ജിയുപിഎസ് പറക്കളായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതി രമണീയമായ പറക്കളായി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നു നൽകാൻ 1957-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. 55 കുട്ടികളുള്ള ഒന്നാം ക്ലാസോടു കൂടി ആരംഭിച്ച ഈ സ്കൂൾ 1980-ൽ യു പി സ്കൂളായി ഉയർത്തി. നിലവിൽ 1 ​​മുതൽ 7 വരെ 158കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

1957മുതൽ 1972 വരെയുള്ള കാലഘട്ടത്തിൽ റോഡരികിലുള്ള പുല്ലുമേഞ്ഞ ഒരു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത്. 1972 ൽ അന്നത്തെ ആരോഗ്യ സഹകരണ മന്ത്രി ആയിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണൻറെ പ്രത്യേക താല്പര്യത്തിൽ ആണ് സർക്കാർ ഈ വിദ്യാലയത്തിന് വേണ്ടി 4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ട കെട്ടിടം അനുവദിച്ചു തന്നത്. 1981 സ്കൂൾ അപ്ഗ്രേഡ് ചെയ്തപ്പോൾ നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിലാണ് ക്ലാസുകൾ ആരംഭിച്ചത്.

സമീപപ്രദേശങ്ങളായ ആയ അയ്യങ്കാവ് ,പാറക്കടവ് ,കാലിക്കടവ് ,മുളവന്നൂർ, ബാലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ പഠനത്തിനായി ഈ വിദ്യാലയത്തിൽ എത്തുന്നുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്ന പ്രദേശമായതുകൊണ്ടുതന്നെ മൂന്നിലൊന്ന് ഭാഗം കുട്ടികൾ ഈ വിഭാഗത്തിൽ നിന്നും ഉള്ളവരാണ്

നാല് എൽപി സ്കൂൾ ടീച്ചർമാർ ഒരു യുപി ടീച്ചർ 3 മൂന്ന് താൽക്കാലിക അധ്യാപകർഎന്നിങ്ങനെ എട്ടു പേർ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ഒരു ഓഫീസ് അസിസ്റ്റൻറ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ് .സ്കൂളിന് സ്വന്തമായി ആറര ഏക്കർ സ്ഥലമുണ്ട്

ഒന്നാം ക്ലാസ് ഒന്നാം തരം ആക്കുന്നതിന് ഭാഗമായി 2008 - 09 വർഷത്തിൽ എസ്എസ്എ യിൽ നിന്നും ഒരു ക്ലാസ് മുറി അനുവദിച്ചു കിട്ടി.2012-13 ൽ ബഹു. ശ്രീ കരുണാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം അനുവദിക്കുകയും അദ്ദേഹം തന്നെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു . കാസർഗോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  നിർമിച്ച 8 ക്ലാസ് മുറികളുള്ള കെട്ടിടത്തിൻറെ ഉദ്ഘാടനം 16 -09 -2017 ൽ റവന്യൂ മന്ത്രി ശ്രീ ചന്ദ്രശേഖരൻ നിർവഹിച്ചു .

എസ് എം സി ,പി ടി എ ,എം പി ടി എ തുടങ്ങിയ കൂട്ടായ്മകൾ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു .ഇവരുടെ സഹകരണത്തോടെ ഉച്ചഭക്ഷണം ,പോഷകാഹാര വിതരണം എന്നിവ നന്നായി നടക്കുന്നു.പിടിഎയുടെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്തു പച്ചക്കറികൃഷിയും നെൽകൃഷിയും നടത്തുകയും നല്ല വിളവ് ലഭിക്കുകയുംചെയ്തു . 2018 19 വർഷത്തെ മികച്ച പച്ചക്കറി കൃഷി അവാർഡ് വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി  

ഗണിത ലാബ് , ശാസ്ത്രലാബ് ,വിശാലമായ ലൈബ്രറി കൂടാതെ പ്രത്യേകമായ ഒരു വായനാമുറി എന്നിവ ഇവിടെ കുട്ടികൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുണ്ട് .അതുകൂടാതെ കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ഒരു മാതൃകാ വിദ്യാലയം എന്ന നിലയിൽ സ്വന്തമായി ഒരു സാമൂഹ്യ ശാസ്ത്ര മ്യൂസിയം വിദ്യാലയത്തിൽ സ്ഥിതിചെയ്യുന്നു.2021-22 അധ്യയനവർഷം മുതൽ സ്കൂൾ ബസ് സൗകര്യവും എവിടെ ലഭ്യമാണ്