സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ഈ പ്രപഞ്ചത്തിൽ ഭൂമിയുടെ പ്രാധാന്യം ജീവൻ എന്ന പ്രതിഭാസം നിലനിൽകൂന്ന ഒരു ഗ്രഹം എന്നുള്ളതാണ്.പ്രപഞ്ചത്തിൻ്റെ മറ്റെതെങ്കിലും ഭാഗത്ത് ജീവൻ ഉണ്ടായെന്നു വരാം.പക് ഷേ അത് ഇന്നോളം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ ഭൂമിയിലെ ജീവവൈവിധ്യത്തെക്കുറിച്ച് ആലോചിക്കുമ്പോൾ അതിൻ്റെ  അനന്ത കോടി വൈവിധ്യം നമ്മളെ അത്ഭുതപരതന്ത്രരാക്കുന്നു. ഈ ഭൂമി മനുഷ്യനു മാത്രമുള്ളതല്ലെന്നും എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണന്നുമുള്ള കാര്യം അധികം പേരും ഓർമ്മിക്കാറില്ല. പരിസ്ഥിതി സംരക്ഷണം ഗൗരവമുള്ള ഒരു വിഷയമായി കരുതുന്നവരുടെ എണ്ണം ചുരുങ്ങിപ്പോയതു അതുകൊണ്ടാണ്.

ഒരോ ജന്തുവർഗ്ഗവും അതിനു നിലനിൽക്കാൻ അനുകൂലമായ പരിസ്ഥിതികളിലാണ് ആവിർഭവിച്ചിട്ടുള്ളത്. അതത് പരിസ്ഥിതിക്ക് ചേർന്ന വിധം അവയുടെ ശരീര ഘടനയും സിദ്ധിയും രൂപപ്പെട്ടിരിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടേയും, മത്സ്യങ്ങളുടെയും പ്രത്യേകതകൾ ഒറ്റ നോട്ടത്തിൽ തന്നെ ഇക്കാര്യം വ്യക്തമാകുന്നു. കടൽ കരയിലെയും, വനത്തിലെയും, ധുവപ്രദേശത്തേയും മനുഷ്യർക്ക് തമ്മിലുള്ള അന്തരം ശ്രദ്ധേയമാണ്. പ്രകൃതി ജന്തുജാലങ്ങളോട് എത്ര നീതിബോധത്തോടും സൗമനസ്യത്തോടും കൂടിയാണ് പെരുമാറുന്നതെന്നും നോക്കുക.

പ്രകൃതിയുടെ സൗമനസ്യം തകർക്കുകയും അതിൻ്റെ താളക്രമങ്ങളെ കിഴിൻമേൽ മറിക്കുകയും ചെയ്യുന്നത് ആധുനിക കാലഘട്ടത്തിലെ മനുഷ്യനാണ്. താൽക്കാലിക ലാഭത്തിനു വേണ്ടി മനുഷ്യൻ്റെ സ്വാർഥത കാട്ടുന്ന കടുംകൈകൾ ചില്ലറയല്ല.ക്രമം തെറ്റിയ കാലാവസ്ഥയുടെ ഭീഷണി എത്രയോ കാലങ്ങളായി നമ്മെ തുറിച്ചു നോക്കുന്നു .വനങ്ങൾ വെട്ടി വെളുപ്പിക്കുന്നവർക്ക് തങ്ങൾ ചെയ്യുന്നത് കുറ്റ കൃത്യമാണന്നുള്ള ബോധ്യം പോലും ഇല്ലാതായിരിക്കുകയാണ്‌. കൊടിയ വരൾച്ചയും കൃഷി നാശവും ഇടയ്ക്കിടെ അനുഭവിക്കുന്ന ഒരു പ്രദേശമായി മാറിക്കഴിഞ്ഞിരിക്കുന്നു കേരളം. മണ്ണൊലിപ്പും ഉരുൾപൊട്ടലും ഇല്ലാത്ത വർഷകാലങ്ങളുമില്ല.ഇത്തരം അനുഭവങ്ങൾ തുടർച്ചയായി  ഉണ്ടായപ്പോഴാണ്  ഇവിടെ പരിസ്ഥതി സംരക്ഷണത്തെക്കുറിച്ച് ചിലരെങ്കിലും ചിന്തിക്കാൻ തുടങ്ങിയത്.

ആധുനിക കാലഘട്ടത്തിൽ വ്യവസായവത്കരണം അത്യന്താപേക്ഷിതമാണ്. വ്യവസായ ശാലകളിലെ മാലിന്യം സമൂഹത്തിനു ദോഷമാവാത്ത തരത്തിൽ   എങ്ങനെ നീക്കം ചെയ്യാമെന്ന് പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്. ശേഷിക്കുന്ന വനങ്ങൾ സംരക്ഷിക്കുവാനും കൂടുതൽ വനങ്ങൾ വച്ചുപിടിപ്പിക്കാനും അധികാരസ്ഥാനങ്ങളിൽ നിന്ന് കർശന നടപടികൾ ഉണ്ടാവണം. വനത്തേയും ചുറ്റുപാടുമുള്ള പ്രകൃതിയേയും സ്നേഹിക്കാൻ കഴിയുന്ന ഒരു പുതിയ സംസ്കാരം നാം വളർത്തിയെടുക്കണം. പ്രകൃതിയെ സ്നേഹിക്കുന്നത് മനുഷ്യനെ സ്നേഹിക്കുന്നതിനു  തുല്യമാണ്. പരിസ്ഥിതിയെ നാം വേണ്ട വിധം സംരക്ഷിക്കണം.

ഡിജോ അലക്സ്
6 A സെന്റ് അലോഷ്യസ് ഹൈസ്കൂൾ ,മണലുങ്കൽ ,കോട്ടയം, കൊഴുവനാൽ
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 09/ 2023 >> രചനാവിഭാഗം - ലേഖനം