സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസരശുചിത്വം രോഗപ്രതിരോധവും.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം രോഗപ്രതിരോധവും

പ്രകൃതിയാണ് നമ്മുടെ അമ്മ. പ്രകൃതി ഇല്ലെങ്കിൽ നമ്മൾ മനുഷ്യരുമില്ല.മലകളും കാടുകളും പുഴകളും കടലും മരങ്ങളും സസ്യജന്തുജീവജാലങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ പരിസ്ഥിതി. മനുഷ്യന്റെ നിലനിൽപ്പിന് ഇവയെല്ലാം അത്യാവശ്യമാണ്.നമ്മുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് മനുഷ്യന്റെ ആരോഗ്യവും രോഗപ്രതിരോധശേഷിയും നിലനിന്നു പോകുന്നത്. പണ്ട് പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നപ്പോൾ മനുഷ്യന് അസുഖങ്ങൾ ഇല്ലായിരുന്നു. പ്രകൃതിയിൽ നിന്ന് ഭക്ഷണം കഴിച്ച് പ്രകൃതിയെ സ്നേഹിച്ചാണ് അന്ന് മനുഷ്യൻ ജീവിച്ചിരുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ ഒന്നും തന്നെ അവർ പ്രവർത്തിച്ചിരുന്നില്ല. തിരിച്ചു പ്രകൃതി മനുഷ്യനെയും സംരക്ഷിച്ചു പോന്നിരുന്നു. നമ്മുടെ പരിസ്ഥിതി ധാരാളം ഔഷധസസ്യങ്ങളുടെ കലവറയാണ്. മനുഷ്യന്റെ ഒട്ടുമിക്ക അസുഖങ്ങളും ഔഷധങ്ങൾ കൊണ്ട് പരിഹരിച്ചിരുന്നു .പണ്ട് മനുഷ്യൻ കൃഷിയെ സ്നേഹിച്ചിരുന്നു. മണ്ണറി ഞ്ഞ് പണിയെടുത്തപ്പോൾ പ്രകൃതി മനമറിഞ്ഞ് ഫലം തന്നു. അത്തരം ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ച് ജീവിച്ച മനുഷ്യന്റെ രോഗപ്രതിരോധശേഷി ഒരു രോഗത്തിനും തകർക്കാൻ ആയില്ല. പ്രകൃതിയിൽ അദ്ധ്വാനിക്കുന്ന മനുഷ്യർക്ക് ശാരീരികാരോഗ്യവും ഉണ്ടായിരുന്നു. വായുമലിനീകരണവും ഇല്ലാത്തതുകൊണ്ട് ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞു. നല്ല ഭക്ഷണവും, നല്ല വായുവും നല്ല ജലവും പ്രകൃതി മനുഷ്യന് നല്കി .ആരോഗ്യമുള്ള മനുഷ്യർ ജീവിച്ചിരുന്ന ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു.

             കാലം മാറി മനുഷ്യൻ  പ്രകൃതിയെ മറന്നുജീവിക്കാൻ തുടങ്ങി.മനുഷ്യന്റെ ആവശ്യത്തെക്കാളേറെ പ്രകൃതിയെ ദുരുപയോഗം ചെയ്യാൻ തുടങ്ങി. ശുദ്ധവായു  തന്ന മരങ്ങളെ വെട്ടിമുറിച്ചു.ജലസ്രോതസുകളെ മണ്ണിട്ടുമൂടി .ഔഷധസസ്യങ്ങളുടെ കലവറയായ കുന്നുകളെയും മലകളെയും നികത്തി ജീവജാലങ്ങളെയും കൊന്നൊടുക്കുവാൻ തുടങ്ങി.  സ്ഥലങ്ങൾ കൈയേറി  ഫാക്ടറികളും ഫ്ളാറ്റുകളും കെട്ടിപ്പൊക്കി പ്ലാസ്റ്റിക്  മാലിന്യം കൊണ്ട് പരിസരം നിറച്ച് കൃഷിമറന്നുപോയ മനുഷ്യന്റെ മുന്നിലേക്ക് വിഷം കലർന്ന ഭക്ഷണപദാർത്ഥങ്ങൾ എത്തി. പ്രകൃതിയിൽ  നിന്നും അകന്ന് ജീവിക്കാൻ തുടങ്ങി. അന്നു മുതൽ മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറഞ്ഞു. ആശുപത്രികൾ കൂടി ധാരാളം രോഗങ്ങൾ മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്താൻ തുടങ്ങി. പരിസ്ഥിതിയോട് നാം കാണിച്ച അവഗണനയുടെ അനന്തരഫലമായിരുന്നു ഇവയെല്ലാം. പരിസ്ഥിതിയെ കൊല്ലുന്ന പ്ലാസ്റ്റിക്ക് , വാഹനങ്ങളുടെയും  ഫാക്ടറികളുടെയും വിഷമയമായപുക, തുടങ്ങി ഓരോ നിമിഷവും പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിലേക്ക് നമ്മൾ മാറി. നാം കേട്ടറിവുപോലുമില്ലാത്ത വൈറസുകൾ നമ്മളെ കീഴ്പ്പെടുത്താൻ തുടങ്ങി.

മനുഷ്യരാശിയെ തന്നെ മാറ്റിമറിച്ച കൊറോണറ വൈറസ് പോലും പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരതയുടെ തെളിവാണ്. രോഗാണുക്കൾക്ക് എളുപ്പത്തിൽ മനുഷ്യനെ കീഴടക്കാൻ കഴിയുന്നു. പ്രകൃതിയുടെ സംരക്ഷണം കുറഞ്ഞിരിക്കുന്നു.

      ഇങ്ങനെ പോയാൽ മനുഷ്യരാശി നശിക്കാൻ അധിക കാലം വേണ്ട. തിരിച്ചറിഞ്ഞേ പറ്റൂ...... തിരിച്ചു പോയേ പറ്റൂ...... എവിടേക്കാണ്? പ്രകൃതിയിലേക്ക്..... നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുകൊണ്ടു വരണം. മനുഷ്യന്റെ പ്രവൃത്തികളെ തിരിച്ചറിയണം.പ്രകൃതിയോട് ഇണങ്ങി ജീവിക്കണം. ഇനി ഒരു തലമുറയ്ക്ക് ഭൂമിയിൽ ജീവിക്കണമെങ്കിൽ അത് നമ്മൾ പ്രകൃതിയോട് ഇണങ്ങിചേർന്ന് കൊണ്ടാവണം. നഷ്ടപ്പെട്ട രോഗപ്രതിരോധശേഷി തിരികെ ലഭിക്കാൻ പൂർണമായും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടു ജീവിച്ചേ മതിയാകൂ.....കാരണം പ്രകൃതി പഠിപ്പിച്ച പാഠങ്ങൾ അത്രയും വലുതാണ്.
കാർത്തിക്ക് രാജേഷ്
VI J സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം