ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/മാറേണ്ടത് ,മനുഷ്യ മനസ്സ്
മാറേണ്ടത് ,മനുഷ്യ മനസ്സ്
ആധുനികയുഗത്തിൽ നാം നേരിടുന്ന വെല്ലുവിളികളിലൊന്നാണ് ശുചിത്വമില്ലായ്മ. രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. ഇതിന് വഴിതെളിക്കുന്ന ഏറ്റവും വലിയ കാരണവും ഇത് തന്നെയാണ്. ശുചിത്വമില്ലായ്മ തന്നെയാണ് പല രോഗങ്ങളെയും വിളിച്ചു വരുത്തുന്നത്. നമ്മൾ ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിലാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണ് എന്ന് വിളിച്ചോതുന്ന തരത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. സ്വന്തം വീടുകളിലെ മാലിന്യങ്ങൾ മറ്റുള്ളവരുടെ പറമ്പുകളിലേക്കും, മലിനജലം രഹസ്യമായി ഓടയിലേക്കും ഒഴുക്കിവിടുന്ന രീതിയിൽ മലയാളിയുടെ സംസ്കാരം അധഃപതിച്ചിരിക്കുന്നു. നമ്മൾ മലയാളികൾ വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും പരിസരശുചിത്വത്തിൽ ഒരു ശ്രദ്ധയും നൽകുന്നില്ല. ഇതിനെല്ലാം ലഭിക്കുന്ന പ്രതിഫലമാണ് പകർച്ചവ്യാധികൾ. വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും നിഴലിക്കുന്നത് ശുചിത്വമില്ലായ്മ തന്നെയാണ്. നമ്മുടെ ഗ്രാമങ്ങൾ പോലും ഇപ്പോൾ നഗരങ്ങളെ പോലെ വൃത്തിഹീനമായിരിക്കുന്നു. മനുഷ്യമനസ്സുകൾ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മാത്രം നോക്കി പ്രവർത്തിക്കുന്നു. ശുചിത്വം വേണമെന്ന് അറിഞ്ഞിട്ട് പോലും അതിന് മുന്നിൽ എല്ലാവരും കണ്ണുകൾ അടയ്ക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, പരിസരശുചിത്വം, പൊതുശുചിത്വം, എന്നിങ്ങനെ ശുചിത്വം പലതായി വേർതിരിക്കാം. പക്ഷെ മനുഷ്യരുടെ മുന്നിൽ ശുചിത്വത്തിന് ഒരു വിലയുമില്ലാത്ത സാഹചര്യത്തിൽ ഇതൊക്കെ പ്രസക്തിയാർജിക്കാത്ത ചില കാര്യങ്ങൾ മാത്രം. വ്യക്തിശുചിത്വം ഉണ്ടായാൽ തന്നെ പൊതുശുചിത്വം ഉണ്ടായി എന്ന ധാരണയാണ് പലർക്കും. ശരിയായ രീതിയിൽ പറഞ്ഞാൽ നാം ഉണ്ടാക്കുന്നതാണ് മാലിന്യം, അത് സംസ്കരിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. ഈ തിരിച്ചറിവ് ഉണ്ടായാൽ തന്നെ ഇന്നത്തെ അവസ്ഥയിൽ നിന്ന് നല്ല മാറ്റം ഉണ്ടാകും. എന്നാൽ തന്നെ പൊതുശുചിത്വവും ഉണ്ടാകും. എല്ലാ മനുഷ്യരും അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്, അങ്ങനെ തന്നെയാണ് ജീവിക്കുന്നത് എന്ന് അവകാശപ്പെടുന്നവരുമാണ് .എന്നാൽ ഈ അന്തസ്സിലും അഭിമാനത്തിലും പെടുന്നതല്ലേ ശുചിത്വം എന്നതിനെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ശുചിത്വമില്ലാത്തവർക്ക് എന്ത് അന്തസ്സാണ് ഉള്ളത്? എന്ത് അഭിമാനമാണ് ഉള്ളത്?മാറേണ്ടത് ,മനുഷ്യ മനസ്സാണ്.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം