ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/നവലോകചിന്തകൾ .

Schoolwiki സംരംഭത്തിൽ നിന്ന്
നവലോകചിന്തകൾ

ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും ഭീഷണിയായിരിയ്ക്കുന്ന പകർച്ചവ്യാധികളുടെ വേലിയേറ്റക്കാലത്ത് മനുഷ്യകുലത്തിന്റെ സ്വയരക്ഷയ്ക്കായി അനുവർത്തിയ്ക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങളാണ് പരിസ്ഥിതി സംരക്ഷണം,ശുചിത്വം, രോഗപ്രതിരോധം. ഈ മൂന്ന് വിഷയങ്ങളും പരസ്പര പൂരകങ്ങളാണ് എന്നതാണ് ശ്രദ്ധേയം. വ്യക്‌തിശുചിത്വം രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിയ്ക്കുന്നു. പരിസ്ഥിതി സംരക്ഷണം സാമൂഹ്യജീവിതത്തിൽ ശുചിത്വവും അതുവഴി രോഗപ്രതിരോധശേഷിയും നേടുവാൻ പരോക്ഷമായി സഹായിയ്ക്കുകയും ചെയ്യുന്നു.

ഓരോ വ്യക്തിയും തന്റെ ജീവിതശൈലിയിൽ ശുചിത്വത്തിന് മുൻഗണന നൽകിയാൽ അതിന്റെ ഗുണഫലം കുടുംബത്തിനും തന്മൂലം സമൂഹത്തിനും ലഭിയ്ക്കുന്നതാണ്.വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ബാല്യം മുതൽ ശരിയായ രീതിയിലുള്ള പരിശീലനം നൽകിയാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ രാജ്യത്തിന് സജ്ജരാക്കുവാൻ കഴിയും.ആരോഗ്യസംരക്ഷണത്തിന്റെ പുത്തൻ അവബോധം ഒരു സാമൂഹിക വിപ്ലവമായി മാറണമെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും മനസ്സിലാക്കേണ്ടതുണ്ട്.

പ്രകൃതിയെ സംരക്ഷിയ്ക്കേണ്ട ബാദ്ധ്യത മനുഷ്യന് തന്നെയാണ്,പക്ഷെ വ്യാവസായിക മുന്നേറ്റത്തിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിയ്ക്കേണ്ടി വരുന്നതും പ്രകൃതി തന്നെയാണ്. മനുഷ്യരുടെ ആഢംമ്പരഭ്രമത്തിന്റെയും അത്യാഗ്രഹത്തിന്റെയും സംയുക്തഫലമായിട്ടാണ് ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടായതും ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായിത്തീർന്നതും. രാസമാലിന്യങ്ങളും വിഷ വാതകങ്ങളും ഭൂമിയിലെ സകല ജീവജാലങ്ങളേയും നശിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോൾ, മനുഷ്യന്റെ അഹങ്കാരത്തിനും അധിനിവേശമോഹങ്ങൾക്കും തിരിച്ചടിയായി അവന്റെ കൈപ്പിഴയിൽ നിന്ന് തന്നെ പിറവിയെടുത്ത സൂഷ്മാണുക്കൾ, പണ്ഡിതനെന്നോ പാമരനെന്നോ, കൊട്ടാരമെന്നോ കുടിലെന്നോ വ്യത്യാസമില്ലാതെ ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ്ക്കൊണ്ട് സംഹാരതാണ്ഡവമാടുകയാണ്.

മനുഷ്യരാശിയുടെ ചരിത്രം മുതൽ "പ്ളേഗ്,വസൂരി,കോളറ..." എന്നീ പകർച്ച വ്യാധികൾ പല ഭൂഖണ്ഡങ്ങളിലായി അനേക്കായിരങ്ങളെ കൊന്നൊടുക്കി. ഈ നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വിനാശം വിതച്ച 'എബോള', പന്നിപ്പനി,പക്ഷിപ്പനി,ഭ്രാന്തൻ പശു രോഗം..എന്നിങ്ങനെ മനുഷ്യന്റെ ബോധപൂർവ്വമായ ഇടപെടലുകൾകൊണ്ട് പ്രകൃതിയുടെ താളക്രമത്തെയും ജീവജാലങ്ങളുടെ സ്വൈര്യജീവിതത്തെയും താറുമാറാക്കിയ പകർച്ചവ്യാധികൾ, ജൈവായുധമായും, വിലയേറിയ ജീവൻരക്ഷാ മരുന്നുകളുടെ മത്സരകമ്പോളത്തിനായും ലക്ഷ്യമിട്ട് മനുഷ്യൻ തന്നെ നിർമ്മിച്ചെടുക്കുന്ന "ഭസ്മാസുരന്മാ"രാണ് ഈ സൂഷ്മാണുക്കൾ എന്നാണ് പൊതുവെയുള്ള അടക്കം പറച്ചിൽ. എന്തായാലും പ്രകൃതിയുടെ സന്തുലനാ വസ്ഥ നിലനിർത്തിയ്ക്കൊണ്ട് മുൻപോട്ട് പോയാൽമാത്രമേ ഭാവി തലമുറകൾക്ക് ഇവിടെ ഇടമുണ്ടാകുകയുള്ളൂ. രോഗപ്രതിരോധശേഷി കൈവരിയ്ക്കുവാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം വ്യക്‌തിശുചിത്വം മാത്രമാണ്. ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് പാഠ്യപദ്ധിതികളും മറ്റെല്ലാ പരിശീലനങ്ങളിലും 'വ്യക്‌തിശുചിത്വം' ഒരു പ്രധാന അജണ്ട യാക്കിയാൽ സാമൂഹിക സുരക്ഷയും ആരോഗ്യസംരക്ഷണവും വലിയ ആശങ്കകളില്ലാതെ നമുക്ക് സ്വായത്തമാക്കുവാൻ കഴിയും.

രോഗവിമുക്തമായ സമ്പൂർണ്ണ ആരോഗ്യമുള്ള ഒരു ജനതയായി ,പ്രകൃതിയെ മാനിയ്ക്കുന്ന ഒരു ജനതയായി, ഒരു രാഷ്ട്രമായി, ഒരു ലോകമായിത്തീരുവാൻ വ്യക്‌തിശുചിത്വം, പരിസ്ഥിതി സംരക്ഷണം, രോഗപ്രതിരോധം എന്നിവയിൽ ഊന്നിക്കൊണ്ടുള്ള ഒരു പുതിയ വികസന നയം നമ്മുടെ ലോകത്തെ കൂടുതൽ സന്തോഷവും സമാധാനവും നിറഞ്ഞതാക്കിത്തീർക്കും എന്ന് വിശ്വസിയ്ക്കട്ടെ.

എയ്ഞ്ചൽ മരിയ ജോൺസ്
8 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം