ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/ലോകാന്തരത്തിൻെറ വെല്ലുവിളി
ലോകാന്തരത്തിൻെറ വെല്ലുവിളി
ചെറുക്കാം സാമൂഹിക പ്രതിബന്ധതയോടെ... "ലോകമേ തറവാടു തനിക്കീ ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ" മഹാകവി വള്ളത്തോളിന്റെ പ്രസിദ്ധമായ ഈരടികൾക്ക് അർത്ഥമുളവാക്കുന്ന തരത്തിലാണ് കോറോണയെന്ന covid-19ന്റെ കടന്നുവരവുണ്ടായത്. മനുഷ്യരാശിയെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിൽ കടന്നുവന്ന ക്ഷണിക്കപ്പെടാത്ത ഒരതിഥിയായിട്ട് ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമാണെന്ന അവന്റെ അന്ധമായ അഹങ്കാരത്തിന് ഒരു കൊടുങ്കാറ്റായി എത്തിയ മഹാമാരിയാണ് കൊറോണ വൈറസ്. കരതലാമലകം പോലെ മനുഷ്യനെ തന്റെ കൈക്കുമ്പിളിൽ പിടിച്ചിരിക്കുകയാണ് covid -19. പണത്തിന്റെയും അഹങ്കാരത്തിന്റെയും പിറകെ ഓടിയ മനുഷ്യനെ വെറും പച്ച മനുഷ്യനാക്കിയ മഹാമാരി. ലോകത്തിലിപ്പോൾ ജാതി-മത-വർഗ്ഗ-വർണ്ണ-വ്യത്യാസമില്ലാതെ ഏവരും ഈ വൈറസിനെ നേരിടാനും ഇല്ലാതാക്കാനും ശ്രമിക്കുന്നു. പണത്തിന്റെയും അധികാരത്തിന്റെയും അതിർവരമ്പുകളില്ലാതെ ഏവരും ഒറ്റകെട്ടായി ഈ സൂഷ്മ ജീവിയെ നേരിടാൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. സ്നേഹത്തിന്റെയും കരുതലിന്റെയും സുഖം എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ബന്ധങ്ങൾ നാലു ചുവരിലേക്ക് ഒതുങ്ങിപോയപ്പോൾ മഹാമാരി ഏവരേയും ഒരൊറ്റ ചിന്തയിലേക്ക് നയിച്ചു. സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മെർസ് എന്നീ രോഗങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരുകൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനനാളിയെ ബാധിക്കുന്നു. സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ മരണവും സംഭവിക്കാം. പ്രതിരോധശേഷി കുറഞ്ഞവരേയാണ് ഈ രോഗം പെട്ടന്ന് പിടികൂടുന്നതും. ഈ രോഗത്തിന്റെ വ്യാപനം ശരീരസ്രവങ്ങളിൽ നിന്നാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. സമ്പർക്കത്തിലൂടെയാണ് കൂടുതലായും ഈ രോഗം വ്യാപിക്കുന്നത്. രോഗലക്ഷണമുള്ളവരെ ഐസൊലേഷനിൽ വച്ചുകൊണ്ടാണ് ചികിത്സപോലും നടത്തുന്നത്. കൊറോണ വൈറസ് ഒരു പരിധി വരെ തടുക്കാൻ സർജിക്കൽ മാസ്ക് സഹായകരമാണ്. മൂന്ന് ലെയറുള്ള മാസ്ക്കാണിത്. രോഗികൾ അല്ലെങ്കിൽ രോഗലക്ഷണമുള്ളവർ ഇത് ധരിക്കുക. ആരോഗ്യപ്രവർത്തകരും കൊറോണ വൈറസ് രോഗമുള്ളവരെ പരിചരിക്കുന്നവരും മാസ്ക് നിർബന്ധമായും ധരിക്കണം. ഈ മഹാമാരിയെ ചെറുക്കാനുള്ള ഒരേയൊരുവഴി വീട്ടിനകത്തിരിക്കുക എന്നതുമാത്രമാണ്. വീടാണ് സുരക്ഷിതം. അകത്തളങ്ങളിൽ ഇരുന്നുകൊണ്ട് നമുക്കിതിനെ നേരിടാനാകും. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നത് ഈ ഘട്ടത്തിൽ വളരെ പ്രധാനമായ ഒരു വിഷയമാണ്. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക. രോഗമുണ്ടെന്ന് സംശയിക്കുന്നവരോടും രോഗികളോടും നിർബന്ധപൂർവ്വം അകത്തിരിക്കാൻ പറയുമ്പോൾ അവർ പുറത്തിറങ്ങുന്നത് സഹിക്കാവുന്ന കാര്യമല്ല. അവരിലൂടെ എത്രയോ പേർക്ക് അസുഖം എത്താനുള്ള വാതിലാണ് തുറയ്ക്കപ്പെടുന്നത്. ഇത് ചെയ്യുന്നത് നമുക്ക് വേണ്ടിമാത്രമല്ല, നമുക്ക് ചുറ്റുമുള്ളൊരു സമൂഹത്തിനുകൂടെയാണ്. നല്ല സമൂഹമാണെങ്കിലേ നല്ലൊരു ജനതയെ വളർത്തിയെടുക്കുവാൻ സാധിക്കുകയുള്ളൂ. സമൂഹത്തിന്റെ സുരക്ഷിതത്വം നമ്മുടെ കടമയാണ്. അതിനു വേണ്ടി വിദഗ്ധർ പുറത്തിറങ്ങരുതെന്ന് പറയുമ്പോൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വസിക്കണമെങ്കിൽ നാമോരോരുത്തരും ഐക്യദാർഢ്യം പാലിക്കണം. അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കിൽ മാത്രമേ ഈ മഹാമാരിയെ നേരിടാനാകൂ. ലോകത്തിലെ ഏറ്റവും വലിയ വൈറസുകൾ മനുഷ്യനാണെന്ന തിരിച്ചറിവ് മാനവജനതയ്ക്കുതന്നെ നൽകിയിരിക്കുകയാണ് covid-19. ഇത് വീണ്ടുവിചാരത്തിനുള്ള സമയമാണ്. ഒന്നിന്റെ പേരിലും ഒരുനിമിഷം പോലും അഹങ്കരിക്കാൻ നമുക്ക് അർഹതയില്ല. മൃഗശാലയിലെ മൃഗങ്ങൾക്കു തുല്യമായിരിക്കുന്നു ഏവരും. ദൈവത്തിനു സമന്മാരായി ആരോഗ്യപ്രവർത്തകരും. അവരെയാണ് നാം നമിക്കേണ്ടത്. വൈലോപ്പിള്ളി കവിതയിൽ പറഞ്ഞപോലെ "ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും, ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ മണവും മമതയും വെളിച്ചവും ഇത്തിരിക്കൊന്നപൂവും " യന്ത്രവൽകൃതലോകത്തിന്റെ കരങ്ങളിലകപ്പെട്ട മനുഷ്യൻ ഗ്രാമീണ ജീവിതങ്ങളുടെ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ തുടങ്ങി. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വിലമനസ്സിലാക്കിത്തുടങ്ങി. ആഗോളതാപനനിരക്ക് കുറഞ്ഞു, പ്ലാസ്റ്റിക് മുക്ത ലോകമായി മാറിക്കൊണ്ടിരിക്കുന്നു, ജലസ്രോതസുകൾ വിമലീകരിക്കപ്പെട്ടു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ദൃഢമാണെന്ന് കാണിച്ചുതരുന്നു. പ്രകൃതി തന്ന തിരിച്ചടി ഒരു സൂഷ്മ ജീവിയിലൂടെ... ഓർക്കുക covid-19 അവൻ അതീവശക്തനാണ്. ജാഗ്രത പാലിക്കുക. ശുചിത്വം പാലിക്കുക. ശാരീരികവും മാനസികവും ആയ ലോകവ്യാധിയിൽ നിന്നും മനുഷ്യൻ ഉയർന്നെഴുന്നേൽക്കട്ടെ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം