ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/സ്വാഭാവിക അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാഭാവിക അതിജീവനം

ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രോഗ പ്രതിസന്ധിയെ നേരിടുകയാണ് ഇന്ന് ലോകം. രോഗ പ്രതിരോധം തന്നെയാണ് ചികിത്സയെക്കാൾ ഫലപ്രദമെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്. ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെതുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾകക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവധ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്.

വീണ്ടും നാം കോവിഡ് 19 എന്ന ഒരു വൈറസുമായുള്ള യുദ്ധമുഖത്ത് എത്തപെട്ടിരിക്കുന്നു. മനുഷ്യന്റെ ചരിത്രത്തിലെ അതിജീവനയത്നങ്ങളെ തിരിഞ്ഞ് നോക്കുമ്പോൾ ഇപ്പോഴത്തെ പ്രതിസന്ധി താരതമ്യേന നിസ്സാരമാണെന്ന് നമുക്ക് അറിയാം. വൈറസുകളെകുറിച്ചും ജീനോം പഠനങ്ങളിലൂടെ അവയുടെ ആന്തരിക പരിവർത്തനങ്ങളെകുറിച്ചും മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ശാസ്ത്ര വിജ്ഞാനവും ശാസ്ത്രത്തിന്റെ രീതിയും ചരിത്രപാഠങ്ങളുമാണ് നമുക്ക് പ്രതിരോധത്തിന് മുഖ്യമായി ഉപയോഗിക്കാവുന്നത്. ലാഭേച്ഛ കടന്ന് വരാത്ത മാനേജ്മെന്റ് സംവിധാനങ്ങളും ജനങ്ങളുടെ അവബോധവും അതോടൊപ്പം പ്രധാനമാണ്. ഈ വിധം പൊതുജനാരോഗ്യ സംവിധാനത്തെ മുന്നിൽ നിർത്തി കേരളം ഒറ്റക്കെട്ടായി നടത്തുന്ന ചെറുത്ത് നില്പാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാനാകും എന്ന ശുഭപ്രതീക്ഷ നമുക്ക് നല്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധവാരം. വാക്സിനേഷനെകുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെകുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധമുറകൾ സാർവത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാനത്തെ ആഴ്ചയാണ് രോഗപ്രതിരോധ വാരം.

ഓരോ വർഷവും ലോകത്ത് പുതിയതരം വൈറസുകളും രോഗങ്ങളും ഉടലെടുത്ത് കൊണ്ടിരിക്കുകയാണ്. അത്തരത്തില് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ വൈറസ് ബാധയാണ് കൊറോണ. രോഗപ്രതിരോധശേഷി ദുർബലമായതിനാലാണ് ഇത്തരത്തിലുള്ള വൈറസുകൾ ജനങ്ങളെ ബാധിക്കുന്നത്. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾക്കും വൈറസിനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വാഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം. രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവരിൽ രോഗം വരാനുള്ള സാധ്യത കുറവായിരിക്കും.

ജീവിതശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. വഴിയിൽ കൂടി പോകുന്ന രോഗങ്ങൾ പോലും ശരീരത്തിൽ കയറികൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം. രോഗപ്രതിരോധശേഷി ഇല്ലാത്തതാണ് ഇതിന് കാരണം. രോഗം വന്നിട്ട് ചികിത്സിക്കുകയല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുയാണ് വേണ്ടത്. ചിട്ടയായ ഭക്ഷണത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാവുന്നതാണ്. അതിജീവനമെന്നത് കേരളത്തിന്റെ മറുപേരാണ് എന്നത് ഒരിക്കൽ കൂടി നമുക്ക് അർത്ഥപൂർണ്ണമാക്കാം.

നന്ദിത എൻ എസ്
8 എ ജി എച്ച് എസ്സ് എസ്സ് കക്കാട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം