രിയതമനെ ഓർത്ത് ഒരു കിളി വിലപിക്കുന്നു. പൂവാലിയെയും അഴകനെയും സ്വാഗതം ചെയ്തത് ഈ കണ്ണീർ പാട്ടാണ്. കാവിന്റെ അവസ്ഥ കണ്ട് മനം നൊന്ത് ചിരഞ്ജീവിയായ തവള മരണമടയുന്നു. പൂവാലിയും അഴകനും മുട്ടയിടാനായി മറ്റൊരു സ്ഥലം തേടുന്നു. കാവുകളെ ആധുനികവത്കരിച്ചപ്പോൾ ഒരു ജീവിവർഗത്തിനു അനുഭവിക്കേണ്ടി വന്ന കാര്യങ്ങളാണ് ഇവിടെ വ്യക്തമാകുന്നത്. സ്വാർത്ഥതക്കുവേണ്ടി മനുഷ്യൻ പെരുമാറുമ്പോൾ പ്രകൃതിക്ക് മാത്രമല്ല അതിനെ ആശ്രയിച്ചു കഴിയുന്ന എല്ലാ ജീവി വർഗത്തിനുമാണ് അതിന്റെ ഫലം അനുഭവിക്കേണ്ടി വരിക. ഇക്കാര്യം ഒന്നും ഓർക്കാതെയാണ് മനുഷ്യൻ ആധുനികമാകുന്നത്.

പഴയ തലമുറയ്ക്കു പ്രകൃതിയോടുള്ള വിശ്വാസമാണ് ആദ്യ രചനയിൽ കാണുന്നതെങ്കിൽ രണ്ടാമത്തെതിൽ മനുഷ്യൻ പ്രകൃതിയിൽ നടത്തിയ കടന്നു കയറ്റവുമാണ് കാണാൻ കഴിയുന്നത്. ഇന്നത്തെ സമൂഹത്തിൽ എല്ലാവരും സ്വന്തം താല്പര്യത്തിനു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നു. പ്രകൃതിയിലെ ഒന്നിനെയും നശിപ്പിക്കുവാൻ ആർക്കും അവകാശമില്ല. ആർക്കും ആരെയും ഒന്നിനെയും ചൂഷണം ചെയ്യാൻ അനുവാദമില്ല.എന്നാൽ മനുഷ്യന്റെ മതി മറന്നുള്ള പ്രവൃത്തികൊണ്ട്, ആർത്തികൊണ്ട് മരങ്ങളും സസ്യങ്ങളും ഒക്കെ വിരളമായി. ഇനിയെങ്കിലും അവയെ നശിപ്പിക്കുന്നതിനു പകരം വെച്ചുപിടിപ്പിക്കുക. പ്രകൃതിയിൽ എല്ലാത്തിനെയും സംരക്ഷിക്കുക. ഇന്നത്തെ സമൂഹത്തിൽ രോഗങ്ങളും വൻതോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ കൊറോണ വൈറസിനെതിരെ ജനങ്ങൾ പോരാടി കൊണ്ടിരിക്കുകയാണ്. ഈ പോരാട്ടത്തിൽ ധാരാളം ജനങ്ങളുടെ ജീവൻ പൊലിഞ്ഞു. ഈ മഹാമാരിയെ എതിർക്കാൻ ജനങ്ങൾക്ക് കഴിയും. അതിന് നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക. ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. പ്രകൃതിക്കെതിരെയുള്ള പ്രവർത്തനങ്ങൾ നിർത്തി പ്രകൃതിയോട് ചേർന്ന് പ്രകൃതിയെ സംരക്ഷിക്കും വിധമുള്ള വികസനങ്ങളിൽ ഏർപ്പെടുക. കാരണം 'പ്രകൃതി ചതിക്കില്ല. നാം അവയെ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിച്ചുകൊള്ളും'.


കാർത്തിക സജി
10A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം