ഗവൺമെന്റ് മോഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/നല്കുന്നതിനായി.....
കൊല്ലവർഷം 994 ൽ സാധാരണജനങ്ങൾക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വർഷങ്ങൾക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പർപ്രൈമറിയായി ഉയർത്തി. ദിവാൻ ശേഷയ്യ ശാസ്ത്രികൾ നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. അധ്യാപകർക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റർ ബുഷ് കോട്ടു ധരിച്ചിരുന്നു. അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും തലപ്പാവ് നിർബന്ധമായിരുന്നു. കാതിൽ കടുക്കനും കാലിൽ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴർക്ക് പിൻകുടുമയും മറ്റുള്ളവർക്ക് മുൻകുടുമയും) കൗപീനവും അതിൻമേൽ ഔറ്റത്തോർത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിൽ വന്നിരുന്നത്. മൺട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാൾ മഹാരാജാവ് ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂർണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവർഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തിൽ സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങൾ ഒലിച്ച്പോയി. 1934 ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയർത്തി. മലയാളവും ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും രണ്ട് ഭാഷയും പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ് ഹൈസ്കൂൾ ഗവൺമെന്റ് ഹൈസ്കൂൾ ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു. മലയാളം, ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകൾക്കും തുല്യപ്രാധാന്യം നല്കി പ്രവർത്തിച്ച ഏക സ്കൂൾ ചാല സ്കൂൾ മാത്രമായിരുന്നു.