ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായി

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. മനുഷ്യൻ്റെ നിലനിൽപ്പിനു ശുചിത്വം അനിവാര്യമാണ്. അതിൻ്റെ അഭാവം പല പ്രശ്നങ്ങളിലേക്കും പരിണമിക്കും. ശുചിത്വമില്ലായ്മയിലൂടെ പ്രധാനമായും നാം അനുഭവപ്പെടുന്ന പ്രശ്നമാണ് രോഗങ്ങൾ. ലോകത്തെ മുഴുവൻ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വരെ ശുചിത്വമില്ലായ്മയിലൂടെയാണ് നാം ക്ഷണിച്ചു വരുത്തിയത്. അതിനെ ഒഴിവാക്കുവാൻ വ്യക്തി ശുചിത്വം തന്നെയാണ് മാർഗ്ഗവും.

                ശുചിത്വം ഒരു സംസ്കാരമാണെന്നായിരുന്നു നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നത്. വിശ്വസംസ്കാരങ്ങളിലൊന്നായ ഹാരപ്പൻ സംസ്കാരത്തിലെ അഴുക്കുചാൽ സംവിധാനം ഏറെ ശ്രദ്ധേയമാണ്. പുരാണങ്ങളിൽ പോലും സമൂഹം ശുചിത്വത്തിനു പ്രാധാന്യം നൽകിയിരുന്നു. കേരളത്തിലെ തറവാട് സംസ്കാരത്തിൽ കണ്ട് വന്ന ഒരാചാരം തന്നെ ഇതിനുദാഹരണമാണ്.വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ കൈകാലുകൾ കഴുകിയായിരുന്നു അവർ ശുചിത്വ മാതൃകകൾ വരും തലമുറകൾക്ക് കാട്ടികൊടുത്തിരുന്നത്.ഇന്ന് കാലം മാറി.ഒപ്പം നമ്മുടെ സംസ്കാരവും ജീവിത ശൈലിയും. ശുചിത്വത്തിൻ്റെ അഭാവത്താൽ നാം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അലയുന്നു. വ്യക്തി ശുചിത്വം ഓരോ വ്യക്തിയും പാലിക്കേണ്ട ശുചിത്വ മര്യാദകൾ ഉൾപ്പെട്ടതാണ്. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം ചെറുതൊന്നുമല്ല. വൃത്തിഹീനമായ പരിസരങ്ങളാണ് പല മഹാമാരികളുടെയും ഉറവിടം.പല ആവർത്തി അത് തെളിഞ്ഞിട്ടുണ്ടെങ്കിലും കാലം കഴിയുന്തോറും നാം അവയൊക്കെ വിസ്മരിക്കുന്നു. ഇനിയെങ്കിലും നാം അവ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചേ തീരൂ. ചരിത്രം ഇനിയും ആവർത്തിക്കപ്പെടുവാൻ പാടില്ല. പ്ലേഗും കൊറോണയുമൊന്നും ഇനിയും ഈ നാട്ടിൽ നടമാടാതിരിക്കാൻ ശുചിത്വ ബോധം നമ്മുടെ മനസ്സിലും പ്രവർത്തിയിലും നാം കൊണ്ട് വരിക തന്നെ ചെയ്യണം.
                ശുചിത്വം എന്നത് കേവലം വാക്കുകളിൽ ഒതുക്കേണ്ട ഒന്നല്ല.പ്രവർത്തിച്ചു പ്രതിഫലിപ്പിക്കേണ്ട ഒന്നാണ് .ശുചിത്വ പൂർണ്ണമായ നാളേക്കായ് നാം ചില ശീലങ്ങൾ പരിശീലിച്ചേ തീരൂ.ഭക്ഷണത്തിനു മുൻപും ശേഷവും നാം ഇരുകൈകളും നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നാം തൂവാലയോ മാസ്കോ കൊണ്ട് മുഖംമറയ്ക്കണം .നാം      പൊതുസ്ഥലത്ത് തുപ്പരുത്. പകർച്ചവ്യാധികളുണ്ടെങ്കിൽ സാമൂഹിക സമ്പർക്കം ഒഴിവാക്കണം. ഇത്തരം ശീലങ്ങളിലൂടെ നമുക്ക് നമ്മുടെ ശുചിത്വ സംസ്കാരം മടക്കി കൊണ്ട് വരാം. വരും തലമുറയ്ക്ക് ഉത്തമ മാതൃകകളായി നമുക്ക് മാറാം
മുഹമ്മദ് സിയാദ് എം
9 B ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം