ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ സ്നേഹിക്കപ്പെടാതെപോകുന്ന സ്നേഹം
സ്നേഹിക്കപ്പെടാതെപോകുന്ന സ്നേഹം
വായനാമുറിയുടെ ജനലിലൂടെ അവൻ പുറത്തോട്ടു നോക്കുകയാണ്. പൊതുവെ ഈ സമയത്ത് കുട്ടികൾ പന്തും ബാറ്റുമായി മൈതാനങ്ങളിലേക്ക് കൂട്ടം കൂട്ടമായി നടന്നു നീങ്ങുന്ന, പ്രായമായവർ തങ്ങളുടെ കഴിഞ്ഞകാല കഥകൾ കൈമാറുന്ന, ജോലിക്കാർ അന്നത്തെ ജോലി കഴിഞ്ഞ് കയ്യിൽ ഒരു മീൻപൊതിയുമായി തങ്ങളുടെ പാർപ്പിടങ്ങളിലേക്ക് പോവുന്ന കാഴ്ചകൾക്ക് ആ ഇട വഴിയും, എപ്പോഴും തമ്മിൽ തൊട്ടു തലോടി അങ്ങോട്ടുമിങ്ങോട്ടും ആശ്വാസമായി കഴിയുന്ന മുത്തശ്ശീ മുത്തശ്ശന്മാരായ മാവുകളും, തൊട്ടടുത്തുള്ള പാറക്കൂട്ടങ്ങളുമെല്ലാം സാക്ഷ്യം വഹിക്കുമായിരുന്നു. ഏകദേശം ഒരു പത്തുമിനിട്ടു നേരമായിക്കാണും അവൻ അവൻ ഇതേ ഇരുത്തം ഇരിക്കുന്നു. ഒരു മനുഷ്യനെപ്പോയും കാണാൻ കഴിഞ്ഞില്ല. ആരെങ്കിലും പുറത്തിറങ്ങുന്നുണ്ടാ എന്നറിയാൻ പോലും ആരും പുറത്തില്ല. അതെ, ഇന്നേക്ക് ഏഴാം ദിനമാണ്; രാജ്യം മുഴുവൻ പടർന്നു കിക്കുന്ന, ഒരാഴ്ച നീളുന്ന ഹർത്താലിന്റെ അവസാനത്തെ ദിവസം. അവന് എന്തുകൊണ്ടോ ഇന്നു രാവിലെ മുതൽ മാത്രമാണ് ആ ശൂന്യത അനുഭവപ്പെട്ടുതുടങ്ങിയത്. സൂര്യൻ ഭൂമിയോട് ഏതോ മുൻജന്മ പ്രതികാരം വീട്ടുന്ന കണക്കിന് വേനൽച്ചൂട് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ സന്ധ്യാസമയമായപ്പോഴേക്കും സൂര്യൻ അന്നത്തെ കർത്തവ്യം നിറവേറ്റി തിരികെ പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോൾ മൊത്തത്തിൽ ഒരു ഇരുട്ടു വന്നു തുടങ്ങുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ കാരണം അവൻ മനസിലാക്കിത്തുടങ്ങുന്നതിനു മുൻപുതന്നെ മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു. ചെറുതായി ഇടിവെട്ടിത്തുടങ്ങുന്നതും അവൻ കേട്ടു. "കഴിഞ്ഞ മഴക്കാലത്തിനു ശേഷം പിന്നീടൊരു മഴ പെയ്തിട്ടില്ല. അതെ, ഇത് വേനലിൽ പെയ്യുന്ന ആശ്വാസമഴ തന്നെ." അവൻ പറയാതെ തന്നെ ആ വാചകം ഉള്ളിൽ മുഴങ്ങി. അന്തരീക്ഷം മാറുന്നതിലും വേഗത്തിൽ അവന്റെ മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ എന്നവൻ സംശയിച്ചു. ഓർമ്മകളുടെ കലമായായ കുട്ടിക്കാലത്തിൽ നിന്ന് എന്തെക്കെയോ മനസ്സിൽ വന്നു നിറയുന്നുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ഇടിമിന്നൽ വന്നുതട്ടിയത് അവന്റെ ഉള്ളിൽ പൊടി പിടിച്ചു കിടന്നിരുന്ന ചില ഓർമകളിലായി അവന് അനുഭവപ്പെട്ടു. അതെ, അവനതെല്ലാം ഓർത്തെടുക്കാൻ ഇത്രയും സംഭവങ്ങൾ ധാരാളമായിരുന്നു. 2019-20 അധ്യയന വർഷം. അവൻ പത്താം തരത്തിൽ പഠിക്കുന്ന കാലം. ചൈന എന്ന ഏറ്റവും അധികം ജനസംഖ്യയുള്ള ലോക രാജ്യത്തുനിന്നും യാത്രയാരംഭിച്ച ഏതോ ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ് കാരണം ലോകം മുഴുവൻ സ്തംഭിച്ചു പോയ കാലം. അതെ, എല്ലാ ലോക രാജ്യങ്ങളേയും ഒരുപോലെ ബാധിച്ച പകർച്ചവ്യാധി കാരണം രാജ്യങ്ങളെല്ലാം പൂർണമായും അടച്ചിട്ട ദിനങ്ങൾ അവന്റെ മനസ്സിൽ ഇത്തിരി വിഷമത്തോടെ തന്നെ വന്നു നിറഞ്ഞു. ലക്ഷക്കണക്കിനു ജീവനുകൾ പൊലിയാൻ കാരണമായ മഹാമാരി പടർന്നുകൊണ്ടിരിക്കുമ്പോൾ അവരുടെ പൊതുപരീക്ഷ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ,മൂന്നു പരീക്ഷകൾ ബാക്കിനിൽക്കേ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ നടപ്പിലാക്കി. ശൂന്യമായ തെരുവുകൾ, പ്രവർത്തനരഹിതമായ സ്ഥാപനങ്ങൾ, അടച്ചിട്ട കടകൾ, അതിനുപരി രാവും പകലും ഇല്ലാതെ അധ്വാനിക്കുന്ന ചില മേഖലകളിലെ ഉദ്യോഗസ്ഥരും. അവരെല്ലാം അനുസരിച്ച് അവനും കൂട്ടരും വീട്ടിലിരിക്കാൻ തന്നെ തീരുമാനിച്ചു. തുടക്കത്തിലെല്ലാം വെറുതെയിരുന്നു സമയം തള്ളിനീക്കി. മൊബൈൽ ഫോൺ, സിനിമ, പാട്ട് എന്നിവയിലെല്ലാം ആനന്ദം കണ്ടെത്തി. പല ഓൺലൈൻ ടെസ്റ്റ് സീരീസുകളുടയും ലിങ്കുകൾ അവന് ലഭിച്ചെങ്കിലും അതൊന്നും ചെയ്യാൻ എന്തുകൊണ്ടോ വലിയ താൽപര്യം അവനു തോന്നിയില്ല. അല്ലെങ്കിലും പഠനത്തിൽ അവൻ അത്ര മുൻപന്തിയിൽ ഒന്നുമായിരുന്നില്ല. ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം രാത്രി കിടക്കാൻ നേരം സുഹൃത്തായ അമലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി അവൻ കാണുന്നത് സഹപാഠിയായ സച്ചുവിന്റെ പടമാണ്. അവനത് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.ശേഷം വീണ്ടും ഒന്ന് രണ്ടു പേരുടെ സ്റ്റാറ്റസിലും അവൻ അതേ ചിത്രം കണ്ടു. "ഇന്നിവന്റെ ജന്മദിനമോ മറ്റോ ആയിരിക്കും." അവൻ ഉള്ളിൽ പറഞ്ഞു. അർദ്ധരാത്രി ഫോണിലെ ചാർജ്ജ് തീർന്നപ്പോൾ മാത്രമാണ് അവൻ ഉറങ്ങാൻ കിടന്നത്. രാവിലെ ഉണർന്നു പല്ലു പോലും തേക്കാതെ മൊബൈൽ എടുത്തപ്പോഴാണ് അവൻ രാത്രി ഫോൺ ചാർജ്ജ് ചെയ്യാൻ ഇട്ടിട്ടില്ല എന്ന സത്യം മനസ്സിലാക്കിയത്. അതിനും അമ്മയെ കുറ്റപ്പെടുത്തി ഉച്ചത്തിൽ പിറുപിറുത്തുകൊണ്ട് അവൻ സ്വിച്ചിട്ടു. ഉച്ചയ്ക്ക് ചോറു കഴിച്ച ശേഷം അവൻ വായന മുറിയിൽ പോയി ഇരുന്ന പ പുറത്തോട്ട് കണ്ണും നട്ടിരുന്നു. വേനൽചൂട് അതിൻറെ പരമോച്ഛ നില പ്രാപിക്കുന്നുണ്ടായിരുന്നു. ജനലഴികൾക്കിടയിലൂടെ കാണപ്പെടുന്ന ഇടവഴി തികച്ചും നിശബ്ദം. ഇത്ര ആളനക്കമില്ലാതെ പൊതുവ വഴി കാണാറില്ല. അല്പം നേരത്തിനുള്ളിൽ സൂര്യനെ മറച്ചു പിടിച്ചു കൊണ്ട് മേഘങ്ങൾ പ്രത്യക്ഷമായി. ആകാശം കറുത്തു. നിലം ഇരുണ്ടു. മഴ പൊടിഞ്ഞു തുടങ്ങി. "കഴിഞ്ഞ മഴക്കാലത്തിനു ശേഷം പിന്നീട് ഒരു മഴ പെയ്തിട്ടില്ല. അതെ, ഇതു വേനലിൽ പെയ്യുന്ന ആശ്വാസ മഴ തന്നെ." അവൻ എഴുന്നേറ്റു ചെന്ന് ഫോൺ ചാർജറിൽ നിന്നും ഊരി. വീണ്ടും കസേരയിൽ വന്നിരുന്നു. ആദ്യം തന്നെ വാട്സാപ്പ് തുറന്നു നോക്കിയപ്പോൾ തനിക്കറിയാവുന്നവരുടെയെല്ലാം സ്റ്റാറ്റസായി സച്ചുവിന്റെ ചിത്രം കണ്ട അവൻറെ ഉള്ളിൽ എന്തോ ഒരു പൊള്ളൽ അനുഭവപ്പെട്ടു. " അവൻറെ പിറന്നാളിന് ഇങ്ങനെയൊന്നും ആരും ചെയ്യേണ്ടതില്ല. പിന്നെ എന്താവും." അവൻ ഫോൺ താഴെ വച്ചു ചിന്തിച്ചു. അവൻ പോലുമറിയാതെ അവൻറെ ഹൃദയമിടിപ്പ് കൂടി.അവൻ അത് ശ്രദ്ധിക്കുകയും ചെയ്തു.വീണ്ടും മൊബൈൽ തുറന്നപ്പോഴാണ് അമലിന്റെ 13 മിസ്ഡ് കോളുകൾ അവൻ ശ്രദ്ധിച്ചത്. അവൻ എന്തോ ഒരു അപകടം മണത്തുഇല്ലാത്ത ധൈര്യം എവിടെനിന്നൊക്കെയോ സംഭരിച്ച് അവൻ തിരിച്ചു വിളിച്ചു. അമൽ ചോദിച്ചു : "എവിടെയായിരുന്നെടാ ?" "ചാർജ് തീർന്നു പോയിരുന്നു. അതാ. എന്തിനാടാ വിളിച്ചത് ?" " നീ വല്ലതും അറിഞ്ഞിരുന്നോ ?" എന്താണെന്ന് പറയെടാ " എടാ സച്ചു..." "സച്ചു? എന്താടാ? കളിക്കാതെ കാര്യം പറ " അവനു മറുപടി ലഭിച്ചില്ല. "എടാ... അമലേ..." അൽപ നേരത്തെ മൗനത്തിനു ശേഷം അവൻ കാര്യം പറഞ്ഞു. " കളിയല്ല...കാര്യമായിട്ടാ...ഇന്നലെ രാത്രിയായിരുന്നു." അവൻ എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പക്ഷേ, അവനതിനു കഴിഞ്ഞില്ലഅപ്പോഴേക്കും നാവിന് അസ്വാഭാവികമായ ഒരു കനം വന്നതായി അവന് അനുഭവപ്പെട്ടു. " അവനിതു പ്രതീക്ഷിച്ചതായിരുന്നു. " അമൽ പറഞ്ഞു. " എന്ത് ? പ്രതീക്ഷിക്കാനോ?" " അതേടാ, ബ്ലഡ് ഡിസീസായിരുന്നു." ഡിസീസ് എന്നുപറയുമ്പോൾ ?" ഇത് ചോദിക്കുമ്പോൾ അവൻറെ മനസ്സ് തികച്ചും ശൂന്യമായിരുന്നു. " ക്യാൻസർ ആയിരുന്നെടാ. ബ്ലഡ് ക്യാൻസർ . " " എന്നിട്ട് അവൻ അത് നമ്മളോട് പറയുകയോ അതിൻറെ ഒരു ലക്ഷണം പോലും കാണിക്കുകയോ ചെയ്തിട്ടില്ലല്ലോ?" " അതേടാ, മനപൂർവ്വം പറയാതിരുന്നതാണ്. അല്ലെങ്കിലും അവൻ പറയുന്നത് നമ്മൾ ചെവി കൊടുക്കാറുണ്ടായിരുന്നോ? ആഹ്, ഒക്കെ ദൈവത്തിൻറെ..." ബാക്കി കേൾക്കുന്നതിനു മുൻപ് തന്നെ ഫോൺ വഴുതിവീണു. അവൻ തികച്ചും ബലഹീനനായി. ഫോണിൻറെ തൊട്ടടുത്തായി അവനും വീണു. അമലിനെ അവസാന വാചകം അവൻറെ കതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. 'അതെ, സച്ചു. അവനെ അഞ്ചാം തരം മുതൽ എനിക്കറിയാം. അന്നൊക്കെ വളരെയധികം ഊർജ്ജസ്വലനും സുസ്മേരവദനനുമായിരുന്നു അവൻ. എന്നാൽ ഏകദേശം എട്ടാം തരത്തിലെ ശേഷമാണ് അവൻ ആരോടും സംസാരിക്കാതെ ആയത്. എല്ലാവരിൽനിന്നും ഉൾവലിഞ്ഞ തുടങ്ങിയത്. എന്നാലും എന്തുകൊണ്ടായിരിക്കും അവൻ അങ്ങനെ ചെയ്തത്...' വീണ്ടും അൽപനേരം എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് അവൻ എഴുത്ത് തുടർന്നു. ' കാരണമുണ്ട്അവൻറെ ഓരോ പ്രവർത്തികൾക്ക് പിന്നിലും ശക്തമായ കാരണങ്ങളുണ്ട്. എട്ടാംതരം കഴിഞ്ഞിട്ടുള്ള വേനലവധിയിൽ ഞങ്ങൾ അവനെ കുറെ ഉപദ്രവിച്ചിരുന്നു. കുറെ കളിയാക്കിയിരുന്നു. കളിക്കുന്ന നേരങ്ങളിലും അല്ലാതെയും ഒക്കെ ആയിട്ട്. സ്കൂൾ തുറന്ന ശേഷം ഞങ്ങൾ കാണുന്നത് അന്തർമുഖനായ സച്ചുവിനെയാണ്. അതിനും ഞങ്ങൾ അവനെ കളിയാക്കിയിരുന്നു. ഒന്ന് ചിന്തിക്കാൻ പോലും തയ്യാറാവാതെ. പത്താം ക്ലാസിലെ ഒരു വിശിഷ്ട ദിവസം പോലും സച്ചു സ്കൂളിൽ വന്നിരുന്നില്ല. ക്ലാസ് ഫോട്ടോയിൽ അല്ലാതെ മറ്റൊരു ചിത്രം മറ്റൊരു ചിത്രങ്ങളിലും അവൻ ഇല്ലതാനും. ക്ലാസ് കോട്ടയുടെ ദിവസം തന്നെയാ അധ്യാപകന്റെ നിർബന്ധത്തിനു മാത്രമാണ് അവൻ വന്നത്. ഓണാഘോഷത്തിന് ദിവസം നല്ല മഴയായിരുന്നു. ഡ്രസ്സ് കോഡുകൾ പ്ലാൻ ചെയ്ത ഞങ്ങൾ നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. ആരോ ചോദിച്ചു: സച്ചു വന്നിട്ടില്ലല്ലോ?" " ഹാവൂ, അതേതായാലും നന്നായിവന്നാൽ തന്നെ ഏതെങ്കിലും പഴയ കുപ്പായവുമിട്ട് ആയിരിക്കും വരിക. കോഡിനുള്ള പൈസ അവൻ തന്നിട്ടില്ല." അതിനു ഞാൻ നൽകിയ മറുപടി. മഴ കാരണം ബസ് കിട്ടിയില്ല എന്ന് അവൻ അടുത്ത ദിവസം ആരോ പറയുന്നത് കേട്ടു. എന്നാൽ ഇപ്പോൾ ആലോചിക്കുമ്പോൾ അത് അവൻ അന്ന് അണിഞ്ഞ് ഒരു മുഖംമൂടി ആയി തോന്നുന്നു. കാരണം അവനും യാസിമും ഒരേ ബസ് സ്റ്റോപ്പിൽ നിന്നും കയറുന്നവരും അയൽവാസികളും ആണ്. എന്നാൽ യാസിംവന്നിരുന്നു. സഞ്ജു മാത്രം... ഇതേ പോലെ തന്നെ ക്രിസ്തുമസ് ആഘോഷത്തിനും ന്യൂയർ ഫ്രണ്ടിനെ എല്ലാം അവരുടെ കയ്യിൽ ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു. ഇത്രയൊക്കെ ആയിട്ടും അവൻറെ സ്നേഹത്തിന് ഒരു കുറവും ഉണ്ടായില്ല. അവനെ ഞാൻ അവസാനമായി കണ്ടത് പബ്ലിക് പരീക്ഷയുടെ ഇംഗ്ലീഷ് വിഷയത്തിന് ദിവസമാണ്. ഞാൻ പതിവിലും വൈകിയാണ് അന്ന് എത്തിയത്. അവനും അതേ സമയത്ത് വരുന്നതേയുള്ളൂ. പുച്ഛം നിറച്ച കണ്ണുകളോടെ ഞാൻ അവനെ ദൂരെ നിന്നും നോക്കി. എൻറെയും അവന്റെയും ഹാളുകൾ തൊട്ടടുത്തായിരുന്നു. ബാഗ് പുറത്തുവച്ച് കയറാൻ ഒരുങ്ങുമ്പോൾ എൻറെ കയ്യിൽ ഉണ്ടായിരുന്നു പുതിയ പേനയിലെ മഷി 'ലീക്ക്' ആയതാണ് ഞാൻ കണ്ടത്. രണ്ടാമത്തെ ഏകദേശം ഒരു പേജ് എഴുതി തീരുമ്പോഴേക്കും പണിമുടക്കും എന്ന മട്ടിലായിരുന്നു. ലീക്ക് പിടിച്ച പേനയുമായി നിൽക്കുന്ന എന്നെ കണ്ട ഉടനെ അവൻ ഒരു പേന കയ്യിൽ വച്ചു തന്നെ കണ്ണിറുക്കി കൊണ്ട് ഹാളിൽ കയറി പോയി. തികച്ചും സ്തംഭിച്ചു നിന്ന എന്നോട് അധ്യാപകൻ ക്ലാസിലോട്ട് കയറാൻ പറഞ്ഞു. പരീക്ഷ നന്നായി എഴുതി. എന്നാൽ അവനോട് ഒരു നന്ദി പോലും പറയാൻ പറ്റിയില്ല. സച്ചൂ, നീ തന്ന പേന കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. നിൻറെ മഷി പേനയിൽ മഷി ക്കൊപ്പം ഈ പുസ്തകത്താളുകളിൽ എൻറെ കണ്ണുനീരുമുണ്ട്. പറയാൻ പറ്റാതെ പോയ നന്ദി ഇതിലൂടെ രേഖപ്പെടുത്തുകയാണെന്ന് ഒരായിരം തവണ പറഞ്ഞാലും നേരിട്ടുകണ്ട് പറയുന്ന 'ഒരു നന്ദി'യുടെ ഒരു ശതമാനം പോലും വരില്ല എന്നറിയാം. ഒരു തവണ പോലും നമ്മൾ, അല്ല, ഞാൻ നിന്നോട് നല്ലരീതിയിൽ സംസാരിച്ചിട്ടില്ല. എന്നിട്ടും ഞാനിപ്പോൾ എന്തിനിങ്ങനെ അസ്വസ്ഥനായി എന്ന് ഞാൻ മനസ്സിലാക്കുന്നു. നീ എനിക്ക് വച്ചു നീട്ടിയ സ്നേഹത്തിൻറെ പ്രതിഫലമായിരുന്നു അത്. നന്ദി പറയുന്നതിനു മുമ്പ് നിന്നോട് ഒരു മാപ്പ് പറയാൻ ഞാൻ ബാധ്യസ്ഥനാണ്. ഒരു മാപ്പ് ഞാൻ അർഹിക്കുന്നുണ്ടോ എന്നറിയില്ല. എന്നാലും പറയട്ടെ . 'സച്ചൂ, മാപ്പ് '. ഇങ്ങോട്ട് തന്നെ സ്നേഹത്തെ, പരിശുദ്ധമായ സ്നേഹത്തെ, വെറുപ്പിന്റെയും അറുപ്പിന്റെയും അവഗണനയുടെയും പുച്ഛത്തിന്റെയുമൊക്കെ രൂപത്തിൽ മാത്രം തിരിച്ചു തന്നതിന്.' അന്ന് എഴുതിയ ഡയറിക്കുറിപ്പുകൾ ഇലൂടെ കണ്ണോടിച്ചു തീരുമ്പോഴേക്കും മഴപെയ്തു തീർന്നിരുന്നു. പുറത്തു എഴുതാൻ മഴത്തുള്ളികളുടെ നനവ് അവൻറെ മടിത്തട്ടിലും അനുഭവപ്പെടുന്നു ഉണ്ടായിരുന്നു. അതെ, അവൻറെ കണ്ണുകൾ കുതിർന്നിട്ടുണ്ട്. അമ്മ കടന്നു വന്ന ചായയും കടിയും മേശപ്പുറത്ത് വച്ചിട്ടുണ്ട് പോവാൻ ഉറങ്ങിയപ്പോൾ അന്ന് ഈ കുറിപ്പ് എഴുതിയ ഉടനെ അവൻ ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു അതേ രീതിയിൽ അവൻ ഇന്നും കെട്ടി പിടിച്ചു. ജീവിച്ചിരിക്കുന്നവരുടെ യും ഇങ്ങോട്ട് ലഭിക്കുന്ന സ്നേഹത്തിൻറെയും വില മനസ്സിലാക്കാൻ ആ ഒരു ദിനം അവനു സമ്മാനിച്ച കുറ്റബോധം ഒന്നു മാത്രം മതിയായിരുന്നു.
-ജോസഫ് അന്നംകുട്ടി ജോസ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ