സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/സുന്ദരകേരളത്തിന്റെ യാഥാർഥ്യത്തിലേക്ക്...

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരകേരളത്തിന്റെ യാഥാർഥ്യത്തിലേക്ക്..

പ്രകൃതി ഭംഗി കൊണ്ടും വ്യക്തി ശുചിത്വം കൊണ്ടും ദൈവത്തിന്റെ കയ്യൊപ്പ് നേടിയ പുണ്യ ഭൂമിയാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്ന ആപ്തവാക്യത്തിന് പ്രസക്തി ഏറുകയാണ്. തെളിനീരൊഴുകുന്ന പുഴകളും പച്ചപ്പ് മൂടിയ പാടങ്ങളും നീലക്കുറിഞ്ഞികൾ പൂക്കുന്ന മാമലകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു സംസ്ഥാനമായിരുന്നു കേരളം എന്നതിൽ നമുക്കഭിമാനിക്കാം.

പക്ഷേ ഈ നേട്ടങ്ങളുടെ ഇടയിലും നമ്മുടെ ജീവിത ശൈലിയിലെ ചില വീഴ്ചകൾ മലയാള നാടിനെ ലോകത്തിനു മുമ്പിൽ പരിഹാസമാക്കുന്നു. ചപ്പുച്ചവറുകൾ അഴുകി നാറുന്ന നഗരങ്ങളും ദുർഗന്ധം വമിക്കുന്ന ഓടകളും അശാസ്ത്രിയമായ മാലിന്യ സംസ്കരണവുമൊക്കെ ഇന്ന് മലയാളികളുടെ ശാപമായി മാറിയിരിക്കുന്നു. ജീവിത നിലവാരത്തിൽ കേമൻമാരെന്ന് അഭിമാനിക്കുന്ന മലയാളി തന്നെയാണ് പരിസരശുചീകരണത്തിന്റെ കാര്യത്തിൽ അടിസ്ഥാനമര്യാദ പോലും പാലിക്കാൻ മടിക്കുന്നത്. ഇതിന്റെ ഫലമോ? ഇടതടവില്ലാതെ നിരവധി രോഗങ്ങൾ മലയാളികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

വേസ്റ്റ് നിക്ഷേപിക്കാൻ നഗരങ്ങളിലും മറ്റും വച്ചിരിക്കുന്ന വീപ്പയുടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ ഉത്തരവാദിത്ത ബോധമില്ലാത്ത നമ്മുടെ സ്വഭാവം വ്യക്തമാകും. വീപ്പയിൽ നിക്ഷേപിച്ചിരിക്കുന്നതിൽക്കൂടുതൽ മാലിന്യം അതിനു പുറത്തുണ്ടാകും. വീപ്പയുടെ അടുത്ത് ചെന്നാലും അതിനകത്ത് മാലിന്യം നിക്ഷേപിക്കാൻ നാം മെനക്കെടുകയില്ല. വർഷം തോറും നമ്മുടെ നാട്ടിലരങ്ങേറുന്ന ശുചീകരണവാര പ്രവർത്തനങ്ങളും ക്ലീൻ കേരള പദ്ധതിയുമൊക്കെ വെറും ഏച്ചു കെട്ടലുകളായി അവശേഷിക്കുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണെം. നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കുന്നതിൽ കവിഞ്ഞൊരു ശുചിത്വ ബോധം ഇന്ന് മലയാളികൾ സ്വന്തമാക്കിയിട്ടില്ല. എന്നുമാത്രമല്ല പറ്റുമെങ്കിൽ അല്പം പരിസരമലിനീകരണം നടത്താനും നമുക്ക് മടിയില്ല. ഇപ്പോൾ നദിയുടെ അവസ്ഥ എന്താണ്? പുഴയോരത്ത് പ്രവർത്തിക്കുന്ന ഫാക്‌ടറികളുടെയും മറ്റ് നിരവധി സ്ഥാപനങ്ങളുടെയും വേസ്റ്റുകൾ നദിയിലേക്ക് തള്ളുകയാണ്. ആശുപത്രികളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങൾ യാതൊരു മടിയും കൂടാതെ പുഴകളിലേക്ക് തുറന്നു വിടുന്നു. അതിൽ നിന്നുണ്ടാകുന്ന വിപത്തുകൾ ആരും തിരയുന്നില്ല. അങ്ങനെയുള്ള നദികളെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് ഗ്രാമങ്ങളുണ്ട്. ആ വെള്ളമുപയോഗിച്ചാൽ അവരുടെ ആരോഗ്യനിലയെന്താകും. ഇതൊക്കെ മനുഷ്യൻ ചിന്തിക്കാതെ പോകുന്നത് എന്തുകൊണ്ട്?

മനുഷ്യരിപ്പോൾ

അവരവരുടെ സുഖഭോഗങ്ങളിലേക്ക് മാത്രം തിരിഞ്ഞിരിക്കുന്നു. കൊതുകുകൾക്കും എലികൾക്കും പറ്റിയ ഒരു ആവാസവ്യവസ്ഥ നാം തന്നെ ഒരുക്കിക്കൊടുക്കുന്നു. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി കേരളത്തിൽ ദുരന്തം വിതച്ചിട്ടുള്ള എല്ലാ പകർച്ച വ്യാധികളും നമുക്ക് നിയന്ത്രിക്കാനാകുന്നതു മാത്രമായിരുന്നു. എന്നാലിപ്പോൾ ലോകമാകെ ഭീതിയിലാക്കിയ കൊറോണ വൈറസ് എത്ര മനുഷ്യ ജീവനാണ് ഇല്ലാതാക്കുന്നത്. ഇതിനെയും പ്രതിരോധത്തിലൂടെ തോൽപ്പിക്കാൻ നമുക്കാകും. പരിസര ശുചീകരണത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമീപനം വളർത്തിയെടുത്താൽ പകർച്ച വ്യാധികളുടെ വിളയാട്ടത്തിൽ നിന്ന് നമ്മുടെ നാട് രക്ഷപ്പെടും. മലയാളികളുടെ പ്രകൃതിയോടും പരിസരത്തോടുമുള്ള പെരുമാറ്റത്തിലും മനോഭാനത്തിലും മാറ്റങ്ങൾ വരണം. ശുദ്ധീകരണം ആദ്യം നടത്തേണ്ടത് ഓരോ മലയാളികളുടെയും മനസിലാണ്. മാലിന്യ നിയന്ത്രണത്തിലും പരിസര ശുചീകരണത്തിലും നാം ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് ഈ രംഗത്ത് കോടികൾ വാരിയെറിഞ്ഞുള്ള പദ്ധതിയേക്കാൾ ഗുണം ചെയ്യുന്നത്. വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന കാർബണിക വിസർജ്യങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് വലിയ അളവിൽ കാരണമാകുന്നു. മറ്റൊരു പ്രധാന കാരണം ഭൂമിയുടെ പുതപ്പായ വനങ്ങളുടെ നശീകരണമാണ്. ഇത് മണ്ണൊലിപ്പിനും വന്യ ജീവികളുടെ വംശനാശത്തിനും കാരണമാകുന്നു.

ഓരോ കുടുംബത്തിൽ നിന്നും മാലിന്യനിർമാർജനം തുടങ്ങണം. സൃ‍ഷ്ടിക്കപ്പെടുന്ന മാലിന്യത്തിന്റെ 80% വും പുനരുപയോഗത്തിന് വിധേയമാക്കണം. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ സുരക്ഷിതമായി സംസ്കരിക്കണം. കമ്പോസ്റ്റിങ്ങ് , ബയോഗ്യാസുൽപ്പാദനം എന്നിവ പരമാവധി പ്രയോജനപ്പെടുത്തണം. ആരോഗ്യമുള്ള ജനത ഒരു നാടിന്റെ സമ്പത്താണ്. അത് നിലനിർത്തുന്നതിലായിരിക്കണം നാം പ്രാധാന്യം നൽകേണ്ടത്. ഇൻഫർമേഷൻ ടെക്‌നോളജിക്കോ, സൂപ്പർ കമ്പ്യൂട്ടറുകൾക്കോ നൽകാൻ കഴിയാത്ത നിക്ഷേപങ്ങളുടെ കൂമ്പാരമാണ് ദൈവം കനിഞ്ഞ് നല്കിയ പ്രകൃതി. ആ നിക്ഷേപം ഊറ്റിക്കുടിക്കുന്നതിലുടെ ഭൂമിയെ ആസന്ന മൃത്യുവിലേക്ക് തള്ളിവിടരുത്. വരും തലമുറയ്ക്കു കൂടി അനുഭവിക്കാൻ അവകാശപ്പെട്ടതാണ് പ്രകൃതി വിഭവങ്ങളെന്ന് മറക്കാതിരിക്കുക.

സാനിയ ആൻസ് ജോയി
9 സി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം