ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ *വേദനയുടെ തുറങ്കലിലേക്ക്
വേദനയുടെ തുറങ്കലിലേക്ക്
സൂര്യന്റെ നേർത്ത കിരണങ്ങൾ പതിഞ്ഞ ആ വീടിന്റെ വരാന്തയിൽ അനിത ഇരിക്കുകയാണ്. അവൾ ആ ശാന്തതയിൽ എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നു. അല്പ സമയം ആ ആലോചന നീണ്ടു. അവൾ തന്റെ മരിച്ചുപോയ അമ്മയേയും സ്പെയ്നിലുള്ള അച്ഛനേയും കുറിച്ചാവാം ആലോചിക്കുന്നത് എന്ന് വിചാരിച്ച് കസേരയിൽ ഇരുന്ന വല്യച്ഛൻ മൗനത്തിലാണ്ടു. അനിതയുടെ ആലോചന ഇപ്പോഴും തുടരുന്നു.കൂറേ സമയം അങ്ങനെ നീണ്ടു. ഒടുവിൽ, ആ നാലാം ക്ലാസുകാരി വല്ല്യച്ഛനോട് ചോദിച്ചു, “എന്താ വല്ല്യച്ഛാ എന്റെ അച്ഛനെന്താ എന്നെക്കാണാൻ വരാത്തത്,?എനിക്കെന്റെ അച്ഛനെക്കാണണം” അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ മഴയായ് പെയ്തിറങ്ങി. വല്ല്യച്ഛൻ ഒന്നും മിണ്ടാതെ കിടപ്പുമുറിയിലേക്ക് പോയി. “മോളേ അച്ഛൻ ഇങ്ങ് വരും പിന്നെയെന്തിനാ കുട്ടിയേ കരയണത് ” കരച്ചിൽ കേട്ടോടിവന്ന വല്ല്യമ്മ രാധ അവളെ സമാധാനിപ്പിച്ചു. “വല്ല്യമ്മ കള്ളം പറയണതാന്ന് എനിക്കറിയാം ” അനിത പറഞ്ഞു. ഇരുട്ടിൽ വെളിച്ചം തപ്പി നടന്ന കണ്ണുനീർക്കണങ്ങളെ വെളിച്ചത്തിലെത്തിക്കാൻ വല്ല്യമ്മ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു. അവൾ കിടപ്പുമുറിലേക്ക് നീങ്ങി. അവൾ കിടക്കയിൽ ഇരുന്നുകൊണ്ട് തന്റെ തലയണ മാറ്റി അതിൽ നിന്ന് തന്റെ അച്ഛന്റെ പഴയ ഫോട്ടോ എടുത്തു. ഈ ഫോട്ടോ അവളുടെ അച്ചാമ്മ പണ്ടെപ്പോഴോ കൊടുത്തതാണ്. ആ ഫോട്ടോ ഇപ്പോഴും അവളുടെ കൈപ്പിടിയിൽ ഒതുങ്ങുന്നു. ഫോട്ടോയെ നോക്കിക്കൊണ്ട് അവൾ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു. വാതിലിൻ മറവിൽ നിന്നുകൊണ്ട് വല്ല്യച്ഛൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹം അല്പ സമയം ഒന്നു വിതുമ്പി. പതിയെ അദ്ദേഹം തന്റെ മുറിയിലേക്ക് നീങ്ങി. ലാന്റ് ഫോൺ തന്റെ കൈകളിൽ ഒതുക്കി അനുജനെ വിളിച്ചു. “നിന്നെ കാണാഞ്ഞിട്ട് അനിത മോൾക്ക് എത്ര വിഷമമാണെന്ന് നിനക്കറിയാമോ?” അവൾ ഇന്നെത്ര കരഞ്ഞു വെന്ന് നിനക്കറിയാമോ? ” വല്ല്യച്ഛന്റെ ദേഷ്യം കേട്ടിട്ട് അനിത ഒളിഞ്ഞു നോക്കി. അനിതയുടെ അച്ഛൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ,അവൾക്ക് കേൾക്കാൻ കഴിഞ്ഞില്ല. വല്ല്യച്ഛന്റെ ദേശ്യഞ്ഞിന് ഭംഗം സംഭവിച്ചത് പോലെ, പെട്ടെന്നത് സങ്കടത്തിലേക്ക് വഴിമാറി. കണ്ണുകളിൽ നിന്നും നീർ കണങ്ങൾ ഇറ്റു വീഴുന്നു. “എന്താവാം വല്ല്യച്ഛന് ഇത്രമാത്രം വേദനിപ്പിച്ചത്”. അനിത ഒരുപാടാലോചിച്ചു നോക്കി. ഒടുവിൽ, വല്ല്യച്ഛൻ അടുക്കളയിലേക്ക് നീങ്ങുന്നത് അനിത കണ്ടു. വല്ല്യച്ഛന്റെ കണ്ണുകൾ ചുവന്നു തുടുത്തിരിക്കുന്നു. എന്താവാം ആ ഒളിഞ്ഞിരിക്കുന്ന രഹസ്യം ? എന്നാലോചിച്ച് അനിത വല്ല്യച്ഛനെ പിന്തുടർന്നു. അടുക്കളയിൽ പാത്രങ്ങൾ കലപില കൂട്ടുന്നത് അവൾക്ക് കേൾക്കാമായിരുന്നു. വല്ല്യച്ഛൻ അടുക്കളയുടെ ഭിത്തിയിൽ അല്പസമയം മൗനതയിലാണ്ടു. പന്തികേടുതോന്നിയ വല്ല്യമ്മ വല്ല്യച്ഛനോട് “എന്തുപറ്റിയെന്നു”ചോദിച്ചു. വല്ല്യച്ഛൻ അല്പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല. ഒടുവിൽ, അനിതയുടെ അച്ഛന് രക്താർബുദം ഉണ്ടെന്ന കാര്യം വല്ല്യമ്മയോട് വല്ല്യച്ഛൻ തുറന്നുപറഞ്ഞു. ഇതെല്ലാം കേട്ട അനിതയ്ക്ക് കരയാതിരിക്കാൻ പറ്റിയില്ല.അവളുടെ ഉള്ള് വിങ്ങിപ്പൊട്ടി. അവൾ തന്റെ മുറിയിലേക്കോടി,. തന്റെ അച്ഛന്റെ ഫോട്ടോ കെട്ടിപ്പുണർന്നു. സ്കൂളിൽ പോകുമ്പോൾ പലപ്പോഴും കൂട്ടൂകാർ അവരുടെ മാതാപിതാക്കളെക്കുറിച്ച് പറയുമ്പോൾ,അവൾ തന്റെ അച്ഛനമ്മമാരെയോർത്ത് കരയാറുണ്ട്. എല്ലാവരെയും പോലെ അവൾക്കും അച്ഛനേയും അമ്മയേയും സ്നേഹിക്കുന്നു. പക്ഷെ,അവരെ അവൾ കണ്ടിട്ടില്ല. കണ്ണീരുകളെ അവൾ തുടച്ചുമാറ്റി പൂജാമുറിയിലേക്ക് ശാന്തതയെ തൊട്ടറിഞ്ഞ കാലടി ശബ്ദത്തോടെ അവൾ നടന്നു.ചുറ്റുപാടും നിശബ്ദത. പൂജാമുറിയിലെ പീഠത്തിലിരിക്കുന്ന ശ്രീ കൃഷ്ണ വിഗ്രഹത്തെ നോക്കി അവൾ പ്രാർത്ഥിച്ചു “എന്റെ അച്ഛനൊന്നും വരുത്തരുതേയെന്ന് ” ഓരോ പ്രാർത്ഥനയിലും അവളുടെ അച്ഛനായിരുന്നു.അവൾ പതിയെ വരാന്തയിലേക്ക് നീങ്ങി. വർഷങ്ങൾ ഓളം പോലെ കടന്നുപോയി. അതൊരു കൊറോണ എന്ന മഹാമാരി ലോകമെങ്ങും പടർന്നുപിടിച്ച കാലമായിരുന്നു.അതുകൊണ്ട്, സ്പെയിനിലുള്ള അനിതയുടെ അച്ഛന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. അച്ഛൻ വരുന്ന കാര്യമറിഞ്ഞപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമുണ്ടായി. പക്ഷ,അച്ഛൻ കുറച്ചുദിവസം ക്വാറന്റീനിൽ ആവുമെന്നറിഞ്ഞപ്പോൾ അവളെ തെല്ല് ദുഃഖിപ്പിച്ചു. അങ്ങനെ അവളുടെ അച്ഛന് ക്വാറന്റീനിലായി. വല്ല്യച്ഛനായിരുന്നു അവളുടെ അച്ഛനെ ശുശ്രൂഷിച്ചിരുന്നത്. ആദ്യമായിട്ട് അച്ഛനെ കാണാൻപോകുന്നു എന്ന സന്തോഷം പറഞ്ഞറിയിക്കുന്നതിലും വളരെ വലുതായിരുന്നു. ഇനി അവൾക്കും അവളുടെ അച്ഛനെക്കുറിച്ചൊക്കെ സ്കൂളിൽ പറയാമല്ലോ. എന്ന സന്തോഷവും അവൾക്കുണ്ടായിരുന്നു. ഇതെല്ലാം കടത്തിവെട്ടുന്ന എന്തോ വലിയ വിപത്ത് വരാൻ പോകുന്നുണ്ടെന്ന് അവൾ അറിഞ്ഞിരുന്നില്ല. അച്ഛനെക്കാണാനുള്ള മോഹം കൊണ്ട് പലപ്പോഴും ജനലിന്റെയും വാതിലിന്റെയും അടുത്ത് പോകുമായിരുന്നു. പക്ഷെ, ആ ജനലുകളോ വാതിലുകളോ അവൾക്ക് വേണ്ടി തുറന്നില്ല. പലപ്പോഴും ജനലിലൂടെ എത്തിനോക്കുന്നതിന് വല്ല്യച്ഛൻ അവളെ വഴക്ക് പറയും.എന്നട്ടും അച്ഛനെക്കാണാനുള്ള ആകാംഷയോടെ അവൾ കാത്തിരുന്നു. പക്ഷെ, വല്ല്യച്ഛന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുണ്ടായിരുന്നു. നേരം പുലർന്നു. അവൾ ആംബുലൻസിന്റെ ശബ്ദം കേട്ടാണുണർന്നത്.എന്തു സംഭവിച്ചു എന്നറിയാൻ അവൾ ജനാലകൾ തുറന്നുനോക്കി. മുഖവും കൈയും കാലും തലയും മൂടിക്കെട്ടിയ കൂറേ ആളുകൾ ആംബുലൻസിൽ നിന്നും ഇറങ്ങുന്നു.അവർ അവളുടെ വീട്ടിലേക്ക് കയറിപ്പോകുന്നു. അവൾ കതകു തുറന്ന് ഹാളിലേക്കോടി. ശരീരം മുഴുവനും മൂടിക്കെട്ടിയ നിലയിലായിരുന്ന അച്ഛനെ കണ്ടപ്പോൾ, അവൾക്ക് വല്ലാത്ത വിഷമം ഉണ്ടായി. അവൾ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു. പക്ഷെ, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ, ഒന്ന് തൊടാൻ പോലും സമ്മതിച്ചില്ല.എന്നിട്ട് അവർ അവളെ തള്ളിമാറ്റി.വല്ല്യമ്മ ഇതൊക്കെ കണ്ട് ഒരുപാട് കരഞ്ഞു.വല്ല്യമ്മ അവളെ സമാധാനിപ്പിച്ചു. ആഴ്ച്ചകൾ കടന്നുപോയി. അനിതയുടെ പ്രാർത്ഥനയും അതുപോലെ നീണ്ടു. ഒരു ദിവസം സന്ധ്യയ്ക്ക് നാമ പുസ്തകത്തിലെ നാമം ചൊല്ലിക്കൊണ്ടിരിക്കെ വല്ല്യമ്മയുടേ നിലവിളി കേട്ട് പുസ്തകം മടക്കി വെച്ചതിനു ശേഷം അവൾ അവിടേക്കോടിച്ചെന്നു. “എന്തുപറ്റി വല്ല്യമ്മേ അച്ഛന്റ അസുഖം മാറില്ലേ,പിന്നെ വല്ല്യച്ഛന് അസുഖം ഇല്ലെന്ന് തെളിഞ്ഞില്ലേ പിന്നെയെന്താ? അപ്പോൾ വല്ല്യമ്മയുടെ കരച്ചിലിന്റെ ആഴം കൂടിവന്നു. അനിതയ്ക്ക് എല്ലാം മനസ്സിലായി. അവൾ അച്ഛന്റെ ഫോട്ടോയെ കെട്ടിപ്പുണർന്നു പൊട്ടിക്കരഞ്ഞു.ഒരുപാട് സ്നേഹിച്ച തന്റെ അച്ഛനെ ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ല. അടക്കുന്നതും പോലും ഈ വീട്ടിലല്ല...അച്ഛാ...................
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ