സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ രണ്ട് പയ്യൻമാരുടെ കഥ
"രണ്ട് പയ്യന്മാരുടെ കഥ"
കഥ ആരംഭിക്കുന്നത് വലിയ വലിയ മാളുകളും സൂപ്പർ മാർക്കറ്റുകളും എല്ലാം തിങ്ങി നിറഞ്ഞ ഒരു നഗരത്തിന്റെ മദ്ധ്യഭാഗത്തു നിന്ന്..... അല്ല , ഒരു സുന്ദരമായ ചെറിയ ഗ്രാമത്തിൽ നിന്ന് ...... തേക്കിൻകര തോട്ടു മുക്ക് പഞ്ചായത്തിലെ രണ്ട് ഫെയ്മസ് പുള്ളികളാണ് നമ്മുടെ കഥയിലെ നായകന്മാർ.സണ്ണിയുടെ പല്ലുകൾ ഒരപ്പക്കഷണത്തിനു വേണ്ടി തല്ലു കൂടുന്ന രണ്ട് കുട്ടികളായി മാറി. കണ്ണുകൾ രണ്ടും ചീഞ്ഞ തക്കാളി പ്പഴങ്ങൾ പോലെയായി. അവന്റെ നാഡീ ഞരമ്പുകൾ പരസ്പരം വടം വലി മത്സരം കളിക്കുന്നു. അവന്റെ പേശികൾ, പെലെ ഗോൾ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത് വിട്ട ബോളുകളായി. മെസ്സിയുടെയും റൊണാൾഡോവിന്റെയും നെയ്മറുടേയും ബൂട്ടുകളണിഞ്ഞ കാൽപ്പാദങ്ങൾ ഫുട്ബോൾ മണ്ണിനെ , ഫുട്ബോളിനെ ചുംബിച്ച പോലെ സണ്ണിയുടെ വസ്ത്രങ്ങൾ അവന്റെ ശരീരമാകെ ഒട്ടിക്കിടക്കുന്നു . അവൻ ആകെ വിയർത്തു. ഒരക്കലും പിരിയാൻ കഴിയാത്ത രണ്ട് ആത്മാർത്ഥ സ്നേഹിതരെപ്പോലെ മെസ്സിയും ഫുട്ബോളും പോലെ ലാലേട്ടനും അഭിനയവും പോല മമ്മൂക്കയും സിനിമയും പോലെ സച്ചിനും,ധോണിയും ക്രിക്കറ്റും പോലെ .പല്ലുകൾ രണ്ടും കൂട്ടിയിടിപ്പിച്ചു കൊണ്ട് സണ്ണി എന്തൊക്കയോ സ്വയം പിറുപിറുത്തു. കാര്യം മറ്റൊന്നുമല്ല, സണ്ണി സ്വന്തം അനുജനെപ്പോലെ കണ്ട് സ്നേഹിച്ച അവന്റെ ചാവേറായ മാത്തൻ അവനെ ചതിച്ചു. അതനിഷ്ഠൂരമായി വഞ്ചിച്ചു. സണ്ണിക്ക് സഹിക്കാൻ കഴിഞ്ഞില്ല. സണ്ണി എന്നും രാവിലെ കണി കാണുന്ന, അവന്റെ അമ്മ മുന്നിൽ കൊണ്ടു നിർത്തുന്ന അവന്റെ ചക്കര..മാത്തൻ സണ്ണിയുടെ വീട്ടിലാണ് താൽക്കാലികമായി താമസിക്കുന്നത് . വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പാട് നല്ല നല്ല എട്ടിന്റെ പണികൾ കൊടുത്ത് അവരെ ഉപദ്രവിച്ച് കൊണ്ട് മാത്രം ജീവിക്കുന്ന മാത്തനെ,നാട്ടുകാരുടെ കച്ചറ മാത്തനെ അവന്റെ അമ്മ വീട്ടിൽ നിന്നും അടിച്ച് ഇറക്കി വിട്ടതാണ് . പ്രത്യേകിച്ച് സണ്ണിക്കും മാത്തനും ഒരു പണിയും ഇല്ലാത്തതുകൊണ്ട് തന്നെ അയമൂദിന്റെ ചായക്കടയിലിരുന്ന് തള്ളി മലർത്തിയും സതീശന്റെ ഓട്ടോ സ്റ്റാന്റിൽ നിന്ന് കൊണ്ട് പരദൂഷണം പറഞ്ഞും സ: രാജൻ പുന്നത്ത് സ്മാരക ബസ് സ്റ്റോപ്പിൽ നിന്ന് ലോക കാര്യങ്ങളെപ്പറ്റി കമന്റടിച്ചും നിൽക്കുന്ന ജോലിയാണ് രണ്ടു പേർക്കും . ............ അയമൂദിന്റെ ചായക്കടയുടെ ഇപ്പുറത്തായി വറീദ് നടത്തുന്ന ഒരു പലവ്യഞ്ജന കടയുണ്ട്.അവിടെയാണ് ചക്കര . ചക്കരക്ക് എല്ലാവരുടേയും വായ വൃത്തിയാക്കലാണ് ജോലി. അയ്യോ! ഡെന്റിസ്റ്റ് അല്ല കേട്ടോ , തോട്ടു മുക്ക് പഞ്ചായത്തിലെ എല്ലാവരും ഉപയോഗിക്കുന്ന ഒരേ ഒരു ടൂത്ത് പേസ്റ്റ് "ചക്കര" . സണ്ണിയുടെവീട്ടിൽ ചക്കര തീരാറായിരുന്നു.അന്നു കൂടെ മാത്രമേ അത് ഉപയോഗിക്കാൻ ഉള്ളു. ഉണർന്നെന്നേറ്റപ്പോൾ സണ്ണി കണ്ടത് , മാത്തൻ ചക്കരയുടെ കഴുത്ത് ഞെരിച്ച് എല്ലാം തന്റെ പല്ലുകൾ കൊഴിഞ്ഞ ഏതാണ്ട് ഒരു വർഷം പഴക്കമുള്ള ബ്രഷിലേക്ക് ആവാഹിക്കുന്നതാണ്. കഷ്ടിച്ച് ആ വീട്ട്കാർ ഉപയോഗിക്കുന്ന ചക്കര ഇപ്പോഴിതാ കാറ്റു പോയ ഫുട്ബോളിനെപ്പോലെ,പഞ്ചറായ സൈക്കിൾ ടയറിനെപ്പോലെ കിടക്കുന്നു അനക്കമറ്റ് .... പിന്നെ സണ്ണിക്ക് വല്ലാത്ത ദേഷ്യം തോന്നി." ഒരു പേസ്റ്റ് പോയിട്ട് ഒരു കടുക് മണി വാങ്ങിക്കുവാൻ ഉള്ള കാലണയുടെ ഉപയോഗമില്ലാത്ത നീയൊക്കെ എന്തിനാടാ ജീവിക്കുന്നത് നാണം കെട്ടവൻ, നിന്നെ കൊണ്ട് നാട്ടുകാർക്കോ ഒരു ഉപയോഗവും ഇല്ല വീട്ടുകാർക്കെങ്കിലും .... ങ് ഹ! ഇങ്ങനെയെ ഒരു നശിച്ച ജന്മം. സ്വന്തം അച്ഛൻ ഇട്ടിട്ട് പോയി. പ്രായമായി വരുന്ന ഒരമ്മയും കെട്ടിച്ചു വിടാൻ പ്രായമായ കോളേജിൽ പഠിക്കുന്ന ഒരു അനിയത്തിയുമുണ്ട്. അവളുടെ ഫീസ് പോലും നേരെ ചൊവ്വേ അടയ്ക്കുവാൻ പറ്റുന്നില്ല , എന്റെ കർത്താവേ! നീ ഇവനെ എന്റെ വയറ്റിൽ തന്നെ ജനിപ്പിച്ചല്ലോ?" സ്വന്തം അമ്മയുടെ സ്ഥിരമുള്ള പുകഴ്ത്തൽ അല്ല . ഇന്ന് പറഞ്ഞത് സണ്ണിയുടെ മനസ്സിൽ തട്ടി. സണ്ണിയുടെ അച്ഛൻ അവന്റെ അനിയത്തി സോഫിക്ക് ഒരുവയസ്സായപ്പോൾ ഇട്ടിട്ട് പോയതാണ്. അന്നുമുതൽ അവന്റെ അമ്മ മേരിക്കും അവന്റെ കുടുംബത്തിനും കഷ്ടപ്പാടാണ് . സണ്ണി മാത്തനോട് പറഞ്ഞു."എടാ മാത്താ മടുത്തു എനിക്ക്. അ മ്മച്ചിയുടെ സ്ഥിരമുള്ള ഈ പറച്ചിൽ,ഞാൻ എന്തെങ്കിലും പണിക്ക് പോവുകയാ, അല്ലെങ്കിൽ ഈ പട്ടിക്കാട്ടിൽ കിടന്നാൽ ഒരു ഗതിയുമുണ്ടാകില്ലാ,നമുക്ക് സിറ്റിയിലേക്ക് പോകാം , അവിടെയാകുമ്പോൾ ഏതെങ്കിലും ഇലക്ട്രോണിക്സ് കടയിലോ മാർക്കറ്റിലോ ഒക്കെ പണി കിട്ടും. നീ എന്ത് പറയുന്നു ? മാത്തൻ ഞെട്ടി. അവന്റെ മനസ്സിൽ ആയിരം അമ്പുകളേറ്റ ഫീലിങ് . മാത്തൻ പറഞ്ഞു, "പണി പടിക്കാൻ ഞാൻ നേരെ ഇറങ്ങിപ്പുറപ്പെട്ടത് ഉസ്താദ് സണ്ണി ജോൺ പ്ലാക്കപ്പറമ്പിലിന്റെ മടയിൽ.ദക്ഷിണ ചോദിച്ചപ്പോൾ ഈ ഊരു തെണ്ടിയുടെ ഓട്ടക്കീശയിൽ എന്തുണ്ട്? പിന്നെ 2 മാസം, ശരിക്കും പഠിച്ചു , എന്നിട്ട് മുറ്റം തൂക്കുന്ന ചൂലുകെണ്ട് ഗുരുവിനെ മനസ്സിൽ ധ്യാനിച്ച് ഒരു സാധനം അങ്ങോട്ട് കീച്ചി. സണ്ണി ഫ്ലാറ്റ് ..... സബ്രോം കീ സിന്ദഗീ ജോ പണി കബീ നഹി എടുക്കൽ ഹോ ജാതേ". അമ്പട കള്ളാ, എടാ സണ്ണിക്കുട്ടാ, നീ വല്ലാതെ അങ്ങ് വളർന്നൂ ല്ലേ , അറിഞ്ഞില്ല ഉണ്ണീ ഒന്നും... സണ്ണി പറഞ്ഞു , " ഞാൻ എന്തായാലും പോകുവാൻ തീരുമാനിച്ചു. നീ എന്റെ കൂടെ വരുന്നു. ഒരു വഴിക്കെത്തിയിട്ടേ , നമ്മളിനി തിരിച്ച് വരൂ . മാത്തൻ പറഞ്ഞു " എടാ സണ്ണീ , അത് വേണോ? നമ്മുടെ നാട് തന്നെയെല്ലാ , നമ്മുടെ സ്വർഗ്ഗം? നാടും വീടും വിട്ട് നഗരത്തിലേക്കെന്നൊക്കെ പറഞ്ഞാ , അത് ശരിയാകുവോ ? വേണ്ടെടാ, നമുക്ക് അയമൂദ്ക്കയുടെ ചായക്കടയിൽ ഒന്ന് ട്രൈ ചെയ്താലോ, മൂപ്പരുടെ വലം കൈയ്യായിട്ട് , അല്ലെങ്കിൽ നമ്മുടെ വറീദിക്കയുടെ കടയിൽ .... സണ്ണി ദേഷ്യത്തോടെ പറഞ്ഞു" നീ വരുന്നില്ലെങ്കിൽ വരേണ്ടടാ, എനിക്കൊരു ത്തന്റെയും സഹായം ആവശ്യമില്ല, അവന് നാടിനോട് എന്താ ഒരു സ്നേഹം, ഈ ഓണം കേറാ മൂലയിൽ നീ എന്തുണ്ടാക്കാനാടാ! എന്തായാലും ഞാൻ പോവ്വാ, അതിലൊരു മാറ്റോമില്ല, ഈ നാട് ഒരിക്കലും ഗുണം പിടിക്കയുമില്ല. നശിച്ച നാട് മാത്തൻ പറഞ്ഞു. നീ ഒറ്റക്ക് എവിടേയും പോകുന്നില്ല ഞാനും ഉണ്ട്.നമുക്ക് ഒരുമിച്ച് പോയാൽ മതി, എവിടേക്കായാലും സണ്ണി പറഞ്ഞു.... എങ്കിൽ ശരീ, ഞാൻ നമുക്ക് പോവാനുള്ളതൊക്കെ ഏർപ്പാടാക്കിയിട്ടുണ്ട് . നാളെ പുലർച്ചെ നാല് മണിക്ക് നമ്മൾ പുറപ്പെടുന്നു. റോഷൻ അവന്റെ സെക്കൻഡ് ഹാൻഡ് ബൈക്കും കൊണ്ട് രതീശന്റെ തുന്നൽക്കടയുടെ മുമ്പിൽ കാത്തു നിൽക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ നമുക്ക് നാളെ കാണാം. നീ ഇന്ന് തന്നെ എല്ലാം പാക്ക് ചെയ്ത് വയ്ക്കണം. എന്നാൽ ശരി , ഓക്കെ ബൈ. അങ്ങനെ ചായക്കടയിലിരുന്നുള്ള പതിവ് പരദൂഷണങ്ങൾ മറന്ന് , ജവാൻ കുട്ടൻ പിള്ളച്ചേട്ടന്റെ കണ്ടം വഴി ഓട്ടിക്കുന്ന ഒടുക്കത്തെ തളളുകൾ വിട്ട് എന്നും രാവിലെ വീട്ടിൽ നിന്നും അമ്മച്ചിയുടെ തെറിപ്പാട്ട് കേട്ട് തഴമ്പിച്ച ചെവിയുമായി സണ്ണിയും കൂടെ മാത്തനും പുതിയ പ്രതീക്ഷകളുടെ ഉദയ സൂര്യനായ നഗരത്തെത്തി, നവീന സാദ്ധ്യതകളുടെ ആകാശത്തെത്തേടി രണ്ട് ദേശാടനപ്പക്ഷികളെപ്പോലെ പറന്നുയരുകയായി. രാത്രി സണ്ണിക്ക് ഉറക്കം വന്നില്ല. കടുത്ത ആലോചന.... അമ്മച്ചി മുറിയിലേക്ക് കയറി വന്നു .... അമ്മച്ചിയോട് ഈ കാര്യമെങ്ങനെ പറയും എന്നോർത്ത് സണ്ണി വിയർത്തു, പക്ഷേ പറഞ്ഞല്ലേ പറ്റൂ, വേറെ വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കിൽ .....അങ്ങനെ സണ്ണി അമ്മച്ചിക്കു മുമ്പിൽ കാര്യം അവതരിപ്പിക്കാൻ തീരുമാനിച്ചു. സണ്ണി ഇടർച്ചയോടെ പറഞ്ഞു. "അമ്മച്ചീ, ഞാനും മാത്തനും ഒരു ജോലി കിട്ടാൻ വേണ്ടി നഗരത്തിലേക്ക് പോകുവാ , അവിടെത്തന്നെ ഒരു ചെറിയ മുറി വാടകയ്ക്ക് കിട്ടാനുള്ള ഏർപ്പാടൊക്കെ ഞാൻ ഉണ്ണിച്ചേട്ടനോട് പറഞ്ഞ് ശരിയാക്കിച്ചിട്ടുണ്ട്. നല്ല ഒരു ജോലി അവിടെ കിട്ടിയാൽ പിന്നെ, നമ്മുടെ കടമൊക്കെ ....... അമ്മച്ചി ഒരരിശത്തോടെ പറഞ്ഞു " നീ എവിടേക്കെങ്കിലും പോ, അദ്ധ്വാനിക്കാൻ മനസ്സുള്ളവൻ എവിടെയായാലും അദ്ധ്വാനിക്കും, നീയൊക്കെ നഗരത്തിലേക്ക് പോകുന്നത് എന്തിനാണെന്ന് എനിക്ക് അറിയാമെടാ, പൊന്നു മോനെ .... അവിടെ എന്തോ വലിയ സ്വർഗ്ഗമാണെന്നാ അവന്റെ വിചാരം, കുറേ വമ്പൻ കെട്ടിടങ്ങളും സിനിമാ ടാക്കീസുകളും എല്ലാം കൂടെ നിനക്ക് സുഖിക്കണം. അല്ലേ? എടാ, നിനക്കറിയോ, അവിടെ ....... ." സണ്ണി പെട്ടെന്ന് പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു " അമ്മച്ചീ നിർത്ത്, കുറേ നേരമായി തുടങ്ങിയിട്ട് ..... ഞാൻ നന്നായി കുറച്ച് പണം സമ്പാദിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാകുന്നില്ല , അല്ലേ? അതെനിക്ക് അറിയാമായിരുന്നു , ഞാൻ നല്ല നിലയിലെത്തിക്കാണുന്നത് നിങ്ങൾക്കൊന്നും ഇഷ്ടമല്ല അല്ലേ ? പിടിക്കുന്നില്ല .... അതുകൊണ്ടല്ലേ , പക്ഷേ നിങ്ങളിനി എന്തൊക്കെ പറഞ്ഞാലും ഞാൻ തീരുമാനിച്ചു കഴിഞ്ഞു , ഞാൻ പോയിരിക്കും, കൂടെ മാത്തനുമുണ്ട്. ഒരു നല്ല ജോലി കിട്ടി,ഒരു നല്ല വഴിക്കെത്തിയിട്ടേ ഈ വീട്ടിന്റെ പടി ഞാനിനി ചവിട്ടൂ .... ഇതെന്റെ തീരുമാനമാ,മാസാമാസം എന്റെ നല്ല ഒരു ശമ്പള വിഹിതം ഇവിടെ തന്നാൽ പോരേ ?" അമ്മച്ചി ഒന്നും മിണ്ടിയില്ല , കുറേ നേരം കണ്ണടച്ചിരുന്നു. എന്നിട്ട് വിഷമത്തോടെ പറഞ്ഞു "മോനേ, നിന്നെ ഞാൻ എന്നും രാവിലെ ഇങ്ങനെ വഴക്ക് പറയുന്നത് നിന്നോടുള്ള ദേഷ്യം കൊണ്ടല്ല, നീ ഒരു നല്ല നിലയിലായി കാണാൻ മറ്റാരെക്കാളും കൂടുതൽ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, നിന്നെ എന്നും എന്റെ അടുത്ത് കാണണം എന്ന ആഗ്രഹവുമുണ്ട്. നഗരത്തിൽ വേണ്ടത്ര ശുചിത്വമില്ല മോനേ, കുറേ പടുകൂറ്റൻ ഫ്ലാറ്റുകളും വില്ലകളും ഫാക്ടറികളും പുറംതള്ളുന്ന മാലിന്യങ്ങൾ കാരണം രോഗങ്ങൾ പിടിപെട്ട് എത്ര പേർ ആശുപത്രിയിലാകുന്നു. എവിടെയായാലും നമ്മൾ ശുചിത്വം കാത്തുസൂക്ഷിക്കേണ്ടേ, അതുകൊണ്ടാ , പക്ഷേ നിന്റെ തീരുമാനം അങ്ങിനെയാണെങ്കിൽ നീ പോക്കോ ,ഞാൻ ഒന്നും പറയുന്നില്ല. ഒരു തീക്കനൽ സണ്ണിയുടെ മനസ്സിലേക്ക് കോരിയിട്ടാണ് സണ്ണിയുടെ അമ്മച്ചി ഉറങ്ങിയത്. ഒരു പാട് വിഷമത്തോടെയും പ്രതീക്ഷയോടെയും സണ്ണി ഉറങ്ങി. പുലർച്ചെ രണ്ടു മണിക്ക് സണ്ണി എഴുന്നേറ്റ് കുളിച്ചു റെഡിയായി അവന്റെ ബാഗ് പേക്ക് ചെയ്തു. അമ്മച്ചിയുടെ കാൽ തൊട്ട് വണങ്ങി കർത്താവിനെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ച് അവൻ ഇറങ്ങി , മാത്തൻ അവന്റെ വീടിനു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു . റോഷന്റെ സെക്കനന്റ് ബൈക്കും കൊണ്ട് അവർ നഗരത്തിലേക്ക് യാത്ര തിരിച്ചു. പുതിയ ലോകത്തേക്ക് ഉണ്ണിച്ചേട്ടൻ ഏർപ്പാടാക്കിതന്ന വാടക വീട് കണ്ടുപിടിച്ചു , തരക്കേടില്ല. അത്യാവശ്യ സൗകര്യങ്ങൾ ഒക്കെയുണ്ട് . രണ്ടു വലിയ ഫ്ലാറ്റുകളുടെ പുറകിലാണ് ഇവരുടെ മുറി ശരിയാക്കിയിട്ടുള്ളത്. സണ്ണിയും മാത്തനും ഇറങ്ങി അവിടേക്ക് നടന്നു. പരിസരമാകെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടും മറ്റ് അസംസ്കൃത വസ്തുക്കൾ കൊണ്ടും നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. അവർ അകത്ത് കയറി. കുളിക്കാൻ ഒരു ചെറിയ കുടുസ്സായ ബാത്ത്റൂം, ചെളി നിറഞ്ഞ് ആകെ വൃത്തികേടായി കിടക്കുന്നു . ഒരു വിധത്തിൽ കുളി കഴിഞ്ഞു. അടുത്തുള്ള ഒരു വെജ് ഹോട്ടലിൽ ചെന്ന് ഊൺ കഴിച്ചു. ആ ഹോട്ടലിന്റെ അടുക്കള സണ്ണയേയുoമാത്തനെയും ഞെട്ടിച്ചു. ഇതിലും ഭേദം ഗ്രാമത്തിലെ അയമൂദക്കയുടെ ചായക്കടയാണെന്ന് അവർ പിറുപിറുത്തു . ദിവസം കഴിയും തോറും അവരുടെ വാടക വീടിന്റെ പരിസരത്ത് മാലിന്യങ്ങളുടെ കൂമ്പാരത്തിലേക്ക് വീണ്ടും മാലിന്യങ്ങൾ വന്നടിഞ്ഞു കൂടും. അവർക്ക് രണ്ടു പേർക്കുമാണെങ്കിൽ നഗരത്തിൽ ഒരു ചെറിയ ഓട്ടോമൊബൈൽ കടയിൽ സഹായികളായി ജോലി കിട്ടി. എന്ത് കാര്യം, ദിവസവും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ കാരണം അവിടെ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു , ദുർഗന്ധം വമിക്കുന്നു. കുറേ ദിവസം ഇതു സഹിച്ചു. സണ്ണി ഒരു ദിവസം അവർ താമസിക്കുന്ന വീടിന്റെ മുമ്പിലുള്ള ഫ്ലാറ്റിന്റെ ഓണറുമായി കുറേ തർക്കിച്ചു , ഫ്ലാറ്റിലെ മാലിന്യങ്ങൾ തങ്ങളുടെ വീടിനു മുന്നിൽ നിക്ഷേപിക്കുന്നത് നിർത്തണം എന്നാവശ്യപ്പെട്ട് കൊണ്ട് , പക്ഷേ നിങ്ങൾ വെറേ സ്ഥലത്ത് മാറി താമസിക്കണം , ഞങ്ങൾ നിങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറല്ലെന്നായിരുന്നു ഫ്ലാറ്റ് ഉടമ ജോണി ആന്റണിയുടെ വാദം. തർക്കിച്ചിട്ട് കാര്യമില്ലന്ന് സണ്ണിക്ക് േബാധ്യമായി. അങ്ങിനെ ഒരു ദിവസം സണ്ണിയും മാത്തനും ഇറങ്ങി തിരിച്ചു , ആ മാലിന്യ കൂമ്പാരം വൃത്തിയാക്കാൻ അവർ പ്രയത്നം ആരംഭിച്ചു. ഒരു സെന്റ് ഭൂമി മാലിന്യം! അവരുടെ ഈ പ്രവർത്തി റോഡിലൂടെ പോവുകയായിരുന്ന ഭരത് വിഷൻ ടി വി മീഡിയക്കാരുടെ ശ്രദ്ധയിൽ പെട്ടു . അവർ ക്യാമറയും മൈക്കുമായി ഓടി സണ്ണിയുടെയും മാത്തന്റെയും അടുത്തേക്ക് വന്നു. ആ ടീമിലുണ്ടായിരുന്ന റിപ്പോർട്ടർ സിനി അവരോട് ഇതേ കുറിച്ച് വ്യക്തമായി ചോദിച്ചറിഞ്ഞു. ക്യാമറ മാൻ വരുൺ ലാൽ , അജിത്ത് എന്നിവർ പ്ലാറ്റിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യ കൂമ്പാരത്തെ അവരുടെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്തു. രണ്ടു സാധാരണ നാട്ടിൻ പുറത്തുകാരുടെമാതൃകാ പരമായ ഈ പ്രവർത്തി , നഗരസഭയുടെ അനാസ്ഥ , ഫ്ലാറ്റുടമയടേയും താമസക്കാരുടേയും ദുശീലം എന്നിവ തല കെട്ടോടെ എല്ലാ പത്രങ്ങളിലും അടിച്ചു വന്നു. ആ രണ്ടു പയ്യൻ മാർ അവരുടെ ഗ്രാമത്തിന്റെ അഭിമാനമായിത്തീർന്നു. ഭാരത് വിഷന്റെ എക്സ്ക്ളൂസീവിൽ ഇവരുമായുള്ള ഒരു ഇന്റർവ്യൂ തരപ്പെടുത്തി, തന്റെ അമ്മച്ചി തന്നോട് പറഞ്ഞതനെപ്പറ്റി സണ്ണി ഓർത്തു , എന്നിട്ട് പറഞ്ഞു, ഇപ്പോൾ നമ്മുടെ നാട് ഏറ്റവും കൂടുതൽ അഭിമുഖികരിക്കന്നത് മാലിന്യ പ്രശ്നങ്ങളെയാണ്. ശുചിത്വമാണ് ഏറ്റവും നല്ല പ്രവർത്തി , വീടും പരിസരവും വൃത്തിയാക്കിയാൽ തന്നെഒരു രോഗത്തിനും നാടിനെ കീഴ്പ്പെടുത്താൻ കഴിയില്ല. പരിസര ശുചിത്വം എപ്പോഴും നാം കാത്തുസൂക്ഷിക്കണം , നഗരവൽക്കരണത്തിനിടയിൽ പ്രകൃതിയെ മറക്കരുത്. മാലിന്യങ്ങൾ പ്രക്യതിയുടെ മാത്രമല്ല, മനുഷ്യ ശരീരത്തിന്റെയും ഏറ്റവും വലിയ ശത്രുവാണെന്ന് നാം തിരിച്ചറിയണം. മനുഷ്വ രാശിയെ തന്നെ ഇല്ലാതാക്കാൻ മാലിന്യങ്ങൾക്ക് കഴിയും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും മറക്കരുത്. ഇപ്പോൾ നമ്മുടെ മാത്തനും സണ്ണിയും സൂപ്പർ സ്റ്റാറുകളാണ് , നഗരത്തിലേയും ഗ്രാമത്തിലേയും
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ