സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/എന്റെ ഗ്രാമം
സെൻറ് .ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനും അറബിക്കടലിനും സമീപം 2.68 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 225 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട് . അക്ഷാംശം 11.2588 ഡിഗ്രി വടക്കും രേഖാംശം 75.7804 ഡിഗ്രി കിഴക്കുമായി കോഴിക്കോട് നഗരത്തിൽ പട്ടുതെരുവിൽ ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.1793ൽ കൊടുങ്ങല്ലൂർ വികാരിയത്തിന്റെ കീഴിലുള്ള കോഴിക്കോട് ദേവമാത പള്ളിയിൽ ഫാ.ഗബ്രിയേൽ ഗോൺസാൽവസ് വികാരിയായിരിക്കുമ്പോൾ സ്ഥാപിക്കപ്പെട്ട രണ്ട് സ്കൂളുകളിലൊന്ന് പോർച്ചുഗീസുകാർക്കു വേണ്ടിയും മറ്റൊന്ന് മലബാറുകാർക്കുവേണ്ടിയുമായിരുന്നു . മലബാറുകാർക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട സ്കൂൾ ആണ് ഇന്നത്തെ സെൻറ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അന്ന് ഇതിന് പേര് സെൻറ് ജോസഫ് യൂറോപ്യൻ സ്കൂൾ എന്നായിരുന്നു. 1793 മുതൽ 1860 വരെയുള്ള സ്കൂളിലെ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരിമിതമാണ്.1861ൽ കാർമലൈറ്റ് പാതിരിമാർ വിദ്യാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു 1884 വരെ അത് തുടർന്നു. 135 വർഷം മുമ്പ് 1884 ലാണ് ഇപ്പോഴത്തെ നടത്തിപ്പുകാരായ ഈശോസഭ നിയന്ത്രണം ഏറ്റെടുത്തതെങ്കിലും 1878 മുതൽ ഈശോ സഭയിലെ അംഗങ്ങൾ മാനേജർമാരായി സേവനമനുഷ്ഠിച്ചു പോരുന്നു. ഈ കാലഘട്ടത്തിൽ നൂറോളം വിദ്യാർത്ഥികൾ മാത്രമേ ഇവിടെ പഠിച്ചിരുന്നുള്ളൂ. 1888ൽ പ്രീ - മെട്രികുലേഷൻ നാലാം ഫോറം ( ഇന്നത്തെ എട്ടാം ക്ലാസ്സിൽ ) കുട്ടിയെ ചേർത്തു. 1904 ജനുവരിയിൽ അഞ്ചാം ഫോറം (ഇന്നത്തെ ഒമ്പതാംക്ലാസ്) ആരംഭിക്കുന്നതിനായി ഡി പി ഐ യിൽ നിന്നും അംഗീകാരം ലഭിച്ചു. ആ വർഷംതന്നെ ഓഗസ്റ്റ് 10ന് വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി. 1906 സെപ്തംബർ 7ന് കോഡ് ഓഫ് റെക്കഗ്നേഷന്റെ അംഗീകാരമുള്ള യൂറോപ്യൻ ഹൈസ്കൂളായി. 1936 ൽ ഇന്ത്യൻ ഹൈസ്കൂളുമായി. 1961 ജൂലൈ രണ്ടിന് രജിസ്റ്റർ ചെയ്യപ്പെട്ട തീറാധാരപ്രകാരം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും അതിലെ സ്ഥാവരജംഗമവസ്തുക്കളും കോഴിക്കോട് ബിഷപ്പ് ഈശോസഭയുടെ കേരള പ്രവശ്യാ മേലധികാരിക്ക് കൈമാറി.
ഈശോസഭക്കാർ കോഴിക്കോട്
1597 എ ഡി യിൽ എഴുതിയ 'ലിത്തറെ ഏന്വ' (വാർഷിക കത്തുകൾ) ശേഖരത്തിൽ നിന്നാണ് ഈശോസഭക്കാർക്ക് കേരളവുമായുള്ള ബന്ധത്തെപ്പറ്റി അറിവ് ലഭിക്കുന്നത്. കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത ഒരു പോർച്ചുഗീസ് കപ്പലിൽനിന്ന് സാമൂതിരി രാജാവ് മോചിപ്പിച്ച പുരോഹിതനായിരുന്നു ഫാദർ ഫ്രാൻസിസ് എക്കോസ്റ്റ. ഇദ്ദേഹത്തിന്റെ സ്വഭാവവൈശിഷ്ട്യം സാമൂതിരിയെ വളരെയധികം ആകർഷിച്ചു. അദ്ദേഹം വഴിയായി പോർച്ചുഗീസുകാരുമായുള്ള ബന്ധം സുദൃഢമാക്കാനും കൊച്ചിരാജാവിനെ നിലക്കുനിർത്താനും സാമൂതിരി ആഗ്രഹിച്ചു. ഈ പുരോഹിതനിലൂടെ, സാമൂതിരി, അന്നത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന മത്ത്യാസ് അൽബുക്കർക്ക് (1591-1597) ഗോവയിലെ ആർച്ച് ബിഷപ്പ്, ഈശോസഭ പ്രൊവിൻഷ്യൽ, തുടങ്ങിയവരുമായി ബന്ധപ്പെടുകയും ഈശോ സഭക്കാരെ കോഴിക്കോട്ടേക്ക് ക്ഷണിക്കുകയും ചെയ്തു. ഇങ്ങനെ സാമൂതിരി പോർച്ചുഗീസുകാരുടെ സൗഹൃദം സമ്പാദിക്കുകയും തന്റെ രാഷ്ട്രീയ സ്വാധീനം വിപുലീകരിക്കുകയും ചെയ്തു.1597 ലെ 'ലിത്തറെ ഏന്വ' തുടരുന്നു .സാമൂതിരിയുടെ നിർദ്ദേശപ്രകാരം രണ്ട് പുരോഹിതർ കോഴിക്കോട്ടെത്തി. അവർ ഫാ.ഫ്രാൻസിസ് റോസ് ഫാദർ ഫ്രാൻസിസ് എക്കോസ്റ്റ എന്നിവരായിരുന്നു. ഇവരെ കണ്ടപ്പോൾ സാമൂതിരി വളരെയധികം സന്തോഷിച്ചു. പട്ടാളക്കാരോടും കൊട്ടാരം സേവകരോടും ഒപ്പം വന്ന് സ്വീകരിച്ചു ആലിംഗനം ചെയ്തു. അവർക്ക് താമസിക്കാനുള്ള സൗകര്യം സാമൂതിരി ചെയ്തുകൊടുത്തു.പിന്നീട് കടലിൽ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലിൽനിന്ന് പോർച്ചുഗീസ് കമാൻഡറായ അൽവറോ ബാൻഷസിനെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി പോർച്ചുഗീസുകാരുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഈശോസഭക്കാരെ സ്നേഹിക്കുന്നത് പോർച്ചുഗീസുകാരെ സ്നേഹിക്കുന്നതിന് തുല്യമാണെന്ന് മനസ്സിലാക്കിയ സാമൂതിരി കൂടുതൽ ഈശോസഭക്കാരെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. ഫാദർ എന്റോണിയോ ഷിപ്പാനി എസ് ജെ യുടെ നേതൃത്വത്തിൽ കൂടുതൽ ഈശോസഭക്കാർ കോഴിക്കോടെത്തി.ഈശോസഭക്കാർക്ക് കോഴിക്കോട്ട് ഒരു പള്ളി വെച്ചുകൊടുക്കാൻ സാമൂതിരി തയ്യാറായി. കൊട്ടാരത്തിൽ നിന്നും അകലെ, കടൽതീരത്ത് ഒരു സ്ഥലം തിരഞ്ഞെടുത്തു. ( സെൻറ്. ജോസഫ്സ് സ്കൂളും മദർ ഓഫ് ഗോഡ് കത്തീഡ്രലും നിലനിൽക്കുന്ന സ്ഥലം ഒരുപക്ഷെ ഇതായിരിക്കാം.) ഈ സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കത്തീഡ്രൽ ചർച്ചിനെ കുറിച്ചും സ്മരിക്കേണ്ടതാണ്. കോഴിക്കോട് സാമൂതിരി രാജാവും പോർച്ചുഗീസുകാരും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം 1725ൽ നിർമിച്ചതാണ് ഇന്ന് ഈ സ്കൂളിന്റെ മുമ്പിൽ കാണുന്ന 'മദർ ഓഫ് ഗോഡ് റോമൻ കാത്തലിക് ചർച്ച്'.അതിന്റെ നിർമ്മാണത്തിനാവശ്യമായ കല്ലും കുമ്മായച്ചാന്തും, 150 പൗണ്ട് ഭാരമുള്ള മണിയും സാമൂതിരി രാജാവ് സംഭാവന ചെയ്തതാണ്.മാത്രമല്ല പള്ളിയുടെ ചിലസ്ഥായിത്വത്തിനായി ഒരു പൂന്തോട്ടവും നിർമ്മിച്ചുകൊടുത്തതായി ചരിത്രരേഖകളിൽ കാണുന്നുണ്ട്. 1776 വരെ ഹൈദരാലിയും 1788 വരെ ടിപ്പുസുൽത്താനും സാമൂതിരിയുടെ പാതയിൽ , പള്ളിയുടെ നിലനിൽപ്പിനായി വേണ്ടവിധം സംഭാവന നൽകുന്നതിൽ വേണ്ടവിധം ശ്രദ്ധിച്ചിരുന്നവരാണ് .എന്നാൽ 1792 ൽ വികാരി ഇല്ലാതിരുന്നതിനാൽ , ഈസ്റ്റിന്ത്യാകമ്പനി തലശ്ശേരിയിലുള്ള പള്ളിയുടെ അധീനതയിലുണ്ടായിരുന്ന 500 തെങ്ങുകൾ വെട്ടി നശിപ്പിച്ചു. ഈ കാലഘട്ടത്തിൽ ഇവിടെ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ബാസൽമിഷ്യനോ ആംഗ്ലിക്കൽ പള്ളികളോ കത്തീഡ്രൽ പള്ളിയെ സംബന്ധിച്ച് യാതൊരു താൽപര്യവുമെടുത്തതായ് കാണുന്നില്ല .ഈ കാലഘട്ടത്തിൽ കോഴിക്കോട് നിലനിന്നിരുന്ന ചില പ്രധാനപ്പെട്ട സ്ഥാപനങ്ങളായിരുന്നു കളക്ടറുടെ ഓഫീസ് , ജില്ലാ കോടതി തുടങ്ങിയവ .അന്ന് കോഴിക്കോട് പുരാതനമായ ധാരാളം ക്ഷേത്രങ്ങളും നിലനിന്നിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് കോഴിക്കോട് നിന്നും മൂന്നു കിലോമീറ്റർ വടക്കുമാറി വരയ്ക്കൽ എന്നസ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന പരശുരാമൻറെ പ്രതിഷ്ഠയുള്ള ക്ഷേത്രമായിരുന്നു .നാൽപതിലധികം മുസ്ലിം പള്ളികളും ഈ നഗരത്തിൽ ഉണ്ടായിരുന്നതായി കാണുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുറ്റിച്ചിറ ടാങ്കിൻറെ അരികിലുള്ള ജുമാമസ്ജിദും ,ഷെയ്ക്കിൻഡ് പള്ളിയും പഴയ പള്ളിയുമായിരുന്നു
സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്
മലബാറിൽ പെൺകുട്ടികൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട പ്രഥമ വിദ്യാലയമാണ് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. കോഴിക്കോട് നഗരത്തിൽ അറബി കടലിനരികെ , ദേവ മാതാ കത്തീഡ്രലിനു സമീപം 1862 ഏപ്രിൽ ഒന്നിനാണ് മംഗലാപുരം രൂപത മെത്രാനായിരുന്ന ഡോ. മൈക്കിൾ ആൻറണി അൻഫേസി ഒ സി ഡി ദേവാലയത്തിനടുത്തുള്ള എ . പ്ലാറ്റേലിൻറെ സ്ഥലവും ബംഗ്ളാവും വാങ്ങി സെൻറ് ജോസഫ് സന്യാസസഭയുടെ കോൺവെൻറ് വിദ്യാലയം സ്ഥാപിച്ചു മദർ വെറോണിക്ക യായിരുന്നു പ്രഥമ സുപ്പീരിയലും പ്രധാനാധ്യാപകയും .ബ്രിട്ടീഷ് പൗരൻമാരും ആംഗ്ലോ ഇന്ത്യാക്കാരും ഗവണ്മെന്റ് ഉദ്യോഗസ്ഥരും അവരുടെ മക്കളും പാഴ്സികളും ഗുജറാത്തികളും ഇവിടെ വിദ്യാർത്ഥികളായി എത്തി .1985 മുതൽ കേരള സിലബസ് അനുസരിച്ചുള്ളപാഠ്യപദ്ധതിയാണ് നിലവിലുള്ളത് . 2000 ൽ സ്കൂൾ ഹയർ സെക്കൻഡറിയായി
കർമ്മ ധീരനായ കേളപ്പൻ കേരള ഗാന്ധി എന്ന പേരിലറിയപ്പെടുന്ന കെ കേളപ്പൻ സെൻറ് ജോസഫ്സ്സ് ബോയ്സ് സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.വിദ്യാലയത്തിൽ കേളപ്പജിയുടെ സജീവസാന്നിധ്യത്തെക്കുറിച്ചു പഴയ വിദ്യാലയ രേഖകളിൽ കാണുന്നു.
എൻ വി കൃഷ്ണവാര്യർ കവി ,ഭാഷാപണ്ഡിതൻ , ചരിത്രഗവേഷകൻ ,വൈയാകരണൻ , രാഷ്ട്രീയ പ്രവർത്തകൻ , പത്രാധിപർ , നിരൂപകൻ , പരിസ്ഥിതിവാദി എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വം സ്ഥാപിച്ച ശ്രീ.എൻ വി കൃഷ്ണവാരിയർ ഈ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു.
മൂർക്കോത്ത് കുമാരൻ സാഹിത്യലോകത്ത് വ്യത്യസ്തമേഖലകളിൽ ബഹുമുഖമായ വ്യക്തിത്വം സ്ഥാപിച്ച അസാധാരണ പ്രതിഭയായിരുന്നു ശ്രീ.മൂർക്കോത്ത് കുമാരൻ. നമ്മുടെ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു അദ്ദേഹമെന്നത് അഭിമാനകരമായ ഒരു തിരിച്ചറിവാണ്.
ഫാ.വെർഗോത്തിനി കോഴിക്കോട്ടെ മുതിർന്ന തലമുറയിൽപ്പെട്ട എല്ലാവരും ആദരവോടെ ഓർമ്മിക്കുന്ന ഒരു ജീവിതമായിരുന്നു ഫാ.വെർഗോത്തിനിയുടേത് .അദ്ദേഹത്തിന്റെ സേവനം സെൻറ് .ജോസഫ്സ് സ്കൂളിനും കുറച്ചുകാലം ലഭിക്കുകയുണ്ടായി. .കേരളത്തിലെ രാഷ്ട്രീയ , സാമൂഹിക , സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങൾ ഇവിടെ സേവനമനുഷ്ഠിക്കുകയോ , വിദ്യാർത്ഥികളായിരിക്കുകയോ ചെയ്തിട്ടുണ്ട് . സ്ഥലപരിമിതിമൂലം എല്ലാവരെയും ഇവിടെ ഉൾപ്പെടുത്താൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കംചെന്ന സ്കൂൾഎന്ന പദവി സെൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനാണ് എന്നതും ഇവിടെ പ്രത്യേകം പ്രസ്താവിക്കുന്നു