വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/മുയലിനെ മയിലാക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
മുയലിനെ മയിലാക്കണം

നാളെ കുറേ ചെറിയ കുട്ടികൾ നമ്മുടെ പാഠശാലയിൽ ചേരാൻ വരുന്നുണ്ട്. നിങ്ങൾ വേണം അവരെ പഠിപ്പിക്കാൻ. ഞാനൊരു യാത്ര പോവുകയാണ്. ഗുരു ശിഷ്യന്മാരോട് പറഞ്ഞു. ശിഷ്യന്മാർ സമ്മതിച്ചു. ഞാൻ  തിരിച്ചെത്തുമ്പോഴേക്കും മുയലിനെ മയിലാക്കാനും മയിലിനെ മുയലാക്കാനും കുട്ടികളെ പഠിപ്പിക്കണം. ഗുരു പറഞ്ഞു. ശിഷ്യന്മാർ കൂടുതൽ എന്തെങ്കിലും ചോദിക്കും മുമ്പ് ഗുരു യാത്രയാവുകയും ചെയ്തു. അതോടെ ശിഷ്യന്മാർ തമ്മിൽ തർക്കമായി. ങ്ഹേ മുയലിനെ എങ്ങനെയാ മയിലാക്കുക. വല്ല മന്ത്രവും ഉണ്ടാവും. ശ്ശോ, ആ മന്ത്രം ഗുരു നമ്മളെ പഠിപ്പിച്ചിട്ടില്ലല്ലോ പിന്നെങ്ങനെ നമ്മളത് കുട്ടികളെ പഠിപ്പിക്കും ശിഷ്യന്മാർ തല പുകഞ്ഞ് ആലോചനയിലായി. അപ്പോഴാണ് ശാന്തൻ അങ്ങോട്ടു വന്നത്. ഗുരുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനാണ് ശാന്തൻ. കുട്ടികൾ ശാന്ത നോട് കാര്യം പറഞ്ഞു. ശാന്തൻ പുഞ്ചിരിച്ചു. ചങ്ങാതിമാരേ 'മുയൽ' എന്നെഴുതി ഒരു ചിഹ്നം മാറ്റി മറ്റൊരു ചിഹ്നം ഇട്ടാൽ 'മയിൽ ' ആയി 'മയിൽ' എന്നെഴുതി ചിഹ്നംമാറ്റിയാൽ 'മുയൽ' ആകും. നാളെ വരുന്ന കുട്ടികളെ ഭാഷയിലെ അക്ഷരങ്ങളും ചിഹ്നങ്ങളും പഠിപ്പിക്കണം എന്നാണ് ഗുരു പറഞ്ഞത്. അതു ശരിയാണല്ലോ! ശിഷ്യന്മാർ തല കുലുക്കി. കേൾക്കുന്നതെല്ലാം അതേപടി വിശ്വസിക്കാതെ അതേക്കുറിച്ച് ആലോചിക്കുകയും വേണമെന്ന് ഗുരു പറയാറുള്ളത് അവർ ഓർത്തു.

അജ്നാ ഷാജൻ
9 വി കെ കാണി ഗവ. എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ