Schoolwiki സംരംഭത്തിൽ നിന്ന്
*ഒരു ഗ്രാമത്തിന്റെ അധഃപതനം *
പണ്ട് പണ്ട് രാമപുരം എന്ന ഒരു ഗ്രാമത്തിൽ ജനങ്ങൾ വളരെയേറെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. അവിടെ വലിയ ഒരു പുഴ ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ ഐശ്വര്യം തന്നെ ആ പുഴയായിരുന്നു. ആ ഗ്രാമത്തിലെ എല്ലാവരും എല്ലാകാര്യങ്ങൾക്കും ആശ്രയിച്ചിരുന്നത് ആ പുഴയെയാണ്. കണ്ണീരുപോലെ നല്ല തെളിഞ്ഞ വെള്ളമായിരുന്നു അതിൽ. കൃഷിയായിരുന്നു അവരുടെ പ്രധാന തൊഴിൽ. ജാതി മത വ്യതാസമില്ലാതെ പരസ്പരം സഹകരിച്ചാണ് അവർ അവിടെ കഴിഞ്ഞുപോന്നത്.
കുറെ നാളുകൾക്കു ശേഷം അടുത്തുള്ള ഗ്രാമത്തിൽ നിന്നും ഒരു കുടുംബം അവിടേയ്ക്കു താമസം മാറി വന്നു. അവരുടെ പ്രധാന ജോലി വ്യവസായമായിരുന്നു. അവർ ആ ഗ്രാമത്തിൽ ഒരു ഹോട്ടൽ തുടങ്ങി. ആദ്യമൊക്കെ അവർ മിച്ചം വരുന്ന ആഹാരം അവരുടെ വീട്ടിൽ തന്നെ കുഴിച്ചിടുമായിരുന്നു. പിന്നെ പിന്നെ അവർ വെയ്‌സ്റ് ആ പുഴയിൽ കളയാൻ തുടങ്ങി. അതുകണ്ട് മറ്റുള്ളവരും അവരുടെ മാലിന്യം കളയാൻ തുടങ്ങി. അത് മാത്രവുമല്ല അവർ വീട് പണിയാനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി പുഴയിൽ നിന്നും മണൽ വാരാനും തുടങ്ങി.
താമസിയാതെ ആ പുഴയിലെ വെള്ളം മലിനമാകാൻ തുടങ്ങി. പുഴയിൽ ഉണ്ടായിരുന്ന മീനുകൾ ചത്തു പൊങ്ങാൻ തുടങ്ങി. അവർക്കു കുടിക്കാൻ പോലും നല്ല വെള്ളം കിട്ടാതെയായി. അവർ പരസ്പരം വഴക്കടിക്കാൻ തുടങ്ങി . അവരുടെ കൃഷി എല്ലാം നശിച്ചു. ആ ഗ്രാമത്തിൽ മുഴു പട്ടിണിയായി. അവിടത്തെ ജനങ്ങൾ ആ ഗ്രാമത്തിൽ നിന്നും മറ്റു സ്ഥലത്തക്കു താമസം മാറാൻ തുടങ്ങി. താമസിയാതെ പുഴ വറ്റി വരണ്ടു. രാമപുരം ഗ്രാമം ഒന്നിനും പറ്റാത്ത തരിശുഭൂമിയായി മാറി.
നോക്കു കുട്ടികളെ എത്ര വേഗമാണ് ഒരു ഗ്രാമം നശിച്ചത്? പ്രകൃതിയുടെ വരദാനമാണ് നമ്മളിന്ന് കാണുന്ന ഈ പുഴകളും, അരുവികളും, കാടും, മലകളും , ജീവജാലങ്ങളുമെല്ലാം. നമ്മളെ പോലെ അവയ്ക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. ഒരു മരം മുറിച്ചു കളയാൻ നിമിഷനേരം മതി. പക്ഷെ അത് വളർന്നു വലിയ ഒരു മരമാകാൻ എത്ര വർഷങ്ങൾ നമ്മൾ കാത്തിരിക്കേണ്ടിവരും? അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കാൻ നാം തന്നെ മുൻകൈ എടുക്കണം. ഒരു മരം മുറിച്ചാൽ അതിനു പകരം പത്തു തൈകൾ നടണം. ഇനി വരുന്ന തലമുറയ്ക്കും ഇവിടെ സന്തോഷത്തോടെ ജീവിക്കാനുള്ള അവസരം നമ്മൾ ഉണ്ടാക്കി കൊടുക്കണം.
"സമ്പത്തു കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്തു കാ പത്ത് തിന്നാം".
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ
|