സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല വേണ്ടത് ജാഗ്രതയാണ്

ലോകർ ഇന്ന് ഭീതിയാൽ പായുകയാണ്. അണ്വായുധങ്ങളും തോക്കുകളും മിസൈലുകളും കൈമുതലായുള്ള മനുഷ്യൻ ഇന്നതെല്ലാം മാറ്റി വച്ച് സ്വന്തം ജീവൻ സംരക്ഷിക്കാനായി നെട്ടോട്ടമോടുകയാണ്. നോവൽ കൊറോണ എന്ന കൊച്ചു ജീവി, മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക് ഗോചരമല്ലാത്ത ആ സൂക്ഷ്മജീവി ,മനുഷ്യനെ വല്ലാതെ വട്ടം ചുറ്റിക്കുകയാണ്.അതെ.... കോവിഡ് - 19 എന്ന മാരക വിപത്തിന് അടിമയായി മാറുന്ന സാഹചര്യത്തിലാണ് ഇന്ന് ലോകം.

സ്വാതന്ത്ര്യത്തിലും പാരതന്ത്ര്യത്തിന്റെ രുചി അറിയുന്നു മനുഷ്യൻ. ഒരു പക്ഷേ കാരണം മനുഷ്യർ തന്നെയാവാം. പ്രകൃതിയോടും പരിസ്ഥിതിയോടും മനുഷ്യർ ചെയ്യുന്ന ദ്രോഹങ്ങൾക്ക് പ്രകൃതി തിരിച്ചുനൽകുന്ന ശിക്ഷ. നമുക്ക് തീരെ പരിചയമില്ലാത്ത ഈ ലോക് ഡൗൺ കാലത്ത് സമ്പർക്കം മൂലമുള്ള വ്യാപനം ഒഴിവാക്കാൻ പരിസ്ഥിതിയുമായി നമുക്ക് കൂടുതൽ സൗഹൃദത്തിലാകാം. വ്യക്തി-സാമൂഹിക ശുചിത്വമില്ലായ്മയും സമ്പർക്കവും പ്രധാന കാരണമാകുന്ന കോവിഡ് - 19 എന്ന മഹാമാരിയിൽ നിന്നുള്ള അതിജീവനത്തിനായി നമുക്ക് പ്രധാനമായും വേണ്ടത് ഭയമല്ല ജാഗ്രതയാണ്. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക, ഏതെങ്കിലും അത്യാവശ്യങ്ങൾക്ക് പുറത്തു പോകേണ്ടി വന്നാൽ തിരിച്ചു വീട്ടിൽ കയറുമ്പോൾ കൈ നല്ലവണ്ണം സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകുക, ഇടയ്ക്കിടയ്ക്ക് സാനിറ്ററൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക, അലക്ഷ്യമായി വഴിയിൽ തുപ്പാതിരിക്കുക. ഇവയെല്ലാം നാം അത്യാവശ്യമായി ശ്രദ്ധിക്കേണ്ട സംഗതികളാണ്. അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും. ഈ രോഗം ഇത്രത്തോളം പടർന്നു പിടിക്കാൻ കാരണമായത് മനുഷ്യന്റെ ശ്രദ്ധയില്ലായ്മയും നിസ്സാരവൽക്കരണവുമാണ്. അതു കൊണ്ട് അറിവുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കുക.ഈ മഹാമാരിയെ തുരത്തുന്നതിനായി അഹോരാത്രം അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും അഭിവാദ്യമർപ്പിക്കുന്നു . ശ്രദ്ധയോടേയും കരുതലോടേയും ഒത്തൊരുമിച്ച് ,അകലം പാലിച്ച്, പ്രതിരോധിച്ച് ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം.

സിയോം എം ജോർജ്
8 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം