ജി.എച്ച്. എസ്സ്.എസ്സ് കായണ്ണ/അക്ഷരവൃക്ഷം/നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നാം അതിജീവിക്കും

ഹർത്താൽ എന്നത് കേരളത്തിന് പുതുമയല്ല.എന്നാൽ ലോകമൊന്നടങ്കം ഒരു ഹർത്താൽ ഭീഷണിയിലകപ്പെട്ടാലോ?അത്തരമൊരു ലോക്ക്ഡൗൺ കേരളം നേരിട്ട് തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി.അമേരിക്ക,ഇറ്റലി പോലുള്ള വമ്പൻ സാമ്പത്തിക രാഷ്ട്രങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തി ദിനംപ്രതി 2000-ത്തിൽഅധികം ജീവനുകൾ അപഹരിച്ചു മുന്നേറുന്നു കൊറോണ വൈറസ് അഥവാ കോവിഡ്-19.ലോകരാഷ്ട്രങ്ങൾ മുവുവൻ ഞെട്ടലോടെ കാണുന്ന കോവി‍ഡ്-19 കേരള ജനതയെയും പിടികൂടിയിട്ട് രണ്ട് മാസത്തോളമായി.രാവറിയാതെ പകലറിയാതെ വീട്ടിലിരിക്കുമ്പോൾ എന്നെ പോലെ ഏതൊരു വിദ്യാർത്ഥിയും ആഗ്രഹിച്ചുപോകും തന്റെ പള്ളിക്കൂടത്തിലെത്താൻ.അദ്ധ്യാപകരുടെ ക്ലാസ്സ് കേട്ടു മടുക്കുമ്പോൾ ഒരു പത്തു ദിവസം അവധി ലഭിച്ചിരുന്നെങ്കിൽഎന്നാഗ്രഹിച്ചവരുടെ മനസ്സ് വിദ്യാലയം കാണാൻ തുടിക്കുന്നു.കൂട്ടിലിട്ട തത്തയെപ്പോലെയായ കൂട്ടുകാർ,മങ്ങലേറ്റ അവധിക്കാലത്തെ വല്ലാതെ വെറുക്കുന്നു.2020 സ്കൂൾ വേനലവധിക്ക് പുതിയൊരു പേരും വന്നു ചേർന്നു "കൊറോണ വേനലവധിക്കാലം”. കൂട്ടുകാരുമായി കളിച്ചു നടക്കേണ്ടിയിരുന്ന സമയം,കൂട്ടുകാരുടെ വാട്സ്ആപ്പ് മെസ്സേജിനായി കാത്തിരിക്കുന്നു.

കൊറോണ,അവധിക്കാലത്തിന് ഒരു മങ്ങലായി മാറിയെങ്കിലും പഴമയിലേക്കു ഒരെത്തിനോട്ടമായി അത് മാറുന്നു.വീട്ടു തൊടിയിൽ ലഭിക്കുന്ന വിഭവങ്ങൾ സ്വാദിഷ്ട ഭക്ഷണമായി ഊണു മേശയിൽ നിരക്കുന്നു.തൊടിയിലെ ഏത് ഇലക്കറി ഉപയോഗിക്കണം എന്ന തിരക്കിലായി അമ്മമാർ.പ്രകൃതിയിൽ നിന്ന് വിട്ട് നിന്ന നാം പ്രകൃതിയിലേക്കു തന്നെ മടങ്ങുന്നു.പഴമയിലെ കൂട്ടുകുടുംബ സമ്പ്രദായമിന്നില്ലെങ്കിലും അണുകുടുംബമായി ജീവിക്കുന്നവർ തന്നെ ഒരുമിച്ചു സമയം ചിലവഴിക്കാറില്ലായിരുന്നു.എന്നാൽ ഇന്ന് അച്ഛനോടും അമ്മയോടും സഹോദരീസഹോദരന്മാരോടും പ്രകൃതിയോടും സമയം ചിലവഴിക്കാൻ കിട്ടിയ അവസരമായി ഇതിനെ കരുതണം.എങ്കിലും കുട്ടികളുടെ അവധിക്കാലം ഇതൊന്നുമല്ലായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്.ടിവിയിലെ കൊറോണ ന്യൂസ് വായിച്ചു വായിച്ചു ടിവിക്കു കൊറോണ വന്നോ എന്ന സംശയത്തിലേക്കു കുട്ടികൾ മാറി.എന്നാലിത് വെറുതെ പാഴാക്കേണ്ട സമയമല്ല.കോവ്ഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോക്ഡൗണിൽ വീടിനുള്ളിൽ ചിലവഴിക്കുന്ന വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കേണ്ട സമയമാണിത്.ഈ കൊറോണാവധിക്കാലത്തെ സർഗാത്മകമാക്കാൻ നാം ശ്രമിക്കണം.വായിക്കാതെ മാറ്റിവെച്ച പുസ്തകങ്ങളുടെ,വരക്കാതെ മാറ്റിവെച്ച ചിത്രങ്ങളുടെ രചനകളുടെ ,ചെയ്യാമെന്ന് കരുതി മാറ്റി വെച്ച അനിമേഷൻ പ്രോജക്ടുകളുടെ പൂർത്തീകരണ സമയമാണിത്.അടച്ചിടൽ നിർബന്ധിതമാക്കാനിടയായ സാഹചര്യത്തെ സംബന്ധിച്ച കൃത്യബോധം,സർഗ്ഗശേഷിയുടെ ചാരുത,കൂട്ടിലടക്കപ്പെട്ട ബാല്യത്തിന്റെ വേദന,നമ്മുടെ കടമകളെയും ന്യൂനതകളെയും കുറിച്ചുള്ള സൂഷ്മമായ തിരിച്ചറിവ്... ഇങ്ങനെ നീളുന്നു അവധിക്കാല രചനകൾക്കുള്ള സമകാലിക വിഷയങ്ങൾ.ഈ സമയം പരമാവധി ഉപയോഗപ്പെടുത്തി കഴിവുകൾ വികസിപ്പിക്കുക.

ജീവിതം എത്ര തിരക്കേറിയതെങ്കിലും കുടുംബബന്ധങ്ങൾ കൈവിടാതിരിക്കാൻ ഈ കാലം സഹായകമായി. ഇടക്കിടെ ചെയ്യൽ നിർബന്ധമായ കൈ കഴകൽ നമ്മെ ശുചിത്വ ബോധവാന്മാരാക്കി. നീളുന്ന ലോക്ഡൗൺ ദിനങ്ങൾ നമ്മെയും നാടിനെയും വൃത്തിയുള്ളതാക്കി മാറ്റി.രോഗപ്രതിരോധശേഷി കൂടിയവരായി നാം മാറി. ഒരു തരത്തിൽ മനുഷ്യനന്മക്കാണീ കൊറോണ.ജാതിയും മതവുമില്ലാതെ ഒറ്റക്കെട്ടായി മുന്നേറി വിജയം കൈവരിക്കാനായി ദൈവം നൽകിയ വിപത്ത്. നമ്മെ തോൽപ്പിക്കാൻ വന്ന നിപ്പയെയും പ്രളയത്തെയും നാം അതിജീവിച്ചത് പോലെ കോവിഡിനെയും നാം അതിജീവിക്കും...എത്ര കലങ്ങിയ വെള്ളവും കാത്തിരിപ്പിനൊടുവിൽ തെളിയാതിരിക്കില്ല.....

അൻസിന പി സി
9 B ജി.എച്ച്.എസ്.എസ്.കായണ്ണ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം